വിവരങ്ങള്‍ കാണിക്കുക

രംഗം ഭാവന​യിൽ കാണാൻ വായന​ക്കാ​രെ സഹായി​ക്കു​ന്നു

രംഗം ഭാവന​യിൽ കാണാൻ വായന​ക്കാ​രെ സഹായി​ക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും പാഠഭാ​ഗ​ത്തി​ന്റെ മാറ്റു കൂട്ടുന്ന ബഹുവർണ​ചി​ത്ര​ങ്ങ​ളുണ്ട്‌. പക്ഷേ, പണ്ട്‌ അങ്ങനെ​യാ​യി​രു​ന്നി​ല്ല. 1879-ൽ സീയോ​ന്റെ വീക്ഷാ​ഗോ​പു​രം എന്ന മാസിക ആദ്യമാ​യി പുറത്തി​റ​ക്കി​യ​പ്പോൾ അതിൽ ചിത്ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. വർഷങ്ങ​ളോ​ളം ഞങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഈ രീതി തുടർന്നു. നിറയെ എഴുത്ത്‌; വല്ലപ്പോ​ഴും എന്തെങ്കി​ലും ഒരു ചിത്ര​മോ ഫോ​ട്ടോ​യോ, അതും ബ്ലാക്ക്‌-ആൻഡ്‌-വൈറ്റ്‌!

എന്നാൽ ഇന്നു കാര്യങ്ങൾ അടിമു​ടി മാറി. ഞങ്ങളുടെ പല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ഇപ്പോൾ നിറയെ ചിത്ര​ങ്ങ​ളുണ്ട്‌. അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ഈ വെബ്‌​സൈ​റ്റി​ലും കാണുന്ന മിക്ക ചിത്ര​ങ്ങ​ളും ഫോ​ട്ടോ​ക​ളും തയ്യാറാ​ക്കു​ന്നത്‌ ഞങ്ങളു​ടെ​ത​ന്നെ ചിത്ര​കാ​ര​ന്മാ​രും ഫോ​ട്ടോ​ഗ്രാ​ഫർമാ​രും ആണ്‌. ശ്രദ്ധ​യോ​ടെ സമഗ്ര​മാ​യി ഗവേഷണം നടത്തി​യ​ശേ​ഷ​മാണ്‌ സുപ്ര​ധാ​ന​മാ​യ ചരി​ത്ര​സ​ത്യ​ങ്ങ​ളും ബൈബിൾവി​ഷ​യ​ങ്ങ​ളും പഠിപ്പി​ക്കു​ന്ന ഈ ചിത്രങ്ങൾ തയ്യാറാ​ക്കു​ന്നത്‌.

ഈ ലേഖന​ത്തോ​ടൊ​പ്പം കൊടു​ത്തി​രി​ക്കു​ന്ന ചിത്രം​ത​ന്നെ ഉദാഹ​ര​ണം. ഇത്‌ ആദ്യം വന്നത്‌ “ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​സാ​ക്ഷ്യം” നൽകുക! എന്ന പുസ്‌ത​ക​ത്തി​ന്റെ 19-ാം അധ്യാ​യ​ത്തി​ലാണ്‌. പഴയകാ​ല​ത്തെ കൊരി​ന്തു​ന​ഗ​രം ആണ്‌ പശ്ചാത്തലം. പ്രവൃ​ത്തി​കൾ എന്ന ബൈബിൾപു​സ്‌ത​ക​ത്തി​ന്റെ 18-ാം അധ്യാ​യ​ത്തിൽ വിവരി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ നീതി​പീ​ഠ​ത്തി​നു മുന്നിൽ നിൽക്കു​ന്നു. പൗലോസ്‌ ഗല്ലി​യോ​യു​ടെ മുന്നിൽ നിന്നി​രി​ക്കാൻ സാധ്യ​ത​യു​ള്ള മാർബിൾകൊ​ണ്ടു​ള്ള ആ നിർമി​തി​യു​ടെ രൂപം, അതിന്റെ നിറം എന്നിവ​യെ​ക്കു​റി​ച്ചു​ള്ള വിശദാം​ശ​ങ്ങൾ ഗവേഷകർ ചിത്ര​കാ​ര​ന്മാർക്കു നൽകി. പുരാ​വ​സ്‌തു​ശാ​സ്‌ത്ര കണ്ടുപി​ടി​ത്ത​ങ്ങ​ളെ ആധാര​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു ആ വിവരങ്ങൾ. ഒന്നാം നൂറ്റാ​ണ്ടി​ലെ റോമാ​ക്കാ​രു​ടെ വേഷവി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിവര​ങ്ങ​ളും ഗവേഷകർ കൊടു​ത്തു. ചിത്ര​ത്തി​ന്റെ നടുക്കു കാണുന്ന പ്രവി​ശ്യാ​ധി​പ​തി​യായ ഗല്ലി​യോ​ന്റെ വേഷം അദ്ദേഹ​ത്തി​ന്റെ ഔദ്യോ​ഗി​ക പദവി വ്യക്തമാ​ക്കു​ന്ന രീതി​യിൽ ആയിരി​ക്ക​ണ​മ​ല്ലോ. പർപ്പിൾ നിറത്തി​ലു​ള്ള വീതി​യേ​റി​യ കരയോ​ടു​കൂ​ടി​യ അയഞ്ഞ വെള്ള അങ്കിയും കൈയി​ല്ലാ​ത്ത ഒരു ഉടുപ്പും കാൽസി എന്ന്‌ അറിയ​പ്പെ​ടു​ന്ന ഒരുതരം ചെരു​പ്പും ആണ്‌ അദ്ദേഹം ധരിച്ചി​രി​ക്കു​ന്നത്‌. നീതി​പീ​ഠ​ത്തി​ലാ​യി​രി​ക്കു​മ്പോൾ ഗല്ലി​യോൻ വടക്കു​പ​ടി​ഞ്ഞാ​റു തിരി​ഞ്ഞാ​യി​രി​ക്കാം നിന്നി​രു​ന്ന​തെ​ന്നു ഗവേഷകർ കണ്ടെത്തി. പ്രകാശം ഏതു ദിശയിൽനിന്ന്‌ വരുന്ന​താ​യി ചിത്രീ​ക​രി​ക്ക​ണ​മെ​ന്നു തീരു​മാ​നി​ക്കാൻ അതു ചിത്ര​കാ​ര​നെ സഹായി​ച്ചു.

അടുക്കും ചിട്ടയും ഉള്ളത്‌, ഫലപ്രദവും

ഓരോ ചിത്ര​ത്തോ​ടും ബന്ധപ്പെട്ട്‌ ഗവേഷണം ചെയ്‌ത്‌ കണ്ടെത്തിയ വിവരങ്ങൾ കൃത്യ​മാ​യി രേഖ​പ്പെ​ടു​ത്തി ചിത്രങ്ങൾ തരംതി​രിച്ച്‌ സൂക്ഷി​ക്കും. അങ്ങനെ​യാ​കു​മ്പോൾ അവ വീണ്ടും ഉപയോ​ഗി​ക്കാൻ എളുപ്പ​മാണ്‌. ചിത്ര​ങ്ങ​ളും ചാർട്ടു​ക​ളും മറ്റും ഏതു പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ വന്നു എന്നതിനെ അടിസ്ഥാ​ന​മാ​ക്കി തരംതി​രിച്ച്‌ വലിയ കവറു​ക​ളി​ലാ​ക്കി സൂക്ഷി​ക്കു​ക​യാ​യി​രു​ന്നു പതിവ്‌. ഫോ​ട്ടോ​കൾ തരംതി​രി​ച്ചി​രു​ന്ന​താ​കട്ടെ, അവ ഏതു വിഷയത്തെ കേന്ദ്രീ​ക​രി​ച്ചു​ള്ള​താണ്‌ എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രു​ന്നു. എന്നാൽ വർഷങ്ങൾ പിന്നി​ട്ട​പ്പോൾ ഇത്തരം ഫയലു​ക​ളു​ടെ വലുപ്പം കൂടി​ക്കൂ​ടി വന്നു. അതു​കൊണ്ട്‌, അവയിൽനിന്ന്‌ ഏതെങ്കി​ലും ഒരെണ്ണം കണ്ടുപി​ടി​ക്കു​ന്ന​തും വീണ്ടും ഉപയോ​ഗി​ക്കു​ന്ന​തും എളുപ്പമല്ലാതായി.

എന്നാൽ 1991-ൽ അതി​നൊ​രു മാറ്റം​വ​ന്നു. ഞങ്ങളുടെ പ്രത്യേക ആവശ്യ​ത്തിന്‌ ഉപകരി​ക്കും​വി​ധം, വിവരങ്ങൾ പെട്ടെന്നു തിരഞ്ഞ്‌ കണ്ടുപി​ടി​ക്കാ​വു​ന്ന രീതി​യിൽ അവ കമ്പ്യൂ​ട്ട​റി​ലാ​ക്കി. ഇമേജ്‌ സർവീ​സസ്‌ സിസ്റ്റം എന്ന്‌ അറിയ​പ്പെ​ടു​ന്ന ഈ പ്രോ​ഗ്രാ​മിൽ ഇപ്പോൾ 4,40,000-ത്തിലധി​കം ചിത്ര​ങ്ങ​ളുണ്ട്‌. പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഉപയോ​ഗി​ച്ച​വ​യ്‌ക്കു പുറമേ ഭാവി​യിൽ ഉപയോ​ഗി​ക്കു​ന്ന​തി​നുള്ള ആയിര​ക്ക​ണ​ക്കി​നു ചിത്ര​ങ്ങ​ളും ഇതിലുണ്ട്‌.

ഓരോ ചിത്ര​ത്തോ​ടും ബന്ധപ്പെട്ട്‌ വളരെ​യ​ധി​കം വിശദാം​ശ​ങ്ങ​ളും രേഖ​പ്പെ​ടു​ത്തി​വെ​ച്ചി​ട്ടുണ്ട്‌. ഓരോ ചിത്ര​വും എപ്പോൾ, എവിടെ ഉപയോ​ഗി​ച്ചു, അതിലെ ഓരോ വ്യക്തി​യു​ടെ​യും പേര്‌, ചിത്രീ​ക​രി​ച്ചി​രി​ക്കുന്ന സമയം എന്നിവ​യെ​ല്ലാം അതിൽ ഉൾപ്പെ​ടു​ന്നു. ഏറ്റവും യോജിച്ച ചിത്രങ്ങൾ ഇങ്ങനെ പെട്ടെന്നു കണ്ടുപി​ടി​ക്കാൻ കഴിയു​ന്ന​തു​കൊണ്ട്‌, പുതിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ അവ ഉപയോ​ഗി​ക്കാൻ വളരെ എളുപ്പ​മാണ്‌.

ചിലപ്പോൾ ഞങ്ങളു​ടേ​ത​ല്ലാ​ത്ത ഉറവി​ട​ങ്ങ​ളിൽനി​ന്നു​ള്ള ചില പ്രത്യേക ചിത്രങ്ങൾ അനുമ​തി​യോ​ടെ ഞങ്ങൾ ഉപയോ​ഗി​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഉണരുക!-യിലെ ഒരു ലേഖന​ത്തി​നു​വേ​ണ്ടി ശനി ഗ്രഹത്തി​നു ചുറ്റു​മു​ള്ള പ്രകാ​ശ​വ​ല​യ​ത്തി​ന്റെ ചിത്രം വേണ​മെ​ന്നി​രി​ക്ക​ട്ടെ. ഞങ്ങളിൽ ഒരാൾ പറ്റിയ ഒരു ചിത്രം കണ്ടെത്തു​ന്നു. എന്നിട്ട്‌ ഉടമസ്ഥന്റെ അടുത്തു​നിന്ന്‌ അത്‌ ഉപയോ​ഗി​ക്കാ​നു​ള്ള അനുമതി തേടുന്നു. ലോക​വ്യാ​പ​ക​മാ​യി ഞങ്ങൾ ചെയ്യുന്ന വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​നത്തെ മാനിച്ച്‌ ചിലർ അതു സൗജന്യ​മാ​യി തരാറുണ്ട്‌. മറ്റു ചിലർ അതിന്‌ വില ഈടാ​ക്കു​ക​യോ ഉടമസ്ഥത സൂചി​പ്പി​ക്കു​ന്ന ഒരു ലൈൻ ചിത്ര​ത്തോ​ടൊ​പ്പം ചേർക്കാൻ ആവശ്യ​പ്പെ​ടു​ക​യോ ചെയ്യാ​റുണ്ട്‌. ഇതു സംബന്ധിച്ച്‌ ഒരു തീരു​മാ​ന​ത്തിൽ എത്തിയാൽ ആ ചിത്രം ഞങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ ഉപയോ​ഗി​ക്കു​ന്നു. എന്നിട്ട്‌ അതുമാ​യി ബന്ധപ്പെട്ട വിവരങ്ങൾ രേഖ​പ്പെ​ടു​ത്തി​വെ​ക്കു​ന്നു.

ഇന്ന്‌ ഞങ്ങളുടെ ചില പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഏതാണ്ട്‌ മുഴു​വ​നും​ത​ന്നെ ചിത്ര​ങ്ങ​ളാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഈ വെബ്‌​സൈ​റ്റിൽ ബൈബിൾചി​ത്ര​ക​ഥ​ക​ളുണ്ട്‌. കൂടാതെ, ഏതാനും വാക്കു​ക​ളിൽ സുപ്ര​ധാ​ന​മാ​യ പാഠങ്ങൾ പഠിപ്പി​ക്കു​ന്ന ദൈവം പറയു​ന്ന​തു കേൾക്കു​വിൻ! എന്നതു​പോ​ലു​ള്ള, വർണചി​ത്ര​ങ്ങ​ളോ​ടു കൂടിയ ലഘുപ​ത്രി​ക​ക​ളും ഞങ്ങൾ പുറത്തി​റ​ക്കു​ന്നുണ്ട്‌. അവ സൈറ്റി​ലും അച്ചടിച്ച രൂപത്തി​ലും ലഭ്യമാണ്‌. ബൈബി​ളി​ലെ വിവരങ്ങൾ പ്രചരി​പ്പി​ക്കു​ക എന്നതാണ്‌ ഈ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യെ​ല്ലാം ഉദ്ദേശ്യം.