യുവജനങ്ങൾ ചോദിക്കുന്നു
എന്റെ സുഹൃത്ത് എന്നെ വേദനിപ്പിച്ചാൽ?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
പ്രശ്നങ്ങളില്ലാത്ത ബന്ധങ്ങളില്ല. അതുകൊണ്ട് നിങ്ങളുടെ ഉറ്റമിത്രംപോലും നിങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തേക്കാം. കാരണം എല്ലാവർക്കും കുറവുകളുണ്ട്. ഒന്നു ചിന്തിച്ചുനോക്കിയാൽ നിങ്ങളും മറ്റൊരാളെ വേദനപ്പിച്ചിട്ടുണ്ടാകും.—യാക്കോബ് 3:2.
വേദന കൂട്ടാൻ ഇന്റർനെറ്റും. ഉദാഹരണത്തിന്, കൗമാരപ്രായത്തിലുള്ള ഡേവിഡ് പറയുന്നതു ശ്രദ്ധിക്കൂ: “നിങ്ങളുടെ ഒരു സുഹൃത്ത് ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ചില ചിത്രങ്ങൾ നിങ്ങൾ ഓൺലൈനിൽ കാണുന്നു. ആ പാർട്ടിക്ക് നിങ്ങളെ വിളിച്ചില്ലല്ലോ എന്ന് ഓർത്ത് നിങ്ങൾ വിഷമിക്കാനും സങ്കടപ്പെടാനും തുടങ്ങിയേക്കാം.”
പ്രശ്നങ്ങൾ നേരിടാൻ നിങ്ങൾക്കു പഠിക്കാം.
നിങ്ങൾക്കു ചെയ്യാനാകുന്നത്
നിങ്ങളെത്തന്നെ വിലയിരുത്തുക. ബൈബിൾ പറയുന്നു: “പെട്ടെന്നു നീരസപ്പെടരുത്. നീരസം വിഡ്ഢിയുടെ ലക്ഷണമല്ലോ.”—സഭാപ്രസംഗകൻ 7:9, അടിക്കുറിപ്പ്.
“ഇപ്പോൾ നിങ്ങൾക്കു വിഷമം തോന്നുന്ന ഒരു കാര്യം കുറച്ച് കഴിയുമ്പോൾ നിസ്സാരമായ ഒന്നായി തോന്നിയേക്കാം.”—അലീസ.
ചിന്തിക്കാനായി: പെട്ടെന്ന് വിഷമം തോന്നുകയോ പെട്ടെന്ന് പ്രതികരിക്കുകയോ ചെയ്യുന്ന ഒരാളാണോ നിങ്ങൾ? മറ്റൊരാളുടെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുന്നതിൽ നിങ്ങൾക്കു മെച്ചപ്പെടാൻ കഴിയുമോ?—സഭാപ്രസംഗകൻ 7:21, 22.
ക്ഷമിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക. ബൈബിൾ പറയുന്നു: “ദ്രോഹങ്ങൾ കണ്ടില്ലെന്നു വെക്കുന്നത് . . . സൗന്ദര്യം.”—സുഭാഷിതങ്ങൾ 19:11.
“പരാതിക്കു കാരണമുണ്ടെങ്കിൽത്തന്നെ ക്ഷമിക്കുന്നതാണ് നല്ലത്. വേദനിപ്പിച്ച വ്യക്തിയെ അക്കാര്യം എപ്പോഴും ഓർമിപ്പിച്ചുകൊണ്ട് ഓരോ പ്രാവശ്യവും ക്ഷമ പറയിപ്പിക്കരുത്. ഒരിക്കൽ ക്ഷമിച്ചാൽ പിന്നെ അക്കാര്യത്തെക്കുറിച്ച് വീണ്ടും പറയരുത്.”—മല്ലോറി.
ചിന്തിക്കാനായി: അതൊരു കാര്യമായ തെറ്റാണോ? സമാധാനത്തിനായി നിങ്ങൾക്കു ക്ഷമിക്കാനാകുമോ?—കൊലോസ്യർ 3:13.
മറ്റുള്ളവരെയും പരിഗണിക്കുക. ബൈബിൾ പറയുന്നു: “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:4.
“അന്യോന്യം സ്നേഹവും ബഹുമാനവും ഒക്കെയുള്ള സുഹൃത്തുക്കൾ പ്രശ്നങ്ങൾ പെട്ടെന്നു പരിഹരിക്കാൻ ശ്രമിക്കും. കാരണം ആ സുഹൃദ്ബന്ധം നിങ്ങൾ മൂല്യവത്തായി കാണുന്നു. അതു നിലനിറുത്താൻ ഇപ്പോൾത്തന്നെ നിങ്ങൾ നല്ല ശ്രമം ചെയ്തിട്ടുണ്ട്. അത് നഷ്ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല.”—നിക്കോൾ.
ചിന്തിക്കാനായി: മറ്റേ വ്യക്തിയുടെ വീക്ഷണത്തിലും എന്തെങ്കിലും കഴമ്പു കാണില്ലേ?—ഫിലിപ്പിയർ 2:3.
ചുരുക്കിപ്പറഞ്ഞാൽ: മറ്റുള്ളവർ വേദനിപ്പിച്ചാൽ ആ സാഹചര്യത്തെ എങ്ങനെ മെച്ചമായി കൈകാര്യം ചെയ്യാനാകുമെന്നു പഠിക്കുന്നത് ഒരു വൈദഗ്ധ്യമാണ്. മുതിർന്നുവരുമ്പോൾ അത് നിങ്ങൾക്കു പ്രയോജനം ചെയ്യും. ഇപ്പോഴേ അതിനായി പരിശീലിക്കുന്നതല്ലേ നല്ലത്?