ഒരു ദൈവം ഉണ്ടോ?
ബൈബിളിന്റെ ഉത്തരം
ഉണ്ട്. ദൈവം ഉണ്ടെന്നുള്ളതിന് നിഷേധിക്കാനാകാത്ത തെളിവുകൾ ബൈബിൾ നൽകുന്നു. കേവലം മതപരമായ അവകാശവാദങ്ങൾ കണ്ണുമടച്ച് വിശ്വസിക്കാനല്ല പകരം നമ്മുടെ ‘ചിന്താപ്രാപ്തിയും’ ‘ഗ്രഹണശക്തിയും’ ഉപയോഗിച്ച് ദൈവത്തിൽ വിശ്വസിക്കാനാണ് ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. (റോമർ 12:1; 1 യോഹന്നാൻ 5:20, അടിക്കുറിപ്പ്) ബൈബിൾ അടിസ്ഥാനമാക്കിയുള്ള ചില ന്യായവാദങ്ങൾ നോക്കാം.
ജീവന്റെ തുടിപ്പുള്ള ഈ പ്രപഞ്ചത്തിൽ ഇത്രയധികം ക്രമവും ചിട്ടയും ഉള്ളത് ഒരു സ്രഷ്ടാവിലേക്കാണു വിരൽ ചൂണ്ടുന്നത്. “ഏതു വീടും ആരെങ്കിലും നിർമിച്ചതാണ്. എന്നാൽ എല്ലാം നിർമിച്ചതു ദൈവമാണ്” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 3:4) വളരെ ലളിതമായ യുക്തിയാണ് ഇതെങ്കിലും അഭ്യസ്തവിദ്യരായ അനേകം ആളുകൾ ശക്തമായ ന്യായവാദമായി ഇതിനെ കാണുന്നു. a
ഭൗതികാവശ്യങ്ങളെല്ലാം തൃപ്തിയായി കഴിഞ്ഞാലും മറ്റൊരു തരത്തിലുള്ള വിശപ്പ് നമ്മളിൽ സ്ഥിതി ചെയ്യുന്നതായി മനുഷ്യർ തിരിച്ചറിയുന്നു, ജീവിതത്തിന്റെ അർഥവും ഉദ്ദേശ്യവും മനസ്സിലാക്കാനുള്ള ഒരു ആഗ്രഹം. ഇത്, ‘ആത്മീയകാര്യങ്ങൾക്കായുള്ള ദാഹം’ എന്നു ബൈബിൾ വിളിക്കുന്നതിന്റെ ഭാഗമാണ്. ദൈവത്തെക്കുറിച്ച് അറിയാനും ആരാധിക്കാനും ഉള്ള ആഗ്രഹം അതിൽ ഉൾപ്പെടുന്നു. (മത്തായി 5:3; വെളിപാട് 4:11) ആത്മീയമായ ഈ ദാഹം നമ്മളിൽ ഉള്ളത് ഒരു ദൈവം ഉണ്ടെന്നു മാത്രമല്ല സ്നേഹവാനായ ആ ദൈവം നമ്മുടെ ദാഹം തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുന്നെന്നും ഉള്ളതിന് തെളിവ് നൽകുന്നു.—മത്തായി 4:4
വിശദാംശങ്ങൾ അടങ്ങിയ ബൈബിളിലെ പ്രവചനങ്ങൾ മിക്കതും നൂറ്റാണ്ടുകൾക്കു മുമ്പാണ് എഴുതപ്പെട്ടത്. അവ വള്ളിപുള്ളി തെറ്റാതെ നിറവേറുകയും ചെയ്തിരിക്കുന്നു. ആ പ്രവചനങ്ങളുടെ കൃത്യതയും വിശദാംശങ്ങളും അവ അമാനുഷികമായ ഉറവിടത്തിൽനിന്നാണ് വന്നത് എന്ന് തെളിയിക്കുന്നു.—2 പത്രോസ് 1:21.
ബൈബിൾ എഴുത്തുകാർക്ക് അവരുടെ സമകാലീനരെക്കാൾ കവിഞ്ഞ ശാസ്ത്രീയപരിജ്ഞാനം ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഭൂമിയെ താങ്ങിനിറുത്തുന്നത് ഒരു ആനയോ കാട്ടുപന്നിയോ കാളയോ പോലുള്ള മൃഗമാണെന്നാണ് പുരാതനനാളുകളിലെ അനേകർ വിശ്വസിച്ചിരുന്നത്. എന്നാൽ “ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുന്നു” എന്ന് ബൈബിൾ പറഞ്ഞിരിക്കുന്നു. (ഇയ്യോബ് 26:7) അതുപോലെ, ഭൂമിയുടെ ആകൃതി ‘ഗോളമോ’ ‘വൃത്തമോ’ ആണെന്നു ബൈബിൾ കൃത്യമായി വിശദീകരിക്കുന്നു. (യശയ്യ 40:22, അടിക്കുറിപ്പ്) എവിടെനിന്നാണ് ബൈബിളെഴുത്തുകാർക്ക് ഈ വിവരം ലഭിച്ചത്? അത് ദൈവത്തിൽനിന്നുതന്നെയാണ് എന്നതാണ് ഏറ്റവും ന്യായമായ വിശദീകരണം.
കുഴപ്പംപിടിച്ച പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ബൈബിൾ നൽകുന്നു. അവയ്ക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെങ്കിൽ ആളുകൾ നിരീശ്വരവാദത്തിലേക്കുപോലും തിരിഞ്ഞേക്കാം. ഉദാഹരണത്തിന്: ദൈവം സ്നേഹവാനും സർവശക്തനും ആണെങ്കിൽ കഷ്ടപ്പാടും തിന്മയും ലോകത്തിലുള്ളത് എന്തുകൊണ്ട്? ആളുകളെ നന്മയിലേക്ക് നയിക്കുന്നതിന് പകരം മതങ്ങൾ മിക്കപ്പോഴും തിന്മയ്ക്കുള്ള പ്രേരണയായിരിക്കുന്നത് എന്തുകൊണ്ട്?—തീത്തോസ് 1:16.
a ജ്യോതിശാസ്ത്രജ്ഞനായ അലൻ സെൻഡേജ് ഇങ്ങനെ പറഞ്ഞു: “പ്രപഞ്ചത്തിൽ ദർശിക്കാനാകുന്ന ക്രമനിബദ്ധത, കുഴഞ്ഞുമറിഞ്ഞ ഒരവസ്ഥയിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്നു പറഞ്ഞാൽ അത് തികച്ചും അസംഭവ്യമായിട്ടാണ് എനിക്കു തോന്നുന്നത്. ആ ക്രമനിബദ്ധതയ്ക്ക് ഒരു ഉറവിടം ഉണ്ടായിരിക്കേണ്ടതുണ്ട്. ദൈവം എനിക്കൊരു മർമമാണ്, എന്നുവരികിലും അസ്തിത്വം എന്ന അത്ഭുതത്തിന്റെ, അഥവാ എന്തുകൊണ്ടാണ് ഒന്നുമില്ലാത്ത ഒരവസ്ഥയ്ക്കു പകരം വസ്തുക്കൾ സ്ഥിതിചെയ്യുന്നത് എന്നതിനുള്ള ഏക വിശദീകരണം ദൈവമാണ്.”