യഹോവയുടെ സാക്ഷികൾ വിദ്യാഭ്യാസത്തെ എങ്ങനെയാണ് കാണുന്നത്?
സാക്ഷികൾ വിദ്യാഭ്യാസത്തെ കാണുന്നതു ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ ലേഖനത്തിൽ കാണുന്നതുപോലുള്ള ദൈവികതത്ത്വങ്ങൾ എങ്ങനെ ബാധകമാക്കാമെന്ന് ഓരോ സാക്ഷിയും അവരുടെ ബൈബിൾപരിശീലിത മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും. a
വിദ്യാഭ്യാസം പ്രധാനമാണ്
ബൈബിൾ പ്രശംസിച്ചുപറയുന്ന “ജ്ഞാനവും ചിന്താശേഷിയും “ വളർത്തിയെടുക്കാൻ വിദ്യാഭ്യാസം ഒരു വ്യക്തിയെ സഹായിക്കും. (സുഭാഷിതങ്ങൾ 2:10, 11; 3:21, 22) താൻ കല്‌പിച്ചതെല്ലാം മറ്റുള്ളവരെ പഠിപ്പിക്കാൻ യേശു തന്റെ അനുഗാമികളോടു പറയുകയും ചെയ്‌തു. (മത്തായി 28:19, 20) അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ അംഗങ്ങളെ നല്ല വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും b പഠിക്കുന്നതു കൂടാതെ, മറ്റു മതങ്ങളെക്കുറിച്ചും സംസ്‌കാരങ്ങളെക്കുറിച്ചും അറിവ് നേടുന്നതും അതിൽ ഉൾപ്പെടുന്നു.—1 കൊരിന്ത്യർ 9:20-22; 1 തിമൊഥെയൊസ് 4:13.
ഗവൺമെന്റുകളും വിദ്യാഭ്യാസത്തെ വളരെ പ്രധാനമായി കാണുന്നു. കുട്ടികൾക്ക് അടിസ്ഥാനവിദ്യാഭ്യാസം കൊടുക്കണമെന്ന നിബന്ധനയും മിക്ക ഗവൺമെന്റുകളും വെക്കുന്നു. “എല്ലാവരും ഉന്നതാധികാരികൾക്കു (ഗവൺമെന്റുകൾക്കു) കീഴ്‌പെട്ടിരിക്കട്ടെ” എന്ന കല്‌പനയ്‌ക്കു ചേർച്ചയിൽ ഗവൺമെന്റിന്റെ ഇത്തരം നിയമങ്ങൾ ഞങ്ങൾ അനുസരിക്കുന്നു. (റോമർ 13:1) ഇതു കൂടാതെ, പേരിനു മാത്രം സ്‌കൂളിൽ പോകാതെ അത്മാർഥമായി പഠിക്കാൻ ഞങ്ങൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. c ദൈവവചനം പറയുന്നതുപോലെ, “നിങ്ങളുടെ ജോലി എന്തു തന്നെയായിരുന്നാലും, മനുഷ്യർക്കുവേണ്ടിയല്ല, ദൈവത്തിന്നുവേണ്ടിയാണ് എന്ന നിലയിൽ ആത്‌മാർഥമായി അതു ചെയ്യുക.”—കൊലോസ്യർ 3:23, ഓശാന ബൈബിൾ.
കുടുംബം നോക്കാൻ വിദ്യാഭ്യാസം സഹായിക്കും. ബൈബിൾ പറയുന്നു: “തനിക്കുള്ളവർക്കുവേണ്ടി, പ്രത്യേകിച്ച് സ്വന്തകുടുംബത്തിനുവേണ്ടി, കരുതാത്തയാൾ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ മോശമായിരിക്കുന്നു.” (1 തിമൊഥെയൊസ് 5:8) കുടുംബത്തെ പിന്തുണയ്‌ക്കുക എന്ന പവിത്രമായ ഉത്തരവാദിത്വം നിറവേറ്റാൻ വിദ്യാഭ്യാസം നമ്മളെ സഹായിക്കും. വേൾഡ് ബുക്ക് സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് വിദ്യാഭ്യാസത്തിന്റെ പ്രധാന ഉദ്ദേശ്യം “സമൂഹത്തിനു പ്രയോജനം ചെയ്യുന്ന വ്യക്തികളെ വാർത്തെടുക്കുക, . . . അതായത് സമ്പദ്‌വ്യവസ്ഥയ്‌ക്കു ഗുണം ചെയ്യുന്ന നല്ല ജോലിക്കാരെ വാർത്തെടുക്കുക” എന്നതാണ്. അടിസ്ഥാനവിദ്യാഭ്യാസവും വൈദഗ്‌ധ്യവും ഇല്ലാത്ത ഒരാളെക്കാൾ നന്നായി കുടുംബത്തിനുവേണ്ടി കരുതാൻ, നല്ല വിദ്യാഭ്യാസവും വൈദഗ്‌ധ്യവും ഉള്ള ഒരു വ്യക്തിക്കു കഴിയും.—സുഭാഷിതങ്ങൾ 22:29.
കുട്ടികൾക്കുവേണ്ടി മാതാപിതാക്കൾ കരുതുന്ന മറ്റൊരു വിധം ഭാവിക്കുവേണ്ടി അവരെ ഒരുക്കുന്നതാണ്. സ്‌കൂൾ വിദ്യാഭ്യാസം ഇക്കാര്യത്തിൽ വളരെ ഗുണം ചെയ്യും. (2 കൊരിന്ത്യർ 12:14) കുട്ടികൾക്കു സ്‌കൂൾ വിദ്യാഭ്യാസം കൊടുക്കാൻ ഞങ്ങൾ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. അവർ താമസിക്കുന്ന പ്രദേശത്ത് അതു സൗജന്യമല്ലെങ്കിലും ലഭിക്കാൻ ബുദ്ധിമുട്ടാണെങ്കിലും നാട്ടുനടപ്പ് അങ്ങനെയല്ലെങ്കിലും അങ്ങനെ ചെയ്യാനാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. d മാതാപിതാക്കൾക്ക് എങ്ങനെ കുട്ടികളെ പഠനത്തിൽ സഹായിക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ചില പ്രായോഗികനിർദേശങ്ങളും ഞങ്ങൾ നൽകുന്നു. e
വിദ്യാഭ്യാസത്തെ വസ്‌തുനിഷ്‌ഠമായി കാണണം
ഉപരിപഠനസാധ്യതകൾ ഞങ്ങൾ നന്നായി പരിശോധിക്കുന്നു. ബൈബിൾ പറയുന്നു: “അനുഭവജ്ഞാനമില്ലാത്തവൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു; എന്നാൽ വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.” (സുഭാഷിതങ്ങൾ 14:15) ഈ തത്ത്വം മനസ്സിൽപ്പിടിച്ചുകൊണ്ട് ഉപരിപഠനത്തിന്റെ സാധ്യതകളും ചെലവുകളും മൂല്യവും ഞങ്ങൾ പരിശോധിക്കുന്നു. ഉദാഹരണത്തിന്, തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിനു ചെലവിടുന്ന സമയം മിക്കപ്പോഴും പ്രയോജനപ്രദമാണെന്നു ഞങ്ങൾ മനസ്സിലാക്കുന്നു.
ആത്മീയവിദ്യാഭ്യാസത്തിനു മറ്റ് ഏതു വിദ്യാഭ്യാസത്തെക്കാളും മൂല്യമുണ്ട്. ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയ ആത്മീയവിദ്യാഭ്യാസം മറ്റ് ഒരു വിദ്യാഭ്യാസത്തിനും തരാൻ കഴിയാത്ത ജീവരക്ഷാകരമായ ദൈവപരിജ്ഞാനം നൽകുന്നു. (യോഹന്നാൻ 17:3) ധാർമികമൂല്യങ്ങളെക്കുറിച്ചും അതു പഠിപ്പിക്കുന്നു. അതായത്, “നീതിയും ന്യായവും ശരിയും എന്താണെന്നു” പഠിപ്പിക്കുന്നു. (സുഭാഷിതങ്ങൾ 2:9) ഇന്നത്തെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തോടു താരതമ്യപ്പെടുത്താവുന്ന വിദ്യാഭ്യാസം നേടിയ ആളാണ് അപ്പോസ്‌തലനായ പൗലോസ്. എന്നാൽ “ക്രിസ്‌തുയേശുവിനെക്കുറിച്ചുള്ള അറിവിന്റെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ” അത് ഒന്നുമല്ലെന്ന് അദ്ദേഹം സമ്മതിച്ചു. (ഫിലിപ്പിയർ 3:8; പ്രവൃത്തികൾ 22:3) അതുപോലെ ഇന്നും ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടുള്ള പലരും യഹോവയുടെ സാക്ഷികളുടെ ഇടയിലുണ്ട്. എന്നാൽ ആത്മീയവിദ്യാഭ്യാസത്തിനാണു മൂല്യം കൂടുതലുള്ളതെന്ന് അവർ വിശ്വസിക്കുന്നു. f
ഉന്നതവിദ്യാഭ്യാസം ധാർമികവും ആത്മീയവും ആയ അപകടത്തിലേക്കു നയിച്ചേക്കാം
ബൈബിളിലെ ഒരു പഴമൊഴി ഇതാണ്: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു.” (സുഭാഷിതങ്ങൾ 22:3) ചില യൂണിവേഴ്‌സിറ്റികളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അന്തരീക്ഷം ആത്മീയവും ധാർമികവും ആയ അപകടത്തിലേക്കു നയിച്ചേക്കാവുന്നതാണെന്ന് യഹോവയുടെ സാക്ഷികൾ മനസ്സിലാക്കിയിരിക്കുന്നു. അത്തരമൊരു ചുറ്റുപാടിൽ പോയി പഠിക്കുന്നതിനോ അവിടേക്കു മക്കളെ വിടുന്നതിനോ പല സാക്ഷികളും ആഗ്രഹിക്കുന്നില്ല. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിൻവരുന്നതുപോലുള്ള തെറ്റായ ആശയങ്ങൾ ഉന്നമിപ്പിക്കുന്നതായി അവർ ശ്രദ്ധിച്ചിട്ടുണ്ട്.
തെറ്റിദ്ധാരണ: പണം സന്തോഷവും സുരക്ഷിതത്വവും തരും
നല്ല ശമ്പളമുള്ള ജോലി കിട്ടണമെങ്കിൽ ഉന്നതവിദ്യാഭ്യാസം വേണമെന്നാണു പരക്കെയുള്ള ധാരണ. അതുകൊണ്ട് കൂടുതൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തിലാണു അനേകം വിദ്യാർഥികളും യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനു പോകുന്നത്. പണം സന്തോഷവും സുരക്ഷിതത്വവും തരുമെന്നാണു ചിലർ കരുതുന്നത്. എന്നാൽ ആ ചിന്ത മണ്ടത്തരമാണെന്നു ബൈബിൾ തുറന്നുകാട്ടുന്നു. (സഭാപ്രസംഗകൻ 5:10) അതിലും പ്രധാനമായി “പണസ്‌നേഹം എല്ലാ തരം ദോഷങ്ങളുടെയും ഒരു അടിസ്ഥാനകാരണമാണ്” എന്നും അതു മിക്കപ്പോഴും ദൈവവിശ്വാസം നഷ്ടപ്പെടുന്നതിലേക്കു നയിക്കുമെന്നും ബൈബിൾ പഠിപ്പിക്കുന്നു. (1 തിമൊഥെയൊസ് 6:10) “ധനത്തിന്റെ വഞ്ചകശക്തി”യിൽ കുടുങ്ങാതിരിക്കാൻ യഹോവയുടെ സാക്ഷികൾ കഠിനശ്രമം ചെയ്യുന്നു.—മത്തായി 13:22.
തെറ്റിദ്ധാരണ: ഉന്നതവിദ്യാഭ്യാസത്തിലൂടെ ഒരാൾ നല്ല നിലയും വിലയും നേടിയെടുക്കണം
ഉദാഹരണത്തിന്, ജോർജിയയിലെ മുൻ പ്രധാനമന്ത്രിയായിരുന്ന നിക്ക ഗിലാരി തന്റെ നാടിന്റെ പൊതുവേയുള്ള വീക്ഷണത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ജോർജിയയിൽ നല്ല നിലയും വിലയും വേണമെങ്കിൽ ഒരു യൂണിവേഴ്‌സിറ്റി ഡിഗ്രി ഉണ്ടായിരിക്കണം. . . . (മുമ്പ്,) ഡിഗ്രി ഇല്ലാത്തവർ കുടുംബത്തിന് ഒരു അപമാനമായിരുന്നു.” g എന്നാൽ പ്രാമുഖ്യത നേടുന്നതിന് എതിരെ ബൈബിൾ മുന്നറിയിപ്പു തരുന്നു. പ്രാമുഖ്യത നേടാൻ ആഗ്രഹിച്ച, തന്റെ കാലത്തെ മതനേതാക്കന്മാരോടു യേശു ഇങ്ങനെ ചോദിച്ചു: “മനുഷ്യരിൽനിന്ന് പ്രശംസ നേടാൻ ശ്രമിക്കുന്ന നിങ്ങൾക്ക് എങ്ങനെ എന്നെ വിശ്വസിക്കാൻ കഴിയും?” (യോഹന്നാൻ 5:44) ദൈവം വെറുക്കുന്ന അഹങ്കാരം എന്ന ദുർഗുണം വളർന്നുവരാൻ യൂണിവേഴ്‌സിറ്റിയിലെ അന്തരീക്ഷം ഇടയാക്കിയേക്കാം.—സുഭാഷിതങ്ങൾ 6:16, 17; 1 പത്രോസ് 5:5.
തെറ്റിദ്ധാരണ: ശരിയും തെറ്റും എന്താണെന്ന് ഓരോ വ്യക്തിയുമാണു തീരുമാനിക്കേണ്ടത്
ശരിയും തെറ്റും സംബന്ധിച്ച ദൈവത്തിന്റെ നിലവാരമാണ് യഹോവയുടെ സാക്ഷികൾ സ്വീകരിക്കുന്നത്. (യശയ്യ 5:20) മദ്യത്തെയും മയക്കുമരുന്നിനെയും കുറിച്ചുള്ള വിദ്യാഭ്യാസമാസികയിൽ (ഇംഗ്ലീഷ്) പ്രസിദ്ധീകരിച്ചുവന്ന ഒരു ലേഖനത്തിൽ പറയുന്നത് യൂണിവേഴ്‌സിറ്റികളിൽവെച്ച് സമപ്രായക്കാരിൽനിന്ന് സമ്മർദം നേരിടുന്ന പല വിദ്യാർഥികളും “ശരിയും തെറ്റും സംബന്ധിച്ച് അവർക്ക് ഉറപ്പുള്ള കാര്യങ്ങൾക്കു വിപരീതമായി തീരുമാനങ്ങളെടുത്തിരിക്കുന്നു” എന്നാണ്. h “ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു” എന്ന ബൈബിൾതത്ത്വവുമായി ഇതു യോജിക്കുന്നു. (1 കൊരിന്ത്യർ 15:33) മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, വിവാഹത്തിനു പുറത്തുള്ള ലൈംഗികത ഇങ്ങനെ ദൈവം കുറ്റം വിധിക്കുന്ന നടപടികളെല്ലാം മിക്കപ്പോഴും യൂണിവേഴ്‌സിറ്റികളിൽ സാധാരണമാണെന്നു മാത്രമല്ല, അവിടത്തെ ചുറ്റുപാടുകൾ അതിനെ പ്രോത്സാഹിപ്പിക്കുകപോലും ചെയ്യുന്നുണ്ട്.—1 കൊരിന്ത്യർ 6:9, 10; 2 കൊരിന്ത്യർ 7:1.
തെറ്റിദ്ധാരണ: ലോകം നന്നാകണമെങ്കിൽ ഉന്നതവിദ്യാഭ്യാസം ആവശ്യമാണ്
പലരും ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നതു സമ്പത്തുണ്ടാക്കാനോ പേര് നേടാനോ മോശമായ കാര്യങ്ങളിൽ ഏർപ്പെടാനോ അല്ലെന്നു ഞങ്ങൾ സമ്മതിക്കുന്നു, പകരം സ്വയം മെച്ചപ്പെടാനും ലോകത്തെ മെച്ചപ്പെടുത്താനും ആണ്. ഇതൊക്കെ നല്ല ലക്ഷ്യങ്ങളാണെങ്കിലും യഹോവയുടെ സാക്ഷികൾ മറ്റൊരു പാതയാണു തിരഞ്ഞെടുത്തിരിക്കുന്നത്. ലോകപുരോഗതിക്കായി യേശുവിനെപ്പോലെ ഞങ്ങളും നോക്കുന്നതു ദൈവരാജ്യത്തിലേക്കാണ്. (മത്തായി 6:9, 10) എങ്കിലും, ദൈവരാജ്യം ലോകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻവേണ്ടി ഞങ്ങൾ വെറുതേ കാത്തിരിക്കുക മാത്രമല്ല ചെയ്യുന്നത്. യേശുവിനെപ്പോലെ ലോകത്തെങ്ങും “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത” അറിയിക്കുകയും ചെയ്യുന്നു. (മത്തായി 24:14) അങ്ങനെ ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളെ ജീവിതം മെച്ചപ്പെടുത്താൻ ഞങ്ങൾ സഹായിക്കുന്നു. i
a മാതാപിതാക്കളോടൊപ്പം താമസിക്കുന്ന സാക്ഷികളായ യുവാക്കൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, ദൈവനിയമത്തിനു വിരുദ്ധമാകാത്തിടത്തോളം മാതാപിതാക്കളുടെ തീരുമാനത്തിനു കീഴ്‌പെടുന്നു.—കൊലോസ്യർ 3:20.
b ആ ലക്ഷ്യത്തിൽ, എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക (ഇംഗ്ലീഷ്) എന്നതുപോലുള്ള സാക്ഷരതാപ്രസിദ്ധീകരണങ്ങളുടെ ഒരു കോടി പത്തു ലക്ഷത്തിലധികം കോപ്പികൾ ഞങ്ങൾ പ്രസിദ്ധീകരിച്ചു. ലോകമെങ്ങുമായി 120 ഭാഷകളിൽ ഞങ്ങൾ സൗജന്യമായി സാക്ഷരത ക്ലാസ്സുകൾ നടത്തുന്നുണ്ട്. 2003-നും 2017-നും ഇടയ്‌ക്ക് ഏതാണ്ട് 70,000 പേരെ എഴുത്തും വായനയും പഠിപ്പിക്കാൻ കഴിഞ്ഞു.
c “ഞാൻ പഠിപ്പു നിറുത്തണോ?” എന്ന ലേഖനം കാണുക.
d ഉദാഹരണത്തിന്, ആൺകുട്ടികളെയും പെൺകുട്ടികളെയും സ്‌കൂളിൽ വിടാൻ ഞങ്ങൾ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. 2003 മാർച്ച് 15 വീക്ഷാഗോപുരത്തിലെ “എന്റെ കുട്ടിയെ സ്‌കൂളിൽ വിടണമോ?” എന്ന ലേഖനം കാണുക.
e “നിങ്ങളുടെ കുട്ടിയെ ഗ്രേഡ് മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കാം?” എന്ന ലേഖനം കാണുക.
f jw.org വെബ്‌സൈറ്റിലെ “ജീവന്റെ ഉത്ഭവത്തെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങൾ” എന്ന ഭാഗം കാണുക.
g പ്രായോഗിക സാമ്പത്തിക വ്യവസ്ഥ: ജോർജിയയിലെ സാമ്പത്തിക പരിവർത്തനവും ഗവൺമെന്റ് പരിഷ്‌കരണവും 2004—2012 (ഇംഗ്ലീഷ്), പേജ് 170.
h 2017 ഏപ്രിൽ, നമ്പർ 1, വാല്യം 61, പേജ് 72.
i ജീവിതം മെച്ചപ്പെടുത്താനുള്ള ദൈവവചനത്തിന്റെയും ദൈവരാജ്യസന്ദേശത്തിന്റെയും ശക്തി കാണിക്കുന്ന ചില ഉദാഹരണങ്ങൾക്കു jw.org വെബ്‌സൈറ്റിലെ “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന ഭാഗം കാണുക.