ബൈബിൾവാക്യങ്ങളുടെ വിശദീകരണം
പുറപ്പാട് 20:12—“നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക”
“നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.”—പുറപ്പാട് 20:12, പുതിയ ലോക ഭാഷാന്തരം.
“നിന്റെ ദൈവമായ കർത്താവു തരുന്ന രാജ്യത്തു നീ ദീർഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.”—പുറപ്പാട് 20:12, പി.ഒ.സി. ബൈബിൾ.
പുറപ്പാട് 20:12-ന്റെ അർഥം
മാതാപിതാക്കളെ ബഹുമാനിക്കുക എന്ന ഒരു കല്പന ദൈവം പുരാതന ഇസ്രായേല്യർക്കു നൽകി. ആ കല്പനയിൽ അത് അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന പ്രയോജനത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നു. ദൈവം മോശയിലൂടെ ഇസ്രായേൽ ജനത്തിനു നൽകിയ നിയമസംഹിതയുടെ ഭാഗമാണ് ഈ കല്പന. നിയമസംഹിത ഇപ്പോൾ പ്രാബല്യത്തിൽ ഇല്ലെങ്കിലും ദൈവത്തിന്റെ നിലവാരങ്ങൾക്ക് ഇപ്പോഴും മാറ്റം ഒന്നും വന്നിട്ടില്ല. അതിലെ തത്ത്വങ്ങൾ ഇപ്പോഴും എല്ലാവർക്കും പ്രയോജനം ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കളെ അനുസരിക്കുക എന്ന കല്പനയ്ക്കു വളരെ പ്രാധാന്യമുണ്ട്.—കൊലോസ്യർ 3:20.
മക്കൾക്ക് എങ്ങനെ മാതാപിതാക്കളെ ബഹുമാനിക്കാം? കുട്ടികളായാലും മുതിർന്നവരായാലും മാതാപിതാക്കളെ ആദരിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട്. (ലേവ്യ 19:3; സുഭാഷിതങ്ങൾ 1:8) കുട്ടികൾ മുതിർന്ന് സ്വന്തം കുടുംബം ഒക്കെയായി മാറി താമസിച്ചാലും അവർ തുടർന്നും മാതാപിതാക്കളെ സ്നേഹിക്കുകയും സഹായിക്കുകയും വേണം. പ്രായമായ മാതാപിതാക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ ഉൾപ്പെടെ മറ്റെല്ലാ കാര്യങ്ങളും നല്ല വിധത്തിൽ പോകുന്നെന്നു മക്കൾ ഉറപ്പുവരുത്തണം.—മത്തായി 15:4-6; 1 തിമൊഥെയൊസ് 5:4, 8.
ഇസ്രായേല്യ കുട്ടികൾ അവരുടെ പിതാവിനെ ബഹുമാനിക്കുന്നതുപോലെതന്നെ മാതാവിനെയും ബഹുമാനിക്കണമായിരുന്നു. അതിനർഥം കുടുംബത്തിൽ മാതാവിന് വലിയൊരു സ്ഥാനമുണ്ടെന്നാണ്. (സുഭാഷിതങ്ങൾ 6:20; 19:26) ഇന്നത്തെ കുട്ടികളും അതുതന്നെയാണു ചെയ്യേണ്ടത്.
മാതാപിതാക്കളെ ബഹുമാനിക്കുക എന്ന ഈ കല്പന അനുസരിക്കുമ്പോൾ മനസ്സിൽപ്പിടിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഇസ്രായേല്യ കുട്ടികൾ ദൈവത്തോട് അനുസരണക്കേടു കാണിച്ചുകൊണ്ട് മാതാപിതാക്കളെയോ മറ്റ് ആരെയെങ്കിലുമോ അനുസരിക്കാൻ പാടില്ലായിരുന്നു. (ആവർത്തനം 13:6-8) അതുപോലെതന്നെ ഇന്നും ക്രിസ്ത്യാനികൾ “മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്.”—പ്രവൃത്തികൾ 5:29.
മാതാപിതാക്കളെ ബഹുമാനിക്കുന്ന കുട്ടികൾ ദൈവം കൊടുക്കുന്ന ദേശത്ത് ‘ദീർഘായുസ്സോടെയും അഭിവൃദ്ധിയോടെയും’ ജീവിക്കുമെന്നു ദൈവം ഇസ്രായേല്യരോടു വാഗ്ദാനം ചെയ്തിരുന്നു. (ആവർത്തനം 5:16) ദൈവകല്പന അനുസരിക്കാതെ മാതാപിതാക്കളെ ധിക്കരിക്കുന്ന കുട്ടികൾക്കു ശിക്ഷ ലഭിക്കുമായിരുന്നു. (ആവർത്തനം 21:18-21) കാലം കുറേ കഴിഞ്ഞെങ്കിലും ആ നിയമത്തിന്റെ അന്തഃസത്തയ്ക്കു മാറ്റം വന്നിട്ടില്ല. (എഫെസ്യർ 6:1-3) മുതിർന്നവരായാലും ചെറുപ്പക്കാരായാലും നമ്മൾ സ്രഷ്ടാവിനോടു കണക്ക് ബോധിപ്പിക്കണം. ദൈവത്തിന്റെ ഈ നിയമം അനുസരിച്ച് മാതാപിതാക്കളെ ബഹുമാനിക്കുന്ന കുട്ടികൾക്ക് ദീർഘായുസ്സോടെ ജീവിക്കാനാകും. ശരിക്കും പറഞ്ഞാൽ അവർക്ക് എന്നേക്കും ജീവിക്കാനാകും.—1 തിമൊഥെയൊസ് 4:8; 6:18, 19.
പുറപ്പാട് 20:12-ന്റെ സന്ദർഭം
പത്ത് കല്പനകളിലെ ഒരു പ്രധാന കല്പനയാണ് പുറപ്പാട് 20:12-ൽ കാണുന്നത്. പത്ത് കല്പനകളിൽ, ഈ കല്പനയ്ക്കുള്ള സ്ഥാനം പ്രധാനപ്പെട്ട ഒരു കാര്യം നമ്മളെ പഠിപ്പിക്കുന്നു. (പുറപ്പാട് 20:1-17) ഇതിനു മുമ്പുള്ള കല്പനകളിൽ ഇസ്രായേല്യർക്കു ദൈവവുമായുള്ള ബന്ധത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നതുപോലുള്ള കല്പനകൾ അവിടെ കാണാം. അതു കഴിഞ്ഞുള്ള കല്പനകളിൽ സഹമനുഷ്യരോടുള്ള കടമകളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. ഇണയോടു വിശ്വസ്തരായിരിക്കണം, മോഷ്ടിക്കരുത് എന്നിങ്ങനെയുള്ള കല്പനകൾ. പുറപ്പാട് 20:12-ലെ ഈ നിയമം അനുസരിക്കുമ്പോൾ, ഒരർഥത്തിൽ പറഞ്ഞാൽ നമ്മൾ ദൈവത്തോടും സഹമനുഷ്യരോടും ഉള്ള കടമകൾ നിറവേറ്റുകയാണ്. അതുകൊണ്ട് ഈ കല്പന ആദ്യത്തെ നാലു കല്പനകൾക്കും അവസാനത്തെ അഞ്ച് കല്പനകൾക്കും ഇടയിലെ കണ്ണിയായി വർത്തിക്കുന്നു.
പുറപ്പാട് 20-ാം അധ്യായം വായിക്കുക. അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും കാണാം.