നൂറുകണക്കിനു ഭാഷകളിൽ വീഡിയോ
യഹോവയുടെ സാക്ഷികൾ അവരുടെ പരിഭാഷാജോലിയിൽ പേരുകേട്ടവരാണ്. 2014 നവംബർ ആയപ്പോഴേക്കും ഞങ്ങൾ 125 ഭാഷകളിലേക്ക് ബൈബിളും 742 ഭാഷകളിലേക്ക് ബൈബിൾ പ്രസിദ്ധീകരണങ്ങളും പരിഭാഷ ചെയ്തു കഴിഞ്ഞു. വീഡിയോകളും ഞങ്ങൾ വിവർത്തനം ചെയ്യുന്നുണ്ട്. 2015 ജനുവരി ആയപ്പോഴേക്കും രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ 398 ഭാഷകളിലും ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ 569 ഭാഷകളിലും ലഭ്യമാക്കി. എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചത്, എന്ത് ഉദ്ദേശ്യത്തിൽ?
2014 മാർച്ചിൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ബൈബിളധ്യയനങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വീഡിയോയ്ക്കു വേണ്ടിയുള്ള ഓഡിയോ വിവരങ്ങൾ കഴിയുന്നിടത്തോളം ഭാഷകളിൽ തയാറാക്കാനായി എല്ലാ ബ്രാഞ്ചോഫീസുകൾക്കും നിർദേശം നൽകി.
ഒരു വീഡിയോ പരിഭാഷയിൽ പല പടികളുണ്ട്. ആദ്യം, പ്രാദേശിക പരിഭാഷാ സംഘം സ്ക്രിപ്റ്റ് വിവർത്തനം ചെയ്യുന്നു. പിന്നെ, വീഡിയോയിലെ ഓരോ കഥാപാത്രങ്ങൾക്കും ശബ്ദം നൽകാനായി ആളുകളെ തിരഞ്ഞെടുക്കുന്നു. പിന്നീട്, ഓഡിയോ/വീഡിയോ ടീമുകൾ, വിവർത്തനം ചെയ്തുകിട്ടിയ സ്ക്രിപ്റ്റ് പ്രാദേശികഭാഷയിൽ റെക്കോർഡ് ചെയ്യുന്നു. പിന്നീട് വീഡിയോയിൽ കാണേണ്ട തലക്കെട്ടുകൾ ഉൾപ്പെടുത്തി അത് എഡിറ്റ് ചെയ്ത് പൂർത്തിയാക്കുന്നു. അവസാനം ഓഡിയോ, സ്ക്രിപ്റ്റ്, വീഡിയോ എന്നിവ യോജിപ്പിച്ച ഫയൽ, സൈറ്റിൽ ലഭ്യമാക്കുന്നു.
ചില ബ്രാഞ്ചുകളിൽ ഈ വേലയ്ക്കായി റെക്കോർഡിങ് സംവിധാനങ്ങളും പരിശീലനം നേടിയ ജോലിക്കാരും ഉണ്ട്. എന്നാൽ അതിവിദൂര സ്ഥലങ്ങളിലെ ഭാഷകളുടെ കാര്യമോ?
കൊണ്ടുനടക്കാവുന്ന റെക്കോർഡിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും റെക്കോർഡിങ് നടത്തുന്ന ഒരു കൂട്ടം ഓഡിയോ വിദഗ്ധരുമുണ്ട്. മൈക്രോഫോണും ഓഡിയോ റെക്കോർഡിങ് സംവിധാനമുള്ള കമ്പ്യൂട്ടറും ഉപയോഗിച്ചുകൊണ്ട് വിദഗ്ധനായ ഒരാൾ ഓഫീസിലോ രാജ്യഹാളിലോ വീട്ടിലോ താത്കാലികമായി റെക്കോർഡിങ് സംവിധാനം ഒരുക്കുന്നു. വായിക്കുന്നതും പരിശീലിപ്പിക്കുന്നതും കൃത്യത ഉറപ്പുവരുത്തുന്നതും അവിടുത്തെ മാതൃഭാഷ അറിയാവുന്നവരാണ്. ഒരു സ്ഥലത്തെ റെക്കോർഡിങ് പൂർത്തിയാകുമ്പോൾ ഓഡിയോ വിദഗ്ധൻ റെക്കോർഡിങ് ഉപകരണങ്ങളുമായി അടുത്ത സ്ഥലത്തേക്കു പോകുന്നു.
ഈ വിധത്തിൽ, മുമ്പുണ്ടായിരുന്നതിനെക്കാൾ മൂന്നിരട്ടി ഭാഷകളിൽ വീഡിയോകൾ ഉത്പാദിപ്പിക്കാൻ കഴിയുന്നു.
ഈ വീഡിയോകൾക്കു വളരെ നല്ല സ്വീകരണം കിട്ടി. പല ആളുകളും അവരുടെ മാതൃഭാഷയിൽ കാണുന്ന ആദ്യത്തെ വീഡിയോകൾ നമ്മുടേതായിരുന്നു.
ഓസ്ട്രേലിയയിലെ 2500-ൽപരം ആളുകൾ സംസാരിക്കുന്ന പിറ്റ്ഷാൻഷാൻഷാര ഭാഷയായിരുന്നു റെക്കോർഡിങ് നടന്നതിൽ ഒരെണ്ണം. വടക്കൻ പ്രദേശത്തുള്ള ആലീസ് സ്പ്രിംഗ്സിൽ വെച്ചായിരുന്നു ഇതു റെക്കോർഡു ചെയ്തത്. ഇതിനായി സഹായിച്ച തോമസ് കാലേൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “വീഡിയോകൾ ആവേശത്തോടെയാണ് ആ നാട്ടുകാർ സ്വീകരിച്ചത്. അവർ സ്ക്രീനിൽ കണ്ണുംനട്ടിരുന്നു, കൂടുതൽ വീഡിയോകൾ എവിടെ കിട്ടും എന്ന് അവർ ചോദിച്ചുകൊണ്ടിരുന്നു. ഈ ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ വിരളമാണ്. ഇതു കേട്ടപ്പോൾ—പ്രത്യേകിച്ചു കണ്ടപ്പോൾ—അവർ വിസ്മയഭരിതരായി!”
കാമറൂണിൽ രണ്ടു സാക്ഷികൾ നദിയിലൂടെ വള്ളത്തിൽ യാത്രചെയ്യുകയായിരുന്നു. പിഗ്മികളുടെ ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ അവർ സ്കൂൾ അധ്യാപകനായിരുന്ന ഗ്രാമമുഖ്യനോടു സംസാരിച്ചു. മുഖ്യൻ സംസാരിക്കുന്ന ഭാഷ ബാസ്സയാണെന്നു മനസ്സിലാക്കിയ സഹോദരന്മാർ ആ ഭാഷയിലുള്ള ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ അദ്ദേഹത്തെ കാണിച്ചു. വലിയ മതിപ്പു തോന്നിയിട്ട് അദ്ദേഹം പ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെട്ടു.
ഇന്തൊനീഷ്യയിൽ, ഒരു ഗ്രാമത്തിലെ പ്രാദേശിക മതനേതാവ് യഹോവയുടെ സാക്ഷികളെ എതിർത്തിരുന്നു. ആ പ്രദേശത്തു സാക്ഷികൾ വിതരണം ചെയ്തിരുന്ന പ്രസിദ്ധീകരണങ്ങളെല്ലാം അദ്ദേഹം ചുട്ടുകളഞ്ഞു. പ്രദേശത്തെ മറ്റുചിലർ രാജ്യഹാൾ കത്തിച്ചുകളയുമെന്നു ഭീഷണിപ്പെടുത്തി.ഒരു ദിവസം, നാലു പോലീസുകാർ യഹോവയുടെ സാക്ഷിയായ ഒരു സ്ത്രീയെയും കുടുംബത്തെയും ചോദ്യം ചെയ്തു. രാജ്യഹാളിൽ എന്താണ് നടക്കുന്നത് എന്ന് അവർക്ക് അറിയണമായിരുന്നു. ആ പോലീസുകാരെ രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ ഇന്തൊനീഷ്യൻ ഭാഷയിൽ അവൾ കാണിച്ചു.
വീഡിയോ കണ്ട ശേഷം ഒരു പോലീസുകാരൻ ഇപ്രകാരം പറഞ്ഞു: “നിങ്ങളെപ്പറ്റി അറിയാത്ത ആളുകൾ നിങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അത് എനിക്കു മനസ്സിലായി.” മറ്റൊരു പോലീസുകാരൻ ചോദിച്ചു: “മറ്റുള്ളവരെ കാണിക്കാനായി എനിക്ക് ഈ വീഡിയോ തരാമോ? നിങ്ങളെക്കുറിച്ച് കൃത്യമായ വിവരമാണ് ഈ വീഡിയോ തരുന്നത്.” ഇപ്പോൾ പോലീസിന്റെ മനോഭാവം മാറിയിരിക്കുന്നു, അവർ സാക്ഷികൾക്ക് സംരക്ഷണം നൽകുന്നു.
ഈ വീഡിയോകൾ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ, ഇപ്പോൾ മാതൃഭാഷയിൽ അവയൊന്നു കാണരുതോ?