യുവജനങ്ങൾ ചോദിക്കുന്നു
ഒരേ സമയത്ത് പല കാര്യങ്ങൾ ചെയ്യുന്നതു ഗുണമോ ദോഷമോ?
നിങ്ങൾക്ക് ഒരേ സമയത്ത് പല കാര്യങ്ങൾ ചെയ്യാനുള്ള കഴിവുണ്ടോ?
എന്താണ് നിങ്ങളുടെ അഭിപ്രായം? ഇന്നത്തെ ചെറുപ്പക്കാർക്ക് ‘മൾട്ടിടാസ്കിങ്’ അതായത് ഒരേ സമയത്ത് ഒരുപാടു കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നാണ് പലരും വിചാരിക്കുന്നത്. കാരണം അവർ ‘ജനിച്ചുവീണതുമുതൽ സാങ്കേതികവിദ്യയിലാണല്ലോ കളിച്ചുവളർന്നത്.’ മറ്റുള്ളവർ സാങ്കേതികവിദ്യ കണ്ടുതുടങ്ങിയത് മുതിർന്നശേഷമായിരിക്കുമല്ലോ.
ഒരേ സമയത്ത് പല കാര്യങ്ങൾ ചെയ്യുന്ന കാര്യത്തിൽ താഴെ പറയുന്നവ ശരിയോ തെറ്റോ?
സമയം ലാഭിക്കാം.
പരിശീലിക്കുന്തോറും ഇങ്ങനെ ചെയ്യാനുള്ള കഴിവ് വർധിക്കും.
മുതിർന്നവരെക്കാൾ ചെറുപ്പക്കാരാണ് മെച്ചം.
ഇതിൽ ഏതിനെങ്കിലും ‘ശരി’ എന്നാണോ നിങ്ങൾ പറഞ്ഞത്? എങ്കിൽ നിങ്ങൾക്കു തെറ്റി. ഇവ മൾട്ടിടാസ്കിങിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ആണ്.
ചില മിഥ്യാധാരണകൾ
നിങ്ങൾക്ക് ഒരേ സമയം രണ്ടു കാര്യങ്ങൾ ചെയ്യാൻ സാധിക്കുമോ? അതിൽ ഒരു കാര്യം അത്രയധികം ശ്രദ്ധ വേണ്ടാത്തതാണെങ്കിൽ ഒരുപക്ഷേ പറ്റുമായിരിക്കും. ഉദാഹരണത്തിന്, നിങ്ങൾ പാട്ട് കേട്ടുകൊണ്ട് മുറി വൃത്തിയാക്കുകയാണെങ്കിൽ, വലിയ കുഴപ്പമില്ലാതെ മുറി വൃത്തിയാക്കാൻ പറ്റിയേക്കും.
എന്നാൽ നല്ല ശ്രദ്ധ ആവശ്യമുള്ള രണ്ടു കാര്യങ്ങൾ ഒരുമിച്ചു ചെയ്യാൻ ശ്രമിച്ചാൽ, രണ്ടു കാര്യങ്ങളും നന്നായി ചെയ്യാൻ പറ്റാതെ പോയേക്കാം. അതുകൊണ്ടായിരിക്കും ചെറുപ്പക്കാരിയായ കാതറിൻ ഇതെപ്പറ്റി ഇങ്ങനെ പറഞ്ഞത്: “ഒരേ സമയം രണ്ടു കാര്യങ്ങളും കുളമാക്കാനുള്ള കഴിവാണ് ഇത്.”
“ഞാൻ ഒരാളോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു മെസേജ് വന്നു. അതിനിടയ്ക്കുതന്നെ അതിനു മറുപടി അയയ്ക്കാൻ ഞാൻ ശ്രമിച്ചു. എന്നിട്ടെന്തായി? പറഞ്ഞതൊന്നും കേൾക്കാനും പറ്റിയില്ല, ടൈപ്പ് ചെയ്തതൊക്കെ തെറ്റിപ്പോകുകയും ചെയ്തു.”—കാലേബ്.
സാങ്കേതികവിദഗ്ധയായ ഷെറി ടെർക്കിൾ പറയുന്നു: “ഒരേ സമയം എത്രയധികം കാര്യങ്ങൾ കൂടുതൽ ചെയ്യാൻ ശ്രമിക്കുന്നുവോ, അത്രയധികം നമ്മുടെ ഫലപ്രദത്വം കുറയും. അങ്ങനെ നമ്മൾ പല കാര്യങ്ങൾ ചെയ്യുമ്പോൾ അതു നമ്മുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു എന്നതു ശരിയാണ്. പക്ഷേ, നമ്മൾ കൂടുതൽ മെച്ചമായി ചെയ്യുന്നതായ ഒരു പ്രതീതി മാത്രമേ അതു തരുകയുള്ളൂ. എന്നാൽ വാസ്തവത്തിൽ കാര്യങ്ങൾ കൂടുതൽക്കൂടുതൽ മോശമാകുകയാണു ചെയ്യുന്നത്.” a
“ഒരാളോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരാൾക്കു മെസേജ് അയയ്ക്കുന്നതു വലിയൊരു കഴിവായിട്ടാണു ഞാൻ കണ്ടത്. പിന്നെയാ മനസ്സിലായത് എഴുതേണ്ടതാണു പറഞ്ഞത്, പറയേണ്ടതാണ് എഴുതിപ്പോയത്.”—തമാര.
പല കാര്യങ്ങൾ ഒരേ സമയം ചെയ്യാൻ ശ്രമിക്കുന്നവർ ശരിക്കും ജോലികൾ കൂടുതൽ ബുദ്ധിമുട്ടാക്കിത്തീർക്കുകയാണ്. ഉദാഹരണത്തിന്, ഹോംവർക്ക് ചെയ്തുതീർക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നു. ചെയ്തുകഴിഞ്ഞ കാര്യം ഭംഗിയാകാത്തതുകൊണ്ട് വീണ്ടും ചെയ്യേണ്ടിവരുന്നു. അവസാനം ഉദ്ദേശിച്ച അത്ര സമയലാഭം ഒന്നും അവർക്കു കിട്ടാൻ പോകുന്നില്ല.
മാനസികാരോഗ്യവിദഗ്ധനും സ്കൂൾ കൗൺസിലറും ആയ തോമസ് കെർസ്റ്റിങ് ഇങ്ങനെ പറയുന്നു: “നമ്മുടെ തലച്ചോറ് വിവരങ്ങൾ അടുക്കിവെച്ചിരിക്കുന്ന ഒരു ഫയൽപോലെയാണെങ്കിൽ, പല കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നവരുടെ തലച്ചോറ് കുഴഞ്ഞുമറിഞ്ഞ ഒരു ഫയൽപോലെയാണെന്നു പറയാം.” b
“ഒരേ സമയം പല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ മറന്നുപോയേക്കാം. അവസാനം സമയം ലാഭിക്കുന്നതിനു പകരം അതു ഇരട്ടിപ്പണിയാകും.”—തെരേസ.
ശരിയായ രീതി
ഒരു സമയത്ത് ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കാൻ പഠിക്കുക. അത് അൽപ്പം ബുദ്ധിമുട്ടായേക്കാം, പ്രത്യേകിച്ച് കാര്യങ്ങൾ ഒരുമിച്ച് ചെയ്താണു നിങ്ങൾക്കു ശീലമെങ്കിൽ. ഉദാഹരണത്തിന്, പഠിക്കുന്നതിനിടെ മെസേജ് അയയ്ക്കുന്നതുപോലെ. ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉറപ്പുവരുത്താനാണ്’ ബൈബിൾ പറയുന്നത്. (ഫിലിപ്പിയർ 1:10) എല്ലാ ജോലിക്കും ഒരേ പ്രാധാന്യമല്ല. അതുകൊണ്ട് ഏതിനാണ് കൂടുതൽ പ്രാധാന്യം എന്ന് ആദ്യം തീരുമാനിക്കുക. എന്നിട്ട് അതിൽ ശ്രദ്ധിച്ച്, അതു ചെയ്തുതീർക്കുക.
“ഒരേ സമയം പല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന മനസ്സ് ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്. ഒരു കുട്ടിയോടു ചില കാര്യങ്ങൾ ചെയ്യാൻ പറ്റില്ല എന്നു പറയേണ്ടിവരുന്നതുപോലെ നമ്മളും ചില കാര്യങ്ങൾ വേണ്ടെന്നുവെക്കാൻ മനസ്സിനെ പരിശീലിപ്പിക്കണം, ഒരു സമയത്ത് ഒരു കാര്യം ചെയ്യാൻ പഠിക്കണം.”—മരിയ.
ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. പഠിക്കുന്ന സമയത്ത് ഇടയ്ക്കിടെ ഫോൺ നോക്കാൻ നിങ്ങൾക്കു തോന്നാറുണ്ടോ? എങ്കിൽ അതു മറ്റൊരു മുറിയിൽ വെക്കുക. ടിവി ഓഫ് ചെയ്യുക, സോഷ്യൽ മീഡിയയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ബൈബിൾ പറയുന്നു: “സമയം എറ്റവും നന്നായി ഉപയോഗിക്കുക.”—കൊലോസ്യർ 4:5.
“ഒരു സമയത്ത് ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്നതാണു നല്ലതെന്നു എനിക്കു മനസ്സിലായി. ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റിൽനിന്ന് തീർന്നതുതീർന്നത് വെട്ടിക്കളയുമ്പോൾ എനിക്ക് എത്ര സന്തോഷം ആണെന്നോ. അതിന്റെ ആത്മസംതൃപ്തി ഒന്നു വേറെതന്നെ!”—ഒനിയാ.
മറ്റുള്ളവരോടു സംസാരിക്കുന്നതിനിടയ്ക്കു വേറെയൊന്നും ചെയ്യാതിരിക്കുക. മറ്റൊരാളോടു സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ ഫോണിലേക്കു നോക്കുകയോ മറ്റോ ചെയ്താൽ, സംസാരിക്കുന്നതിന്റെ പ്രയോജനം കിട്ടില്ലെന്നു മാത്രമല്ല, അതൊരു മര്യാദകേടാണ്. മറ്റുള്ളവർ നമ്മളോട് എങ്ങനെ ഇടപെടണമെന്നു നമ്മൾ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോട് ഇടപെടാൻ ബൈബിൾ പറയുന്നു.—മത്തായി 7:12.
“ഞാൻ എന്റെ പെങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവളെങ്ങാനും മെസേജ് അയയ്ക്കുകയോ വേറെ എന്തെങ്കിലും ചെയ്യുകയോ ചെയ്യുന്നതു കണ്ടാൽ എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം വരും. എന്നാൽ സത്യം പറഞ്ഞാൽ ചിലപ്പോൾ ഞാനും അതുതന്നെയാണ് ചെയ്യുന്നത്.”—ഡേവിഡ്.