കുടുംബങ്ങൾക്കുവേണ്ടി | വിവാഹം
ഇഷ്ടമില്ലാത്ത ഒരു സ്വഭാവത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ
പെട്ടെന്നുള്ള ഒരു തോന്നലിന്റെ പുറത്ത് കാര്യങ്ങൾ ചെയ്യുന്നതാണു നിങ്ങളുടെ രീതി. എന്നാൽ നിങ്ങളുടെ ഇണയ്ക്ക് എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്ത് അടുക്കോടെയും ചിട്ടയോടെയും ചെയ്താലേ തൃപ്തിയാകൂ.
ഒതുങ്ങിക്കൂടുന്ന ഒരു പ്രകൃതമാണു നിങ്ങളുടേത്. എന്നാൽ നിങ്ങളുടെ ഇണ എപ്പോഴും അടിച്ചുപൊളിച്ച് നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്.
ഇണയുടെ ഏതെങ്കിലും ഒരു സ്വഭാവം നിങ്ങളെ വല്ലാതെ അസഹ്യപ്പെടുത്തുന്നുണ്ടോ? അതിൽ മാത്രമാണു ശ്രദ്ധിക്കുന്നതെങ്കിൽ അതു നിങ്ങളുടെ വിവാഹജീവിതത്തിൽ വിള്ളൽ വീഴ്ത്തിയേക്കാം. “ഒരേ കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവൻ ഉറ്റസുഹൃത്തുക്കളെ അകറ്റിക്കളയുന്നു” എന്നാണു ബൈബിൾ പറയുന്നത്.—സുഭാഷിതങ്ങൾ 17:9.
വിവാഹപങ്കാളിയുടെ ഏതെങ്കിലും ഒരു സ്വഭാവം നിങ്ങൾക്കിടയിൽ വഴക്കിനു കാരണമാകാൻ അനുവദിക്കാതെ അതിനെ മറ്റൊരു കണ്ണിലൂടെ കാണാൻ പഠിക്കുക.
ഈ ലേഖനത്തിൽ
ഇഷ്ടമില്ലാത്ത ഒരു സ്വഭാവത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ
ഇണയിൽ നിങ്ങൾ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവത്തിനു നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഗുണവുമായി ബന്ധമുണ്ടായിരിക്കാം. മൂന്ന് ഉദാഹരണങ്ങൾ നോക്കാം:
“എന്റെ ഭർത്താവ് എന്തു കാര്യം ചെയ്യുന്നതും വളരെ പതിയെപ്പതിയെയാണ്. എന്നാൽ അദ്ദേഹം അങ്ങനെയായിരിക്കുന്നതുകൊണ്ടാണ് എന്നോടുപോലും ക്ഷമയോടെ ഇടപെടാൻ പറ്റുന്നത്. ചില സമയത്ത് പതിയെപ്പതിയെ കാര്യങ്ങൾ ചെയ്യുന്നത് എന്നെ അസഹ്യപ്പെടുത്താറുണ്ട്. അതേസമയം അദ്ദേഹത്തോട് എനിക്ക് ഇഷ്ടംതോന്നാനുള്ള ഒരു കാരണം ക്ഷമയോടെയുള്ള ഈ ഇടപെടൽതന്നെയാണ്.”—ചെൽസി.
“ഏതു ചെറിയ കാര്യവും കൃത്യമായി പ്ലാൻ ചെയ്താലേ എന്റെ ഭാര്യക്കു തൃപ്തിയാകൂ. മിക്കപ്പോഴും അത് ഒരു ശല്യമായിട്ടാണ് എനിക്കു തോന്നാറ്. പക്ഷേ അവൾ അങ്ങനെ ചെയ്യുന്നതുകൊണ്ടാണ് ഒന്നിനും ഒരു വീഴ്ച വരാത്തത്.”—ക്രിസ്റ്റഫർ.
“എന്റെ ഭർത്താവിന് ഒന്നിനും ഒരു ചൂടില്ലാത്തതുപോലെ തോന്നും. അതു കാണുമ്പോൾ ശരിക്കും ദേഷ്യം വരും. എന്നാൽ എത്ര ടെൻഷനടിപ്പിക്കുന്ന കാര്യം വന്നാലും അദ്ദേഹം കൂളാണ്. സത്യം പറഞ്ഞാൽ ആദ്യം എനിക്ക് അദ്ദേഹത്തോട് ഇഷ്ടം തോന്നാനുള്ള കാരണവും അതുതന്നെയായിരുന്നു.”—ഡാനിയേല.
ചെൽസിയും ക്രിസ്റ്റഫറും ഡാനിയേലയും തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്: ഇണയുടെ ഇഷ്ടപ്പെടുന്ന സ്വഭാവവും അസഹ്യപ്പെടുത്തുന്ന സ്വഭാവവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾപോലെയാണ്, അതായത് ഒരേ ഗുണത്തിന്റെതന്നെ രണ്ടു വശങ്ങൾ! അതുകൊണ്ടുതന്നെ അതിൽ ഒരെണ്ണം മാത്രം സ്വീകരിക്കുകയും മറ്റേത് ഉപേക്ഷിക്കുകയും ചെയ്യാനാകില്ല.
എന്നാൽ എല്ലാ സ്വഭാവങ്ങൾക്കും ഇങ്ങനെ രണ്ടു വശങ്ങൾ ഉണ്ടെന്നു പറയാൻ പറ്റില്ല. ഉദാഹരണത്തിന്, ചില ആളുകൾ ‘മുൻകോപികൾ’ ആണെന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 29:22) അത്തരം ആളുകൾ “എല്ലാ തരം പകയും കോപവും ക്രോധവും ആക്രോശവും അസഭ്യസംസാരവും” ഒക്കെ ഒഴിവാക്കാൻവേണ്ടി നല്ല ശ്രമം ചെയ്യേണ്ടതുണ്ട്. a—എഫെസ്യർ 4:31.
പക്ഷേ ഒരു സ്വഭാവം നമുക്ക് ഇഷ്ടപ്പെടുന്നില്ല എന്നു മാത്രമേ ഉള്ളെങ്കിൽ ബൈബിളിന്റെ ഈ ഉപദേശം അനുസരിക്കാനാകും: “ഒരാൾക്കു . . . എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുക.”—കൊലോസ്യർ 3:13.
അതോടൊപ്പം ആ സ്വഭാവത്തിന്റെ നല്ല വശം കാണാൻ ശ്രമിക്കുകയും ചെയ്യുക. ഒരുപക്ഷേ ആ വ്യക്തിയോടു നിങ്ങൾക്ക് ആദ്യം ഇഷ്ടംതോന്നാൻ ഇടയാക്കിയ ഗുണമായിരിക്കാം അത്. ജോസഫ് എന്നു പേരുള്ള ഒരു ഭർത്താവ് പറയുന്നു: “നമുക്ക് ഇഷ്ടപ്പെടാത്ത ഒരു ഗുണത്തിൽ മാത്രം ശ്രദ്ധിക്കുന്നതു മനോഹരമായ ഒരു വജ്രത്തിന്റെ തിളക്കവും ഭംഗിയും ഒന്നും ആസ്വദിക്കാതെ അതിന്റെ കൂർത്ത അഗ്രത്തിലോ മൂർച്ചയുള്ള വക്കിലോ മാത്രം നോക്കുന്നതുപോലെയായിരിക്കും.”
നിങ്ങൾക്കു ചർച്ച ചെയ്യാവുന്നത്
ആദ്യം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം നിങ്ങൾ ഒറ്റയ്ക്കു കണ്ടെത്താൻ ശ്രമിക്കുക. എന്നിട്ട് കണ്ടെത്തിയ വിവരങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യുക.
വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്തിയേക്കാമെന്നു തോന്നുന്ന തരം ഏതെങ്കിലും സ്വഭാവം നിങ്ങളുടെ ഇണയ്ക്കുണ്ടോ, ഉണ്ടെങ്കിൽ ഏതാണ് അത്?
അതു ശരിക്കും ഒരു മോശം സ്വഭാവമാണോ, അതോ നിങ്ങൾക്ക് അത് ഇഷ്ടമില്ല എന്നേ ഉള്ളോ?
ആ സ്വഭാവത്തിന് ഒരു നല്ല വശമുണ്ടോ, ഉണ്ടെങ്കിൽ എന്താണ് അത്? ഇണയുടെ ആ ഗുണം നിങ്ങൾ ഇഷ്ടപ്പെടാനുള്ള കാരണം എന്താണ്?
a “നിങ്ങൾക്ക് എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?,” “മുറിപ്പെടുത്തുന്ന സംസാരം എങ്ങനെ ഒഴിവാക്കാം?,” “വാക്കുതർക്കം ഒഴിവാക്കാൻ” എന്നീ ലേഖനങ്ങൾ കാണുക.