ബൈബിൾവാക്യങ്ങളുടെ വിശദീകരണം
ലൂക്കോസ് 1:37—“ദൈവത്തിന് ഒന്നും അസാധ്യമല്ല”
“ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല.”—ലൂക്കോസ് 1:37, പുതിയ ലോക ഭാഷാന്തരം.
“ദൈവത്തിന് ഒന്നും അസാധ്യമല്ല.”—ലൂക്കോസ് 1:37, പി.ഒ.സി. ബൈബിൾ.
ലൂക്കോസ് 1:37-ന്റെ അർഥം
മനുഷ്യരുടെ കണ്ണിൽ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾപ്പോലും സർവശക്തനായ ദൈവത്തിനു ചെയ്യാൻ കഴിയും. ദൈവം പ്രഖ്യാപിച്ചതോ വാഗ്ദാനം ചെയ്തതോ ആയ കാര്യങ്ങൾ നിവർത്തിക്കുന്നതു തടയാൻ ആർക്കും കഴിയില്ല.
ഇവിടെ ‘കാര്യം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിനു ഒരു “വാക്ക്,” ഒരു “ചൊല്ല്” എന്നൊക്കെ അർഥം വരാം. ഈ വാക്യത്തിൽ അതു ദൈവം പറയുന്നതിനെയാണ് അർഥമാക്കുന്നത്. ഇതു ദൈവമായ യഹോവ a പ്രഖ്യാപിച്ച ഒരു കാര്യത്തിന്റെ നിവൃത്തിയെയും കുറിക്കുന്നു. ദൈവത്തിന്റെ വാക്കുകൾ എപ്പോഴും സത്യമായിത്തീരുന്നതുകൊണ്ട്, ലൂക്കോസ് 1:37-നെ ഇങ്ങനെയും പറയാനാവും: “ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഒരിക്കലും പരാജയപ്പെടില്ല,” അല്ലെങ്കിൽ “ദൈവത്തിന് ഒന്നും അസാധ്യമല്ല.” ഈ പരിഭാഷകളുടെയെല്ലാം ആശയം ഒന്നുതന്നെയാണ്: ദൈവം പ്രഖ്യാപിച്ചതോ വാഗ്ദാനം ചെയ്തതോ ആയ ഒരു കാര്യവും നടക്കാതെ പോകില്ല. കാരണം, ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല.—യശയ്യ 55:10, 11.
ബൈബിളിൽ ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് പറയുന്ന എല്ലാ ഭാഗങ്ങളിലും സമാനമായ പ്രയോഗങ്ങൾ കാണാം. അതിനൊരു ഉദാഹരണമാണ് അബ്രാഹാമും സാറയും ഉൾപ്പെട്ട സംഭവം. സാറയ്ക്കു കുട്ടികൾ ഇല്ലായിരുന്നു. വാർധക്യത്തിന്റെ ആ സമയത്ത്, സാറ ഗർഭിണിയാകുമെന്ന് യഹോവ ഒരു ദൂതനിലൂടെ പറഞ്ഞു. ദൈവം ഇങ്ങനെയും പറഞ്ഞു: “യഹോവയ്ക്ക് അസാധ്യമായ എന്തെങ്കിലുമുണ്ടോ?” (ഉൽപത്തി 18:13, 14) ഇനി, മറ്റൊരു സന്ദർഭം നോക്കാം: ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ച് ചിന്തിച്ചശേഷം ഗോത്രപിതാവായ ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “അങ്ങ് ഉദ്ദേശിക്കുന്നതൊന്നും നടക്കാതെപോകില്ലെന്നും എനിക്ക് ഇപ്പോൾ മനസ്സിലായി.” (ഇയ്യോബ് 42:2) അതുപോലെ രക്ഷ നേടുന്നതിനു ദൈവത്തിന്റെ നിലവാരങ്ങളിൽ എത്താനുള്ള കഴിവ് തങ്ങൾക്കുണ്ടോ എന്നു യേശുവിന്റെ ശിഷ്യന്മാർ സംശയം പ്രകടിപ്പിച്ചപ്പോൾ യേശു അവരോടു പറഞ്ഞു: “ദൈവത്തിന് എല്ലാം സാധ്യം.”—മത്തായി 19:25, 26. b
ലൂക്കോസ് 1:37-ന്റെ സന്ദർഭം
ഒരു ജൂതകന്യകയായ മറിയയോടു ഗബ്രിയേൽ എന്നു പേരുള്ള ഒരു ദൂതൻ പറയുന്ന വാക്കുകളാണ് ലൂക്കോസ് 1:37-ൽ കാണുന്നത്. മറിയ, ‘അത്യുന്നതന്റെ മകന്’ ജന്മം നൽകുമെന്നും “അവന് യേശു എന്നു പേരിടണം” എന്നും ദൂതൻ പറഞ്ഞു. യേശു എന്നും ഭരിക്കുന്ന ദൈവരാജ്യത്തിന്റെ രാജാവാകുമെന്ന് ദൂതൻ കൂട്ടിച്ചേർത്തു.—ലൂക്കോസ് 1:26-33; വെളിപാട് 11:15.
ഇതെല്ലാം എങ്ങനെ സംഭവിക്കുമെന്നു മറിയ ചോദിച്ചു. കാരണം, ‘താൻ വിവാഹം കഴിച്ചിട്ടില്ല,’ ‘ഒരു പുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുമില്ല.’ (ലൂക്കോസ് 1:34, 35) ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അല്ലെങ്കിൽ ചലനാത്മകശക്തിയാൽ അതു സംഭവിക്കുമെന്ന് ദൂതൻ മറുപടി പറഞ്ഞു. ആ സമയത്ത് യേശു സ്വർഗത്തിൽ ദൈവത്തിന്റെ ഒരു ആത്മപുത്രനായിരുന്നു. ദൈവം തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് സ്വർഗത്തിൽനിന്ന് തന്റെ മകന്റെ ജീവനെ മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റി. (യോഹന്നാൻ 1:14; ഫിലിപ്പിയർ 2:5-7) അങ്ങനെ മറിയ അത്ഭുതകരമായി ഗർഭിണിയായി. മറിയയ്ക്ക് ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസം ശക്തമാക്കുന്നതിനുവേണ്ടി ദൂതൻ മറിയയുടെ ബന്ധുവായ എലിസബത്തിനെക്കുറിച്ചും പറഞ്ഞു. അതായത് “വയസ്സായ” എലിസബത്ത് ഇപ്പോൾ ഗർഭിണിയാണെന്ന കാര്യം. എലിസബത്തിനും ഭർത്താവായ സെഖര്യക്കും കുട്ടികളില്ലായിരുന്നു. കാരണം, എലിസബത്ത് വന്ധ്യയായിരുന്നു. (ലൂക്കോസ് 1:36) അവർക്കു ജനിച്ച മകനാണു പിന്നീടു സ്നാപകയോഹന്നാൻ എന്ന പേരിൽ അറിയപ്പെട്ടത്. യോഹന്നാന്റെ ശുശ്രൂഷയെക്കുറിച്ചും യഹോവ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടായിരുന്നു.—ലൂക്കോസ് 1:10-16; 3:1-6.
ഒരുപക്ഷേ, മറിയയെയും എലിസബത്തിനെയും മനസ്സിൽ കണ്ടുകൊണ്ടായിരിക്കാം ഗബ്രിയേൽ ദൂതൻ ലൂക്കോസ് 1:37-ലെ വാക്കുകൾ പറഞ്ഞത്. എന്നാൽ, ഈ വാക്കുകൾ യഹോവയുടെ ഇന്നത്തെ ദാസർക്ക് ഒരു ഉറപ്പു നൽകുന്നു, യഹോവ തുടർന്നും തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുമെന്ന ഉറപ്പ്. ആ വാഗ്ദാനങ്ങളിൽ ഒന്നാണ് മനുഷ്യഗവൺമെന്റുകളെ മാറ്റി ദൈവത്തിന്റെ സ്വർഗീയഗവൺമെന്റ് വരും എന്നത്. ആ ഭരണത്തിൽ ദൈവത്തിന്റെ മകനായ യേശുക്രിസ്തു നീതിയോടെ ഭരിക്കും.—ദാനിയേൽ 2:44; 7:13, 14.
ലൂക്കോസ് എന്ന പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.
b സമാനമായ പ്രസ്താവനകൾ സംഖ്യ 23:19; യോശുവ 21:45; 1 രാജാക്കന്മാർ 8:56; ഇയ്യോബ് 37:5; സങ്കീർത്തനം 135:6; യിരെമ്യ 32:17; ദാനിയേൽ 4:35 എന്നീ വാക്യങ്ങളിൽ കാണാം.