പ്രത്യാശ കൈവിടാതെ എനിക്ക് എങ്ങനെ മുമ്പോട്ടുപോകാം?
ബൈബിളിന്റെ ഉത്തരം
നമുക്ക് “ഒരു നല്ല ഭാവിയും പ്രത്യാശയും” a തരാനാണ് ദൈവം ആഗ്രഹിക്കുന്നത് എന്ന് ബൈബിൾ പറയുന്നു. (യിരെമ്യ 29:11) ശരിക്കും പറഞ്ഞാൽ ദൈവം നമുക്ക് ബൈബിൾ തന്നിരിക്കുന്നതിന്റെ ഒരു കാരണംതന്നെ അതാണ്. ‘തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താൽ നമുക്കു പ്രത്യാശ ഉണ്ടാകാൻ വേണ്ടി.’ (റോമർ 15:4) ബൈബിളിലെ ഉപദേശങ്ങൾ ഓരോ ദിവസത്തെയും പ്രശ്നങ്ങൾ കൈകാര്യംചെയ്ത് പ്രതീക്ഷയോടെ മുമ്പോട്ടുപോകാൻ നമ്മളെ സഹായിക്കും. അതുമാത്രമല്ല, ബൈബിളിലെ വാഗ്ദാനങ്ങൾ ഒരു നല്ല നാളെ വരുമെന്ന ഉറപ്പും നമുക്ക് തരുന്നു.
ഈ ലേഖനത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യും:
ജീവിതത്തിൽ ഒരു ശുഭപ്രതീക്ഷയോടെ മുമ്പോട്ടുപോകാൻ ബൈബിൾ നമ്മളെ എങ്ങനെയാണ് സഹായിക്കുന്നത്?
ജീവിതം മെച്ചപ്പെടുത്താൻ നമുക്ക് ചെയ്യാൻകഴിയുന്ന കാര്യങ്ങൾ ബൈബിൾ നമുക്ക് പറഞ്ഞുതരുന്നുണ്ട്. അങ്ങനെയുള്ള ചില ഉപദേശങ്ങൾ നമുക്കു നോക്കാം.
മാർഗനിർദേശങ്ങൾക്കുവേണ്ടി ബൈബിളിലേക്കു നോക്കുക. സങ്കീർത്തനം 119:105 ഇങ്ങനെ പറയുന്നു: “അങ്ങയുടെ വചനം എന്റെ കാലിന് ഒരു ദീപവും എന്റെ വഴികൾക്ക് ഒരു വെളിച്ചവും ആണ്.” നല്ല വെട്ടമുള്ള ഒരു ടോർച്ച് ഉണ്ടെങ്കിൽ രണ്ടു ഗുണമുണ്ട്. തൊട്ടുമുന്നിലുള്ള കാര്യങ്ങളും കാണാൻ പറ്റും. കുറച്ചു ദൂരെയുള്ള കാര്യങ്ങളും കാണാൻ പറ്റും. ഇതുപോലെയാണ് ബൈബിൾതത്ത്വങ്ങളും. നമ്മുടെ തൊട്ടുമുന്നിലുള്ള കാര്യങ്ങൾ, അതായത് ജീവിതത്തിൽ ഓരോ ദിവസവും നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ ബൈബിൾതത്ത്വങ്ങൾ നമ്മളെ സഹായിക്കും. അങ്ങനെയാകുമ്പോൾ ഓരോ ദിവസവും ശുഭപ്രതീക്ഷ നിലനിറുത്താൻ നമുക്കു കഴിയും. ബൈബിളിലെ ഉപദേശങ്ങൾ മനക്കരുത്ത് വീണ്ടെടുക്കാൻ നമ്മളെ സഹായിക്കും. അവ നമുക്ക് “ഹൃദയാനന്ദം നൽകുന്നു.” (സങ്കീർത്തനം 19:7, 8) അതുമാത്രമല്ല, മനുഷ്യരുടെയും ഭൂമിയുടെയും കാര്യത്തിൽ ദൈവം ചെയ്യാൻപോകുന്ന മഹത്തായ കാര്യങ്ങൾ എന്താണെന്നും ബൈബിൾ നമുക്ക് പറഞ്ഞുതരുന്നു. ആ പ്രത്യാശ നമുക്ക് നിലനിൽക്കുന്ന സന്തോഷവും സംതൃപ്തിയും തരും.
മറ്റുള്ളവരുടെ സഹായം സ്വീകരിക്കുക. നമ്മൾ ആകെ നിരാശയിൽ ആയിരിക്കുമ്പോൾ കുടുംബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഒക്കെ ഒറ്റപ്പെട്ടു കഴിയാനായിരിക്കും തോന്നുക. പക്ഷേ അങ്ങനെ ചെയ്യുന്നത് ബുദ്ധിയല്ലെന്നാണ് ബൈബിൾ പറയുന്നത്. കാരണം, അപ്പോൾ എന്തെങ്കിലുമൊക്കെ അബദ്ധങ്ങൾ കാണിച്ചുകൂട്ടാനോ തെറ്റായ തീരുമാനങ്ങൾ എടുക്കാനോ ഒക്കെ സാധ്യത കൂടുതലായിരിക്കും. (സുഭാഷിതങ്ങൾ 18:1) പ്രിയപ്പെട്ടവരുടെ കൂടെയായിരിക്കുന്നത് അതിരുവിട്ട് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒക്കെ ഒഴിവാക്കാൻ നമ്മളെ സഹായിക്കും. ബുദ്ധിമുട്ടുള്ള സാഹചര്യത്തെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന നല്ല നിർദേശങ്ങൾ അവർക്കു തരാനായേക്കും. (സുഭാഷിതങ്ങൾ 11:14) ഇനി, അതൊന്നും ഇല്ലെങ്കിലും അവരുടെ കൂടെയായിരിക്കുമ്പോൾ അവർ എന്തെങ്കിലുമൊക്കെ പറഞ്ഞ് നമ്മളെ ആശ്വസിപ്പിക്കും, നമ്മുടെ മൂഡോഫൊക്കെ മാറ്റിയെടുക്കും. അങ്ങനെ എല്ലാമൊന്ന് ശരിയാകുന്നതുവരെ പിടിച്ചുനിൽക്കാനുള്ള ശക്തി നമുക്ക് കിട്ടും.—സുഭാഷിതങ്ങൾ 12:25.
ദൈവത്തോട് പ്രാർഥിക്കുക. ബൈബിൾ ഇങ്ങനെ പറയുന്നു: “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതിമാൻ വീണുപോകാൻ ദൈവം ഒരിക്കലും അനുവദിക്കില്ല.” b (സങ്കീർത്തനം 55:22) ബൈബിളിൽ യഹോവയെ വിളിച്ചിരിക്കുന്നതുതന്നെ ‘പ്രത്യാശ നൽകുന്ന ദൈവം’ എന്നാണ്. (റോമർ 15:13) യഹോവ നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ. അതുകൊണ്ടുതന്നെ പ്രാർഥനയിലൂടെ നിങ്ങളുടെ “എല്ലാ ആകുലതകളും” യഹോവയോടു പറയുക. (1 പത്രോസ് 5:7, അടിക്കുറിപ്പ്) “ദൈവം നിങ്ങളെ ബലപ്പെടുത്തുകയും ശക്തരാക്കുകയും ഉറപ്പിക്കുകയും ചെയ്യും” എന്നാണ് ബൈബിൾ പറയുന്നത്.—1 പത്രോസ് 5:10.
പ്രശ്നങ്ങൾ നേരിടുമ്പോൾ പ്രത്യാശ ഒന്നുകൂടെ ശക്തമാക്കുക. ബൈബിൾ ഇങ്ങനെ ഉറപ്പു പറയുന്നു: “(ദൈവത്തിന്റെ) വാക്കു കേൾക്കുന്നവൻ സുരക്ഷിതനായി വസിക്കും; അവൻ ആപത്തിനെ പേടിക്കാതെ കഴിയും.” (സുഭാഷിതങ്ങൾ 1:33) ഓസ്ട്രേലിയയിൽ ഒരു ചുഴലിക്കാറ്റ് അടിച്ചപ്പോൾ മാർഗരറ്റ് എന്ന സ്ത്രീയുടെ വീട്ടിലെ പല സാധനങ്ങളും നശിച്ചുപോയി. പക്ഷേ മാർഗരറ്റ് നിരാശിതയായിപ്പോയോ? ഇല്ല. മാർഗരറ്റ് അതിൽനിന്ന് പ്രധാനപ്പെട്ട ഒരു പാഠം പഠിക്കുകയാണ് ചെയ്തത്: വസ്തുവകകളൊക്കെ ഏതു സമയത്തുവേണമെങ്കിലും ഇല്ലാതെയാകാം. അതിൽപ്പിന്നെ പ്രാധാന്യം കൊടുക്കേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാനുള്ള മാർഗരറ്റിന്റെ തീരുമാനം ഒന്നുകൂടെ ശക്തമായി. കുടുംബം, സുഹൃത്തുക്കൾ, ദൈവവുമായുള്ള ബന്ധം, ബൈബിളിൽ പറഞ്ഞിരിക്കുന്ന പ്രത്യാശ ഇതിലൊക്കെയാണ് പിന്നീട് മാർഗരറ്റ് കൂടുതൽ ശ്രദ്ധിച്ചത്.—സങ്കീർത്തനം 37:34; യാക്കോബ് 4:8.
എല്ലാ മനുഷ്യർക്കും ബൈബിൾ വാഗ്ദാനം ചെയ്യുന്ന പ്രത്യാശ എന്താണ്?
മനുഷ്യരുടെയും ഭൂമിയുടെയും കാര്യത്തിൽ ദൈവം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ പോകുകയാണെന്ന് ബൈബിൾ ഉറപ്പുതരുന്നു. അതൊക്കെ സംഭവിക്കുന്ന സമയം തൊട്ടടുത്തെത്തി. ശരിക്കുംപറഞ്ഞാൽ ഇന്ന് മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾ കാണിക്കുന്നത് നമ്മൾ ജീവിക്കുന്നത് ഈ ലോകത്തിന്റെ “അവസാനകാലത്ത്” ആണെന്നാണ്. (2 തിമൊഥെയൊസ് 3:1-5) പെട്ടെന്നുതന്നെ ദൈവം ഭൂമിയുടെ അധികാരം ഏറ്റെടുക്കും. അനീതിയും ദുരിതങ്ങളും എല്ലാം ഇല്ലാതാക്കും. ഭൂമി മുഴുവൻ ഭരിക്കുന്ന ദൈവരാജ്യം എന്ന ഒരു ഗവണ്മെന്റിലൂടെയാണ് ദൈവം ഇതെല്ലാം ചെയ്യാൻപോകുന്നത്. (ദാനിയേൽ 2:44; വെളിപാട് 11:15) “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം . . . ഭൂമിയിലും നടക്കേണമേ” എന്നു പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് ഈ സ്വർഗീയഗവണ്മെന്റിന്റെ കാര്യമാണ്.—മത്തായി 6:9, 10.
മനുഷ്യർക്ക് എന്തൊക്കെ ചെയ്തുകൊടുക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. ദൈവരാജ്യത്തിൽ ഇല്ലാതാകാൻപോകുന്ന ചില പ്രശ്നങ്ങൾ ഇതൊക്കെയാണ്:
ഭക്ഷണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. “ഭൂമി അതിന്റെ ഫലം തരും.”—സങ്കീർത്തനം 67:6.
രോഗങ്ങൾ ഉണ്ടാകില്ല. “‘എനിക്കു രോഗമാണ്’ എന്ന് ആരും പറയില്ല.”—യശയ്യ 33:24.
ആരും മരിക്കില്ല. “ദൈവം (മനുഷ്യരുടെ) കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട് 21:3, 4.
a നമ്മൾ ഒരു കാര്യത്തിനുവേണ്ടി ആഗ്രഹിക്കുകയും അത് നമുക്ക് കിട്ടുമെന്നു വിശ്വസിക്കുകയും ചെയ്യുന്നതിനെയാണ് പ്രത്യാശിക്കുക എന്നു പറയുന്നത്. നമ്മൾ പ്രത്യാശിക്കുന്ന ആ കാര്യത്തെ സൂചിപ്പിക്കാനും പ്രത്യാശ എന്ന വാക്ക് ഉപയോഗിച്ചേക്കാം.
b ബൈബിൾ പറയുന്നത് അനുസരിച്ച് യഹോവ എന്നത് ദൈവത്തിന്റെ പേരാണ്.—സങ്കീർത്തനം 83:18.