യുവജനങ്ങൾ ചോദിക്കുന്നു
ചട്ടമ്പിയെ എങ്ങനെ നേരിടാം?
സമപ്രായക്കാർക്കു പറയാനുള്ളത് എന്ന ഭാഗവും ഒരു അധ്യാപികയുടെ അഭിപ്രായം എന്ന ഭാഗവും വായിക്കുക. കൂടാതെ, ക്വിസ് എന്ന ഭാഗവും കാണുക.
ചട്ടമ്പിത്തരം ഒരു നിസ്സാരകാര്യമല്ല. ബ്രിട്ടനിൽ നടത്തിയ ഒരു പഠനമനുസരിച്ച്, ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ടു ചെയ്ത ചെറുപ്പക്കാരുടെ ആത്മഹത്യകളിൽ 40 ശതമാനത്തിലേറെ കേസുകളിലും ചട്ടമ്പിത്തരത്തിന് ഇരയായതായിരുന്നു ആത്മഹത്യയിലേക്കു നയിച്ച ഒരു കാരണം.
എന്താണ് ചട്ടമ്പിത്തരം?
ശാരീരിക ഉപദ്രവം മാത്രമല്ല ചട്ടമ്പിത്തരത്തിൽ ഉൾപ്പെടുന്നത്. അതിൽ പിൻവരുന്ന കാര്യങ്ങളും ഉൾപ്പെടുന്നു:
വാക്കുകൾകൊണ്ട് നോവിക്കും. “ആഴത്തിൽ മുറിവേൽപ്പിക്കുന്ന വാക്കുകൾ പെൺകുട്ടികൾക്കും പറയാനാകും. അവർ എന്നെ കളിയാക്കിവിളിച്ച പേരുകളും എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ഞാൻ ഒരിക്കലും മറക്കില്ല. എനിക്ക് ഒരു വിലയുമില്ലെന്നും ആർക്കും എന്നെ വേണ്ടെന്നും എന്നെ ഒന്നിനും കൊള്ളില്ലെന്നും എനിക്കു തോന്നിപ്പോയി. ഇതിലും ഭേദം അവർ എന്റെ കരണത്ത് അടിക്കുന്നതായിരുന്നു,” എന്ന് 20 വയസ്സുള്ള സെലിൻ പറയുന്നു.
ഒറ്റപ്പെടുത്തും. “കൂടെ പഠിച്ചിരുന്നവർ എന്നെ ഒഴിവാക്കാൻ തുടങ്ങി. ഊണുമേശയിൽ എനിക്ക് അൽപ്പംപോലും ഇടം തരാത്ത വിധത്തിൽ അവർ ഇരിക്കുമായിരുന്നു. അതുകൊണ്ട് എനിക്ക് അവരുടെ ഇടയിൽ ഇരിപ്പിടം കിട്ടിയില്ല. അക്കൊല്ലം മുഴുവൻ ഞാൻ കരഞ്ഞുകൊണ്ട് ഒറ്റയ്ക്ക് ഇരുന്ന് ഭക്ഷണം കഴിച്ചു,” എന്ന് 18 വയസ്സുള്ള ഹാലി പറയുന്നു.
ഇന്റർനെറ്റിലൂടെ ഉപദ്രവിക്കും. “കീബോർഡിൽ ഒന്നോ രണ്ടോ തവണ വിരൽ അമർത്തിയാൽ മതി, ഒരാളുടെ നല്ല പേര് മോശമാകാൻ. ചിലപ്പോൾ അയാളുടെ ജീവിതംതന്നെ നശിച്ചേക്കാം. ഇതെല്ലാം അൽപ്പം പെരുപ്പിച്ച് പറയുന്നതാണെന്നു തോന്നും, പക്ഷേ അങ്ങനെ സംഭവിക്കാം,” എന്ന് 14 വയസ്സുള്ള ഡാനിയേൽ പറയുന്നു. മൊബൈൽ ഫോണിലൂടെ ദോഷം ചെയ്യുന്ന ഫോട്ടോകളും മെസ്സേജുകളും അയയ്ക്കുന്നതും സൈബർചട്ടമ്പിത്തരത്തിന്റെ ഭാഗമാണ്.
എന്തിനാണ് ചട്ടമ്പികൾ മറ്റുള്ളവരെ ഉപദ്രവിക്കുന്നത്?
ചില കാരണങ്ങൾ താഴെ കൊടുക്കുന്നു:
അവർ ചട്ടമ്പിത്തരത്തിന് ഇരകളായിട്ടുണ്ട്. “സമപ്രായക്കാരുടെ ഉപദ്രവം നേരിട്ട് ഞാൻ മടുത്തു. അതുകൊണ്ട് അവരുടെ ഇടയിൽ പിടിച്ചുനിൽക്കാൻവേണ്ടി ഞാനും ചട്ടമ്പിത്തരം കാണിക്കാൻ തുടങ്ങി. പക്ഷേ പിന്തിരിഞ്ഞുനോക്കിയപ്പോൾ, ഞാൻ ചെയ്തത് ഒട്ടും ശരിയല്ലെന്ന് എനിക്കു മനസ്സിലായി,” എന്ന് അന്റോണിയോ എന്ന ചെറുപ്പക്കാരൻ പറയുന്നു.
അനുകരിക്കാൻപറ്റിയ മാതൃകകൾ ഇല്ലായിരുന്നു. “തങ്ങളുടെ മാതാപിതാക്കളും കൂടപ്പിറപ്പുകളും ബന്ധുക്കളും ഒക്കെ മറ്റുള്ളവരോടു പെരുമാറുന്നതു കണ്ടിട്ടാണ് പലപ്പോഴും, ചെറുപ്പക്കാരായ ചട്ടമ്പികൾ മറ്റുള്ളവരോടു പെരുമാറുന്നത്,” എന്ന് ചട്ടമ്പികളെ നേരിടാനുള്ള തന്ത്രങ്ങൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ജയ് മഗ്രോ പറയുന്നു.
ആത്മവിശ്വാസക്കുറവ് മറയ്ക്കാൻ അവർ കേമന്മാരായി ഭാവിക്കുന്നു. “ചട്ടമ്പികളായ കുട്ടികൾ കേമന്മാരാണെന്നു കാണിച്ചാലും അത് ഒരു മുഖംമൂടി മാത്രമാണ്. ആഴത്തിലേറ്റ വൈകാരിമായ മുറിവോ അപര്യാപ്തതാബോധമോ ഒക്കെ മറയ്ക്കാൻവേണ്ടിയാണ് അവർ ചട്ടമ്പിത്തരം കാണിക്കുന്നത്,” എന്ന് ചട്ടമ്പികളും ഇരകളും കാഴ്ചക്കാരും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ബാർബേറാ കൊളറോസോ പറയുന്നു.
ആരാണ് സാധാരണയായി ചട്ടമ്പിത്തരത്തിന് ഇരയാകുന്നത്?
ഒറ്റയ്ക്കു നടക്കുന്നവർ. മറ്റുള്ളവരോട് ഇടപഴകാതെ ഒറ്റയ്ക്കു നടക്കുന്ന ചില ചെറുപ്പക്കാർ എളുപ്പത്തിൽ ചട്ടമ്പികളുടെ ഇരയാകും.
വ്യത്യസ്തരായി കാണപ്പെടുന്ന ചെറുപ്പക്കാർ. രൂപം, വർഗം, മതം എന്നിവയിലെ ഏതെങ്കിലും വ്യത്യാസമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വൈകല്യമോ പോലെ ചട്ടമ്പിയുടെ ശ്രദ്ധ എളുപ്പത്തിൽ പതിയുന്ന എന്തും ഒരു കാരണമായേക്കാം.
ആത്മവിശ്വാസം കുറവുള്ള ചെറുപ്പക്കാർ. സ്വയം വിലകുറഞ്ഞവരായി കാണുന്ന ആളുകളെ ചട്ടമ്പികൾക്കു പെട്ടെന്നു തിരിച്ചറിയാൻ കഴിയും. അങ്ങനെയുള്ളവർ തിരിച്ചൊന്നും ചെയ്യാനിടയില്ലാത്തതുകൊണ്ട് അവരെ ചട്ടമ്പികൾ എളുപ്പത്തിൽ ഇരയാക്കും.
ചട്ടമ്പികൾ ഉപദ്രവിച്ചാൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
ആത്മനിയന്ത്രണം പാലിക്കുക. “നിങ്ങളെ കൊച്ചാക്കുന്നതിൽ തങ്ങൾ വിജയിച്ചോ എന്നതിലാണ് ചട്ടമ്പികളുടെ ശ്രദ്ധ. അതുകൊണ്ട് നിങ്ങൾ പ്രതികരിക്കാതിരിക്കുമ്പോൾ അവരുടെ താത്പര്യം പോകും,” എന്നു കെയ്ലി എന്ന ചെറുപ്പക്കാരി പറയുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “ബുദ്ധിമാൻ സ്വയം നിയന്ത്രിക്കുന്നു.”—സുഭാഷിതങ്ങൾ 29:11.
പകരത്തിനു പകരം ചെയ്യരുത്. പകരം ചെയ്യുന്നതു സാഹചര്യത്തെ വഷളാക്കുകയേ ഉള്ളൂ. ബൈബിൾ പറയുന്നു: “തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്.”—റോമർ 12:17; സുഭാഷിതങ്ങൾ 24:19.
പ്രശ്നത്തിലേക്കു ചെന്നു ചാടരുത്. കഴിയുന്നിടത്തോളം കുഴപ്പക്കാരായ ആളുകളിൽനിന്ന് ഒഴിഞ്ഞുമാറുക, പ്രശ്നസാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.—സുഭാഷിതങ്ങൾ 22:3.
തീരെ പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുക. ബൈബിൾ പറയുന്നു: “സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു.”—സുഭാഷിതങ്ങൾ 15:1.
അൽപ്പം നർമം പരീക്ഷിച്ചുനോക്കുക. ഉദാഹരണത്തിന്, ‘നീ ഒരു പൊണ്ണത്തടിയനാടാ’ എന്ന് ഒരു ചട്ടമ്പി പറയുന്നെന്നിരിക്കട്ടെ. ഒരു നിസ്സാരമട്ടിൽ തോളൊന്ന് അനക്കി നിങ്ങൾക്ക് ഇങ്ങനെ പറയാം: “ശരി, കുറച്ച് തൂക്കം കുറയ്ക്കാമോ എന്നു ഞാൻ ഒന്നു നോക്കട്ടെ.”
സ്ഥലം വിടുക. 19-കാരിയായ നോറ പറയുന്നു: “മൗനം പാലിക്കാൻ കഴിയുന്നതു നിങ്ങൾക്കു പക്വതയുണ്ടെന്നും, ശല്യപ്പെടുത്തുന്ന വ്യക്തിയെക്കാൾ നിങ്ങൾ ശക്തനാണെന്നും കാണിക്കുന്നു. അതു നിങ്ങളുടെ ആത്മനിയന്ത്രണത്തിന്റെ തെളിവാണ്, ചട്ടമ്പിക്ക് അതൊട്ട് ഇല്ലതാനും.”
നല്ല ആത്മവിശ്വാസം വേണം. റീത്ത എന്ന പെൺകുട്ടി പറയുന്നു: “നിങ്ങൾക്കു പരിഭ്രമം ഉണ്ടെങ്കിൽ ചട്ടമ്പി അത് മനസ്സിലാക്കും. നിങ്ങളുടെ ആത്മവിശ്വാസം മുഴുവൻ ചോർത്തിക്കളയാൻ അയാൾ അത് ഒരു കരുവാക്കും.”
ആരോടെങ്കിലും കാര്യം പറയുക. ഒരു സർവേ അനുസരിച്ച്, ഇന്റർനെറ്റിലൂടെയുള്ള ഉപദ്രവത്തിന് ഇരയാകുന്ന പകുതിയിലധികം പേരും അത് പുറത്തുപറയാറില്ല. നാണക്കേടോ (പ്രത്യേകിച്ച് ആൺകുട്ടികൾക്ക്) പ്രതികരിച്ചാൽ അവർ ഉപദ്രവിക്കും എന്ന ഭയമോ ഒക്കെയാണ് കാരണം. പക്ഷേ ഒരു കാര്യം ഓർക്കുക: രഹസ്യമാക്കിവെക്കുന്തോറും അവർക്കു വളംവെച്ചുകൊടുക്കുകയാണ്. ആരോടെങ്കിലും പറയുന്നതാണ് ഇതിൽനിന്ന് മോചനം നേടാനുള്ള ആദ്യപടി.