നമ്മൾ പ്രതിമകളെ ആരാധിക്കണോ?
ബൈബിളിന്റെ ഉത്തരം
ആരാധിക്കാൻ പാടില്ല. ഇസ്രായേൽ ജനതയ്ക്കു ദൈവം കൊടുത്ത നിയമങ്ങളെക്കുറിച്ച് പറഞ്ഞകൂട്ടത്തിൽ പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ സത്യാരാധന പ്രതിമകളില്ലാത്തതായിരുന്നെന്ന് വിവിധ ബൈബിൾവിവരണങ്ങളിൽനിന്ന് വ്യക്തമാണ്.” പിൻവരുന്ന ബൈബിൾവാക്യങ്ങൾ നോക്കുക:
“മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്. നീ അവയുടെ മുന്നിൽ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്. കാരണം നിന്റെ ദൈവമായ യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.” (പുറപ്പാട് 20:4, 5) ദൈവം “സമ്പൂർണഭക്തി” ആഗ്രഹിക്കുന്നതുകൊണ്ട് നമ്മൾ പ്രതിമകളെയോ ചിത്രങ്ങളെയോ രൂപങ്ങളെയോ ബിംബങ്ങളെയോ മറ്റേതെങ്കിലും പ്രതീകങ്ങളെയോ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നത് ദൈവത്തിന് ഇഷ്ടമല്ല.
“എനിക്കു ലഭിക്കേണ്ട സ്തുതി കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.” (യശയ്യ 42:8) രൂപങ്ങൾ ഉപയോഗിച്ചുള്ള ആരാധന ദൈവം സ്വീകരിക്കില്ല. ചില ഇസ്രായേല്യർ ഒരു കാളക്കുട്ടിയുടെ പ്രതിമ ഉപയോഗിച്ച് തന്നെ ആരാധിക്കാൻ ശ്രമിച്ചപ്പോൾ അവർ ചെയ്തത് ഒരു “മഹാപാപം” ആണെന്നു ദൈവം പറഞ്ഞു.—പുറപ്പാട് 32:7-9, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ.
“മനുഷ്യരായ നമ്മുടെ കലാവിരുതും ഭാവനയും കൊണ്ട് പൊന്നിലോ വെള്ളിയിലോ കല്ലിലോ തീർത്ത എന്തെങ്കിലുംപോലെയാണു ദൈവം എന്നു വിചാരിക്കരുത്.” (പ്രവൃത്തികൾ 17:29) ‘മനുഷ്യരുടെ കലാവിരുതും ഭാവനയും കൊണ്ട് തീർത്ത’ പ്രതിമകൾ ഉപയോഗിച്ചുള്ള വ്യാജാരാധനാരീതിയല്ല ക്രിസ്ത്യാനികളുടേത്. അവർ ‘കാഴ്ചയാലല്ല വിശ്വാസത്താലാണു നടക്കേണ്ടത്’ എന്നു ബൈബിൾ പറയുന്നു.—2 കൊരിന്ത്യർ 5:7.
“വിഗ്രഹങ്ങളിൽനിന്ന് അകന്നിരിക്കാൻ ശ്രദ്ധിച്ചുകൊള്ളൂ.” (1 യോഹന്നാൻ 5:21) ഇസ്രായേൽ ജനതയ്ക്കും ക്രിസ്ത്യാനികൾക്കും കൊടുത്ത കല്പനയിൽ, പ്രതിമകളോ രൂപങ്ങളോ ഉപയോഗിച്ചുള്ള ആരാധന ദൈവം അംഗീകരിക്കുന്നില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.