സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്? എല്ലാത്തിനെയും നിയന്ത്രിക്കുന്നത് ദൈവമാണോ?
ബൈബിളിന്റെ ഉത്തരം
നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ദൈവം മുൻകൂട്ടി നിശ്ചയിക്കുന്നില്ല, വിധിയല്ല നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്. പകരം ഇച്ഛാസ്വാതന്ത്ര്യം അഥവാ സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി ദൈവം നമ്മളെ മാനിച്ചിരിക്കുന്നു. ഇതെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്നു നമുക്ക് നോക്കാം.
ദൈവത്തിന്റെ സാദൃശ്യത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. (ഉൽപത്തി 1:26) മുഖ്യമായും സഹജജ്ഞാനത്താൽ കാര്യങ്ങൾ ചെയ്യുന്ന മൃഗങ്ങളിൽനിന്ന് വ്യത്യസ്തമായി സ്നേഹം, നീതി തുടങ്ങിയ ഗുണങ്ങൾ കാണിക്കാൻ സ്രഷ്ടാവിനെപ്പോലുള്ള പ്രാപ്തി നമുക്കുമുണ്ട്. സ്രഷ്ടാവിനെപ്പോലെ നമുക്ക് ഇച്ഛാസ്വാതന്ത്ര്യവും ഉണ്ട്.
ഒട്ടുമിക്ക കാര്യങ്ങളിലും നമ്മുടെ ഭാവി നമുക്കുതന്നെ തീരുമാനിക്കാൻ കഴിയും. ദൈവത്തിന്റെ വാക്കു കേട്ട്, അതായത് ദൈവത്തിന്റെ കല്പനകൾ അനുസരിച്ചുകൊണ്ട്, “ജീവനെ തിരഞ്ഞെടുത്തുകൊൾക,” എന്നാണ് ബൈബിൾ നമ്മളോടു പറയുന്നത്. (ആവർത്തനം 30:19, 20) നമുക്ക് ഇച്ഛാസ്വാതന്ത്ര്യം ഇല്ലെങ്കിൽ ഈ വാഗ്ദാനം അർഥമില്ലാത്തതും ക്രൂരവും ആയിരിക്കും. ഒരു കാര്യം ചെയ്യാൻ നമ്മളെ നിർബന്ധിക്കുന്നതിനു പകരം ദൈവം സ്നേഹത്തോടെ ഇങ്ങനെ ആഹ്വാനം ചെയ്യുന്നു: “അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെ ... ആകുമായിരുന്നു.”—യശയ്യ 48:18.
നമ്മുടെ വിജയമോ പരാജയമോ തീരുമാനിക്കുന്നത് വിധിയല്ല. നമ്മുടെ ശ്രമം വിജയിക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യണം. ബൈബിൾ പറയുന്നു: “ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക.” (സഭാപ്രസംഗി 9:10) “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു,” എന്നും ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 21:5.
ഇച്ഛാസ്വാതന്ത്ര്യം ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്. അതുകൊണ്ട്, ‘പൂർണ്ണഹൃദയത്തോടെ’ നമുക്ക് ദൈവത്തെ സ്നേഹിക്കാം, അതാണ് നമ്മൾ ചെയ്യേണ്ടത്.—മത്തായി 22:37.
എല്ലാം നിയന്ത്രിക്കുന്നത് ദൈവമാണോ?
ദൈവം സർവശക്തനാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു, ദൈവത്തിന്റെ ശക്തിയെ നിയന്ത്രിക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കും കഴിയില്ല. (ഇയ്യോബ് 37:23; യശയ്യ 40:26) എന്നാൽ എല്ലാത്തിനെയും നിയന്ത്രിക്കാൻ ദൈവം തന്റെ ശക്തി ഉപയോഗിക്കുന്നില്ല. ഉദാഹരണത്തിന്, ദൈവജനത്തിന്റെ ശത്രുക്കളായിരുന്ന പുരാതന ബാബിലോണിനെതിരെ ദൈവം “സ്വയം നിയന്ത്രിച്ചു” എന്ന് ബൈബിൾ പറയുന്നു. (യശയ്യ 42:14, ആധുനിക വിവർത്തനം.) അതുപോലെ, മറ്റുള്ളവരെ ദ്രോഹിക്കാനായി ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവരെ ഇന്നും ദൈവം സഹിക്കുകയാണ്. എന്നാൽ സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.—സങ്കീർത്തനം 37:10, 11.