യേശു മരിച്ചത് എന്തിനാണ്?
ബൈബിളിന്റെ ഉത്തരം
യേശുവിന്റെ മരണത്തിലൂടെ മനുഷ്യരുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നു. അത് മനുഷ്യർക്ക് നിത്യമായി ജീവിക്കാനുള്ള ഒരു അവസരവും നൽകുന്നു. (റോമർ 6:23; എഫെസ്യർ 1:7) കഠിനമായ പരിശോധനകൾ നേരിടുമ്പോൾപ്പോലും മനുഷ്യർക്ക് ദൈവത്തോടു വിശ്വസ്തരായിരിക്കാൻ കഴിയുമെന്ന് യേശുവിന്റെ മരണം തെളിയിച്ചു.—എബ്രായർ 4:15.
ഒരാളുടെ മരണം ഇത്രത്തോളം നേട്ടങ്ങൾ കൈവരിച്ചത് എങ്ങനെയെന്നു പരിശോധിക്കുക.
യേശുവിന്റെ മരണം “നമ്മുടെ പാപങ്ങൾ ക്ഷമിച്ചുതന്നു.”—കൊലോസ്യർ 1:14.
ആദ്യമനുഷ്യനായ ആദാം പൂർണനായി, പാപമില്ലാത്തവനായി സൃഷ്ടിക്കപ്പെട്ടു. പക്ഷേ, ആദാം ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ തീരുമാനിച്ചു. ആദാമിന്റെ ആ അനുസരണക്കേട് അല്ലെങ്കിൽ പാപം പിൻതലമുറക്കാരെയെല്ലാം സാരമായി ബാധിച്ചു. അതുകൊണ്ടാണ് ‘ഒറ്റ മനുഷ്യന്റെ അനുസരണക്കേടുകൊണ്ട് അനേകർ പാപികളായെന്നു’ ബൈബിൾ വിശദീകരിക്കുന്നത്.—റോമർ 5:19.
യേശുവും പൂർണതയുള്ള ഒരു വ്യക്തിയായിരുന്നു. എന്നാൽ യേശു ഒരിക്കലും പാപം ചെയ്തില്ല. അതുകൊണ്ടാണ് യേശുവിന് “നമ്മുടെ പാപങ്ങൾക്ക് ഒരു അനുരഞ്ജനബലിയായി” മാറാൻ കഴിഞ്ഞത്. (1 യോഹന്നാൻ 2:2, അടിക്കുറിപ്പ്.) ആദാമിന്റെ അനുസരണക്കേട് മനുഷ്യകുടുംബത്തെ പാപക്കറയാൽ കളങ്കപ്പെടുത്തിയപ്പോൾ, യേശുവിന്റെ മരണം യേശുവിൽ വിശ്വസിക്കുന്നവരുടെ പാപങ്ങൾ കഴുകിക്കളഞ്ഞു.
ഒരർഥത്തിൽ മാനവകുടുംബത്തെ ആദാം പാപത്തിന് വിറ്റു. എന്നാൽ നമുക്കുവേണ്ടി യേശു മനസ്സോടെ മരിച്ചുകൊണ്ട് മാനവകുടുംബത്തെ മുഴുവനായി തിരികെ വാങ്ങി. അതുകൊണ്ട്, “ആരെങ്കിലും ഒരു പാപം ചെയ്തുപോയാൽ പിതാവിന്റെ അടുത്ത് നമുക്കൊരു സഹായിയുണ്ട്, നീതിമാനായ യേശുക്രിസ്തു.”—1 യോഹന്നാൻ 2:1.
യേശുവിൽ “വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ” യേശു മരിച്ചു.—യോഹന്നാൻ 3:16.
എന്നേക്കും ജീവിക്കാനാണ് ആദാമിനെ സൃഷ്ടിച്ചത്. എങ്കിലും ആദാം പാപം ചെയ്തുകൊണ്ട് മരണശിക്ഷ ഏറ്റുവാങ്ങി. ആദാമിലൂടെ “പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.”—റോമർ 5:12.
നേർവിപരീതമായി, യേശുവിന്റെ മരണം പാപത്തിന്റെ കറ നീക്കുന്നു. അതോടൊപ്പം യേശുവിൽ വിശ്വസിക്കുന്നവരുടെ മരണശിക്ഷയും ഇല്ലാതാക്കുന്നു. അതെക്കുറിച്ച് ബൈബിൾ ഇങ്ങനെ ചുരുക്കത്തിൽ വിവരിക്കുന്നു: ‘പാപം മരണത്തോടൊപ്പം രാജാവായി വാണതുപോലെ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നിത്യജീവനിലേക്കു നയിക്കുന്ന നീതിയിലൂടെ അനർഹദയ രാജാവായി വാഴും.’—റോമർ 5:21.
മനുഷ്യർക്ക് കുറഞ്ഞ ആയുർദൈർഘ്യം ആണുള്ളത്. എന്നാൽ നീതിമാന്മാരായ മനുഷ്യർക്ക് നിത്യജീവൻ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. ഇനി, മരിച്ചുപോയവരെ ദൈവം വീണ്ടും ഉയിർപ്പിക്കും. അങ്ങനെ അവർക്കും യേശുവിന്റെ ബലിമരണത്തിൽനിന്ന് പ്രയോജനം നേടാനാകും.—സങ്കീർത്തനം 37:29; 1 കൊരിന്ത്യർ 15:22.
യേശു ‘മരണത്തോളം അനുസരണമുള്ളവനായിരുന്നു.’ അതുകൊണ്ട് എത്ര വലിയ പരിശോധനയോ ബുദ്ധിമുട്ടോ വന്നാൽപ്പോലും ഒരു മനുഷ്യന് ദൈവത്തോട് വിശ്വസ്തനായിരിക്കാൻ സാധിക്കും എന്നു യേശു തെളിയിച്ചു.—ഫിലിപ്പിയർ 2:8.
ഒരു പൂർണ മനസ്സും ശരീരവും ആദാമിന് ഉണ്ടായിരുന്നെങ്കിലും തനിക്ക് അർഹമല്ലാത്ത കാര്യങ്ങൾക്കുവേണ്ടി സ്വാർഥതയോടെ ആദാം മോഹിച്ചു. അങ്ങനെ ദൈവത്തോട് അനുസരണക്കേട് കാണിച്ചു. (ഉൽപത്തി 2:16, 17; 3:6) പിന്നീട്, ദൈവത്തിന്റെ മുഖ്യശത്രുവായ സാത്താൻ ഒരു വാദം കൊണ്ടുവന്നു. ഒരു മനുഷ്യനും നിസ്വാർഥമായി ദൈവത്തെ അനുസരിക്കുകയില്ല എന്ന്. വിശേഷിച്ച്, അയാളുടെ ജീവൻ അപകടത്തിലാകുന്ന ഒരു സാഹചര്യത്തിൽ. (ഇയ്യോബ് 2:4) എന്നാൽ വേദനാകരവും നിന്ദ്യവും ആയ മരണം സഹിക്കേണ്ടി വന്നിട്ടുപോലും പൂർണമനുഷ്യനായ യേശു ദൈവത്തെ അനുസരിക്കുകയും ദൈവത്തോട് വിശ്വസ്തനായിരിക്കുകയും ചെയ്തു. (എബ്രായർ 7:26) ഇത് ഒരു കാര്യം തെളിയിച്ചു, എത്രതന്നെ വലിയ പരിശോധനകളും പ്രശ്നങ്ങളും ഒരു മനുഷ്യന് നേരിടേണ്ടി വന്നാലും ദൈവത്തോട് വിശ്വസ്തനായിരിക്കാൻ അദ്ദേഹത്തിനു കഴിയും.
യേശുവിന്റെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ
എന്തുകൊണ്ടാണ് യേശുവിന് മനുഷ്യരെ മോചിപ്പിക്കാൻ പ്രയാസങ്ങൾ സഹിക്കേണ്ടിവന്നതും ഒടുവിൽ മരിക്കേണ്ടിവന്നതും? യേശുവിന്റെ മരണം ദൈവം എന്തുകൊണ്ട് ഒഴിവാക്കിയില്ല?
ദൈവത്തിന്റെ നിയമം ഇങ്ങനെ പറയുന്നു: “പാപം തരുന്ന ശമ്പളം മരണം.” (റോമർ 6:23) ആ നിയമം ആദാമിൽനിന്ന് മറച്ചുവെക്കുന്നതിനു പകരം അനുസരണക്കേടിന്റെ ശിക്ഷ മരണമാണെന്ന് ദൈവം ആദാമിനോടു പറഞ്ഞു. (ഉൽപത്തി 3:3) ആദാം പാപം ചെയ്തപ്പോൾ, “നുണ പറയാൻ കഴിയാത്ത ദൈവം” പറഞ്ഞതുപോലെതന്നെ ചെയ്തു. (തീത്തോസ് 1:2) തന്റെ പിൻതലമുറക്കാർക്കു പാപം മാത്രമല്ല പാപത്തിന്റെ ശമ്പളമായ മരണവും ആദാം കൈമാറിക്കൊടുത്തു.
പാപികളായ മനുഷ്യർ മരണശിക്ഷ അർഹിക്കുന്നു. എങ്കിലും “ദൈവത്തിന്റെ സമൃദ്ധമായ അനർഹദയ” ദൈവം അവർക്കു വെച്ചുനീട്ടി. (എഫെസ്യർ 1:7) മാനവകുടുംബത്തെ മോചിപ്പിക്കാൻ യേശുവിനെ പൂർണതയുള്ള ബലിയായി അർപ്പിച്ചുകൊണ്ട് ദൈവം ചെയ്ത ക്രമീകരണം തികച്ചും നീതിയും വലിയ കരുണയും ആയിരുന്നു.
യേശു മരിച്ചത് എപ്പോഴാണ്?
യേശു മരിച്ചത് സൂര്യോദയത്തിനു ശേഷം “ഒൻപതാം മണി” നേരത്താണ്. അഥവാ ജൂതന്മാരുടെ പെസഹ ആചരണദിവസം ഉച്ച കഴിഞ്ഞ് ഏകദേശം മൂന്നു മണിക്ക്. (മർക്കോസ് 15:33-37, അടിക്കുറിപ്പ്.) ആധുനിക കലണ്ടർ അനുസരിച്ച് അത് എ.ഡി. 33 ഏപ്രിൽ 1-ാം തീയതിയാണ്.
യേശു മരിച്ചത് എവിടെയാണ്?
“എബ്രായയിൽ ഗൊൽഗോഥ എന്നു വിളിക്കുന്ന തലയോടിടം” എന്ന സ്ഥലത്താണ് യേശുവിനെ വധിച്ചത്. (യോഹന്നാൻ 19:17, 18) യരുശലേം “നഗരകവാടത്തിനു പുറത്ത്” ആയിരുന്നു അന്ന് ആ സ്ഥലം. (എബ്രായർ 13:12) അത് ഒരു കുന്നിനു മുകളിലായിരിക്കാം. കാരണം യേശുവിന്റെ വധനിർവഹണം നോക്കിക്കൊണ്ട് “അകലെ” കുറെ പേർ നിൽക്കുന്നുണ്ടായിരുന്നെന്നു ബൈബിൾ പറയുന്നു. (മർക്കോസ് 15:40) എന്നാൽ ഗൊൽഗോഥ ഇപ്പോൾ എവിടെയാണെന്ന് ഉറപ്പോടെ നമുക്കു പറയാനാവില്ല.
യേശു മരിച്ചത് എങ്ങനെ?
യേശുവിനെ ഒരു കുരിശിൽ തറച്ചുകൊന്നതായി അനേകരും വിശ്വസിക്കുന്നു. പക്ഷേ ബൈബിൾ പറയുന്നു: “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കൻമാരുടെ ദൈവം ഉയിർപ്പിച്ചു.” (പ്രവൃത്തികൾ 5:30, പി.ഒ.സി. ബൈബിൾ) യേശുവിനെ വധിക്കാൻ ഉപയോഗിച്ച ഉപകരണത്തിന് ബൈബിളെഴുത്തുകാർ സ്റ്റോറോസ്, സൈലോൺ എന്ന രണ്ടു ഗ്രീക്കുപദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കുകൾ ഒരൊറ്റ തടിക്കഷണത്തെ അല്ലെങ്കിൽ തൂണിനെ കുറിക്കുന്നെന്ന് പല പണ്ഡിതന്മാരും നിഗമനത്തിലെത്തിയിരിക്കുന്നു.
യേശുവിന്റെ മരണം ഓർമിക്കേണ്ടത് എങ്ങനെ?
യഹൂദന്മാരുടെ വാർഷിക ആഘോഷമായ പെസഹാരാത്രി, ലളിതമായ ഒരു ചടങ്ങിലൂടെ തന്റെ ഓർമ ആചരിക്കാൻ യേശു ശിഷ്യന്മാരോട് കൽപിച്ചു. യേശു ഇങ്ങനെ പറഞ്ഞു: “എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.” (1 കൊരിന്ത്യർ 11:24) മണിക്കൂറുകൾക്കു ശേഷം യേശുവിനെ ശത്രുക്കൾ വധിച്ചു.
പെസഹാക്കുഞ്ഞാടിനോടാണ് ബൈബിളെഴുത്തുകാർ യേശുവിനെ ഉപമിച്ചിരിക്കുന്നത്. (1 കൊരിന്ത്യർ 5:7) ഇസ്രായേല്യർ അടിമത്തത്തിൽനിന്ന് വിമോചിതരായതിന്റെ ഓർമയായിരുന്നു പെസഹ. അതുപോലെ ക്രിസ്ത്യാനികൾ പാപത്തിൽനിന്നും മരണത്തിൽനിന്നും വിമോചിതരായിരിക്കുന്നു എന്നതിന്റെ ഓർമയാണ് യേശുക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണം. ചന്ദ്രമാസക്കലണ്ടർ അനുസരിച്ച് വർഷത്തിൽ ഒരിക്കൽ നീസാന് 14-നാണ് പെസഹ ആഘോഷിച്ചിരുന്നത്. അതുപോലെ ആദ്യകാലക്രിസ്ത്യാനികൾ വർഷത്തിൽ ഒരിക്കലാണ് യേശുവിന്റെ മരണത്തിന്റെ സ്മാരകാചരണവും നടത്തിയിരുന്നത്.
എല്ലാ വർഷവും നീസാന് 14 വരുന്ന ദിവസം ദശലക്ഷക്കണക്കിന് ആളുകൾ ലോകത്തെമ്പാടും യേശുവിന്റെ മരണത്തിന്റെ ഓർമ കൊണ്ടാടുന്നു.