ലൈംഗിക ആസ്വാദനത്തെ ബൈബിൾ കുറ്റംവിധിക്കുന്നുണ്ടോ?
ബൈബിളിന്റെ ഉത്തരം
ലൈംഗിക ആസ്വാദനത്തെ ബൈബിൾ കുറ്റംവിധിക്കുന്നില്ല. പകരം ദമ്പതികൾക്ക് ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ് ഇതെന്ന് അതു പറയുന്നു. ദൈവം മനുഷ്യരെ “ആണും പെണ്ണും” ആയി സൃഷ്ടിച്ചു. തന്റെ സൃഷ്ടിയെ “വളരെ നല്ലതെന്നു” ദൈവം കണ്ടു. (ഉൽപത്തി 1:27, 31) ആദ്യത്തെ ആണിനെയും പെണ്ണിനെയും വിവാഹക്രമീകരണത്തിൽ ഒന്നിപ്പിച്ചപ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു: “അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.” (ഉൽപത്തി 2:24) വൈകാരികബന്ധം ഉൾപ്പെടെ ലൈംഗികബന്ധത്തിലെ സന്തോഷവും വിവാഹക്രമീകരണത്തിലൂടെ അവർക്ക് ആസ്വദിക്കാനാകും.
വിവാഹക്രമീകരണത്തിൽ ഭർത്താവ് ആസ്വദിക്കുന്ന സന്തോഷത്തെക്കുറിച്ച് ബൈബിൾ ഇങ്ങനെ വർണിക്കുന്നു: “നിന്റെ യൗവനത്തിലെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക . . . അവളുടെ സ്തനങ്ങൾ എന്നും നിന്നെ സന്തോഷിപ്പിക്കട്ടെ; നീ എപ്പോഴും അവളുടെ സ്നേഹത്തിൽ മതിമയങ്ങട്ടെ.” (സുഭാഷിതങ്ങൾ 5:18, 19) ഭാര്യയും, സെക്സ് ആസ്വദിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നു. ബൈബിൾ പറയുന്നു: “ഭർത്താവ് ഭാര്യക്കു കടപ്പെട്ടിരിക്കുന്നതു കൊടുക്കട്ടെ. അതുപോലെതന്നെ ഭാര്യയും ചെയ്യട്ടെ.” (1 കൊരിന്ത്യർ 7:3)
ലൈംഗിക ആസ്വാദനത്തിലെ പരിധികൾ
വിവാഹ ദമ്പതികൾക്ക് മാത്രമാണ് ലൈംഗികബന്ധം ദൈവം അനുവദിച്ചിരിക്കുന്നത്. എബ്രായർ 13:4-ൽ അതാണ് പറഞ്ഞിരിക്കുന്നത്: “വിവാഹത്തെ എല്ലാവരും ആദരണീയമായി കാണണം; വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം. കാരണം അധാർമികപ്രവൃത്തികൾ ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” വിവാഹദമ്പതികൾ വിശ്വസ്തരായിരിക്കണം, പരസ്പരമുള്ള പ്രതിബദ്ധത നിലനിറുത്തണം. സ്വന്തം ഇഷ്ടങ്ങൾ തൃപ്തിപ്പെടുത്തുന്നതിലല്ല, പിൻവരുന്ന ബൈബിൾതത്ത്വം പ്രാവർത്തികമാക്കുന്നതിൽ അവർ വലിയ സന്തോഷം കണ്ടെത്തുന്നു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃത്തികൾ 20:35.