കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
എങ്ങനെ നല്ലൊരു അച്ഛനാകാം?
ഒരു അച്ഛൻ ചെയ്യേണ്ടത്
കുഞ്ഞ് ജനിക്കുന്നതിനു മുമ്പ്. നിങ്ങൾ ഭാവിയിൽ എങ്ങനെയുള്ള ഒരു അച്ഛനാകും എന്നു മനസ്സിലാക്കാൻ നിങ്ങൾ ഇപ്പോൾ എങ്ങനെയുള്ള ഒരു ഭർത്താവാണെന്നു നോക്കിയാൽമതി. പിതാക്കന്മാരെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് പുസ്തകം ഇങ്ങനെ പറയുന്നു:
“തന്റെ ഗർഭിണിയായ ഭാര്യക്കുവേണ്ടി സാധനങ്ങൾ മേടിക്കുകയും അവളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുകയും സ്കാൻ ചെയ്യുമ്പോൾ തന്റെ കുഞ്ഞിനെ കാണുകയും അതിന്റെ ഹൃദയമിടിപ്പ് കേൾക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഭർത്താവ് നല്ലൊരു പിതാവുമായിരിക്കും. കുഞ്ഞ് ജനിച്ചശേഷവും അദ്ദേഹം ആ കുഞ്ഞിനുവേണ്ടിയും തന്റെ ഇണയ്ക്കുവേണ്ടിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്.”
“ഭാര്യ ഗർഭിണിയായ സമയത്ത് താൻ ഒറ്റയ്ക്കാണെന്നൊരു തോന്നൽ അവൾക്കുണ്ടാകാൻ ഞാൻ ആഗ്രഹിച്ചില്ല. എന്നെക്കൊണ്ട് പറ്റുന്നതെല്ലാം അവൾക്കുവേണ്ടി ചെയ്തു. കുഞ്ഞിനുവേണ്ടിയുള്ള റൂം ഞങ്ങൾ ഒരുമിച്ച് റെഡിയാക്കി. ഞങ്ങളുടെ പൊന്നോമനയ്ക്കായുള്ള കാത്തിരിപ്പ് ഒരിക്കലും മറക്കാൻ പറ്റില്ല.”—ജയിംസ്.
ബൈബിൾതത്ത്വം: “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:4.
കുഞ്ഞ് ജനിച്ചശേഷം. കുഞ്ഞുമായി നല്ലൊരു ബന്ധത്തിലേക്കുവരാൻ കുഞ്ഞിനെ കൈയിൽ എടുത്ത് ലാളിക്കുകയും കളിപ്പിക്കുകയും വേണം. കുഞ്ഞിനെ നോക്കാൻ നിങ്ങളും സഹായിക്കണം. ഒരു പിതാവ് എന്ന നിലയിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കുഞ്ഞിന്റെ വളർച്ചയെ വളരെയധികം സ്വാധീനിക്കും. കുഞ്ഞുമായി അടുക്കാൻ നിങ്ങൾ ചെയ്യുന്നതെല്ലാം കുഞ്ഞിനെ നിങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു എന്ന് കാണിക്കുന്നു.
“ഗൗരവം മാറ്റിവെക്കുക. കുട്ടിയോടൊപ്പമായിരിക്കുമ്പോൾ നിങ്ങളും ഒരു കുട്ടിയായി മാറണം. അവരോടൊപ്പം കളിക്കണം, അവരെ കൊഞ്ചിക്കണം. സ്നേഹം എന്താണെന്ന് നിങ്ങളുടെ പൊന്നോമന ആദ്യം അറിയുന്നത് നിങ്ങളിലൂടെയാണ്.”—റിച്ചാർഡ്.
ബൈബിൾതത്ത്വം: “മക്കൾ യഹോവ നൽകുന്ന സ്വത്ത്; ഉദരഫലം ഒരു സമ്മാനം.”—സങ്കീർത്തനം 127:3.
കുട്ടി വളരുമ്പോൾ. പഠനങ്ങൾ കാണിക്കുന്നത് അച്ഛനുമായി നല്ല അടുപ്പമുള്ള കുട്ടികൾ കൂടുതൽ മിടുക്കരായിരിക്കും എന്നാണ്. അവർ സ്കൂളിൽ നല്ല കുട്ടികളായിരിക്കും. അവർക്ക് വൈകാരികപ്രശ്നങ്ങൾ കുറവായിരിക്കും. മയക്കുമരുന്ന് ദുരുപയോഗം ചെയ്യാനും അക്രമസ്വഭാവം കാണിക്കാനും ഉള്ള സാധ്യതയും കുറവാണ്. അതുകൊണ്ട് കുട്ടിയുമായി നല്ലൊരു സുഹൃദ്ബന്ധം വളർത്താൻ ആവശ്യത്തിന് സമയമെടുക്കുക.
“വൈകിട്ട് ഭക്ഷണം കഴിക്കുന്ന സമയത്തും നീണ്ട യാത്രകൾക്കിടയിലും ഞാനും മോനും ഒരുപാട് സംസാരിക്കുമായിരുന്നു. അവൻ വീട്ടിൽനിന്ന് പോകുന്നതിനു മുമ്പ് പറഞ്ഞത് അവൻ അത് ഒത്തിരി മിസ്സ് ചെയ്യുമെന്നാണ്. ഞാൻ വെറുതെ അവന്റെകൂടെ നടക്കുന്ന സമയത്തായിരിക്കും അവൻ പ്രധാനപ്പെട്ട പല കാര്യങ്ങളും എന്നോടു പറയുന്നത്. അവന്റെകൂടെ ഞാൻ കുറെ സമയം ചെലവഴിച്ചതുകൊണ്ടാണ് അവന് അങ്ങനെ തുറന്ന് സംസാരിക്കാൻ പറ്റിയത്.”—ഡെനസ്.
ബൈബിൾതത്ത്വം: “നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടന്ന് സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.”—എഫെസ്യർ 5:15, 16.
പകരംവെക്കാനാകാത്ത ഒരു റോൾ
പൊതുവേ ആളുകളുടെ വീക്ഷണത്തിൽ, അച്ഛൻ കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾ നിറവേറ്റുന്ന, കുടുംബത്തെ സംരക്ഷിക്കുന്ന ആളും അമ്മ കുടുംബാംഗങ്ങളുടെ വൈകാരികാവശ്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നയാളും ആണ്. (ആവർത്തനം 1:31; യശയ്യ 49:15) എന്നാൽ എല്ലാ കുടുംബങ്ങളിലും അത് അങ്ങനെതന്നെയായിരിക്കണം എന്നില്ല. ചില കുടുംബങ്ങളിൽ ഇക്കാര്യത്തിൽ വലിയ മാറ്റങ്ങൾതന്നെ ഉണ്ടാകാം. എന്തൊക്കെയാണെങ്കിലും പഠനങ്ങൾ കാണിക്കുന്നത് കുടുംബത്തിൽ അച്ഛനും അമ്മയ്ക്കും പകരംവെക്കാനാകാത്ത റോളുകൾ ഉണ്ടെന്നാണ്. a
ഇക്കാര്യം എത്ര സത്യമാണെന്ന് കുടുംബത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ജൂഡിത്ത് വാലൻസ്റ്റി തന്റെ അനുഭവത്തിലൂടെ വിശദീകരിക്കുന്നു: “എന്റെ 12 വയസ്സുള്ള മകളെ കാർ ഇടിച്ചപ്പോൾ ആംബുലൻസിൽ അവളുടെ പപ്പയുണ്ടായിരിക്കണമെന്ന് അവൾ നിർബന്ധംപിടിച്ചു. പപ്പയുണ്ടെങ്കിൽപ്പിന്നെ ഒന്നും പേടിക്കാനില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കഴിഞ്ഞപ്പോൾ, മുഴുവൻ ദിവസവും അമ്മയായ ഞാനായിരുന്നു അവൾക്ക് വേണ്ടിയിരുന്നത്. കാരണം ആ സമയത്ത് അവളെ ആശ്വസിപ്പിക്കാൻ എനിക്കു കഴിയുമെന്ന് അവൾക്കു തോന്നി.” b
“കുടുംബത്തിന്റെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ ഒരു പിതാവിന് കൂടുതൽ എളുപ്പമാണ്. ഒരമ്മയ്ക്ക് അത് തനിയെ ചെയ്യുക ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ മക്കൾ പറയുന്നത് ആർദ്രതയോടെ കേട്ടുകൊണ്ട് കുടുംബത്തിൽ സ്നേഹത്തിന്റെ ഒരു അന്തരീക്ഷം ഒരുക്കുന്നതിൽ അമ്മമാർക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് അച്ഛനും അമ്മയും ഒരു ടീമായി പ്രവർത്തിക്കണം.”—ഡാനിയേൽ.
ബൈബിൾതത്ത്വം: “എന്റെ മകനേ, അപ്പന്റെ ശിക്ഷണം ശ്രദ്ധിക്കുക; അമ്മയുടെ ഉപദേശം തള്ളിക്കളയരുത്.”—സുഭാഷിതങ്ങൾ 1:8.
അച്ഛനും മകളും
പുരുഷന്മാരിൽനിന്ന് എങ്ങനെയുള്ളൊരു പെരുമാറ്റമാണ് മകൾ അർഹിക്കുന്നതെന്ന് മനസ്സിലാക്കിക്കൊടുക്കേണ്ടത് അച്ഛനാണ്. അവൾ അതു മനസ്സിലാക്കുന്നത് പ്രധാനമായും രണ്ടു വിധങ്ങളിലൂടെയാണ്:
അവളുടെ അമ്മയോട് നിങ്ങൾ ഇടപെടുന്ന വിധത്തിൽനിന്ന്. നിങ്ങൾ നിങ്ങളുടെ ഭാര്യയോട് സ്നേഹവും ബഹുമാനവും കാണിക്കണം. കാരണം നിങ്ങളുടെ മകൾ ഭാവിയിൽ ഒരാളെ ഭർത്താവായി തിരഞ്ഞെടുക്കുമ്പോൾ അയാൾക്ക് എന്തൊക്കെ ഗുണങ്ങൾ വേണമെന്നു മനസ്സിലാക്കാൻ അത് അവളെ സഹായിക്കും.—1 പത്രോസ് 3:7.
അവളോട് നിങ്ങൾ ഇടപെടുന്ന വിധത്തിൽനിന്ന്. മകളോട് നിങ്ങൾ ബഹുമാനം കാണിക്കുമ്പോൾ അവൾക്ക് ആത്മാഭിമാനം തോന്നും. മറ്റു പുരുഷന്മാരും തന്നോട് അങ്ങനെയാണ് ഇടപെടേണ്ടതെന്ന് അവൾ മനസ്സിലാക്കും.
എന്നാൽ ഇതിനു വിപരീതമായി ഒരു അച്ഛൻ മകളെ എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാൽ താൻ വിലകെട്ടവളാണെന്ന് അവൾക്കു തോന്നും. തന്നെ അംഗീകരിക്കുന്ന മറ്റു പുരുഷന്മാരിലേക്ക് അവൾ തിരിയും. അവർ ചിലപ്പോൾ തെറ്റായ ഉദ്ദേശ്യം ഉള്ളവരായിരിക്കും.
“ഒരച്ഛന്റെ സ്നേഹവും പിന്തുണയും കിട്ടി വേണം മകൾ വളർന്നുവരാൻ. അങ്ങനെയാകുമ്പോൾ ഒരു ഭർത്താവാകാൻ വേണ്ട ഗുണങ്ങളൊന്നുമില്ലാത്ത ഒരാളുമായി അവൾ പ്രണയത്തിലാകാൻ സാധ്യതയില്ല.”—വെയ്ൻ.