കുടുംബങ്ങൾക്കുവേണ്ടി | വിവാഹജീവിതം
ജോലി ‘ജോലിസ്ഥലത്ത്’ മതി
സാങ്കേതികവിദ്യയുടെ ഈ പുത്തൻയുഗത്തിൽ ജീവിക്കുന്നതുകൊണ്ട് നിങ്ങളുടെ തൊഴിലുടമയ്ക്കോ കൂടെ ജോലിചെയ്യുന്നവർക്കോ ഇടപാടുകാർക്കോ നിങ്ങളെ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം. ചുരുക്കിപ്പറഞ്ഞാൽ ഏതു ദിവസവും ഏതു സമയത്തും നിങ്ങൾ ജോലി ചെയ്യാൻ അവർ പ്രതീക്ഷിക്കുന്നു. ഇതു ജോലിയെ ജോലിസ്ഥലത്തുതന്നെ വിട്ടിട്ടുപോരാൻ ബുദ്ധിമുട്ടാക്കുന്നു. അങ്ങനെ വിവാഹജീവിതംപോലെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് ആവശ്യത്തിനു ശ്രദ്ധ കൊടുക്കാൻ കഴിയാതെയും വരുന്നു.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
വിവാഹിതയിണയോടൊപ്പം ചെലവഴിക്കേണ്ട സമയം ജോലിക്കുവേണ്ടി ഉപയോഗിക്കാൻ സാങ്കേതികവിദ്യ ഇടയാക്കിയേക്കാം. നിങ്ങൾ വീട്ടിലായിരിക്കുമ്പോൾ ജോലി സംബന്ധമായ കോളുകളും ഇ-മെയിലുകളും മെസേജുകളും വന്നാൽ അതിന് ഉടനെ മറുപടി കൊടുക്കേണ്ടിവന്നേക്കാം.
“ജോലി കഴിഞ്ഞ് വീട്ടിൽ വന്നാലും ഇ-മെയിലുകളും ഫോൺകോളുകളും ആയി തിരക്കിലാകും. വീട്ടിലുള്ളവരോടൊപ്പം സമയം ചെലവഴിക്കുക എന്നത് നടക്കാത്ത കാര്യമായി തോന്നുന്നു.”—ജനെറ്റ്.
ജോലിക്കും കുടുംബജീവിതത്തിനും, കൊടുക്കേണ്ട അളവിലുള്ള പ്രാധാന്യം കൊടുക്കാൻ മുൻകൈയെടുക്കേണ്ടത് നിങ്ങളാണ്. നിങ്ങൾക്കു വ്യക്തമായ ഒരു പ്ലാൻ ഇല്ലെങ്കിൽ ജോലി വിവാഹജീവിതത്തെ കീഴ്പെടുത്താൻ സാധ്യതയേറെയാണ്.
“ ‘അദ്ദേഹത്തിനു മനസ്സിലാക്കാൻ പറ്റും. അദ്ദേഹം ക്ഷമിച്ചോളും. അദ്ദേഹത്തിന്റെ ഒപ്പം പിന്നെ സമയം ചെലവഴിക്കാം’ എന്നൊക്കെ ചിന്തിച്ച് മിക്കപ്പോഴും നിങ്ങൾ നിങ്ങളുടെ ഇണയെ ആയിരിക്കും ആദ്യം അവഗണിക്കുക.”—ഹോലീ.
ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകാനുള്ള നുറുങ്ങുകൾ
വിവാഹജീവിതത്തിനു മുൻഗണന കൊടുക്കുക. ബൈബിൾ പറയുന്നത്: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ” എന്നാണ്. (മത്തായി 19:6) നിങ്ങളെ നിങ്ങളുടെ വിവാഹയിണയിൽനിന്ന് “വേർപെടുത്താൻ” ഒരു മനുഷ്യനെയും നിങ്ങൾ അനുവദിക്കാത്തതുപോലെ ജോലിയെയും അനുവദിക്കരുത്.
“കാശ് കൃത്യമായി കൊടുക്കുന്നതുകൊണ്ട് വിളിച്ചാൽ വിളിപ്പുറത്തുണ്ടായിരിക്കണമെന്ന ധാരണയാണ് പല ക്ലയന്റുകൾക്കും ഉള്ളത്. വിവാഹജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ട് ജോലിയിൽ അല്ലാത്തപ്പോൾ എന്നെ വിളിച്ചാൽ കിട്ടില്ലെന്നും പിന്നീട് ബന്ധപ്പെടാമെന്നും അവരോടു പറയും.”—മാർക്ക്.
നിങ്ങളോടുതന്നെ ചോദിക്കുക: ജോലിയെക്കാൾ പ്രാധാന്യം വിവാഹജീവിതത്തിന് കൊടുക്കുന്നുണ്ടെന്ന് എന്റെ പ്രവൃത്തികൾ തെളിയിക്കുന്നുണ്ടോ?
ഇല്ല എന്നു പറയാനും മടിക്കരുത്. ബൈബിൾ പറയുന്നത്: “എളിമയുള്ളവർ ജ്ഞാനികളാണ്”എന്നാണ്. (സുഭാഷിതങ്ങൾ 11:2) ചില ജോലികൾ ഏറ്റെടുക്കാതിരിക്കാനും ചിലതു മറ്റുള്ളവർക്കു ഭാഗിച്ചുകൊടുക്കാനും ഉള്ള എളിമ നിങ്ങൾ കാണിക്കണം.
“ഞാൻ ഒരു പ്ലംബറാണ്. എനിക്ക് ജോലി ഏറ്റെടുക്കാൻ പറ്റാത്ത ഒരു സമയത്ത് ആരെങ്കിലും ഒരു അത്യാവശ്യം പറഞ്ഞ് എന്നെ വിളിച്ചാൽ ആ ജോലി ഞാൻ വെറെയൊരു പ്ലംബറെ ഏൽപ്പിക്കും.”—ക്രിസ്റ്റഫർ.
നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ അധികമായി ചില ജോലികൾ ഏറ്റെടുത്താൽ, തന്നെ അവഗണിക്കുന്നതായി ഇണയ്ക്ക് തോന്നുമെങ്കിൽ അതു വേണ്ടെന്നുവെക്കാൻ ഞാൻ തയ്യാറാകുമോ? എന്റെ ഇണ അതെക്കുറിച്ച് എന്തു പറയും?’
ഒരുമിച്ച് സമയം ചെലവഴിക്കാൻ പ്ലാൻ ചെയ്യുക. ബൈബിൾ പറയുന്നു: “എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്”എന്ന്. (സഭാപ്രസംഗകൻ 3:1) നിങ്ങൾക്കു ജോലിഭാരം കൂടുതൽ ഉള്ള സമയത്തും ഇണയോടൊപ്പം സമയം ചെലവഴിക്കണമെങ്കിൽ നല്ല പ്ലാനിങ് വേണം.
“വളരെ തിരക്കുപിടിച്ചസമയത്താണെങ്കിൽപ്പോലും ഞങ്ങൾ ഒരുമിച്ചായിരിക്കാനുള്ള സമയം കണ്ടെത്തും. ചിലപ്പോൾ ഒരുമിച്ച് ഭക്ഷണം കഴിക്കാനോ കടൽത്തീരത്തുകൂടി നടക്കാനോ ഒക്കെ ഞങ്ങൾ പോകും.”—ദെബോര.
നിങ്ങളോടുതന്നെ ചോദിക്കുക: ‘മറ്റു കാര്യങ്ങളിലേക്ക് ഒന്നും എന്റെ ശ്രദ്ധപോകാതെ, ഇണയ്ക്ക് മുഴുവൻ ശ്രദ്ധയും കൊടുക്കാൻ കഴിയുന്ന വിധത്തിൽ ഞാൻ സമയം ക്രമീകരിച്ചിട്ടുണ്ടോ? അതെക്കുറിച്ച് ഇണയോടു ചോദിച്ചാൽ എന്തായിരിക്കും മറുപടി?’
‘ഓഫാക്കിയാലോ.’ ബൈബിൾ പറയുന്നു: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’ (ഫിലിപ്പിയർ 1:10) ജോലിസ്ഥലത്തുനിന്നുള്ള ഫോൺകോളുകളോ മെസേജുകളോ ഒന്നും നിങ്ങളെ ശല്യം ചെയ്യാതിരിക്കാനായി വല്ലപ്പോഴെങ്കിലും നിങ്ങളുടെ ഫോണോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ ഓഫ് ചെയ്യാറുണ്ടോ?
“ഒരു നിശ്ചിതസമയം കഴിഞ്ഞാൽപ്പിന്നെ ജോലിസ്ഥലത്തെ കാര്യങ്ങൾ നോക്കില്ലെന്നു ഞാനൊരു തീരുമാനം എടുത്തു. ആ സമയം ആകുമ്പോഴെക്കും ഞാൻ എന്റെ ഫോൺ സൈലന്റാക്കും.”—ജെറമി.
നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ ബോസോ ക്ലയന്റോ എന്നെ വിളിച്ചേക്കുമെന്നു കരുതി ഞാൻ എപ്പോഴും എന്റെ ഫോൺ ഓൺ ചെയ്തുവെക്കേണ്ടതുണ്ടോ? ഇതെക്കുറിച്ച് എന്റെ ഇണ എന്തു പറയുന്നു?’
വിട്ടുവീഴ്ചകൾ ചെയ്യാം. ബൈബിൾ പറയുന്നത്: “വിട്ടുവീഴ്ച കാണിക്കാനുള്ള നിങ്ങളുടെ സന്നദ്ധത എല്ലാവരും അറിയട്ടെ” എന്നാണ്. (ഫിലിപ്പിയർ 4:5) ചിലപ്പോഴെങ്കിലും ഇണയോടൊപ്പം ചെലവഴിക്കേണ്ട സമയത്ത് ചില അധികജോലികൾ ചെയ്യേണ്ടിവരും എന്നത് ഒരു വസ്തുതതന്നെയാണ്. ഉദാഹരണത്തിന്, ജോലിയുടെ രീതിവെച്ച് ജോലിസമയം കഴിഞ്ഞിട്ടും ചില ജോലികളൊക്കെ ഇണയ്ക്കു ചെയ്യേണ്ടതുണ്ടായിരിക്കാം. അപ്പോൾ തന്നോടൊപ്പം മാത്രമേ സമയം ചെലവഴിക്കാവൂ എന്ന നിർബന്ധബുദ്ധിയൊന്നും ഇണകൾ പിടിക്കരുത്.
“എന്റെ ഭർത്താവ് ചെറിയൊരു ബിസിനെസ്സ് നടത്തുന്നുണ്ട്. മിക്കപ്പോഴും ജോലിസമയം കഴിഞ്ഞിട്ടും ജോലിയോടു ബന്ധപ്പെട്ട ചില അത്യാവശ്യകാര്യങ്ങൾ ചെയ്യേണ്ടിവരാറുണ്ട്. ഇടയ്ക്കൊക്കെ അത് എന്നെ അസ്വസ്ഥമാക്കുമെങ്കിലും ഞങ്ങൾ ഒരുമിച്ച് ചെലവിടുന്ന സമയത്തിന് കുറവൊന്നും വരാതെ ഞങ്ങൾ നോക്കും.”—ബിവെർലി.
നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ ഇണയുടെ ജോലിഭാരം കണക്കിലെടുക്കാതെ ഇണയിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കുകയാണോ? എന്റെ ഇണ അതെക്കുറിച്ച് എന്തു പറയും?’
നിങ്ങൾക്കു ചർച്ച ചെയ്യാവുന്നത്
ആദ്യം, താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഭാര്യയും ഭർത്താവും ഒറ്റയ്ക്ക് ഇരുന്ന് ചിന്തിക്കുക. എന്നിട്ട് രണ്ടുപേരുടെയും ഉത്തരങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യുക.
ജോലി സംബന്ധമായ കാര്യങ്ങൾ വീട്ടിലിരുന്ന് ചെയ്യുന്നു എന്ന പരാതി ഇണ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ അതു ശരിയാണോ?
ജോലിയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ ഏതു പ്രത്യേകവശങ്ങളിൽ മെച്ചപ്പെടണമെന്നാണു നിങ്ങൾക്കു തോന്നുന്നത്?
നിങ്ങളുടെ ഇണയ്ക്കു ജോലിസ്ഥലത്തെ കാര്യങ്ങൾ ജോലിസ്ഥലത്തുതന്നെവെക്കാൻ പറ്റില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് ഓർത്തെടുക്കാൻ കഴിയുന്ന എന്തെങ്കിലും സംഭവങ്ങളുണ്ടോ?
ജോലിയും ജീവിതവും സമനിലയിൽ കൊണ്ടുപോകാനായി നിങ്ങളുടെ ഇണ എന്തൊക്കെ മാറ്റങ്ങൾ വരുത്തിക്കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?