യഹോവയുടെ സാക്ഷികൾ ആളുകളെ നിർബന്ധിച്ച് മതം മാറ്റാറുണ്ടോ?
ഇല്ല, ഞങ്ങൾ അങ്ങനെ ചെയ്യാറില്ല. ഞങ്ങളുടെ പ്രമുഖ മാസികയായ വീക്ഷാഗോപുരം ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്: “മതം മാറാൻ ആളുകളുടെമേൽ സമ്മർദം ചെലുത്തുന്നത് തെറ്റാണ്.” a പിൻവരുന്ന കാരണങ്ങളാൽ ഞങ്ങൾ ആളുകളെ നിർബന്ധിക്കാറില്ല:
യേശു ഒരിക്കലും തന്റെ ഉപദേശങ്ങൾ സ്വീകരിക്കാൻ ആരെയും നിർബന്ധിച്ചില്ല. തന്റെ സന്ദേശത്തോട് ചുരുക്കംപേർ മാത്രമേ പ്രതികരിക്കൂ എന്ന് അവന് അറിയാമായിരുന്നു. (മത്തായി 7:13, 14) യേശു പറഞ്ഞ ചില കാര്യങ്ങൾ അവന്റെ ചില ശിഷ്യന്മാർക്ക് ഉൾക്കൊള്ളാനായില്ല. തന്റെ കൂടെ നിൽക്കാൻ യേശു അവരെ നിർബന്ധിച്ചില്ല. പകരം അവരെ അവരുടെ വഴിക്ക് വിട്ടു.—യോഹന്നാൻ 6:60-62, 66-68.
മറ്റുള്ളവരുടെ വിശ്വാസങ്ങൾക്ക് മാറ്റം വരുത്താൻ ആളുകളെ നിർബന്ധിക്കരുതെന്ന് യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. രാജ്യത്തിന്റെ സുവിശേഷത്തോട് താത്പര്യമില്ലാത്തവരെ അത് സ്വീകരിക്കാൻ നിർബന്ധിക്കുന്നതിനു പകരം ശ്രദ്ധിക്കാൻ മനസ്സുള്ളവരെ അന്വേഷിക്കാനാണ് യേശു പറഞ്ഞത്.—മത്തായി 10:7, 11-14.
നിർബന്ധപൂർവം മതപരിവർത്തനം നടത്തുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. കാരണം, ഹൃദയത്തിൽനിന്നു വരുന്ന ആരാധന മാത്രമേ ദൈവം സ്വീകരിക്കുകയുള്ളൂ.—ആവർത്തനപുസ്തകം 6:4, 5; മത്തായി 22:37, 38.
ഞങ്ങളുടെ പ്രവർത്തനലക്ഷ്യം മതപരിവർത്തനമാണോ?
“ഭൂമിയുടെ അറ്റംവരെയും” ബൈബിളിന്റെ സന്ദേശം ഞങ്ങൾ എത്തിക്കുന്നുണ്ട് എന്നത് സത്യമാണ്. അത് “പരസ്യമായും വീടുതോറും” പ്രസംഗിക്കാനുള്ള ബൈബിൾ കല്പന അനുസരിച്ചാണ്. (പ്രവൃത്തികൾ 1:8; 10:42; 20:20) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെതന്നെ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം ചിലപ്പോഴൊക്കെ ഞങ്ങളും നേരിടാറുണ്ട്. (പ്രവൃത്തികൾ 18:12, 13) എന്നാൽ അത്തരം ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല. ഞങ്ങളുടെ വിശ്വാസങ്ങൾ ആരിലും അടിച്ചേൽപ്പിക്കാൻ ഞങ്ങൾ ശ്രമിക്കാറില്ല. പകരം ഞങ്ങൾ ചിന്തിക്കുന്നത് ആളുകൾ അറിവ് നേടണമെന്നാണ്. അപ്പോൾ അവർക്ക് അതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞേക്കും.
മതം മാറാൻ ഞങ്ങൾ ആളുകളെ നിർബന്ധിക്കുന്നില്ല. മതത്തിന്റെ മറവിൽനിന്നുകൊണ്ട് രാഷ്ട്രീയപ്രവർത്തനം ഞങ്ങൾ നടത്താറുമില്ല. ആളുകളെ ചേർക്കാനായി സാമ്പത്തികമോ സാമൂഹികമോ ആയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യാറുമില്ല. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുകയും തങ്ങളുടെ പ്രവൃത്തികളിലൂടെ യേശുവിനെ അപമാനിക്കുകയും ചെയ്യുന്ന ആളുകളിൽനിന്നും തികച്ചും വ്യത്യസ്തരാണ് ഞങ്ങൾ. b
മതം മാറാനുള്ള അവകാശം ഒരു വ്യക്തിക്കുണ്ടോ?
ഉണ്ട്. മതം മാറാനുള്ള അവകാശം ആളുകൾക്കുണ്ടെന്നാണ് ബൈബിൾ പറയുന്നത്. ബൈബിൾകാലങ്ങളിലെ പല ആളുകളും അവരുടെ മാതാപിതാക്കളുടെ മതം പിന്തുടരുന്നതിനു പകരം സ്വന്തം ഇഷ്ടപ്രകാരം സത്യദൈവത്തെ ആരാധിക്കാനുള്ള തീരുമാനമെടുത്തു എന്നാണ് ബൈബിൾ പറയുന്നത്. അബ്രഹാം, രൂത്ത്, പൗലോസ് അപ്പൊസ്തലൻ, ആതൻസിലെ ആളുകൾ ഇവരൊക്കെ അങ്ങനെ ചെയ്തവരിൽ ചിലരാണ്. (യോശുവ 24:2; രൂത്ത് 1:14-16; പ്രവൃത്തികൾ 17:22, 30-34; ഗലാത്യർ 1:14, 23) ദൈവം അംഗീകരിക്കുന്ന ആരാധന ഉപേക്ഷിച്ചുകൊണ്ട് തെറ്റായ തീരുമാനമെടുക്കാനുള്ള അവകാശവും ഒരു വ്യക്തിക്കുണ്ടെന്ന് ബൈബിൾ പറയുന്നു.—1 യോഹന്നാൻ 2:19.
മതം മാറാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം പിന്താങ്ങുന്നുണ്ട്. “അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ അടിത്തറ” എന്നാണ് ഐക്യരാഷ്ട്ര സംഘടന ഈ അവകാശത്തെ വിളിച്ചിരിക്കുന്നത്. “തന്റെ മതമോ വിശ്വാസമോ മാറാനുള്ള സ്വാതന്ത്ര്യം” ഓരോരുത്തർക്കുമുണ്ടെന്ന് അത് പ്രസ്താവിക്കുന്നു. മതപരമായ ആശയങ്ങൾ ഉൾപ്പെടെയുള്ള c ഏതു “വിവരങ്ങളും ആശയങ്ങളും അന്വേഷിക്കാനും സ്വീകരിക്കാനും പങ്കുവെക്കാനും” ഉള്ള അവകാശവും അതിൻപ്രകാരം നമുക്കുണ്ട്. സ്വന്തം വിശ്വാസങ്ങൾ നിലനിറുത്താനും വിയോജിപ്പുള്ള ആശയങ്ങൾ തള്ളിക്കളയാനും ഉള്ള ഒരു വ്യക്തിയുടെ അവകാശത്തെ മാനിക്കാനുള്ള കടപ്പാട് ഓരോരുത്തർക്കുമുണ്ടെന്ന് ഈ അവകാശങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു.
മതപരിവർത്തനം കുടുംബപാരമ്പര്യങ്ങളോടും ആചാരങ്ങളോടും ഉള്ള അനാദരവാണോ?
അങ്ങനെയാകണമെന്നില്ല. മതം ഏതായിരുന്നാലും എല്ലാവരെയും ആദരിക്കാനാണ് ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്. (1 പത്രോസ് 2:17) കൂടാതെ, മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ബൈബിൾ കല്പന യഹോവയുടെ സാക്ഷികൾ അനുസരിക്കുന്നു, മാതാപിതാക്കൾക്ക് വ്യത്യസ്തമായ വിശ്വാസങ്ങളാണ് ഉള്ളതെങ്കിൽപ്പോലും. —എഫെസ്യർ 6:2, 3.
എല്ലാവരും ബൈബിളിന്റെ ഈ വീക്ഷണത്തോട് യോജിക്കണമെന്നില്ല. സാംബിയയിൽ ജനിച്ചുവളർന്ന ഒരു സ്ത്രീ ഇങ്ങനെ പറയുന്നു: “എന്റെ സമൂഹത്തിൽ മതം മാറുക എന്നതിനെ ... വിശ്വാസവഞ്ചനയായിട്ടാണ് കണക്കാക്കുന്നത്. അതായത്, കുടുംബത്തോടും സമൂഹത്തോടും ചെയ്യുന്ന വഞ്ചന.” കൗമാരപ്രായത്തിൽ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുകയും അധികം വൈകാതെ മതം മാറാൻ തീരുമാനമെടുക്കുകയും ചെയ്തപ്പോൾ ഈ സ്ത്രീ ഇതേ പ്രശ്നം നേരിട്ടു. അവൾ തുടരുന്നു: “എന്റെ പ്രവർത്തികൾ തീരെ ഇഷ്ടപ്പെടുന്നില്ലെന്നും ഞാൻ അവരെ ദുഃഖിപ്പിക്കുകയാണെന്നും അവർ എന്നോട് ആവർത്തിച്ചു പറഞ്ഞു. മാതാപിതാക്കളുടെ അംഗീകാരം എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായതിനാൽ, ഞാൻ ആകെ വിഷമസന്ധിയിലായി. ... മതപാരമ്പര്യങ്ങൾക്കു പകരം യഹോവയോടു വിശ്വസ്തയായിരിക്കാൻ തീരുമാനിച്ചതിന്റെ അർഥം ഞാൻ എന്റെ കുടുംബത്തോട് അവിശ്വസ്ത ആണെന്നല്ല.” d
b ഉദാഹരണത്തിന്, സ്നാനമേറ്റ് ക്രിസ്ത്യാനികളാകാൻ വിസമ്മതിച്ച സാക്സണിലുള്ള ആളുകളെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ടുള്ള ഒരു പ്രഖ്യാപനം എ.ഡി. 785-ൽ, ഷാർലമാൻ നടത്തി. വിശുദ്ധ റോമാ സാമ്രാജ്യത്തിലെ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങൾ എ.ഡി. 1555-ൽ ഒപ്പുവെച്ച ഓഗ്സ്ബർഗ്ഗ് സമാധാന ഉടമ്പടിയനുസരിച്ച് ഓരോ പ്രദേശത്തെയും ഭരണാധികാരി ഒന്നുകിൽ റോമൻ കത്തോലിക്കനോ അല്ലെങ്കിൽ ലൂഥറൻ സഭാവിശ്വാസിയോ ആയിരിക്കണമെന്നും അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ വരുന്ന എല്ലാവരും അദ്ദേഹത്തിന്റെ മതം സ്വീകരിക്കണമെന്നും വ്യവസ്ഥ ചെയ്തു. ഭരണാധികാരിയുടെ മതത്തിൽ ചേരാൻ ആരെങ്കിലും വിസമ്മതിച്ചാൽ അവരെ നാടുകടത്തുമായിരുന്നു.
c ആഫ്രിക്കൻ മനുഷ്യാവകാശപ്രമാണം, (African Charter on Human and Peoples’ Rights), മനുഷ്യാവകാശങ്ങളെയും ധർമ്മങ്ങളെയും കുറിച്ചുള്ള അമേരിക്കൻ പ്രഖ്യാപനം (American Declaration of the Rights and Duties of Man), 2004-ലെ അറബ് മനുഷ്യാവകാശ പ്രമാണം (the 2004 Arab Charter on Human Rights), ആസിയാൻ (തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടന) മനുഷ്യാവകാശ പ്രഖ്യാപനം, മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷൻ, പൊതു-രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടി (International Covenant on Civil and Political Rights) ഇവയിലെല്ലാം സമാനമായ അവകാശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും അത്തരം അവകാശങ്ങൾ നൽകാമെന്നു പറയുന്ന രാഷ്ടങ്ങ്രൾ പോലും ആ അവകാശങ്ങൾ കൃത്യമായി അനുവദിച്ചുകൊടുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.
d ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ പേരാണ് യഹോവ.