യേശു ജനിച്ചത് എപ്പോഴായിരുന്നു?
ബൈബിളിന്റെ ഉത്തരം
യേശുക്രിസ്തുവിന്റെ ജനനത്തീയതി കൃത്യമായി ബൈബിൾ പറയുന്നില്ല. പിൻവരുന്ന വിവരങ്ങൾ കാണുക:
“ക്രിസ്തുവിന്റെ ശരിയായ ജനനത്തീയതി അജ്ഞാതമാണ്.” പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്).
“ക്രിസ്തുവിന്റെ കൃത്യമായ ജനനത്തീയതി അറിയില്ല.” ആദ്യകാല ക്രിസ്ത്യാനിത്വത്തിന്റെ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്).
‘യേശു എപ്പോഴാണ് ജനിച്ചത്’ എന്ന ചോദ്യത്തിന് ബൈബിൾ നേരിട്ട് ഉത്തരം തരുന്നില്ലെങ്കിലും യേശു ജനിച്ചത് ഡിസംബർ 25-ന് അല്ലെന്ന് നിഗമനം ചെയ്യാൻ സഹായിക്കുന്ന, യേശുവിന്റെ ജനനത്തോടു ബന്ധപ്പെട്ട രണ്ട് സംഭവങ്ങൾ ബൈബിളിൽ പറയുന്നുണ്ട്.
മഞ്ഞുകാലത്തല്ല
പേര് രേഖപ്പെടുത്തൽ. യേശു ജനിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് “ഭൂവാസികളൊക്കെ അവരുടെ പേര് രേഖപ്പെടുത്തണമെന്ന ഒരു കല്പന അഗസ്റ്റസ് സീസർ വിളംബരം ചെയ്തു.” ‘എല്ലാവരും അവരവരുടെ നഗരത്തിൽ’ പേര് രേഖപ്പെടുത്തണമായിരുന്നു. പലർക്കും ഇതിനുവേണ്ടി ഒരു ആഴ്ചയോ അതിൽക്കൂടുതലോ യാത്ര ചെയ്യേണ്ടിവന്നു. (ലൂക്കോസ് 2:1-3) നികുതി പിരിക്കാനും ആളുകളെ നിർബന്ധിതമായി സൈന്യത്തിൽ ചേർക്കാനും ഉള്ള ഉദ്ദേശ്യത്തിലായിരിക്കാം ഈ കല്പന പുറപ്പെടുവിച്ചത്. ഈ കല്പന വിളംബരം ചെയ്തത് വർഷത്തിന്റെ ഏത് സമയത്തായിരുന്നാലും അതു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിരുന്നു. അപ്പോൾപ്പിന്നെ മരം കോച്ചുന്ന തണുപ്പത്ത് ഇങ്ങനെ ഒരു ദീർഘദൂരയാത്ര നടത്താൻ ജനത്തെ നിർബന്ധിച്ചുകൊണ്ട് സീസർ അവരെ കൂടുതൽ ബുദ്ധിമുട്ടിക്കുമോ? സീസർ അങ്ങനെ അവരെ പ്രകോപിപ്പിക്കാൻ തീരെ സാധ്യതയില്ല!
ചെമ്മരിയാടുകൾ. അന്ന് “രാത്രിയിൽ ആട്ടിൻപറ്റത്തെ കാത്തുകൊണ്ട് ഇടയന്മാർ വെളിമ്പ്രദേശത്ത് കഴിയുന്നുണ്ടായിരുന്നു.” (ലൂക്കോസ് 2:8) യേശുവിന്റെ കാലത്തെ ദൈനംദിന ജീവിതം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് “പെസഹയുടെ മുമ്പുള്ള ആഴ്ച [മാർച്ച് അവസാനം]” മുതൽ നവംബർ പകുതി വരെ ആട്ടിൻകൂട്ടങ്ങൾ തുറസ്സായ സ്ഥലത്ത് കഴിയുമായിരുന്നു. അത് ഇങ്ങനെയും പറയുന്നു: “മഞ്ഞുകാലത്ത് അവ കൂട്ടിന് അകത്ത് കഴിഞ്ഞുകൂടും. ഈ ഒറ്റക്കാരണത്താൽത്തന്നെ പരമ്പരാഗതമായി ക്രിസ്തുമസ്സ് ആഘോഷിക്കുന്ന തീയതി, അതായത് മഞ്ഞുകാലത്ത് ആണ് യേശു ജനിച്ചത് എന്ന വിശ്വാസം, ശരിയാകാൻ സാധ്യതയില്ല. കാരണം സുവിശേഷങ്ങൾ പറയുന്നത് ആട്ടിടയന്മാർ വെളിമ്പ്രദേശത്ത് ആയിരുന്നെന്നാണ്.”
ശരത്കാലത്തിന്റെ തുടക്കത്തിൽ
എ.ഡി. 33 വസന്തത്തിലെ പെസഹദിവസമായിരുന്ന നീസാൻ 14-ാം തീയതിയിൽനിന്ന്, അതായത് യേശു മരിച്ച ദിവസത്തിൽനിന്ന്, പുറകോട്ട് എണ്ണിയാൽ നമുക്ക് യേശുവിന്റെ ജനനത്തീയതി ഏകദേശം കണക്കുകൂട്ടിയെടുക്കാൻ പറ്റും. (യോഹന്നാൻ 19:14-16) തന്റെ മൂന്നര വർഷക്കാലത്തെ ശുശ്രൂഷ തുടങ്ങിയപ്പോൾ യേശുവിന് ഏകദേശം 30 വയസ്സായിരുന്നു. അതുകൊണ്ട് യേശു ജനിച്ചത് ബി.സി. 2-ലെ ശരത്കാലത്തിന്റെ തുടക്കത്തിൽ ആയിരുന്നു.—ലൂക്കോസ് 3:23.
ഡിസംബർ 25-നു ക്രിസ്തുമസ്സ് ആഘോഷിക്കാൻ കാരണം എന്താണ്?
ഡിസംബർ 25-നാണ് യേശു ജനിച്ചത് എന്നതിന് യാതൊരു തെളിവുമില്ലാത്ത സ്ഥിതിക്ക്, പിന്നെ എന്തുകൊണ്ടാണ് ഈ തീയതിയിൽ ക്രിസ്തുമസ്സ് ആഘോഷിക്കുന്നത്? ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, വസന്തവിഷുവത്തിൽ നടത്തുന്ന, “പുറജാതി റോമാക്കാരുടെ ‘അജയ്യനായ സൂര്യന്റെ ജന്മദിനാഘോഷ’വുമായി ഒത്തുവരാൻ” മതനേതാക്കൾ തിരഞ്ഞെടുത്ത തീയതിയായിരിക്കാം ഇത്. അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് “മറ്റു മതങ്ങളിൽനിന്ന് പരിവർത്തനം ചെയ്തുവരുന്നവർക്കു ക്രിസ്ത്യാനിത്വം കൂടുതൽ ആകർഷകമായി തോന്നാൻവേണ്ടിയായിരുന്നു” ഇതെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്നു.