ദൈവം എന്നോട് ക്ഷമിക്കുമോ?
ബൈബിളിന്റെ ഉത്തരം
ക്ഷമിക്കും. ഉചിതമായ പടികൾ സ്വീകരിക്കുന്നെങ്കിൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകതന്നെ ചെയ്യും. ദൈവം “ക്ഷമിപ്പാൻ ഒരുക്ക”മുള്ളവനാണെന്നും “അവൻ ധാരാളം ക്ഷമിക്കു”മെന്നും ബൈബിൾ പറയുന്നു. (നെഹമ്യ 9:17; സങ്കീർത്തനങ്ങൾ 86:5; യശയ്യ 55:7) ദൈവം നമ്മളോട് ക്ഷമിക്കുമ്പോൾ പൂർണമായും ക്ഷമിക്കുന്നു. അതായത്, ദൈവം നമ്മുടെ പാപങ്ങൾ ‘മായ്ച്ചുകളയുകയോ’ ഒപ്പിയെടുക്കുകയോ ചെയ്യുന്നു. (പ്രവൃത്തികൾ 3:19) മാത്രമല്ല, ദൈവം പാപങ്ങൾ എന്നേക്കുമായി ക്ഷമിക്കുന്നു. “അവരുടെ പാപം ഇനി ഓർക്കയും ഇല്ല” എന്നും ദൈവം പറയുന്നു. (യിരെമ്യ 31:34) ഒരിക്കൽ ക്ഷമിച്ചുകഴിഞ്ഞാൽ നമ്മളിൽ കുറ്റം ആരോപിക്കുന്നതിനോ വീണ്ടുംവീണ്ടും ശിക്ഷിക്കുന്നതിനോ ദൈവം നമ്മുടെ പാപങ്ങൾ കുത്തിപ്പൊക്കിക്കൊണ്ട് വരുന്നില്ല.
എന്നാൽ, ദൗർബല്യംകൊണ്ടോ വികാരത്തിനടിപ്പെട്ടോ അല്ല ദൈവം ക്ഷമിക്കുന്നത്. തന്റെ നീതിയുള്ള നിലവാരങ്ങൾ വളച്ചൊടിച്ചുമല്ല. ഇക്കാരണത്താൽ, ചില പാപങ്ങൾ ക്ഷമിക്കാൻ ദൈവം വിസമ്മതിക്കുന്നു.—യോശുവ 24:19, 20.
ദൈവത്തിന്റെ ക്ഷമ നേടാനുള്ള പടികൾ
നിങ്ങളുടെ പാപം ദൈവനിയമത്തിന്റെ ലംഘനമാണെന്ന് അംഗീകരിക്കുക. നിങ്ങളുടെ പ്രവൃത്തി മറ്റുള്ളവരെ ദ്രോഹിച്ചിട്ടുണ്ടാകാമെങ്കിലും നിങ്ങളുടെ പാപം ദൈവത്തിനെതിരെയുള്ള കുറ്റമാണെന്ന് ആദ്യംതന്നെ തിരിച്ചറിയണം.—സങ്കീർത്തനങ്ങൾ 51:1, 4; പ്രവൃത്തികൾ 24:16.
പ്രാർഥനയിൽ ദൈവത്തോട് ഏറ്റുപറയുക.—സങ്കീർത്തനങ്ങൾ 32:5; 1 യോഹന്നാൻ 1:9.
നിങ്ങളുടെ പാപത്തെക്കുറിച്ച് ആഴമായ ദുഃഖം തോന്നണം. “ദൈവഹിതപ്രകാരമുള്ള (ഈ) ദുഃഖം” അനുതാപത്തിലേക്ക് അല്ലെങ്കിൽ ഹൃദയപരിവർത്തനത്തിലേക്ക് നയിക്കും. (2 കൊരിന്ത്യർ 7:10) ഇങ്ങനെ അനുതപിക്കുന്നതിൽ പാപത്തിലേക്ക് എത്തിപ്പെട്ട പടികളും ഉൾപ്പെടുന്നു.—മത്തായി 5:27, 28.
നിങ്ങളുടെ പ്രവർത്തനഗതിക്ക് മാറ്റം വരുത്തുക അതായത്, ‘തിരിഞ്ഞുവരിക.’ (പ്രവൃത്തികൾ 3:19) ഇതിന്റെ അർഥം, ഏതെങ്കിലും ഒരു തെറ്റായ പ്രവൃത്തിയോ ശീലമോ ആവർത്തിക്കുന്നത് ഒഴിവാക്കുക എന്നാണ്. കൂടാതെ, നിങ്ങളുടെ ചിന്താഗതികളും പ്രവർത്തനവും അപ്പാടെ മാറ്റം വരുത്തുന്നതും ഇതിൽ ഉൾപ്പെട്ടേക്കാം.—എഫെസ്യർ 4:23, 24.
തെറ്റായ വഴികൾ തിരുത്താനും സംഭവിച്ച കേടുപാടുകൾക്ക് പ്രായശ്ചിത്തം ചെയ്യാനും നടപടികൾ സ്വീകരിക്കുക. (മത്തായി 5:23, 24; 2 കൊരിന്ത്യർ 7:11) നമ്മൾ എന്തെങ്കിലും ചെയ്തുപോയതുകൊണ്ടോ ചെയ്യേണ്ട കാര്യം ചെയ്യാതിരുന്നതുകൊണ്ടോ വിഷമിക്കാൻ ഇടയായവരോട് മാപ്പ് ചോദിക്കുക, കഴിയുന്നിടത്തോളം അതിന് പ്രായശ്ചിത്തവും ചെയ്യുക.—ലൂക്കോസ് 19:7-10.
യേശുവിന്റെ മറുവിലയുടെ അടിസ്ഥാനത്തിൽ പ്രാർഥനയിലൂടെ ദൈവത്തോട് ക്ഷമ യാചിക്കുക. (എഫെസ്യർ 1:7) പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നതിന് നിങ്ങളോട് പാപം ചെയ്തവരോട് ക്ഷമിച്ചേ മതിയാകൂ.—മത്തായി 6:14, 15.
ഗുരുതരമായ പാപമാണ് നിങ്ങൾ ചെയ്തതെങ്കിൽ ദൈവവുമായുള്ള ബന്ധം വീണ്ടെടുക്കാൻ സഹായിക്കാനും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാനും യോഗ്യതയുള്ള വ്യക്തിയോട് സംസാരിക്കുക.—യാക്കോബ് 5:14-16.
ദൈവത്തിന്റെ ക്ഷമ നേടുന്നത് സംബന്ധിച്ച ചില തെറ്റിദ്ധാരണകൾ
“ക്ഷമിക്കാവുന്നതിലേറെയാണ് എന്റെ പാപങ്ങൾ”
ദൈവം ബൈബിളിലൂടെ നൽകിയിരിക്കുന്ന പടികൾ സ്വീകരിക്കുകയാണെങ്കിൽ നിശ്ചയമായും നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടും. കാരണം, ദൈവത്തിന്റെ ക്ഷമ നമ്മുടെ പാപങ്ങളെക്കാൾ എത്രയോ വലിയതാണ്. ഗുരുതരമായ പാപങ്ങൾ മാത്രമല്ല പല പ്രാവശ്യം ആവർത്തിച്ചുചെയ്ത പാപങ്ങൾപോലും ദൈവത്തിന് ക്ഷമിക്കാനാകും.—യശയ്യ 1:18.
ഉദാഹരണത്തിന്, ഇസ്രായേലിലെ രാജാവായ ദാവീദ് വ്യഭിചാരവും കൊലപാതകവും ചെയ്തിട്ടും ദൈവം അദ്ദേഹത്തോട് ക്ഷമിച്ചു. (2 ശമുവേൽ 12:7-13) ലോകത്തിലെ ഏറ്റവും വലിയ പാപിയാണെന്ന് സ്വയം വിശേഷിപ്പിച്ച അപ്പൊസ്തലനായ പൗലോസിനും ക്ഷമ ലഭിച്ചു. (1 തിമൊഥെയൊസ് 1:15, 16) കൂടാതെ, മിശിഹായായ യേശുവിനെ വധിച്ച ഒന്നാം നൂറ്റാണ്ടിലെ യഹൂദർക്കും തങ്ങളുടെ വഴി വിട്ടുതിരിഞ്ഞപ്പോൾ ക്ഷമ ലഭിച്ചു.—പ്രവൃത്തികൾ 3:15, 19.
“ഒരു പുരോഹിതനോടോ ശുശ്രൂഷകനോടോ കുമ്പസാരിച്ചാൽ പാപമോചനം ലഭിക്കും”
ദൈവത്തിനെതിരെയുള്ള പാപങ്ങൾ ക്ഷമിക്കാൻ ഒരു മനുഷ്യനെയും ഇന്ന് ദൈവം അധികാരപ്പെടുത്തിയിട്ടില്ല. മറ്റൊരു മനുഷ്യനോട് ഏറ്റുപറയുന്നതുകൊണ്ട് പാപിക്ക് ആശ്വാസം കിട്ടിയേക്കാമെങ്കിലും ദൈവത്തിന് മാത്രമേ പാപങ്ങൾ മോചിക്കാൻ കഴിയൂ.—എഫെസ്യർ 4:32; 1 യോഹന്നാൻ 1:7, 9.
അങ്ങനെയെങ്കിൽ, “നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കുന്നുവോ അവ മോചിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കാതെ നിറുത്തുന്നുവോ അവ മോചിക്കപ്പെടാതെ നിൽക്കും” എന്ന് യേശു അപ്പൊസ്തലന്മാരോട് പറഞ്ഞതോ? (യോഹന്നാൻ 20:23) അപ്പൊസ്തലന്മാർക്ക് പരിശുദ്ധാത്മാവ് ലഭിക്കുമ്പോൾ യേശു അവർക്ക് നൽകുമായിരുന്ന ഒരു പ്രത്യേക അധികാരത്തെക്കുറിച്ചാണ് അവിടെ സൂചിപ്പിച്ചത്.—യോഹന്നാൻ 20:22.
എ.ഡി. 33-ൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ യേശു വാഗ്ദാനം ചെയ്തിരുന്ന ഈ അധികാരം അപ്പൊസ്തലന്മാർക്ക് കൈവന്നു. (പ്രവൃത്തികൾ 2:1-4) ഇങ്ങനെ ലഭിച്ച അധികാരമാണ് അനന്യാസിനെയും സഫീറയെയും ന്യായംവിധിച്ചപ്പോൾ പത്രോസ് അപ്പൊസ്തലൻ ഉപയോഗിച്ചത്. അവരുടെ ഗൂഢപദ്ധതിയെക്കുറിച്ച് പത്രോസ് അത്ഭുതകരമായി മനസ്സിലാക്കിയിരുന്നു. അതിന്മേൽ പത്രോസ് കൈക്കൊണ്ട നടപടി സൂചിപ്പിക്കുന്നത് അവരുടെ പാപം ക്ഷമിക്കുകയില്ല എന്നാണ്.—പ്രവൃത്തികൾ 5:1-11.
പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ ഈ ദാനം, രോഗശാന്തിവരവും ഭാഷാവരവും പോലെ അപ്പൊസ്തലന്മാരുടെ മരണശേഷം നിലച്ചുപോയി. (1 കൊരിന്ത്യർ 13:8-10) അതിനാൽ ഇന്ന് ഒരു മനുഷ്യനും മറ്റൊരാളുടെ പാപങ്ങൾ മോചിക്കാൻ കഴിയില്ല.