കുടുംബങ്ങൾക്കുവേണ്ടി
വ്യത്യസ്തകാഴ്ചപ്പാടു വന്നാൽ
ഇഷ്ടാനിഷ്ടങ്ങളിലും ശീലങ്ങളിലും സ്വഭാവത്തിലും ഉള്ള വ്യത്യാസങ്ങളുമായി ഒത്തുപോകുക എന്നതു ദമ്പതികൾക്ക് എളുപ്പമുള്ള കാര്യമല്ല. പിൻവരുന്നതുപോലുള്ള ചില കാര്യങ്ങൾ വളരെ തലവേദന സൃഷ്ടിക്കുന്ന ഒന്നായിരിക്കാം.
ബന്ധുക്കളോടൊപ്പം എത്ര സമയം ചെലവഴിക്കണം?
പണം എങ്ങനെ കൈകാര്യം ചെയ്യണം?
കുട്ടികൾ വേണോ, വേണ്ടേ?
ഇതുപോലുള്ള കാര്യങ്ങളിൽ നിങ്ങൾക്കും ഇണയ്ക്കും വ്യത്യസ്തകാഴ്ചപ്പാടാണുള്ളതെങ്കിൽ എന്തു ചെയ്യാൻ പറ്റും?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ഒരുമയെന്നു പറഞ്ഞാൽ ഒരേ അഭിപ്രായം എന്നല്ല. നല്ല ഒരുമയുള്ള ഭാര്യാഭർത്താക്കന്മാർക്കിടയിൽപ്പോലും പ്രധാനപ്പെട്ട കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം.
“എല്ലാവരും എപ്പോഴും ഒന്നിച്ചുകൂടുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. ശനിയും ഞായറും ഞങ്ങൾ അപ്പൂപ്പനും അമ്മൂമ്മയും അങ്കിൾമാരും ആന്റിമാരും ഒക്കെയായി ഒത്തുകൂടും. ഭർത്താവിന്റെ വീട്ടിൽ ഇതൊക്കെ കുറവാണ്. അതുകൊണ്ടുതന്നെ വീട്ടുകാരോടൊപ്പം എത്ര സമയം ചെലവഴിക്കണം, ദൂരെയുള്ള ബന്ധുക്കളോട് എത്ര നേരം സംസാരിക്കണം എന്നീ കാര്യങ്ങളിൽ എനിക്കും ഭർത്താവിനും രണ്ട് അഭിപ്രായമാണുള്ളത്.”—തമാര
“പണം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഞങ്ങളുടെ കാഴ്ചപ്പാടു വ്യത്യസ്തമായിരുന്നു. കാരണം ഞങ്ങൾ വളർന്നുവന്ന ചുറ്റുപാട് അങ്ങനെയുള്ളതായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യത്തെ ഏതാനും മാസങ്ങളിൽ ഞങ്ങൾ അതെക്കുറിച്ച് തർക്കിച്ചിട്ടുമുണ്ട്. ഒരു ഒത്തുതീർപ്പിൽ എത്താൻ പല തവണ ഞങ്ങൾക്കു സംസാരിക്കേണ്ടിവന്നു.”—ടെയ്ലർ
ചില പ്രശ്നങ്ങൾ ചെറിയ വിട്ടുവീഴ്ചകൊണ്ടു തീരില്ല. ഉദാഹരണത്തിന്, ഇണയുടെ കുടുംബാംഗങ്ങളിൽ ഒരാൾക്കു സുഖമില്ലെങ്കിൽ അവരെ ആരു പരിചരിക്കും? ദമ്പതികളിൽ ഒരാൾക്ക് മക്കൾ വേണമെന്നും മറ്റേയാൾക്കു വേണ്ടെന്നും വന്നാലോ? a
“മക്കൾ വേണോ എന്നതിനെക്കുറിച്ച് ഞാനും ഭാര്യയും ഒരുപാടു സംസാരിച്ചിട്ടുണ്ട്. എപ്പോഴും അവളുടെ ചിന്ത അതാണ്. അതുകൊണ്ട് ഞങ്ങളുടെ കാഴ്ചപ്പാടിലുള്ള വ്യത്യാസം കൂടിക്കൂടി വന്നു. വിട്ടുവീഴ്ച ചെയ്യാൻ ഒരു വഴിയും ഞാൻ കാണുന്നില്ല.”—അലക്സ്
വ്യത്യസ്തകാഴ്ചപ്പാടു വന്നാൽ വിവാഹം തകർന്നെന്നല്ല. ചില വിദഗ്ധർ പറയുന്നത്, ഒരു പ്രധാനപ്പെട്ട വിഷയത്തിൽ നിങ്ങൾക്കും ഇണയ്ക്കും യോജിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ വിചാരിക്കുന്നതുപോലെനടക്കാൻ വേണ്ടിവന്നാൽ വിവാഹജീവിതം അവസാനിപ്പിക്കുന്നതിൽവരെ തെറ്റില്ല എന്നാണ്. എന്നാൽ ആ “പരിഹാരം” നിങ്ങളുടെ വികാരങ്ങൾക്കു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും എന്തുവന്നാലും ഇണയോടൊപ്പം നിൽക്കുമെന്നു ദൈവമുമ്പാകെ നിങ്ങൾ കൊടുത്ത വാക്കിന് ഒരു വിലയും കല്പിക്കാത്തതും ആയിരിക്കും.
നിങ്ങൾക്കു ചെയ്യാനാകുന്നത്
വിവാഹപ്രതിജ്ഞയെ ആദരിക്കാൻ നിശ്ചയിച്ചുറയ്ക്കുക. അപ്പോൾ എതിരാളികളെപ്പോലെയല്ല ഒരു ടീമിലെ അംഗങ്ങളെപ്പോലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് എളുപ്പമായിരിക്കും.
ബൈബിൾതത്ത്വം: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”—മത്തായി 19:6.
ചെലവ് കണക്കുകൂട്ടുക. ഉദാഹരണത്തിന്, ദമ്പതികളിൽ ഒരാൾക്കു കുഞ്ഞു വേണമെന്നും മറ്റേയാൾക്കു വേണ്ടാ എന്നും ആണെങ്കിൽ പരിഗണിക്കേണ്ട പല കാര്യങ്ങളുമുണ്ട്:
നിങ്ങളുടെ ബന്ധത്തിന്റെ കെട്ടുറപ്പ്.
ഒരു കുട്ടി ജനിച്ചാൽ നിങ്ങളുടെ ബന്ധത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ?
കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിലെ ഉത്തരവാദിത്വങ്ങൾ.
ആഹാരവും വസ്ത്രവും പാർപ്പിടവും മാത്രം നൽകിയാൽ പോരാ.
നിങ്ങളുടെ സാമ്പത്തികസ്ഥിതി.
ജോലിയും കുടുംബവും മറ്റ് ഉത്തരവാദിത്വങ്ങളും ഒരുമിച്ചുകൊണ്ടുപോകാൻ നിങ്ങൾക്കു പറ്റുമോ?
ബൈബിൾതത്ത്വം: “നിങ്ങളിൽ ഒരാൾ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയിലുണ്ടോ എന്ന് അറിയാൻ ആദ്യം ഇരുന്ന് ചെലവ് കണക്കുകൂട്ടിനോക്കില്ലേ?”—ലൂക്കോസ് 14:28.
എല്ലാ വശങ്ങളും കണക്കിലെടുക്കുക. പ്രശ്നത്തിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ നിങ്ങൾക്കു പരിഹരിക്കാൻ കഴിഞ്ഞേക്കും. ഉദാഹരണത്തിന്, കുഞ്ഞു വേണോ വേണ്ടേ എന്നതാണു പ്രശ്നമെങ്കിൽ, വേണ്ടാ എന്നു പറയുന്ന ഇണയ്ക്കു സ്വയം ഇങ്ങനെ ചോദിക്കാം:
‘കുഞ്ഞു വേണ്ടാ എന്നു പറയുമ്പോൾ ഇപ്പോൾ വേണ്ടാ എന്നാണോ അതോ ഒരിക്കലും വേണ്ടാ എന്നാണോ ഞാൻ ഉദ്ദേശിക്കുന്നത്?’
‘ഒരു നല്ല അച്ഛനോ അമ്മയോ ആകാൻ പറ്റില്ലെന്ന പേടിയാണോ എനിക്ക്?’
‘എന്റെ കാര്യത്തിലുള്ള ഇണയുടെ ശ്രദ്ധ കുറയുമെന്ന പേടി എനിക്കുണ്ടോ?’
ഇനി, കുഞ്ഞു വേണമെന്ന് ആഗ്രഹിക്കുന്ന ഇണയ്ക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാം:
‘മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്വങ്ങൾ ചെയ്യാൻ ഞങ്ങൾ തയ്യാറായിട്ടുണ്ടോ?’
‘കുട്ടിയെ വളർത്തിക്കൊണ്ടുവരാനുള്ള സാമ്പത്തികസ്ഥിതി ഞങ്ങൾക്കുണ്ടോ?’
ബൈബിൾതത്ത്വം: ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളതാണ്.’—യാക്കോബ് 3:17.
ഇണയുടെ കാഴ്ചപ്പാടിലെ നല്ല വശങ്ങൾ മനസ്സിലാക്കുക. ഒരു സ്ഥലത്തെത്തന്നെ രണ്ടു പേർക്കു വ്യത്യസ്തകോണിൽനിന്ന് നോക്കാൻ കഴിയും. ഇതുപോലെ ദമ്പതികൾ ഒരു പ്രശ്നത്തെ വ്യത്യസ്തകാഴ്ചപ്പാടിലൂടെ കണ്ടേക്കാം. പണം എങ്ങനെ ചെലവഴിക്കണമെന്നത് അതിന് ഒരു ഉദാഹരണമാണ്. വ്യത്യസ്തകാഴ്ചപ്പാടുള്ള ഒരു കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ രണ്ടു പേരും യോജിക്കുന്ന ഒരു കാര്യത്തിൽനിന്ന് തുടങ്ങുക.
രണ്ടു പേരുടെയും ലക്ഷ്യം എന്താണ്?
രണ്ടു പേരുടെയും കാഴ്ചപ്പാടിലെ നല്ല വശങ്ങൾ എന്തൊക്കെയാണ്?
വിവാഹജീവിതം കെട്ടുറപ്പുള്ളതാക്കി നിറുത്താൻ ഒരാൾക്കോ അല്ലെങ്കിൽ രണ്ടു പേർക്കുമോ കാഴ്ചപ്പാടിൽ എന്തെങ്കിലും മാറ്റം വരുത്താനാകുമോ?
ബൈബിൾതത്ത്വം: “തനിക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ് ഓരോരുത്തരും നോക്കേണ്ടത്.”—1 കൊരിന്ത്യർ 10:24.
a ഗൗരവമേറിയ കാര്യങ്ങളെക്കുറിച്ച് വിവാഹത്തിനു മുമ്പ് ചർച്ച ചെയ്യണം. എങ്കിലും അപ്രതീക്ഷിത സാഹചര്യങ്ങളുണ്ടാകുകയോ ഇണകളിൽ ഒരാളുടെ മനോഭാവത്തിനു നാളുകൾ പിന്നിടുമ്പോൾ മാറ്റം സംഭവിക്കുകയോ ചെയ്തേക്കാം.—സഭാപ്രസംഗകൻ 9:11.