ബൈബിൾവാക്യങ്ങളുടെ വിശദീകരണം
മത്തായി 6:34—‘നാളെയെക്കുറിച്ച് ആകുലപ്പെടരുത്’
“അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ. ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.”—മത്തായി 6:34, പുതിയ ലോക ഭാഷാന്തരം.
‘നാളെയെക്കുറിച്ച് ആകുലപ്പെടരുത്. നാളത്തെ ദിവസം അതിനുവേണ്ടി കരുതിക്കൊള്ളുമല്ലോ. ഓരോ ദിവസത്തിനും അതതു ദിവസത്തേക്കുള്ള ക്ലേശങ്ങൾ മതി.’—മത്തായി 6:34, സത്യവേദപുസ്തകം, ആധുനിക വിവർത്തനം.
മത്തായി 6:34-ന്റെ അർഥം
ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ഓർത്ത് അമിതമായി ഉത്കണ്ഠപ്പെടുകയോ ആകുലപ്പെടുകയോ ചെയ്യേണ്ടതില്ലെന്നാണു യേശു ഈ വാക്കുകളിലൂടെ തന്റെ ശ്രോതാക്കളോടു പറഞ്ഞത്. പകരം, അവർ അന്നന്നത്തെ പ്രശ്നങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ മതിയായിരുന്നു.
നാളെയെക്കുറിച്ച് ചിന്തിക്കേണ്ട എന്നോ ഭാവി ആസൂത്രണം ചെയ്യേണ്ട എന്നോ ഒന്നുമല്ല യേശു അർഥമാക്കിയത്. (സുഭാഷിതങ്ങൾ 21:5) നാളെ എന്തെല്ലാം സംഭവിച്ചേക്കാം എന്നോർത്ത് അമിതമായി തലപുകയ്ക്കേണ്ടതില്ലെന്നാണു യേശു ഉദ്ദേശിച്ചത്. കാരണം അങ്ങനെ ആകുലപ്പെടുന്നതു നമ്മുടെ സന്തോഷം കെടുത്തിക്കളയും, ചെയ്യാനുള്ള കാര്യങ്ങൾപോലും നന്നായി ചെയ്യാൻ പറ്റാതെ വരും. നാളെ സംഭവിച്ചേക്കാമെന്നു നമ്മൾ ഭയക്കുന്ന കാര്യത്തെക്കുറിച്ച് ഇന്ന് ആകുലപ്പെടുന്നതുകൊണ്ട് അതു പരിഹരിക്കാൻ കഴിയുമോ? നമ്മൾ ഭയക്കുന്ന കാര്യം ശരിക്കും നടക്കണമെന്നില്ല, ഇനി നടന്നാൽത്തന്നെ നമ്മൾ വിചാരിക്കുന്നത്ര കുഴപ്പം ഉണ്ടായിരിക്കുകയും ഇല്ല.
മത്തായി 6:34-ന്റെ സന്ദർഭം
യേശു നടത്തിയ പ്രസിദ്ധമായ ഗിരിപ്രഭാഷണം മത്തായി 5-7 വരെയുള്ള അധ്യായങ്ങളിൽ കാണാം. അവിടെയാണു യേശുവിന്റെ ഈ വാക്കുകൾ കാണുന്നത്. ഉത്കണ്ഠപ്പെടുന്നതുകൊണ്ട് ജീവിതം മെച്ചപ്പെടുത്താനോ ആയുസ്സ് കൂട്ടാനോ കഴിയില്ല എന്നു യേശു വിശദീകരിച്ചു. (മത്തായി 6:27) നമ്മുടെ ജീവിതത്തിൽ ദൈവത്തെ ഒന്നാമതുവെച്ചാൽ നാളെയെക്കുറിച്ച് ഓർത്ത് അനാവശ്യമായി ആകുലപ്പെടേണ്ടിവരില്ലെന്നും യേശു പറഞ്ഞു. സസ്യങ്ങളെയും മൃഗങ്ങളെയും പരിപാലിക്കുന്ന ദൈവം, തന്നെ ആരാധിക്കുന്ന മനുഷ്യരെയും പരിപാലിക്കില്ലേ?—മത്തായി 6:25, 26, 28-33.
മത്തായി ആറാം അധ്യായം വായിക്കുക. അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും ചിത്രങ്ങളും കാണാം.