ബൈബിൾവാക്യങ്ങളുടെ വിശദീകരണം
മർക്കോസ് 1:15—“ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”
“നിശ്ചയിച്ചിരുന്ന കാലം തീർന്നു; ദൈവരാജ്യം അടുത്തിരിക്കുന്നു. മാനസാന്തരപ്പെടൂ! ഈ സന്തോഷവാർത്തയിൽ വിശ്വാസമുള്ളവരായിരിക്കൂ.”—മർക്കോസ് 1:15, പുതിയ ലോക ഭാഷാന്തരം.
“സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ.”—മർക്കോസ് 1:15, പി.ഒ.സി.
മർക്കോസ് 1:15-ന്റെ അർഥം
ദൈവരാജ്യം a “സമീപിച്ചിരിക്കുന്നു,” അഥവാ “അടുത്തിരിക്കുന്നു” എന്ന് യേശു പറഞ്ഞു. അങ്ങനെ പറഞ്ഞത്, ദൈവരാജ്യത്തിന്റെ ഭാവിരാജാവായ താൻ അപ്പോൾ അവിടെ സന്നിഹിതനായിരുന്നതുകൊണ്ടാണ്.
ദൈവരാജ്യം അപ്പോൾത്തന്നെ ഭരണം തുടങ്ങിയെന്നല്ല യേശുവിന്റെ വാക്കുകളുടെ അർഥം. കാരണം ദൈവരാജ്യഗവൺമെന്റ് ഭാവിയിൽ വരാൻ പോകുന്നതേ ഉള്ളൂ എന്ന സൂചന പിന്നീട് യേശു തന്റെ ശിഷ്യന്മാർക്കു കൊടുക്കുന്നുണ്ട്. (പ്രവൃത്തികൾ 1:6, 7) എങ്കിലും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ കൃത്യസമയത്തുതന്നെ യേശു ഭാവിരാജാവായി b നിയമിക്കപ്പെട്ടു. അതുകൊണ്ടാണ് “നിശ്ചയിച്ചിരുന്ന കാലം തീർന്നു”എന്ന് യേശുവിന് അപ്പോൾ പറയാൻ കഴിഞ്ഞത്. യേശു ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം അഥവാ സന്തോഷവാർത്ത പരസ്യമായി ആളുകളെ അറിയിക്കാനുള്ള സമയം അങ്ങനെ വന്നുചേർന്നു.—ലൂക്കോസ് 4:16-21, 43.
ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷത്തിൽനിന്ന് ആളുകൾക്കു പ്രയോജനം കിട്ടണമെങ്കിൽ അവർ അവരുടെ മുൻകാലപാപങ്ങൾ സംബന്ധിച്ച് അനുതപിക്കുകയും ദൈവത്തിന്റെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുകയും ചെയ്യേണ്ടിയിരുന്നു. അങ്ങനെ അനുതപിച്ചവർ വാസ്തവത്തിൽ ഭാവിയിൽ വരാൻ പോകുന്ന ദൈവരാജ്യത്തിൽ വിശ്വാസമുണ്ടെന്നു കാണിക്കുകയായിരുന്നു.
മർക്കോസ് 1:15-ന്റെ സന്ദർഭം
ഗലീലയിൽ യേശു തന്റെ ശുശ്രൂഷ ആരംഭിച്ച സമയത്താണ് യേശു ഈ വാക്കുകൾ പറയുന്നത്. സമാന്തരവിവരണമായ മത്തായി 4:17 പറയുന്നതുപോലെ “അപ്പോൾമുതൽ” യേശു ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കാൻ തുടങ്ങി. യേശുവിന്റെ ശുശ്രൂഷയുടെ വിഷയം ദൈവരാജ്യമായിരുന്നു. നാലു സുവിശേഷങ്ങളിലായി c 100-ലധികം തവണ ദൈവത്തിന്റെ രാജ്യത്തെക്കുറിച്ച് പറയുന്നുണ്ട്. അതു മിക്കതും പറഞ്ഞതു യേശുവാണ്. മറ്റ് ഏതൊരു വിഷയം സംസാരിച്ചതിനെക്കാൾ കൂടുതൽ ദൈവരാജ്യത്തെക്കുറിച്ചാണു യേശു സംസാരിച്ചതെന്നു ബൈബിൾരേഖ കാണിക്കുന്നു.
മർക്കോസ് ഒന്നാം അധ്യായം വായിക്കുക. ഭൂപടങ്ങളും അടിക്കുറിപ്പുകളും ഒത്തുവാക്യങ്ങളും ചിത്രങ്ങളും കാണാം.
a ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം നടപ്പിലാക്കുന്നതിനുവേണ്ടി ദൈവം സ്വർഗത്തിൽ സ്ഥാപിച്ച ഗവൺമെന്റാണ് ദൈവരാജ്യം. (ദാനിയേൽ 2:44; മത്തായി 6:10) കൂടുതൽ വിവരങ്ങൾക്കായി “എന്താണ് ദൈവരാജ്യം?” എന്ന ലേഖനം കാണുക.
b മുൻകൂട്ടിപ്പറഞ്ഞ മിശിഹ (അതായത് ദൈവത്തിന്റെ പ്രത്യേക പ്രതിനിധി) എന്ന നിലയിൽ യേശുവിനു പല ദൗത്യങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഒരു രാജാവാകുക എന്നത്. യേശുവാണു മിശിഹയെന്നു സൂചിപ്പിക്കുന്ന ബൈബിൾപ്രവചനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ “മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശു മിശിഹയായിരുന്നെന്നു തെളിയിക്കുന്നുണ്ടോ?” എന്ന ലേഖനം കാണുക.
c പുതിയനിയമം എന്നറിയപ്പെടുന്ന ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിലെ ആദ്യത്തെ നാലു പുസ്തകങ്ങളാണു സുവിശേഷങ്ങൾ. യേശുവിന്റെ ജീവിതത്തെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും ഉള്ള വിവരണങ്ങൾ ഈ ഭാഗങ്ങളിൽ കാണാം.