കുടുംബങ്ങൾക്കുവേണ്ടി | വിവാഹജീവിതം
സമയം കണ്ടെത്തൂ . . . ഒരുമിച്ചായിരിക്കാൻ
ഒരുമിച്ചാണ് കഴിയുന്നതെങ്കിൽപ്പോലും പരസ്പരം സംസാരിക്കാൻ പല ദമ്പതികൾക്കും കഴിയുന്നില്ല. എന്താണ് കാരണം?
ഒരുമിച്ച് പക്ഷേ ഒറ്റയ്ക്ക്—എന്തുകൊണ്ട്?
വല്ലാത്ത ക്ഷീണം
“ഒരുമിച്ചിരിക്കാൻ ഞങ്ങൾക്കു സമയമൊക്കെ കിട്ടാറുണ്ട്, പക്ഷേ ഒന്നുകിൽ എനിക്കു ക്ഷീണമായിരിക്കും, അല്ലെങ്കിൽ ഭർത്താവിനു ക്ഷീണമായിരിക്കും. എനിക്കാണ് ക്ഷീണമെങ്കിൽ തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം വരും. അതുകൊണ്ട് ടിവി കണ്ടുകൊണ്ടിരിക്കുന്നതാ ഭേദം.”—അന്ന.
ഓൺലൈൻ തടവറയിൽ
“സോഷ്യൽ മീഡിയയും ഓൺലൈൻ ഗെയിമുകളും നിങ്ങളുടെ ഒരുപാടു സമയം കളയും. മണിക്കൂറുകളോളം അതിന്റെ മുന്നിൽ ഇരിക്കുന്നതുകൊണ്ട് ഭർത്താവിനോടു സംസാരിക്കാൻതന്നെ നിങ്ങൾ മറന്നുപോയേക്കാം, ഒരേ റൂമിലാണെങ്കിൽപ്പോലും.”—കാതറിൻ.
വേറെവേറെ ഇഷ്ടങ്ങൾ
“എന്റെ ഭർത്താവ് ജോലി കഴിഞ്ഞ് വന്നാൽ മിക്കപ്പോഴും അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ആയിരിക്കും ചെയ്യുന്നത്. ജോലി കഴിഞ്ഞ് മടുത്ത് വന്നതാണല്ലോ, ഇഷ്ടമുള്ളതെന്തെങ്കിലും ചെയ്യട്ടേ എന്നു ഞാനും വിചാരിക്കും. പക്ഷേ കുറച്ച് സമയം ഒന്നിച്ചിരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു ഞാൻ കൊതിക്കാറുണ്ട്.”—ജേൻ.
ജോലിതന്നെ ജോലി
“ഇന്റർനെറ്റും ലാപ്ടോപ്പും ഒക്കെ ഉള്ളതുകൊണ്ട് വീട്ടിൽ വന്നാലും ജോലി ചെയ്യാൻ പറ്റും. ഭാര്യയോടൊത്ത് ചെലവഴിക്കേണ്ട സമയത്ത് ഓഫീസിലെ ഇ-മെയിലുകൾക്കു മറുപടി അയയ്ക്കലായിരിക്കും എന്റെ പണി.”—മാർക്ക്.
നിങ്ങൾക്കു ചെയ്യാനാകുന്നത്
ഒരുമിച്ചായിരിക്കുന്നത് ആവശ്യമാണ്, അതു വേണ്ടെന്നു വെക്കരുത്.
ബൈബിൾതത്ത്വം: “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.”—ഫിലിപ്പിയർ 1:10.
ചിന്തിക്കാനായി: നിങ്ങൾക്കു ജോലിയെക്കാളും വിനോദത്തെക്കാളും പ്രധാനം കുടുംബജീവിതം ആണെന്നു നിങ്ങളുടെ പ്രവൃത്തികൾ കാണിക്കുന്നുണ്ടോ? വേറൊന്നും ചെയ്യാനില്ലെങ്കിൽ മാത്രമാണോ നിങ്ങൾ ഇണയോടൊത്ത് സമയം ചെലവഴിക്കുന്നത്?
ചെയ്യാനാകുന്നത്: മറ്റു കാര്യങ്ങളൊന്നും ഇടയ്ക്കുവരാതെ ഇണയോടൊപ്പമായിരിക്കാൻ സമയം കണ്ടെത്തുക.
“ഞങ്ങൾക്കു രണ്ടു പേർക്കും മാത്രമായി ഭർത്താവ് എന്തെങ്കിലും പ്ലാൻ ചെയ്യുമ്പോൾ എനിക്ക് ഒത്തിരി സന്തോഷമാകും. ഞാൻ വേണ്ടപ്പെട്ടവളാണെന്നു എനിക്കു മനസ്സിലാകും. അപ്പോൾ തിരിച്ചും എനിക്കു സ്നേഹം തോന്നും.”—അന്ന.
“ഇപ്പോൾ ശല്യപ്പെടുത്തരുത്” എന്നു ഫോണിനോടു പറയുക.
ബൈബിൾതത്ത്വം: “എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്.”—സഭാപ്രസംഗകൻ 3:1.
ചിന്തിക്കാനായി: ഇണയോടൊപ്പമായിരിക്കുമ്പോൾ എത്ര കൂടെക്കൂടെ നിങ്ങൾ മെസേജുകൾ നോക്കാറുണ്ട്?
ചെയ്യാനാകുന്നത്: ദിവസവും ഒരു നേരമെങ്കിലും ഒരുമിച്ചിരുന്ന് കഴിക്കുക. ആ സമയത്ത് നിങ്ങളുടെ ഫോൺ വേറൊരു മുറിയിൽ വെക്കുക. അന്നു നടന്ന കാര്യങ്ങളൊക്കെ പരസ്പരം പറയാൻ പറ്റിയ സമയമാണിത്.
സാധിക്കുമ്പോൾ ഷോപ്പിങ്ങും വീട്ടുജോലികളും ഒക്കെ ഒരുമിച്ച് ചെയ്യുക.
ബൈബിൾതത്ത്വം: “ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്. കാരണം അവർക്ക് അവരുടെ അധ്വാനത്താൽ കൂടുതൽ നേട്ടമുണ്ട്.”—സഭാപ്രസംഗകൻ 4:9, അടിക്കുറിപ്പ്.
ചിന്തിക്കാനായി: നിങ്ങൾ മിക്കപ്പോഴും കടയിൽ സാധനങ്ങൾ വാങ്ങാൻ തനിച്ചാണോ പോകാറ്?
ചെയ്യാനാകുന്നത്: ഒരാൾക്കു ചെയ്യാവുന്ന ജോലിയേ ഉള്ളൂ എങ്കിലും ഒന്നിച്ച് ചെയ്യുക.
“ഷോപ്പിങ്ങും പാത്രം കഴുകുന്നതും തുണി മടക്കുന്നതും ചെടിക്കു വെള്ളമൊഴിക്കുന്നതും ഒക്കെ ഒന്നിച്ചു ചെയ്യുമ്പോൾ അതു നല്ല രസമായിരിക്കും.”—നൈന.
വിട്ടുവീഴ്ച കാണിക്കുക
ബൈബിൾതത്ത്വം: “വിട്ടുവീഴ്ച കാണിക്കാനുള്ള നിങ്ങളുടെ സന്നദ്ധത എല്ലാവരും അറിയട്ടെ.”—ഫിലിപ്പിയർ 4:5.
ചിന്തിക്കാനായി: ഞാൻ പ്രതീക്ഷിക്കുന്നതുപോലെതന്നെ ഇണ ചെയ്യണമെന്നു പറഞ്ഞ് ഞാൻ വാശിപിടിക്കാറുണ്ടോ?
ചെയ്യാനാകുന്നത്: രണ്ടു പേരുടെയും ആഗ്രഹങ്ങൾ എന്താണെന്നു മനസ്സിലാക്കാൻ തുറന്ന് സംസാരിക്കുക. ഇരുവർക്കും സന്തോഷം കിട്ടുന്ന രീതിയിൽ കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്നു തീരുമാനിക്കുക.
“ഭർത്താവ് നല്ല ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ചെയ്യും. എനിക്കാണെങ്കിൽ തീരെ ആരോഗ്യമില്ല. അദ്ദേഹത്തിനു പുറത്ത് പോയി കളിക്കാനൊക്കെ ഇഷ്ടമാണ്. എനിക്കാണെങ്കിൽ വീട്ടിൽ ഇരിക്കാനാണ് ഇഷ്ടം. അദ്ദേഹം പുറത്ത് കളിക്കാൻ പോകുമ്പോൾ എനിക്ക് കുറച്ച് സമയം റെസ്റ്റ് എടുക്കാൻ പറ്റും. രണ്ടു പേരും പരസ്പരം മനസ്സിലാക്കിപ്പോകുന്നതുകൊണ്ട് ഞങ്ങൾ സന്തോഷമുള്ളവരാണ്.”—ഡാനിയേല.
നിങ്ങൾക്കു ചർച്ച ചെയ്യാവുന്നത്
ആദ്യം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് ഭാര്യയും ഭർത്താവും ഒറ്റയ്ക്ക് ഇരുന്ന് ചിന്തിക്കുക. എന്നിട്ട് അതെക്കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യുക.
നിങ്ങൾ ഇപ്പോൾ ആവശ്യത്തിനു സമയം ഒരുമിച്ച് ചെലവഴിക്കുന്നുണ്ടോ?
ഒരുമിച്ചായിരിക്കാൻവേണ്ടി ഇണ ചെയ്യുന്ന ഏതു കാര്യത്തെയാണു നിങ്ങൾ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നത്?
ഇണ ഇക്കാര്യത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിക്കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
ഇണ നിങ്ങളോടു സംസാരിക്കുമ്പോൾ നിങ്ങളുടെ മൊബൈൽഫോണിൽ വരുന്ന മെസേജുകളും കോളുകളും എത്ര കൂടെക്കൂടെ ഒരു തടസ്സമാകാറുണ്ട്?
മറ്റേയാളിൽനിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് എങ്ങനെ വിട്ടുവീഴ്ച കാണിക്കാൻ പറ്റും?
നിങ്ങൾക്കു രണ്ടുപേർക്കുമായി മാത്രം കുറച്ച് സമയം കണ്ടെത്താൻ ഈ ആഴ്ചതന്നെ എന്തു ചെയ്യാനാകും?