ദൈവത്തെ ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
ബൈബിളിന്റെ ഉത്തരം
ഒരു മനുഷ്യനും ദൈവത്തെ നേരിട്ട് കണ്ടിട്ടില്ല. (പുറപ്പാട് 33:20; യോഹന്നാൻ 1:18; 1 യോഹന്നാൻ 4:12) “ദൈവം ഒരു ആത്മവ്യക്തിയാണ്” എന്നു ബൈബിൾ പറയുന്നു. മനുഷ്യന്റെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത ഒരു രൂപമാണ് അത്.—യോഹന്നാൻ 4:24; 1 തിമൊഥെയൊസ് 1:17.
ആത്മവ്യക്തികളായതുകൊണ്ട് ദൂതന്മാർക്ക് ദൈവത്തെ നേരിട്ട് കാണാൻ കഴിയും. (മത്തായി 18:10) കൂടാതെ, മരിച്ചുപോയ ചില മനുഷ്യർ ആത്മശരീരത്തോടെ സ്വർഗീയജീവനിലേക്ക് ഉയിർക്കും, അപ്പോൾ അവർക്കും ദൈവത്തെ കാണാനാകും.—ഫിലിപ്പിയർ 3:20, 21; 1 യോഹന്നാൻ 3:2.
ദൈവത്തെ ഇപ്പോൾ ‘കാണാൻ’ കഴിയുന്ന വിധം
ബൈബിളിൽ മിക്കയിടത്തും കാഴ്ചയെ പ്രതീകാത്മകമായി, അറിവു നേടുന്നതിനോടു ബന്ധപ്പെടുത്തിയിട്ടുണ്ട്. (യശയ്യ 6:10; യിരെമ്യ 5:21; യോഹന്നാൻ 9:39-41) ഈ അർഥത്തിൽ, ദൈവത്തിൽ വിശ്വസിക്കുന്നെങ്കിൽ ഒരാൾക്ക് ഇപ്പോൾപ്പോലും “ഹൃദയത്തിന്റെ കണ്ണുകൾ”കൊണ്ട് ദൈവത്തെ കാണാനാകും. ദൈവത്തിന്റെ ഗുണങ്ങൾ വിലമതിച്ചുകൊണ്ട് ദൈവത്തെ അടുത്ത് അറിയുമ്പോഴാണ് ഇതു സാധ്യമാകുന്നത്. (എഫെസ്യർ 1:18) ഇത്തരം വിശ്വാസം പടുത്തുയർത്താൻ കഴിയുന്ന വിധങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നു.
ദൈവത്തിന്റെ സ്നേഹം, ജ്ഞാനം, ശക്തി, ഔദാര്യം എന്നിങ്ങനെയുള്ള ഗുണങ്ങളെക്കുറിച്ച് ദൈവത്തിന്റെ സൃഷ്ടികളിലൂടെ പഠിക്കുക. (റോമർ 1:20) ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ച് പലതും അറിഞ്ഞപ്പോൾ, വിശ്വസ്തമനുഷ്യനായ ഇയ്യോബിന് തന്റെ കണ്ണുകൾകൊണ്ട് ദൈവത്തെ കണ്ടതുപോലെ തോന്നി.—ഇയ്യോബ് 42:5.
ബൈബിൾ പഠിച്ചുകൊണ്ട് ദൈവത്തെ അറിയുക. “നീ ദൈവത്തെ അന്വേഷിച്ചാൽ ദൈവത്തെ കണ്ടെത്തും” എന്നു ബൈബിൾ നമുക്ക് ഉറപ്പുതരുന്നു.—1 ദിനവൃത്താന്തം 28:9; സങ്കീർത്തനം 119:2; യോഹന്നാൻ 17:3.
യേശുവിന്റെ ജീവിതത്തിലൂടെ ദൈവത്തെക്കുറിച്ച് പഠിക്കുക. യേശു തന്റെ പിതാവായ യഹോവയുടെ വ്യക്തിത്വം പൂർണമായി പ്രതിഫലിപ്പിച്ചതുകൊണ്ട്, യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു.”—യോഹന്നാൻ 14:9.
ദൈവത്തെ പ്രീതിപ്പെടുത്തുന്ന വിധത്തിൽ ജീവിക്കുന്നെങ്കിൽ, ദൈവം നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതു കാണാനാകും. യേശു പറഞ്ഞു: “ഹൃദയശുദ്ധിയുള്ളവർ സന്തുഷ്ടർ; കാരണം അവർ ദൈവത്തെ കാണും.” മുമ്പ് സൂചിപ്പിച്ചതുപോലെ, ദൈവത്തെ പ്രീതിപ്പെടുത്തുന്ന ചിലർ സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പടും, അങ്ങനെ അവരും “ദൈവത്തെ കാണും.”—മത്തായി 5:8; സങ്കീർത്തനം 11:7.
മോശയും അബ്രാഹാമും മറ്റു പലരും ശരിക്കും ദൈവത്തെ കണ്ടിട്ടില്ലേ?
മനുഷ്യർ ശരിക്കും ദൈവത്തെ കണ്ടതായി പറഞ്ഞിരിക്കുന്ന ബൈബിൾരേഖകളിൽ, ഒരു ദിവ്യദർശനത്തിലൂടെയോ ദൈവത്തെ പ്രതിനിധീകരിച്ച ഒരു ദൂതൻ മുഖാന്തരമോ ദൈവം പ്രത്യക്ഷപ്പെട്ടതായിട്ടാണ് സന്ദർഭം സൂചിപ്പിക്കുന്നത്.
ദൈവദൂതന്മാർ.
പുരാതനകാലത്ത്, മനുഷ്യർക്കു പ്രത്യക്ഷപ്പെടാനും തന്റെ നാമത്തിൽ സംസാരിക്കാനും ആയി പ്രതിനിധികളെന്ന നിലയിൽ ദൈവം ദൂതന്മാരെ അയച്ചിട്ടുണ്ട്. (സങ്കീർത്തനം 103:20) ഉദാഹരണത്തിന്, ദൈവം ഒരിക്കൽ ഒരു കത്തുന്ന മുൾച്ചെടിയിൽനിന്ന് മോശയോടു സംസാരിച്ചു. “അപ്പോൾ, സത്യദൈവത്തെ നോക്കാൻ ഭയന്ന മോശ മുഖം മറച്ചു” എന്നു ബൈബിൾ പറയുന്നു. (പുറപ്പാട് 3:4, 6) സന്ദർഭം സൂചിപ്പിക്കുന്നതനുസരിച്ച്, മോശ കണ്ടത് ശരിക്കും യഹോവയെയല്ല, ‘യഹോവയുടെ ദൂതനെയാണ്.’—പുറപ്പാട് 3:2.
സമാനമായി, “യഹോവ മോശയോടു മുഖാമുഖം സംസാരിച്ചു” എന്നു ബൈബിൾ പറയുമ്പോൾ, ദൈവം മോശയോട് ഒരു അടുത്ത സുഹൃത്തിനോടെന്നപോലെ സംസാരിച്ചു എന്നാണ് അർഥം. (പുറപ്പാട് 4:10, 11; 33:11) മോശ ശരിക്കും ദൈവത്തിന്റെ മുഖം കണ്ടില്ല, ദൈവം ‘ദൂതന്മാരിലൂടെ കൊടുത്ത’ വിവരങ്ങളാണ് മോശയ്ക്കു ലഭിച്ചത്. (ഗലാത്യർ 3:19; പ്രവൃത്തികൾ 7:53) നേരിട്ട് കണ്ടിട്ടില്ലെങ്കിലും, മോശ “അദൃശ്യനായ ദൈവത്തെ കണ്ടാലെന്നപോലെ” ഉറച്ചുനിന്നു എന്നു ബൈബിൾ പറയുന്നു. അത്ര ശക്തമായിരുന്നു ദൈവത്തിലുള്ള മോശയുടെ വിശ്വാസം.—എബ്രായർ 11:27.
മോശയോട് സംസാരിച്ചതുപോലെതന്നെ, ദൈവദൂതന്മാരിലൂടെയാണ് ദൈവം അബ്രാഹാമിനോടും ആശയവിനിമയം നടത്തിയത്. അബ്രാഹാം ദൈവത്തെ നേരിട്ട് കണ്ടതായി ഒറ്റ വായനയ്ക്ക് നമുക്ക് തോന്നിയേക്കാം എന്നത് ശരി തന്നെ. (ഉൽപത്തി 18:1, 33) എന്നാൽ, അബ്രാഹാമിന്റെ അടുത്ത് എത്തിയ “മൂന്നു പുരുഷന്മാർ” ദൈവം അയച്ച ദൂതന്മാരായിരുന്നെന്ന് സന്ദർഭം കാണിക്കുന്നു. അവർ ദൈവത്തിന്റെ പ്രതിനിധികളാണെന്ന് അബ്രാഹാം തിരിച്ചറിയുകയും യഹോവയോടു നേരിട്ട് സംസാരിക്കുന്നതുപോലെ അവരെ സംബോധന ചെയ്യുകയും ചെയ്തു.—ഉൽപത്തി 18:2, 3, 22, 32; 19:1.
ദിവ്യദർശനങ്ങൾ.
ദൈവം ദിവ്യദർശനങ്ങളിലൂടെ, അഥവാ ആളുകളുടെ മനസ്സിൽ ദൃശ്യങ്ങൾ കാണിച്ചുകൊടുത്തുകൊണ്ട്, മനുഷ്യർക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, മോശയും മറ്റ് ഇസ്രായേല്യരും “ഇസ്രായേലിന്റെ ദൈവത്തെ കണ്ടു”എന്നു ബൈബിൾ പറയുമ്പോൾ അവർ ശരിക്കും ‘സത്യദൈവത്തെ ഒരു ദിവ്യദർശനത്തിൽ കാണുകയായിരുന്നു.’ (പുറപ്പാട് 24:9-11) അതുപോലെ, ബൈബിളിൽ ചില സ്ഥലങ്ങളിൽ പ്രവാചകന്മാർ ‘യഹോവയെ കണ്ടതായി’ പറഞ്ഞിരിക്കുന്നു. (യശയ്യ 6:1; ദാനിയേൽ 7:9; ആമോസ് 9:1) ഈ ഓരോ അവസരത്തിലും ദൈവത്തിന്റെ ഒരു ദിവ്യദർശനമാണ് അവർക്ക് ലഭിച്ചതെന്ന് സന്ദർഭം സൂചിപ്പിക്കുന്നു. അല്ലാതെ, അവർ ദൈവത്തെ നേരിട്ട് കാണുകയല്ലായിരുന്നു.—യശയ്യ 1:1; ദാനിയേൽ 7:2; ആമോസ് 1:1.