യേശുവിന്റെ ജീവിതത്തെക്കുറിച്ച് കൃത്യമായ ഒരു രേഖ ബൈബിളിലുണ്ടോ?
ബൈബിളിന്റെ ഉത്തരം
യേശുവിന്റെ ജീവിതത്തെക്കുറിച്ച് ബൈബിൾ എഴുത്തുകാരനായ ലൂക്കോസ് ഇങ്ങനെ പറഞ്ഞു: ‘തുടക്കംമുതൽ എല്ലാ കാര്യങ്ങളും ഞാൻ കൃത്യതയോടെ പരിശോധിച്ചിട്ടുണ്ട്.’—ലൂക്കോസ് 1:3.
യേശുവിന്റെ സമകാലികരായിരുന്ന മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവരുടെ സുവിശേഷങ്ങളിലെ യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് 4-ാം നൂറ്റാണ്ടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ചില ആളുകൾ അവകാശപ്പെടുന്നു.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യോഹന്നാന്റെ സുവിശേഷത്തിന്റെ ഒരു പ്രധാന ഭാഗം ഈജിപ്തിൽ കണ്ടെത്തി. പപ്പൈറസ് റൈലാൻഡ്സ് 457 (P52) എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഇത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള ജോൺ റൈലാൻഡ്സ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആധുനികബൈബിളിലെ യോഹന്നാൻ 18:31-33, 37, 38 എന്നീ വാക്യങ്ങളാണ് ഇതിലുള്ളത്.
ഗ്രീക്ക് തിരുവെഴുത്തുകളുടെ ഇന്ന് അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള കൈയെഴുത്തുശകലമാണ് ഇത്. ഏകദേശം എ.ഡി. 125-ലാണ് ഇത് എഴുതപ്പെട്ടതെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്നു. അതായത് യോഹന്നാൻ, സുവിശേഷം എഴുതിയതിന് ഏകദേശം കാൽനൂറ്റാണ്ടിനു ശേഷം. ഈ ഭാഗം പിന്നീട് കണ്ടെത്തിയ കൈയെഴുത്തുപ്രതികളുമായി കൃത്യമായും യോജിപ്പിലാണ്.