ഹാലോവീൻ ആഘോഷം എവിടെനിന്നാണ് വന്നത്?
ബൈബിളിന്റെ ഉത്തരം
എല്ലാ വർഷവും ഒക്ടോബർ 31-ന് ആളുകൾ ആഘോഷിക്കുന്ന ഹാലോവീനെക്കുറിച്ച് ബൈബിൾ നേരിട്ടൊന്നും പറയുന്നില്ല. എന്നാൽ അതിന്റെ തുടക്കത്തെക്കുറിച്ചും അതിൽ ഉൾപ്പെട്ടിരിക്കുന്ന ആചാരങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ അതു ബൈബിൾപഠിപ്പിക്കലുകൾക്ക് എതിരാണ്.
ഈ ലേഖനത്തിൽ
ഹാലോവീൻ—ചരിത്രവും ആചാരങ്ങളും
സൗവൻ: ഹാലോവീൻ ആഘോഷത്തിന്റെ അടിവേരുകൾ അന്വേഷിച്ചുപോയാൽ നമ്മൾ എത്തുന്നത് “സെൽറ്റിക് വിഭാഗക്കാരായ ആളുകൾ 2,000-ത്തിലേറെ വർഷങ്ങൾക്കു മുമ്പ് ആഘോഷിച്ചിരുന്ന ക്രിസ്തീയമല്ലാത്ത ഒരു മതാചാരത്തിലായിരിക്കും” എന്ന് വേൾഡ് ബുക്ക് സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു. “സൗവൻ ആഘോഷത്തിന്റെ ആ സമയത്ത്, മരിച്ചുപോയവർക്ക് ജീവിച്ചിരിക്കുന്നവരുടെകൂടെ നടക്കാനാകും, ജീവിച്ചിരിക്കുന്നവർക്കു മരിച്ചവരെ ചെന്നു കാണാനാകും എന്നൊക്കെയാണ് സെൽറ്റിക് വിഭാഗക്കാരായ ആളുകൾ വിശ്വസിച്ചിരുന്നത്” എന്നും ആ സർവവിജ്ഞാനകോശം പറയുന്നു.—“ ഹാലോവീൻ—ആ പേര് വന്ന വഴി” കാണുക.
ഹാലോവീൻ വേഷങ്ങൾ, മിഠായികൾ, ട്രിക്ക് ഓർ ട്രീറ്റ് (വികൃതി അല്ലെങ്കിൽ സമ്മാനം): ഒരു പുസ്തകം പറയുന്നതനുസരിച്ച് സെൽറ്റിക് വിഭാഗക്കാരിൽ ചിലർ അന്നേദിവസം പിശാചുക്കളെപ്പോലെ വേഷം ധരിക്കും. അപ്പോൾ “തങ്ങളിൽ ഒരാളാണെന്നു കരുതി” പിശാചുക്കൾ അവരെ ഉപദ്രവിക്കാതെ വിടും എന്നാണ് വിശ്വാസം. മറ്റു ചിലർ ആത്മാക്കളെ പ്രീതിപ്പെടുത്താൻ അവയ്ക്കു മധുരപലഹാരങ്ങൾ അർപ്പിക്കും. a
ഏതാണ്ട് എ.ഡി. 500 മുതൽ എ.ഡി. 1,500 വരെയുള്ള കാലഘട്ടത്തിൽ യൂറോപ്പിലെ കത്തോലിക്കാപുരോഹിതന്മാർ ക്രിസ്തീയമല്ലാത്ത ചില പ്രാദേശിക ആചാരങ്ങൾ കടമെടുത്തു. അങ്ങനെ അവരുടെ അനുയായികൾ ഹാലോവീൻ വേഷങ്ങൾ ധരിക്കാനും ചെറിയ സമ്മാനങ്ങളൊക്കെ ചോദിച്ചുകൊണ്ട് വീടുതോറും പോകാനും തുടങ്ങി.
പ്രേതങ്ങൾ, രക്തരക്ഷസ്സുകൾ, മന്ത്രവാദിനികൾ തുടങ്ങിയവ: ഇവയെല്ലാം കാലങ്ങളായി ദുഷ്ടാത്മലോകവുമായി ബന്ധപ്പെട്ടവയാണ്. ഹാലോവീൻ ട്രിവിയ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇവയെയെല്ലാം “അമാനുഷികരായ രാക്ഷസരൂപികൾ” എന്നു വിളിക്കുന്നു. അതുപോലെ ഇവയ്ക്കെല്ലാം “മരണത്തോടും മരിച്ചവരോടും മരണഭയത്തോടും അടുത്ത് ബന്ധമുണ്ട്” എന്നും ഈ പുസ്തകം പറയുന്നു.
മത്തങ്ങകൊണ്ടുള്ള ഹാലോവീൻ വിളക്ക് അഥവാ ജാക്കോ ലാന്റേൺ: മധ്യകാലഘട്ടത്തിൽ ബ്രിട്ടനിൽ ഈ ആഘോഷത്തിന്റെ ഭാഗമായി ചില ആളുകൾ “വീടുതോറുംപോയി തങ്ങൾക്കു ഭക്ഷണം തന്നാൽ അവരുടെ മരിച്ചവർക്കുവേണ്ടി പ്രാർഥിക്കാം” എന്നു പറയുമായിരുന്നു. അവരുടെ കൈയിൽ “അകം പൊള്ളയാക്കിയെടുത്ത തക്കാരിക്കിഴങ്ങുകൊണ്ടുള്ള ഒരു വിളക്ക് ഉണ്ടാകും. അതിനുള്ളിൽ കത്തിച്ചുവെച്ചിരുന്ന മെഴുകുതിരി ശുദ്ധീകരണസ്ഥലത്ത് കിടക്കുന്ന ആത്മാവിനെയാണു സൂചിപ്പിച്ചിരുന്നത്.” [ഹാലോവീൻ—അന്യമതാചാരത്തിൽനിന്ന് ആഘോഷരാവിലേക്ക് (ഇംഗ്ലീഷ്)] ചില ചരിത്രകാരന്മാർ പറയുന്നത് ഈ വിളക്കുകൾ ദുഷ്ടാത്മാക്കളെ തുരത്താൻവേണ്ടിയാണ് എന്നാണ്. 1,800-കളിൽ വടക്കേ അമേരിക്കയിൽ തക്കാരിക്കിഴങ്ങുകൾക്കു പകരം മത്തങ്ങകൾ ഉപയോഗിക്കാൻ തുടങ്ങി. കാരണം അവ സുലഭമായി കിട്ടുമായിരുന്നു, കൊത്തിയെടുക്കാൻ എളുപ്പവുമായിരുന്നു.
ഹാലോവീന്റെ ക്രിസ്തീയമല്ലാത്ത ഉത്ഭവം കാര്യമാക്കേണ്ടതുണ്ടോ?
ഉണ്ട്. ചില ആളുകൾ ഹാലോവീനെ കാണുന്നതു രസകരമായ, വെറുമൊരു ആഘോഷമായിട്ടാണ്. എന്നാൽ ആഘോഷത്തിന്റെ ഭാഗമായി അവർ ചെയ്യുന്ന കാര്യങ്ങൾ ബൈബിൾ പഠിപ്പിക്കലുകൾക്ക് നേരെ എതിരാണ്. ഹാലോവീൻ അടിസ്ഥാനപ്പെട്ടിരിക്കുന്നത് മരിച്ചവർ, അദൃശ്യരായ ആത്മാക്കൾ അഥവാ ഭൂതങ്ങൾ എന്നിവയെക്കുറിച്ചുള്ള തെറ്റായ വിശ്വാസങ്ങളിലാണ്.
ഹാലോവീനുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ ദൈവം എങ്ങനെയാണ് കാണുന്നതെന്നു മനസ്സിലാക്കാൻ താഴെപ്പറയുന്ന തിരുവെഴുത്തുകൾ നോക്കുക:
“നിങ്ങളുടെ ഇടയിൽ . . . മന്ത്രവാദിയോ പ്രേതസമ്പർക്കമുള്ളവനോ ഉണ്ടായിരിക്കരുത്.”—ആവർത്തനം 18:10-12, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
അർഥം: മരിച്ചവരുമായി സംസാരിക്കാൻ നോക്കുന്നതോ അല്ലെങ്കിൽ അങ്ങനെ സംസാരിക്കാൻ ശ്രമിക്കുകയാണെന്ന് അഭിനയിക്കുന്നതോ ഒന്നും ദൈവം അംഗീകരിക്കുന്ന കാര്യങ്ങളല്ല.
“മരിച്ചവർ ഒന്നും അറിയുന്നില്ല.”—സഭാപ്രസംഗകൻ 9:5.
അർഥം: മരിച്ചവർ ഒന്നും അറിയാത്ത ഒരു അവസ്ഥയിലായതുകൊണ്ട് അവർക്കു ജീവനുള്ളവരുമായി സംസാരിക്കാൻ പറ്റില്ല.
‘നിങ്ങൾ പിശാചുക്കളുടെ പങ്കാളികളാകരുത്. ഒരേ സമയം കർത്താവിന്റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല.’—1 കൊരിന്ത്യർ 10:20, 21, പി.ഒ.സി. ബൈബിൾ
അർഥം: ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഭൂതങ്ങളുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കണം.
‘പിശാചിന്റെ കുടിലതന്ത്രങ്ങളോട് എതിർത്തുനിൽക്കുക. കാരണം നമ്മുടെ പോരാട്ടം ദുഷ്ടാത്മസേനകളോട് ആണ്.’—എഫെസ്യർ 6:11, 12.
അർഥം: ക്രിസ്ത്യാനികൾ ദുഷ്ടാത്മാക്കളോട് എതിർത്തുനിൽക്കുകയാണു വേണ്ടത്. അല്ലാതെ അവരോടൊപ്പം ആഘോഷിക്കുന്നതായി അഭിനയിക്കുകയല്ല ചെയ്യേണ്ടത്.
a ഹാലോവീൻ: ഒരു അമേരിക്കൻ വിശേഷദിവസം, ഒരു അമേരിക്കൻ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ പേജ് 4 കാണുക.