കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
സ്മാർട്ട്ഫോണും കുട്ടികളും—ഭാഗം 1: എന്റെ കുട്ടിക്ക് ഒരു സ്മാർട്ട്ഫോൺ ആവശ്യമാണോ?
ഇന്ന് സ്മാർട്ട്ഫോൺ a കൈയിലുള്ള കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുകയാണ്. അവരിൽ പലരും ഒറ്റയ്ക്കായിരിക്കുമ്പോൾ ഇന്റർനെറ്റിൽ നോക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. നിങ്ങളുടെ കുട്ടിക്ക് ഒരു സ്മാർട്ട്ഫോൺ കൊടുക്കുന്നതുകൊണ്ട് എന്തൊക്കെ അപകടങ്ങളുണ്ട്? ഇനി, അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്? ഓരോ ദിവസവും എത്രത്തോളം സമയം അവർക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കാം?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
പ്രയോജനങ്ങൾ
മക്കൾക്ക് സുരക്ഷ, മാതാപിതാക്കൾക്ക് മനസ്സമാധാനം. കൗമാരത്തിലുള്ള രണ്ടു മക്കളുടെ അമ്മയായ ബെഥനി പറയുന്നു: “അപകടംപിടിച്ച ഒരു ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിക്കണം.”
കാതറിൻ എന്നു പേരുള്ള ഒരു അമ്മ അതെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ചില ആപ്പുകൾ ഉപയോഗിച്ചുകൊണ്ട് കുട്ടികളുടെ ഫോണുമായി കണക്റ്റ് ചെയ്യാനും അവനിപ്പോൾ എവിടെയാണെന്ന് അറിയാനും പറ്റും. ഇനി, വണ്ടി ഓടിക്കുകയാണെങ്കിൽ അവൻ എത്ര സ്പീഡിലാണ് പോകുന്നത് എന്നുപോലും അറിയാൻ കഴിയും.”
ഹോംവർക്ക് ചെയ്യാൻ. “ടീച്ചർമാർ ഇ-മെയിലിലൂടെയും മെസേജിലൂടെയും കുട്ടികൾക്ക് ഹോംവർക്കുകൾ കൊടുക്കാറുണ്ട്. അതുവഴി അവർക്ക് ടീച്ചർമാരോട് സംസാരിക്കാനും എളുപ്പമാണ്.” എന്ന് മേരി എന്ന ഒരു അമ്മ പറയുന്നു.
അപകടങ്ങൾ
എപ്പോഴും ഫോണിൽത്തന്നെ. ചെറുപ്പക്കാർ ദിവസത്തിൽ അധികം സമയവും ഫോണിൽത്തന്നെയാണ്. മാതാപിതാക്കളും കുട്ടികളോടൊപ്പം ആയിരിക്കുന്നതിനെക്കാൾ അധികം സമയം ഫോണിൽ ചെലവഴിക്കുന്നു. ചില കുടുംബങ്ങളിലെ അവസ്ഥയെക്കുറിച്ച് ഒരു കൗൺസിലർ വർണിക്കുന്നത് ഇങ്ങനെയാണ്: “ഉപകരണങ്ങളുമായി ദിവസവും ഒത്തുകൂടുന്ന ഒരുകൂട്ടം അപരിചിതർ.” b
അശ്ലീലം കാണൽ. ഒരു കണക്ക് കാണിക്കുന്നതനുസരിച്ച് പകുതിയിലധികം കൗമാരക്കാരും എല്ലാ മാസവുംതന്നെ അശ്ലീലം കാണാനായി ആകാംക്ഷയോടെ തിരയുന്നു. അതിൽ ഒട്ടും അതിശയിക്കാനില്ല. കാരണം, അതിനൊരു സ്മാർട്ട്ഫോൺ കൈയിലുണ്ടായാൽ മാത്രം മതി. കൗമാരക്കാരായ രണ്ടു മക്കൾ ഉള്ള വില്യം പറയുന്നു: “സ്മാർട്ട്ഫോൺ കൈയിൽ കൊടുക്കുന്നതോടെ കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ഏതുതരത്തിലുള്ള അശ്ലീലവും കാണാനുള്ള വഴി മാതാപിതാക്കൾ അറിയാതെയാണെങ്കിലും കുട്ടികൾക്ക് തുറന്നു കൊടുക്കുകയാണ്.”
മൊബൈൽ മാറ്റിവെക്കാൻ പറ്റുന്നില്ല. പല ആളുകൾക്കും ഫോണുമായി ഒരു വൈകാരിക അടുപ്പമുണ്ടാകുന്നു. ഇനി, ഫോൺ എങ്ങാനും കാണാതെപോയാൽ തങ്ങൾക്ക് ടെൻഷനോ ഭയമോ തോന്നും, ചിലപ്പോൾ അസുഖംപോലും പിടിക്കും എന്ന് ചിലർ പറയുന്നു. ഫോൺ ഉപയോഗിക്കുന്ന സമയത്ത് മക്കൾ തീരെ മര്യാദയില്ലാതെ പെരുമാറുന്നതായി തോന്നിയിട്ടുണ്ടെന്നാണ് ചില മാതാപിതാക്കളുടെ അഭിപ്രായം. കാർമെൻ എന്ന ഒരു അമ്മ പറയുന്നത്: “ഞാൻ എന്റെ മകനോട് എന്തെങ്കിലും സംസാരിക്കാൻ ചെല്ലുമ്പോൾ അവൻ മുഖം തിരിച്ചുകളയുകയോ ദേഷ്യത്തോടെ എന്തെങ്കിലും പറയുകയോ ചെയ്യും. ഞാൻ അവനെ ശല്യപ്പെടുത്തുന്നതായിട്ടാണ് അവനു തോന്നുന്നത്.”
മറ്റ് അപകടങ്ങൾ. സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ സൈബർ ഗുണ്ടായിസം, സെക്സ്റ്റിങ് (അശ്ലീല സന്ദേശങ്ങളോ ചിത്രങ്ങളോ കൈമാറുന്നത്) പോലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇനി, ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. ഫോണിൽ നോക്കി കുനിഞ്ഞുള്ള ഇരിപ്പും ഉറക്കമില്ലായ്മയും പലരുടെയും ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു. ചില ചെറുപ്പക്കാർ “ഗോസ്റ്റ് ആപ്പുകൾ” ഉപയോഗിക്കുന്നു. മാതാപിതാക്കൾ കാണാതെ ഫോട്ടോകളും വീഡിയോകളും മറച്ചുവെക്കാൻ ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് അത്. പുറമേ കണ്ടാൽ കാൽക്കുലേറ്റർ ഒക്കെപ്പോലെ ഒരു സാധാരണ ആപ്പ് ആണെന്നേ തോന്നൂ.
സ്മാർട്ട്ഫോണിന്റെ ഉപയോഗത്തെക്കുറിച്ച് ഒരു കൗമാരക്കാരിയുടെ അച്ഛനായ ഡാനിയേൽ ഇങ്ങനെ ചുരുക്കിപ്പറഞ്ഞു: “ഇന്റർനെറ്റിൽ ലഭ്യമായ എല്ലാത്തിലേക്കുമുള്ള ഒരു വാതിലാണ് സ്മാർട്ട്ഫോൺ. അതിൽ നല്ലതും ചീത്തയും കാണും.”
സ്വയം ചോദിക്കേണ്ടത്
‘എന്റെ കുട്ടിക്ക് ഒരു സ്മാർട്ട്ഫോൺ ആവശ്യമുണ്ടോ?’
ബൈബിൾ പറയുന്നു: “വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.” (സുഭാഷിതങ്ങൾ 14:15) ഇതു മനസ്സിൽപിടിച്ചുകൊണ്ട് സ്വയം ചോദിക്കുക:
‘സുരക്ഷയെ കരുതിയോ മറ്റോ കുട്ടിക്ക് ഒരു സ്മാർട്ട്ഫോൺ കൊടുക്കുന്നത് ബുദ്ധിയായിരിക്കുമോ? അതുകൊണ്ടുള്ള പ്രയോജനങ്ങളെയും അപകടങ്ങളെയും കുറിച്ച് ഞാൻ ശരിക്കും ചിന്തിച്ചിട്ടുണ്ടോ? സ്മാർട്ട്ഫോൺ കൊടുക്കുന്നതിനു പകരം വേറെ എന്തെങ്കിലും ചെയ്യാനാകുമോ?’
റ്റോഡ് എന്ന പിതാവിന്റെ അഭിപ്രായം ഇതാണ്: “സാധാരണ ഫോണുകൾ ഇപ്പോഴും വാങ്ങാൻ കിട്ടും. മെസേജിലൂടെയും ഫോൺകോളിലൂടെയും കുട്ടികളുമായി ബന്ധപ്പെടാൻ അതിലൂടെ കഴിയും. അത്തരം ഫോണുകൾക്ക് വിലയും കുറവാണ്.”
‘എന്റെ കുട്ടി ഈ വലിയ ഉത്തരവാദിത്വം എടുക്കാറായോ?’
ബൈബിൾ പറയുന്നു: “ബുദ്ധിമാന്റെ ഹൃദയം അവനെ ശരിയായ വഴിയിൽ നയിക്കുന്നു.” (സഭാപ്രസംഗകൻ 10:2) ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് സ്വയം ചോദിക്കുക:
‘എനിക്ക് എന്റെ കുട്ടിയെ വിശ്വസിക്കാനാകുമോ? അവൻ എന്നോട് എല്ലാം തുറന്നു പറയാറുണ്ടോ? എന്റെ കുട്ടി കള്ളം പറയാറുണ്ടോ? ഉദാഹരണത്തിന്, ആരൊക്കെയാണ് കൂട്ടുകാർ എന്നതുപോലുള്ള കാര്യങ്ങളെക്കുറിച്ച്? ടിവിയും ടാബും ഒക്കെ ഉപയോഗിക്കുന്നതിൽ അവൻ ഇപ്പോൾത്തന്നെ സ്വയം നിയന്ത്രിക്കുന്നുണ്ടോ?’ സെറീന എന്ന ഒരു അമ്മ പറയുന്നു: “സ്മാർട്ട്ഫോൺകൊണ്ട് കുറേ പ്രയോജനങ്ങൾ ഉണ്ടെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അത് അപകടകാരിയുമാണ്. ഈ കുരുന്നുപ്രായത്തിലേ എത്ര വലിയ ഉത്തരവാദിത്വമാണ് നിങ്ങൾ കുട്ടികൾക്കു കൊടുക്കുന്നതെന്ന് ചിന്തിച്ചുനോക്കൂ.”
‘ഞാൻ ഈ ഉത്തരവാദിത്വം എടുക്കാൻ തയ്യാറായോ?’
ബൈബിൾ പറയുന്നു: “ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക.” (സുഭാഷിതങ്ങൾ 22:6) ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് സ്വയം ചോദിക്കുക:
‘സ്മാർട്ട്ഫോണിന്റെ അപകടങ്ങൾ മനസ്സിലാക്കി അത് ഒഴിവാക്കാൻ കുട്ടിയെ സഹായിക്കുന്നതിന് അത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് വേണ്ട അറിവുണ്ടോ? കുട്ടികൾക്ക് ഫോൺ കൊടുക്കുമ്പോൾ സുരക്ഷയ്ക്കുവേണ്ടി മാതാപിതാക്കൾ അതിൽ ചെയ്യേണ്ട ചില സെറ്റിങ്ങുകൾ (പേരന്റൽ കൺട്രോൾസ്) ഉണ്ട്. അതു ചെയ്യാൻ എനിക്ക് അറിയാമോ? മൊബൈൽ ഫോൺ വിവേകത്തോടെ ഉപയോഗിക്കാൻ അവനെ സഹായിക്കുന്നതിന് എനിക്ക് എന്തെല്ലാം ചെയ്യാൻ പറ്റും?’ “കുട്ടികളുടെ കൈയിൽ മൊബൈൽ കൊടുത്തിട്ട് അവർ അതിൽ എന്താണ് ചെയ്യുന്നതെന്ന് തിരിഞ്ഞു നോക്കാത്ത കുറേ മാതാപിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്” എന്ന് മുമ്പ് പറഞ്ഞ ഡാനിയേൽ പറയുന്നു.
ചുരുക്കിപ്പറഞ്ഞാൽ: സ്മാർട്ട്ഫോൺ വിവേകത്തോടെ ഉപയോഗിക്കുന്നതിന് കുട്ടികൾക്ക് പരിശീലനം ആവശ്യമാണ്. ഇൻഡിസ്ട്രാക്റ്റബിൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മിക്ക കുട്ടികൾക്കും അവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കാൻ പറ്റാറില്ല. പ്രത്യേകിച്ചും, മാതാപിതാക്കൾ നിരീക്ഷിക്കുന്നില്ലെങ്കിൽ.”