വാക്കുകളില്ലാത്ത പരിഭാഷ!
യഹോവയുടെ സാക്ഷികൾ ബൈബിളിനെ അടിസ്ഥാനമാക്കിയ വിവരങ്ങൾ ഇംഗ്ലീഷിൽനിന്ന് 900-ത്തിലധികം ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നു. പരിഭാഷ ശ്രമകരമായ ഒരു ജോലിയാണ്. അത് ആംഗ്യഭാഷയിലേക്കാണെങ്കിൽ കുറെയേറെ ജോലികൾകൂടി ചെയ്യേണ്ടിവരും. പല ബധിരരും കൈകളും മുഖഭാവങ്ങളും ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. അതുകൊണ്ട് ആംഗ്യഭാഷയിലെ പരിഭാഷകർ അക്ഷരങ്ങളിൽനിന്ന് വീഡിയോയിലേക്കാണു പരിഭാഷ ചെയ്യുന്നത്. യഹോവയുടെ സാക്ഷികൾ ഇതേ വിധത്തിൽ 90-ലധികം ആംഗ്യഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ആരാണ് പരിഭാഷകർ?
സാക്ഷികളായ എല്ലാ പരിഭാഷകരെയുംപോലെ ആംഗ്യഭാഷയിലെ പരിഭാഷകരും അവരുടെ ഭാഷ നന്നായി അറിയാവുന്നവരാണ്. അവരിൽ പലരും ചെറുപ്പം മുതൽ ആംഗ്യഭാഷ ഉപയോഗിച്ച് പരിചയമുള്ള ബധിരരോ ബധിരരുള്ള കുടുംബങ്ങളിൽ വളർന്നുവന്ന കേൾവിശക്തിയുള്ളവരോ ആയിരിക്കാം. ഈ പരിഭാഷകർ നന്നായി ബൈബിൾ പഠിക്കുന്നവരുമാണ്.
പുതിയ പരിഭാഷകർക്ക് പരിഭാഷയുടെ തത്ത്വങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന വിപുലമായ പരിശീലനം ലഭിക്കും. ഉദാഹരണത്തിന് ആൻഡ്രു പറയുന്നു: “ചെറുപ്പത്തിൽ ബധിരർക്കുള്ള സ്കൂളിൽ പഠിക്കുകയും ആംഗ്യഭാഷ ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിലും പരിഭാഷകർക്കുള്ള പരിശീലനം ഭാഷയുടെ വ്യാകരണഘടന മനസ്സിലാക്കാൻ എന്നെ സഹായിച്ചു. ഒരാശയം കൃത്യമായി അവതരിപ്പിക്കുന്നതിന് ആംഗ്യങ്ങളും മുഖഭാവങ്ങളും ശരീരചലനങ്ങളും എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്നു മറ്റു പരിഭാഷകർ എന്നെ പഠിപ്പിച്ചു.”
ഗുണമേന്മയുള്ള പരിഭാഷ ഉറപ്പാക്കുന്നു
പരിഭാഷകർ ഒരു ടീമായിട്ടാണ് പ്രവർത്തിക്കുന്നത്. ഓരോ ടീമംഗത്തിനും ഓരോ ഉത്തരവാദിത്വങ്ങളുണ്ട്. ഒരാൾ പരിഭാഷപ്പെടുത്തുന്നു, മറ്റേയാൾ പരിഭാഷയുടെ കൃത്യത ഉറപ്പാക്കുന്നു, അടുത്തയാൾ ഭാഷയുടെ തനിമയും വ്യാകരണവും പരിശോധിക്കുന്നു. പരിഭാഷയെക്കുറിച്ചുള്ള അഭിപ്രായം അറിയാൻ പല സ്ഥലങ്ങളിലും പശ്ചാത്തലങ്ങളിലും ഉള്ള ബധിരരായ കുറച്ച് പേരെ ആ വീഡിയോകൾ കാണിക്കാറുണ്ട്. ഇതു പരിഭാഷ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിലൂടെ ആംഗ്യങ്ങളും മുഖഭാവങ്ങളും സ്വാഭാവികമാണെന്നും പുറത്തിറക്കുന്ന വീഡിയോയിലെ വിവരങ്ങൾ കൃത്യവും വ്യക്തവും ആണെന്നും ഉറപ്പാക്കാൻ കഴിയുന്നു.
ഈ പരിഭാഷകർ ആംഗ്യഭാഷയിലുള്ള സഭായോഗങ്ങളാണ് സാധാരണ കൂടുന്നത്. സാക്ഷികളല്ലാത്ത ബധിരരെ ഇവർ ബൈബിൾ പഠിപ്പിക്കാറുമുണ്ട്. അതുകൊണ്ട് ആളുകൾ സാധാരണ ഉപയോഗിക്കുന്ന ഭാഷയുമായി പരിഭാഷകർ എപ്പോഴും പരിചിതരായിരിക്കും.
എന്തിന് ഇത്രയധികം ശ്രമം?
“എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള” ആളുകൾ ബൈബിളിന്റെ ആശ്വാസവും പ്രത്യാശയും തരുന്ന സന്ദേശത്തോടു പ്രതികരിക്കുമെന്നു ബൈബിൾ പറയുന്നു. (വെളിപാട് 7:9) ഇതിൽ ആംഗ്യഭാഷക്കാരും ഉൾപ്പെടുന്നു.
ഈ വിലപ്പെട്ട സേവനത്തിനായി സമയവും കഴിവും ഉപയോഗിക്കാൻ പരിഭാഷകർക്കു സന്തോഷമാണ്. ഒരു പരിഭാഷകനായ ടോണി പറയുന്നു: “ഒരു ബധിരനായതുകൊണ്ട് ബധിരർ നേരിടുന്ന ബുദ്ധിമുട്ടുകൾ എനിക്കു നന്നായി അറിയാം. കഴിയുന്നത്ര ബധിരരെ കണ്ട് ബൈബിളിൽനിന്നുള്ള യഥാർഥപ്രത്യാശ അവരെ അറിയിക്കണമെന്നു ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു.”
ഒരു ആംഗ്യഭാഷ പരിഭാഷാക്കൂട്ടത്തിൽ സേവിക്കുന്ന അമാൻഡ പറയുന്നു: “ബധിരരർക്കുവേണ്ടി ബൈബിൾവിവരങ്ങൾ പരിഭാഷ ചെയ്യുമ്പോൾ മുമ്പത്തെ ജോലിയിൽ ചെയ്തിരുന്നതിനെക്കാൾ വളരെയധികം കാര്യങ്ങൾ ചെയ്യുന്നതുപോലെ എനിക്കു തോന്നുന്നു.”
നിങ്ങളുടെ ആംഗ്യഭാഷയിലുള്ള വീഡിയോകൾ എങ്ങനെ കണ്ടെത്താം?
jw.org വെബ്സൈറ്റിൽനിന്ന് ആംഗ്യഭാഷയിലുള്ള വീഡിയോകൾ കണ്ടെത്തുന്നതിന്, “ആംഗ്യഭാഷയിലുള്ള വിവരങ്ങൾ കണ്ടെത്താൻ” എന്ന ഭാഗം നോക്കുക.