പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്? ദൈവം എന്റെ പ്രാർഥനകൾക്ക് ഉത്തരം തരുമോ?
ബൈബിളിന്റെ ഉത്തരം
തീർച്ചയായും. ബൈബിളും പലരുടെയും ജീവിതാനുഭവങ്ങളും ദൈവം പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നു എന്നതിനു തെളിവാണ്. ബൈബിൾ പറയുന്നു: “തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹം ദൈവം സാധിച്ചുകൊടുക്കുന്നു; സഹായത്തിനായുള്ള അവരുടെ നിലവിളി കേട്ട് അവരെ വിടുവിക്കുന്നു.” (സങ്കീർത്തനം 145:19) നിങ്ങളുടെ പ്രാർഥനകൾക്ക് ദൈവം ഉത്തരം തരുമോ എന്നത് മുഖ്യമായും നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
ദൈവം പ്രതീക്ഷിക്കുന്നത്
ദൈവത്തോടാണ് പ്രാർഥിക്കേണ്ടത്, അല്ലാതെ യേശുവിനോടോ മറിയയോടോ വിശുദ്ധന്മാരോടോ ദൂതന്മാരോടോ പ്രതിമകളോടോ അല്ല. ‘പ്രാർഥന കേൾക്കുന്നവൻ’ ദൈവമായ യഹോവ മാത്രമാണ്.—സങ്കീർത്തനം 65:2.
ദൈവേഷ്ടത്തിന് അഥവാ ബൈബിളിൽ കാണുന്ന വ്യവസ്ഥകൾക്ക് ചേർച്ചയിൽ പ്രാർഥിക്കുക.—1 യോഹന്നാൻ 5:14.
യേശുവിന്റെ അധികാരം അംഗീകരിച്ചുകൊണ്ട് യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുക. “എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല” എന്ന് യേശു പറഞ്ഞു.—യോഹന്നാൻ 14:6.
വിശ്വാസത്തോടെ പ്രാർഥിക്കുക, ആവശ്യമെങ്കിൽ കൂടുതൽ വിശ്വാസത്തിനായി യാചിക്കുക.—മത്തായി 21:22; ലൂക്കോസ് 17:5.
താഴ്മയും ആത്മാർഥതയും ഉള്ളവരായിരിക്കുക. “യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവരെ ശ്രദ്ധിക്കുന്നു” എന്ന് ബൈബിൾ പറയുന്നു.—സങ്കീർത്തനം 138:6.
നിരന്തരം പ്രാർഥിക്കുക. “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും” എന്ന് യേശു പറഞ്ഞു.—ലൂക്കോസ് 11:9.
ദൈവത്തിന് പ്രധാനമല്ലാത്തത്
നിങ്ങളുടെ വംശം അല്ലെങ്കിൽ ദേശം. “ദൈവം പക്ഷപാതമുള്ളവനല്ലെന്ന് എനിക്ക് ഇപ്പോൾ ശരിക്കും മനസ്സിലായി. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.
നിങ്ങളുടെ ശരീരനില. ഇരുന്നുകൊണ്ടോ കുമ്പിട്ടുകൊണ്ടോ മുട്ടുകുത്തിക്കൊണ്ടോ അല്ലെങ്കിൽ നിന്നുകൊണ്ടോ നിങ്ങൾക്ക് ദൈവത്തോടു പ്രാർഥിക്കാം.—1 ദിനവൃത്താന്തം 17:16; നെഹമ്യ 8:6; ദാനിയേൽ 6:10; മർക്കോസ് 11:25.
നിങ്ങളുടെ പ്രാർഥനകൾ ഉച്ചത്തിലാണോ മൗനമായാണോ എന്നത്. മറ്റുള്ളവർ തിരിച്ചറിയാത്ത നമ്മുടെ മൗനമായ പ്രാർഥനകൾക്കുപോലും ദൈവം ഉത്തരം നൽകുന്നു.—നെഹമ്യ 2:1-6.
നിങ്ങളുടെ ആകുലതകൾ ഗൗരവമുള്ളതാണോ നിസ്സാരമാണോ എന്നത്. ‘നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടാൻ’ ദൈവം പ്രോത്സാഹിപ്പിക്കുന്നു.—1 പത്രോസ് 5:7.