യുവജനങ്ങൾ ചോദിക്കുന്നു
അധരസംഭോഗം ശരിക്കും ലൈംഗികബന്ധം ആണോ?
യു.എസ്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ അഭിമുഖത്തിൽ പങ്കെടുത്ത 15-19 വയസ്സുകാരിൽ ഏതാണ്ടു പകുതിപ്പേരും അധരസംഭോഗത്തിൽ ഏർപ്പെട്ടിരുന്നവരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. അധരസംഭോഗം ഇക്കാലത്തെ നിശാചുംബനം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ എഴുത്തുകാരി ഷാർലെൻ ഏയ്സം ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്: “കൗമാരക്കാരോട് അധരസംഭോഗത്തെക്കുറിച്ച് ചോദിച്ചാൽ ‘ഓ അതൊക്കെ എന്ത്?’ എന്ന ഭാവമാണ് അവർക്ക്. അതിനെ ലൈംഗികബന്ധമായിട്ട് അവർ വീക്ഷിക്കുന്നതേയില്ല!”
നിങ്ങൾക്കു തോന്നുന്നത് എന്താണ്?
താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന ഉത്തരം നൽകുക.
അധരസംഭോഗത്തിലൂടെ ഒരു പെൺകുട്ടി ഗർഭിണിയാകുമോ?
ഉവ്വ്
ഇല്ല
അധരസംഭോഗം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടാകുമോ?
ഉവ്വ്
ഇല്ല
അധരസംഭോഗം ശരിക്കും ലൈംഗികബന്ധം ആണോ?
അതെ
അല്ല
അതിലെ വസ്തുതകൾ എന്താണ്?
നിങ്ങളുടെ ഉത്തരം പിൻവരുന്നവയുമായി താരതമ്യം ചെയ്യുക.
അധരസംഭോഗത്തിലൂടെ ഒരു പെൺകുട്ടി ഗർഭിണിയാകുമോ?
ഉത്തരം: ഇല്ല. അധരസംഭോഗംകൊണ്ട് ഒരു കുഴപ്പവും ഇല്ലെന്ന തെറ്റായ നിഗമനത്തിൽ മിക്കവരും എത്താനുള്ള ഒരു കാരണം ഇതാണ്.
അധരസംഭോഗം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടാകുമോ?
ഉത്തരം: ഉവ്വ്. അധരസംഭോഗത്തിൽ ഏർപ്പെടുന്ന ഒരു വ്യക്തിക്ക് കരൾ വീക്കമോ ലൈംഗികാവയവങ്ങളിൽ വീക്കം അല്ലെങ്കിൽ മുഴ, ഗൊണോറിയ, ഹെർപെസ്, എച്ച്.ഐ.വി, സിഫിലിസ് തുടങ്ങിയ ലൈംഗികരോഗങ്ങളോ ഉണ്ടായേക്കാം.
അധരസംഭോഗം ശരിക്കും ലൈംഗികബന്ധം ആണോ?
ഉത്തരം: അതെ. മറ്റൊരു വ്യക്തിയുടെ ജനനേന്ദ്രിയം ഉൾപ്പെടുത്തിയുള്ള ഏതൊരു പ്രവർത്തനവും ലൈംഗികബന്ധം ആണ്. അതായത് പരസ്പരമുള്ള സംഭോഗം, അധരസംഭോഗം (നാവുകൊണ്ടോ വായ ഉപയോഗിച്ചോ മറ്റൊരാളുടെ ജനനേന്ദ്രിയത്തെ ഉത്തേജിപ്പിക്കുന്നത്), ഗുദസംഭോഗം, മറ്റൊരാൾക്ക് ‘സ്വയംഭോഗം’ ചെയ്തു കൊടുക്കൽ ഇവയെല്ലാം അതിൽ ഉൾപ്പെടും.
അതു ഗൗരവമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
അധരസംഭോഗം എന്ന വിഷയത്തോടു ബന്ധപ്പെട്ടിരിക്കുന്ന ചില ബൈബിൾഭാഗങ്ങൾ നോക്കാം.
ബൈബിൾ പറയുന്നത്: ‘നിങ്ങൾ ലൈംഗിക അധാർമികതയിൽനിന്ന് അകന്നിരിക്കണമെന്നതാണ് ദൈവത്തിന്റെ ഇഷ്ടം’—1 തെസ്സലോനിക്യർ 4:3.
“ലൈംഗിക അധാർമികത” എന്നോ ‘ലൈംഗികപാപങ്ങൾ’ എന്നോ പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്, വിവാഹത്തിനു പുറമേയുള്ള എല്ലാ തരം ലൈംഗികബന്ധങ്ങളെയും അർഥമാക്കാനാകും. അതായത് പരസ്പരമുള്ള സംഭോഗം, അധരസംഭോഗം, ഗുദസംഭോഗം, മറ്റൊരാൾക്ക് ‘സ്വയംഭോഗം’ ചെയ്തു കൊടുക്കൽ തുടങ്ങിയവ. ലൈംഗികപാപത്തിൽ ഉൾപ്പെടുന്ന ഒരു വ്യക്തി ഗുരുതരമായ പരിണതഫലങ്ങൾ കൊയ്യേണ്ടിവരും. അതിൽ ഏറ്റവും വലിയ ദുരന്തം ദൈവവുമായുള്ള സൗഹൃദം അപകടത്തിലാക്കുന്നു എന്നതാണ്.—1 പത്രോസ് 3:12.
ബൈബിൾ പറയുന്നത്: “അധാർമികപ്രവൃത്തികൾ ചെയ്യുന്നയാൾ സ്വന്തശരീരത്തിന് എതിരെ പാപം ചെയ്യുന്നു.”—1 കൊരിന്ത്യർ 6:18.
അധരസംഭോഗത്തിന് ശാരീരികമായും ആത്മീയമായും ഹാനിവരുത്തുന്ന അനന്തരഫലങ്ങൾ ഉണ്ടാക്കാനും വൈകാരികമായി തളർത്താനും കഴിയും. നിങ്ങളുടെ കുട്ടികളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “തന്നെ ദുരുപയോഗം ചെയ്തെന്ന ചിന്ത, പിന്നീടുണ്ടാകുന്ന കുറ്റബോധം, വിലകെട്ടവനാണെന്ന തോന്നൽ തുടങ്ങിയ വികാരങ്ങൾ ജനനേന്ദ്രിയം ഉപയോഗിച്ചുള്ള സംഭോഗത്തോടു ബന്ധപ്പെട്ട് മാത്രം ഉണ്ടാകുന്ന വികാരങ്ങളല്ല. ഇത്തരം മോശമായ വികാരങ്ങൾ തെറ്റായി ഏർപ്പെടുന്ന എല്ലാത്തരം ലൈംഗികബന്ധങ്ങളിൽനിന്നും ഉണ്ടാകും. ഏതുതരത്തിലുള്ള ലൈംഗികബന്ധവും ലൈംഗികത തന്നെയാണ്.”
ബൈബിൾ പറയുന്നത്: “നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുകയും പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.”—യശയ്യ 48:17.
ലൈംഗികതയെക്കുറിച്ചുള്ള ദൈവനിയമങ്ങൾ നിങ്ങൾക്കു പ്രയോജനം ചെയ്യുന്നവയാണെന്നാണോ അതോ അവ നിങ്ങൾക്കു കൂച്ചുവിലങ്ങ് ഇടുന്നതായാണോ നിങ്ങൾക്ക് അനുഭവപ്പെടുന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായിക്കുന്നതിന് തിരക്കുപിടിച്ച ഒരു ഹൈവേയെക്കുറിച്ച് ചിന്തിക്കാം. ഹൈവേയിൽ വേഗതാനിയന്ത്രണ ബോർഡുകൾ, ട്രാഫിക് സിഗ്നലുകൾ, നിറുത്തുന്നതിനുള്ള അടയാളങ്ങൾ തുടങ്ങിയവ ഉണ്ട്. ഈ സിഗ്നലുകളും അടയാളങ്ങളും ഒക്കെ കൂച്ചുവിലങ്ങുകളായിട്ടാണോ അതോ സംരക്ഷണമായിട്ടാണോ നിങ്ങൾക്കു തോന്നുന്നത്? നിങ്ങളും മറ്റു ഡ്രൈവർമാരും അവ അവഗണിച്ചാൽ എന്തായിരിക്കും സംഭവിക്കുക?
ഇതുപോലെ തന്നെയാണു ദൈവത്തിന്റെ നിലവാരങ്ങളും. അത് അവഗണിച്ചാൽ, തീർച്ചയായും നിങ്ങൾ വിതയ്ക്കുന്നതുതന്നെ കൊയ്യും. (ഗലാത്യർ 6:7) “വിശ്വാസങ്ങളും മൂല്യങ്ങളും തള്ളിക്കളഞ്ഞിട്ട് ശരിയാണെന്നു തോന്നുന്നില്ലാത്ത കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ ആത്മാഭിമാനം ക്ഷയിച്ചു പോകും” എന്ന് ഒരു പുസ്തകം (Sex Smart) പറയുന്നു. അതിനുപകരം, ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കുകയാണെങ്കിൽ, ശരിയായ സ്വഭാവശുദ്ധിയായിരിക്കും നിങ്ങൾ വെളിപ്പെടുത്തുന്നത്. അതിലും പ്രധാനമായി, നിങ്ങൾക്ക് ഒരു ശുദ്ധമനഃസാക്ഷി കാത്തുസൂക്ഷിക്കാനുമാകും.—1 പത്രോസ് 3:16.