പിശാച് യഥാർഥത്തിലുണ്ടോ?
ബൈബിളിന്റെ ഉത്തരം
പിശാച് യഥാർഥത്തിൽ ഉണ്ട്. അവൻ “ഈ ലോകത്തിന്റെ ഭരണാധികാരി” ആണ്. ദുഷ്ടനായിത്തീർന്ന, ദൈവത്തിന് എതിരെ മത്സരിച്ച ഒരു ആത്മജീവിയാണ് അവൻ. (യോഹന്നാൻ 14:30; എഫെസ്യർ 6:11, 12) പിൻവരുന്ന പേരുകളും ഉപയോഗിച്ച് ബൈബിൾ അവന്റെ വ്യക്തിത്വം തിരിച്ചറിയിക്കുന്നു:
സാത്താൻ. അതിന്റെ അർഥം “എതിരാളി” എന്നാണ്.—ഇയ്യോബ് 1:6.
പിശാച്. അതിന്റെ അർഥം “ദൂഷകൻ” എന്നാണ്.—വെളിപാട് 12:9.
സർപ്പം. “ചതിയൻ” എന്ന അർഥത്തിൽ ബൈബിളിൽ ഇത് ഉപയോഗിച്ചിരിക്കുന്നു—2 കൊരിന്ത്യർ 11:3.
പ്രലോഭകൻ.—മത്തായി 4:3.
നുണയൻ.—യോഹന്നാൻ 8:44.
പിശാച് തിന്മയുടെ ഒരു പ്രതീകമോ തിന്മയെന്ന ഗുണമോ അല്ല
നമ്മുടെ ഉള്ളിലുള്ള തിന്മയെന്ന ഗുണമോ തിന്മയുടെ പ്രതീകമോ മാത്രമാണ് പിശാചായ സാത്താൻ എന്നു ചിലർ കരുതുന്നു. എന്നാൽ ബൈബിളിൽ ദൈവവും സാത്താനും തമ്മിൽ ഒരു സംഭാഷണം നടത്തിയതായി കാണുന്നു. ദൈവം പൂർണ്ണനായതുകൊണ്ട് തന്നിൽത്തന്നെയുള്ള തിന്മയെന്ന ഗുണത്തോട് അല്ലായിരുന്നു ദൈവം സംസാരിച്ചത്. (ആവർത്തനം 32:4; ഇയ്യോബ് 2:1-6) അതുപോലെ പാപം ഇല്ലാതിരുന്ന യേശുവിനെയും സാത്താൻ പ്രലോഭിപ്പിച്ചു. (മത്തായി 4:8-10; 1 യോഹന്നാൻ 3:5) അതുകൊണ്ട് പിശാച് ഒരു യഥാർഥ വ്യക്തിയാണെന്ന് ബൈബിൾ കാണിക്കുന്നു. അല്ലാതെ തിന്മയുടെ വെറുമൊരു ആൾരൂപമല്ല.
പിശാച് ഒരു യഥാർഥ വ്യക്തിയല്ലെന്ന് പലരും വിശ്വസിക്കുന്നതിൽ നമ്മൾ അതിശയിക്കേണ്ടതുണ്ടോ? ഇല്ല. തന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കാൻ സാത്താൻ വഞ്ചന ഉപയോഗിക്കുമെന്ന് ബൈബിൾ പറയുന്നു. (2 തെസ്സലോനിക്യർ 2:9, 10) താൻ സ്ഥിതിചെയ്യുന്നില്ല എന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതാണ് അവന്റെ ഒരു വലിയ തന്ത്രം.—2 കൊരിന്ത്യർ 4:4.
പിശാചിനെക്കുറിച്ചുള്ള മറ്റു ചില തെറ്റിദ്ധാരണകൾ
മിഥ്യ: പിശാചിന്റെ വേറൊരു പേരാണ് ലൂസിഫർ.
സത്യം: ‘തിളങ്ങുന്നവൻ’ എന്ന് അർഥമുള്ള എബ്രായ പദത്തെയാണ് ചില ബൈബിളിൽ “ലൂസിഫർ” എന്നു പരിഭാഷ ചെയ്തിരിക്കുന്നത്. (യശയ്യ 14:12) ദൈവം താഴ്മ പഠിപ്പിക്കാനിരുന്ന അഹങ്കാരികളായ ബാബിലോൺ രാജവംശത്തെയാണ് ഈ പദം സൂചിപ്പിക്കുന്നതെന്ന് സന്ദർഭം കാണിക്കുന്നു. (യശയ്യ 14:4, 13-20) അധികാരമെല്ലാം നഷ്ടപ്പെട്ട ബാബിലോൺ രാജവംശത്തെ കളിയാക്കാനാണ് ‘തിളങ്ങുന്നവൻ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.
മിഥ്യ: ആളുകളെ ന്യായംവിധിക്കാൻ ദൈവം സാത്താനെ ഉപയോഗിക്കുന്നു.
സത്യം: പിശാച് ദൈവത്തിന്റെ ശത്രുവാണ്, ദൈവത്തെ സേവിക്കുന്നയാളല്ല. പിശാചായ സാത്താൻ ദൈവത്തെ സേവിക്കുന്നവരെ എതിർക്കുകയും അവർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.—1 പത്രോസ് 5:8; വെളിപാട് 12:10.