യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം സ്വീകരിക്കാൻ മക്കളെ നിർബന്ധിക്കുന്നുണ്ടോ?
ഇല്ല. കാരണം, ദൈവത്തെ ആരാധിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. (റോമർ 14:12) യഹോവയുടെ സാക്ഷികൾ അവരുടെ മക്കളെ ചെറുപ്പത്തിലേ ബൈബിൾതത്ത്വങ്ങൾ പഠിപ്പിക്കുന്നു. എന്നാൽ മക്കൾ മുതിർന്നുകഴിഞ്ഞാൽ, തങ്ങൾ ഒരു യഹോവയുടെ സാക്ഷിയാകണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അവർ തന്നെയായിരിക്കും.—റോമർ 12:2; ഗലാത്യർ 6:5.
മറ്റെല്ലാ മാതാപിതാക്കളെയുംപോലെ, യഹോവയുടെ സാക്ഷികളും അവരുടെ മക്കൾക്കു നല്ലൊരു ജീവിതം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്, മക്കൾക്കു പ്രയോജനം ചെയ്യുമെന്നു തോന്നുന്ന കാര്യങ്ങളാണ് അവർ അവരെ പഠിപ്പിക്കുന്നത്. അതിൽ നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന ചില വൈദഗ്ധ്യങ്ങളും ശരിയും തെറ്റും സംബന്ധിച്ചുള്ള അറിവുകളും മതവിശ്വാസങ്ങളും ഉൾപ്പെടും. ഏറ്റവും നല്ലൊരു ജീവിതം നയിക്കാൻ ബൈബിൾ സഹായിക്കുമെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അതുകൊണ്ട്, അതിലെ മൂല്യങ്ങൾ മക്കളിൽ ഉൾനടുന്നതിന് അവർ മക്കളുമൊത്ത് ബൈബിൾ പഠിക്കുകയും ക്രിസ്തീയ യോഗങ്ങൾക്കു കൂടിവരുകയും ചെയ്യുന്നു. (ആവർത്തനം 6:6, 7) എന്നാൽ മുതിർന്നുവരുമ്പോൾ, അതുവരെ നേടിയെടുത്ത അറിവുവെച്ച് മാതാപിതാക്കളുടെ വിശ്വാസം സ്വീകരിക്കണോ വേണ്ടയോ എന്നു അവർക്കു തീരുമാനിക്കാവുന്നതാണ്.
യഹോവയുടെ സാക്ഷികൾ ശിശുസ്നാനം നടത്താറുണ്ടോ?
ഇല്ല. ബൈബിൾ ശിശുസ്നാനം അംഗീകരിക്കുന്നില്ല. ഉദാഹരണത്തിന്, ബൈബിൾ പറയുന്നത്, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ സ്നാനമേൽക്കുന്നതിനുമുമ്പ്, ദൈവത്തിന്റെ സന്ദേശം കേട്ടു, അത് “സന്തോഷത്തോടെ സ്വീകരിച്ച്” അവർ മാനസാന്തരപ്പെട്ടു എന്നാണ്. (പ്രവൃത്തികൾ 2:14, 22, 38, 41) അതുകൊണ്ട് സ്നാനമേൽക്കുന്നതിന് ഒരു വ്യക്തി ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്ന് ഗ്രഹിക്കുകയും, പഠിച്ച കാര്യങ്ങൾ വിശ്വസിക്കുകയും, അത് അനുസരിച്ച് ജീവിക്കാൻ തീരുമാനം എടുക്കുകയും വേണം. ശിശുക്കൾക്ക് അതിന് ഒരിക്കലും കഴിയില്ലല്ലോ?
മുതിർന്നുവരുമ്പോൾ കുട്ടികൾ സ്നാനമേൽക്കാൻ സ്വയം തീരുമാനിച്ചേക്കാം. പക്ഷേ ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്റെ ഗൗരവത്തെക്കുറിച്ച് അവർക്കു ബോധ്യം വേണം.
മക്കൾ സ്നാനമേൽക്കാതിരിക്കാൻ തീരുമാനിച്ചാൽ യഹോവയുടെ സാക്ഷികൾ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുമോ?
ഇല്ല. മക്കൾ തങ്ങളുടെ വിശ്വാസം സ്വീകരിക്കാതിരുന്നാൽ സാക്ഷികളായ മാതാപിതാക്കൾക്ക് വിഷമം തോന്നുമെങ്കിലും അവർ മക്കളെ അപ്പോഴും സ്നേഹിക്കും. യഹോവയുടെ സാക്ഷിയാകാൻ തീരുമാനിക്കുന്നില്ല എന്നതുകൊണ്ട് അവർ മക്കളുമായുള്ള ബന്ധം ഉപേക്ഷിക്കുന്നില്ല.
എന്തുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ തങ്ങളുടെ മക്കളെ സുവിശേഷവേലയിൽ കൂടെക്കൂട്ടുന്നത്?
ഞങ്ങൾ മക്കളെ സുവിശേഷവേലയിൽ കൂട്ടുന്നതിനു പല കാരണങ്ങളുണ്ട്. a
കുട്ടികളെ ദൈവത്തെക്കുറിച്ച് പഠിപ്പിക്കാനും ദൈവത്തെ ആരാധിക്കാനായി പരിശീലിപ്പിക്കാനും ബൈബിൾ മാതാപിതാക്കളെ ഉപദേശിക്കുന്നു. (എഫെസ്യർ 6:4) ആരാധനയിൽ സ്വന്തം വിശ്വാസത്തെക്കുറിച്ച് പരസ്യമായി പ്രഖ്യാപിക്കുന്നതും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് സുവിശേഷവേല ദൈവികവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.—റോമർ 10:9, 10; എബ്രായർ 13:15.
‘കർത്താവിന്റെ നാമത്തെ സ്തുതിക്കാൻ’ ബൈബിൾ യുവാക്കളെ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നുണ്ട്. (സങ്കീർത്തനം 148:12, 13, പി.ഒ.സി.) ദൈവത്തെ സ്തുതിക്കാനുള്ള ഒരു പ്രധാനവിധം മറ്റുള്ളവരോടു ദൈവത്തെക്കുറിച്ച് പറയുക എന്നതാണ്. b
മാതാപിതാക്കളുടെകൂടെ സുവിശേഷവേലയ്ക്കു പോകുന്നതുകൊണ്ട് കുട്ടികൾക്കു ചില പ്രയോജനങ്ങളുമുണ്ട്. ഉദാഹരണത്തിന്, ഏതു തരക്കാരായ ആളുകളോടും സംസാരിക്കാൻ അവർ പഠിക്കും. ഇനി അനുകമ്പ, ദയ, ആദരവ്, നിസ്വാർഥത എന്നതുപോലുള്ള നല്ല ഗുണങ്ങളും അവർ പഠിച്ചെടുക്കും. അതിനു പുറമേ, തങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾക്കു ബൈബിളിന്റെ പിന്തുണയുണ്ടെന്ന് അവർക്കു കുറെക്കൂടെ ബോധ്യമാകുകയും ചെയ്യും.
യഹോവയുടെ സാക്ഷികൾ വിശേഷദിവസങ്ങളിലോ മറ്റ് ആഘോഷങ്ങളിലോ പങ്കെടുക്കാറുണ്ടോ?
യഹോവയുടെ സാക്ഷികൾ മതപരമായ വിശേഷദിവസങ്ങളിലോ ദൈവത്തിന് ഇഷ്ടമല്ലാത്ത മറ്റ് ആഘോഷങ്ങളിലോ പങ്കെടുക്കാറില്ല. c (2 കൊരിന്ത്യർ 6:14-17; എഫെസ്യർ 5:10) ഉദാഹരണത്തിന്, ഞങ്ങൾ പിറന്നാളോ ക്രിസ്തുമസ്സോ ആഘോഷിക്കാറില്ല. കാരണം, അവയുടെ ഉത്ഭവം ക്രിസ്തീയമല്ല.
എന്നാൽ കുടുംബത്തിന്റെകൂടെ സമയം ചെലവഴിക്കുന്നതും കുട്ടികൾക്കു സമ്മാനങ്ങളും മറ്റും വാങ്ങിക്കൊടുക്കുന്നതും ഞങ്ങൾക്കു വലിയ ഇഷ്ടമാണ്. പക്ഷേ കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാനും പരസ്പരം സമ്മാനങ്ങൾ വാങ്ങിക്കൊടുക്കാനും ഞങ്ങൾ ഏതെങ്കിലും പ്രത്യേകതീയതിക്കായി കാത്തിരിക്കാറില്ല. വർഷത്തിലെ ഏതു സമയത്തും ഞങ്ങൾ ഒത്തുകൂടുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യാറുണ്ട്.
a സാധാരണയായി, മാതാപിതാക്കളുടെയോ ഉത്തരവാദിത്വപ്പെട്ട മുതിർന്ന ഒരു വ്യക്തിയുടെയോ കൂടെയല്ലാതെ കുട്ടികൾ സുവിശേഷവേലയിൽ പങ്കെടുക്കാറില്ല.
b തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറഞ്ഞുകൊണ്ട് ദൈവത്തെ പ്രസാദിപ്പിച്ച ധാരാളം കുട്ടികളെക്കുറിച്ച് ബൈബിൾ പറയുന്നു.—2 രാജാക്കന്മാർ 5:1-3; മത്തായി 21:15, 16; ലൂക്കോസ് 2:42, 46, 47.
c “യഹോവയുടെ സാക്ഷികൾ ചില വിശേഷദിവസങ്ങൾ ആഘോഷിക്കാത്തത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
d ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.