കുടുംബങ്ങൾക്കുവേണ്ടി
എങ്ങനെ സ്നേഹം പ്രകടിപ്പിക്കാം?
വർഷങ്ങൾ കടന്നുപോകുമ്പോൾ ദമ്പതികൾക്കിടയിലെ സ്നേഹവാത്സല്യം കുറഞ്ഞുവരുന്നതായി കാണുന്നു. നിങ്ങളുടെ വിവാഹജീവിതവും ഇങ്ങനെയാണെങ്കിൽ നിങ്ങൾ അതിൽ ആശങ്കപ്പെടണോ?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ശക്തമായ വിവാഹബന്ധത്തിനു സ്നേഹപ്രകടനങ്ങൾ അത്യാവശ്യമാണ്. നല്ല ആരോഗ്യവും കരുത്തും നിലനിറുത്താൻ ക്രമമായി ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതുപോലെ വിവാഹജീവിതത്തെ കരുത്തുറ്റതാക്കാൻ ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്ഥിരമായ സ്നേഹപ്രകടനങ്ങൾ ആവശ്യമാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഭാര്യയുടെ പ്രിയതമനായിരിക്കണം ഭർത്താവ്, ഭർത്താവിന്റെ പ്രിയതമയായിരിക്കണം ഭാര്യ.
യഥാർഥസ്നേഹം സ്വാർഥമല്ല. അതു മറ്റുള്ളവരുടെ സന്തോഷത്തിനായിരിക്കും പ്രാധാന്യം കൊടുക്കുന്നത്. സ്നേഹപ്രകടനങ്ങൾ കാണിക്കാൻ തോന്നുന്ന സമയങ്ങളിൽ മാത്രം അതു ചെയ്യുന്നതിനു പകരം തന്റെ ഇണയ്ക്കു സ്നേഹവാത്സല്യങ്ങൾ കിട്ടണമെന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ യഥാർഥസ്നേഹമുള്ള ഇണ ശ്രദ്ധിക്കും.
സാധാരണയായി ഭാര്യമാർ ഭർത്താക്കന്മാരെക്കാൾ സ്നേഹപ്രകടനങ്ങൾ ആഗ്രഹിക്കുന്നു. ഒരു ഭർത്താവ് ഭാര്യയെ ഒരുപാടു സ്നേഹിക്കുന്നുണ്ടാകും. എന്നാൽ സ്നേഹപ്രകടനങ്ങൾ രാവിലെയും രാത്രിയുമോ അല്ലെങ്കിൽ ലൈംഗികബന്ധത്തിനു മുമ്പോ മാത്രമായി ഒതുക്കിനിറുത്തിയാൽ ‘ഭർത്താവ് ശരിക്കും എന്നെ സ്നേഹിക്കുന്നുണ്ടോ’ എന്ന് ഒരു ഭാര്യക്കു തോന്നിയേക്കാം. അതുകൊണ്ട്, ദിവസവും കൂടെക്കൂടെ സ്നേഹം കാണിക്കുന്നതു നല്ലതായിരിക്കും.
നിങ്ങൾക്കു ചെയ്യാനാകുന്നത്
വാക്കുകളിലൂടെ സ്നേഹിക്കുക. “ഐ ലൗവ് യൂ” എന്നു പറഞ്ഞുകൊണ്ടോ “പൊന്നേ,” “മുത്തേ,” “ചക്കരേ” എന്നൊക്കെ വിളിച്ചുകൊണ്ടോ ഇണയോടുള്ള സ്നേഹം കാണിക്കാം.
ബൈബിൾതത്ത്വം: “ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ് സംസാരിക്കുന്നത്!”—മത്തായി 12:34.
ചെയ്യാനാകുന്നത്: സ്നേഹപ്രകടനങ്ങൾ സംസാരത്തിൽ മാത്രമായി ഒതുക്കാതെ എഴുതുകയും ചെയ്യാം. കുറിപ്പ് എഴുതാം, മെയിൽ അയയ്ക്കാം, മെസ്സേജ് അയയ്ക്കാം.
പ്രവൃത്തികളിലൂടെ സ്നേഹിക്കുക. “ഐ ലൗവ് യൂ” എന്നു പറയുമ്പോൾ കെട്ടിപ്പിടിക്കുകയോ ഉമ്മ കൊടുക്കുകയോ കൈ കോർത്ത് പിടിക്കുകയോ ചെയ്യുന്നെങ്കിൽ പറയുന്നതിന്റെ ആത്മാർഥത ഇണയ്ക്കു മനസ്സിലാകും. ഒരു മൃദുസ്പർശമോ സ്നേഹത്തോടെയുള്ള ഒരു നോട്ടമോ ഇടയ്ക്കൊക്കെ സമ്മാനം കൊടുക്കുന്നതോ ഒക്കെ യഥാർഥസ്നേഹത്തിന്റെ തെളിവാണ്. ഭാര്യക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാനുമാകും. ബാഗ് വാങ്ങി പിടിക്കുന്നതോ വാതിൽ തുറന്നുകൊടുക്കുന്നതോ പാത്രം കഴുകുന്നതോ തുണി അലക്കുന്നതോ ഒരു നേരത്തെ ഭക്ഷണമുണ്ടാക്കുന്നതോ പോലെ എന്തെങ്കിലും ചെയ്യാനാകുമോ? പല ഭാര്യമാർക്കും ഇതു വെറുമൊരു കൈസഹായം മാത്രമല്ല, സ്നേഹപ്രകടനങ്ങളാണ്!
ബൈബിൾതത്ത്വം: ‘വാക്കുകൊണ്ടും നാക്കുകൊണ്ടും അല്ല, പ്രവൃത്തികൊണ്ടും സ്നേഹിക്കണം.’—1 യോഹന്നാൻ 3:18.
ചെയ്യാനാകുന്നത്: പ്രണയകാലത്ത് ഉണ്ടായിരുന്ന അതേ സ്നേഹം ഇപ്പോഴും ഇണയോടു കാണിക്കുക.
ഒരുമിച്ചായിരിക്കാൻ സമയം കണ്ടെത്തുക. ഇണയോടൊപ്പം തനിച്ചായിരിക്കാൻ സമയം കണ്ടെത്തുമ്പോൾ ഇണയ്ക്ക് എന്തു തോന്നും? തന്നോടൊപ്പമായിരിക്കാൻ തന്റെ ഭർത്താവിന് അല്ലെങ്കിൽ ഭാര്യക്ക് ഇഷ്ടമാണെന്നു മനസ്സിലാകും. അതു നിങ്ങളുടെ വിവാഹബന്ധം ശക്തമാക്കുകയും ചെയ്യും. എന്നാൽ കുട്ടികളുണ്ടെങ്കിലോ ദിവസവും മറ്റു പല കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലോ ഒരുമിച്ചായിരിക്കുന്നതു ബുദ്ധിമുട്ടായേക്കാം. അതുകൊണ്ട്, നടക്കാൻ പോകുന്നതുപോലെ, ഒരുമിച്ചായിരിക്കാൻ പറ്റുന്ന എന്തെങ്കിലും അവർക്കു ചെയ്യാവുന്നതാണ്.
ബൈബിൾതത്ത്വം: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’—ഫിലിപ്പിയർ 1:10.
ചെയ്യാനാകുന്നത്: തിരക്കുപിടിച്ച ജീവിതത്തിലും ചില ദമ്പതിമാർ സ്ഥിരമായി ചില വൈകുന്നേരങ്ങളോ വാരാന്തങ്ങളോ കാമുകീകാമുകന്മാരെപ്പോലെ ചെലവഴിക്കാറുണ്ട്.
ഇണയെ അറിയുക. ഓരോരുത്തരും ആഗ്രഹിക്കുന്ന സ്നേഹപ്രകടനങ്ങൾ വ്യത്യസ്തമാണ്. എങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ എത്രത്തോളം പരസ്പരം ആഗ്രഹിക്കുന്നെന്ന് നിങ്ങൾക്കു സംസാരിക്കാവുന്നതാണ്. എന്നിട്ട് അതനുസരിച്ച് പ്രവർത്തിക്കുക. ശക്തമായ വിവാഹബന്ധത്തിനു സ്നേഹപ്രകടനങ്ങൾ അത്യാവശ്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.
ബൈബിൾതത്ത്വം: “സ്നേഹം . . . സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല.”—1 കൊരിന്ത്യർ 13:4, 5.
ചെയ്യാനാകുന്നത്: ‘എന്നെ ഇങ്ങനെയൊക്കെ സ്നേഹിക്കണം’ എന്ന് ആവശ്യപ്പെടുന്നതിനു മുമ്പ് ‘ഇണയ്ക്ക് എന്നോടു കൂടുതൽ സ്നേഹം തോന്നാൻ എനിക്ക് എന്തു ചെയ്യാം’ എന്നു ചിന്തിക്കുക.