ക്യുബെക്ക് ആംഗ്യഭാഷയിലേക്കും പരിഭാഷ!
കിഴക്കൻ കാനഡയിലെ ഫ്രഞ്ച് ഭാഷക്കാർക്കിടയിലുള്ള ബധിരരിൽ മിക്കവരും ക്യുബെക്ക് ആംഗ്യഭാഷയാണ് (LSQ) a ഉപയോഗിക്കുന്നത്. അവിടെ ആകെ 6,000 ബധിരരേ ഉള്ളൂ. അതുകൊണ്ട് ഈ ഭാഷയിൽ ആവശ്യത്തിന് പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നില്ല. ബൈബിളിനെക്കുറിച്ച് കൂടുതൽ അറിയാൻ ബധിരരെ സഹായിക്കുന്നതിനായി യഹോവയുടെ സാക്ഷികൾ ഈ അടുത്ത്, ക്യുബെക്ക് ആംഗ്യഭാഷയിൽ നല്ല ഗുണനിലവാരമുള്ള പ്രസിദ്ധീകരണങ്ങൾ സൗജന്യമായി പുറത്തിറക്കി. അതിനായി അവർ നല്ല ശ്രമവും ചെയ്തു.
അവരുടെ ശ്രമങ്ങൾ ഇത്ര പ്രധാനപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ മാർസലിന്റെ കഥ കേൾക്കുക. കാനഡയിലെ ക്യുബെക്ക് സംസ്ഥാനത്തിൽ 1941-ലാണ് മാർസൽ ജനിച്ചത്. രണ്ടു വർഷത്തിനു ശേഷം മെനിൻജൈറ്റിസ് ബാധിച്ച് അദ്ദേഹത്തിനു കേൾവി നഷ്ടപ്പെട്ടു. മാർസൽ പറയുന്നു: “ഒമ്പതാം വയസ്സിൽ ബധിരർക്കുള്ള സ്കൂളിൽ ഞാൻ പോകാൻതുടങ്ങി. അവിടെ ക്യുബെക്ക് ആംഗ്യഭാഷ ഞാൻ പഠിച്ചു. ആംഗ്യഭാഷയുടെ അടിസ്ഥാന വിവരങ്ങൾ പഠിക്കാൻ സഹായിക്കുന്ന പുസ്തകങ്ങളുണ്ടെങ്കിലും ആംഗ്യഭാഷയിൽ ഒരു പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നില്ല.”
ക്യുബെക്ക് ആംഗ്യഭാഷയിൽ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? മാർസൽ എന്താണു പറയുന്നതെന്നു നോക്കാം: “ബധിരരായവർ, വിവരങ്ങൾ പൂർണമായി മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ ലഭിക്കാൻ ആഗ്രഹിക്കുന്നു. ആംഗ്യഭാഷയിൽ പ്രസിദ്ധീകരണങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾക്ക് മറ്റൊരു സംസാരഭാഷയെ ആശ്രയിക്കേണ്ടിവരും. അങ്ങനെയായാൽ ഒരുപാടു വിവരങ്ങൾ ഞങ്ങൾക്കു മനസ്സിലാകാതെ പോകും.”
ക്യുബെക്ക് ആംഗ്യഭാഷ ഉപയോഗിക്കുന്ന മാർസലിനും മറ്റ് ബധിരരായവർക്കുംവേണ്ടി 2005-ൽ യഹോവയുടെ സാക്ഷികൾ ആ ഭാഷയിലുള്ള ആദ്യത്തെ പ്രസിദ്ധീകരണം പുറത്തിറക്കി. ഈ അടുത്ത് ക്യുബെക്കിലെ മോൺട്രിയയിലുള്ള അവരുടെ പരിഭാഷാകേന്ദ്രം വികസിപ്പിച്ചു. അവിടത്തെ ഓഫീസിൽ ഏഴ് മുഴുവൻ സമയ പ്രവർത്തകരും 12-ലേറെ പാർട്ട് ടൈം പ്രവർത്തകരും ഉണ്ട്. മൂന്ന് പരിഭാഷാടീമുകൾ അവിടത്തെ രണ്ടു പ്രൊഫഷണൽ സ്റ്റുഡിയോകളിൽ ക്യുബെക്ക് ആംഗ്യഭാഷയിലെ വീഡിയോകൾ നിർമിക്കുന്നു.
ഈ ആംഗ്യഭാഷാകൂട്ടത്തിലുള്ള ബധിരരായവർ യഹോവയുടെ സാക്ഷികൾ പുറത്തിറക്കുന്ന നിലവാരമുള്ള പ്രസിദ്ധീകരണങ്ങളെ വിലമതിക്കുന്നു. അവിടത്തെ ഒരു സംഘടനയുടെ (Sourds de l’Estrie b) അസിസ്റ്റന്റ് ഡയറക്ടറുടെ അഭിപ്രായം ഇതാണ്: “അവരുടെ പ്രസിദ്ധീകരണങ്ങളെല്ലാം നന്നായി തയ്യാറാക്കിയിട്ടുള്ളതാണ്. ആംഗ്യങ്ങളൊക്കെ വളരെ വ്യക്തമാണ്. മുഖഭാവങ്ങൾ മനോഹരമായിട്ടുണ്ട്. അതുപോലെ വീഡിയോ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വസ്ത്രധാരണം നല്ലതാണ്.”
ലോകമെമ്പാടും, യഹോവയുടെ സാക്ഷികൾ ആഴ്ചതോറും നടത്തുന്ന അവരുടെ യോഗങ്ങളിൽ ഉപയോഗിക്കുന്ന മാസികയാണ് വീക്ഷാഗോപുരം. ഇപ്പോൾ ക്യുബെക്കിലുള്ള ഏഴ് ആംഗ്യഭാഷാ സഭകളിലും ഗ്രൂപ്പുകളിലും ഹാജരാകുന്ന 220 യഹോവയുടെ സാക്ഷികൾക്കും മറ്റുള്ളവർക്കും ഈ മാസിക ആംഗ്യഭാഷയിൽ ലഭ്യമാണ്. c ഇതു കൂടാതെ യഹോവയുടെ സാക്ഷികൾ ക്യുബെക്ക് ആംഗ്യഭാഷയിലുള്ള മറ്റ് അനേകം വീഡിയോകൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നു. അതിൽ ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ള നല്ല പാട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുമ്പു പറഞ്ഞ മാർസൽ വളരെ ആവേശത്തിലാണ്. കാരണം ക്യുബെക്ക് ആംഗ്യഭാഷയിൽ ഇപ്പോൾ ധാരാളം പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. എന്നാൽ യഹോവയുടെ സാക്ഷികൾ പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങൾ അദ്ദേഹം പ്രത്യേകാൽ വിലമതിക്കുന്നു. മാർസൽ പറയുന്നു: “jw.org വെബ്സൈറ്റിൽ ധാരാളം ആംഗ്യഭാഷാ വീഡിയോകൾ ഉള്ളത് വലിയ ഒരു അനുഗ്രഹമാണ്. എന്റെ ഭാഷയിൽത്തന്നെ ഈ കാര്യങ്ങളെല്ലാം ലഭ്യമായതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.”
a LSQ ഭാഷയ്ക്ക് (ഫ്രഞ്ച് ഭാഷയിൽ Langue des signes québécoise) വ്യാപകമായി ഉപയോഗിക്കുന്ന അമേരിക്കൻ ആംഗ്യഭാഷയുമായി ചില സാമ്യങ്ങളുണ്ടെങ്കിലും ഈ ഭാഷയ്ക്ക് ചില പ്രത്യേകതകളുണ്ട്.
b ക്യുബെക്കിലെ ബധിരർക്കുവേണ്ടിയുള്ള ഒരു സന്നദ്ധസംഘടന.
c വീക്ഷാഗോപുരത്തിന്റെ മാസംതോറുമുള്ള പഠനപ്പതിപ്പ് ക്യുബെക്ക് ആംഗ്യഭാഷയിൽ 2017 ജനുവരി മുതൽ ലഭ്യമാക്കിയിരിക്കുന്നു.