വിവരങ്ങള്‍ കാണിക്കുക

ബോസെർറ്റ്‌ ഹോട്ടലിനോട്‌ വിടപറയുന്നു

ബോസെർറ്റ്‌ ഹോട്ടലിനോട്‌ വിടപറയുന്നു

രണ്ടായിരത്തിപ്പന്ത്രണ്ട്‌ നവംബറിൽ യഹോവയുടെ സാക്ഷികൾ ബോസെർറ്റ്‌ ഹോട്ടൽ വിറ്റു. പുതിയ ഉടമയെ താക്കോൽ ഏൽപ്പിച്ച്‌ വിരുന്നുവന്നവരെപ്പോലെ സാക്ഷികൾ പടിയിറങ്ങി. വില്‌പനയിൽനിന്ന്‌ ലഭിച്ച പണം യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസവേലയുടെ ഉന്നമനത്തിനായി വിനിയോഗിക്കും.

ഇറ്റാലിയൻ നവോത്ഥാന ശില്‌പമാതൃകയിൽ പണിത 14-നില കെട്ടിടം വിട്ട്‌ സാക്ഷികളുടെ ലോകാസ്ഥാനത്തെ അംഗങ്ങൾ ന്യൂയോർക്കിലെ ബ്രൂക്‌ലിനിനോട്‌ വിടപറയുന്നത്‌ ന്യൂയോർക്കിലെതന്നെ വോർവിക്കിൽ അവർ പുതിയ പ്രവർത്തനകേന്ദ്രം നിർമിക്കുന്നതുകൊണ്ടാണ്‌. പല വർഷങ്ങൾ വേണ്ടിവരും ഈ കൂടുമാറ്റം പൂർത്തിയാകാൻ.

ഒരു നൂറ്റാണ്ട്‌ നീളുന്ന ചരിത്രം

ന്യൂയോർക്കിലെ ഒരു തടിവ്യാപാരിയായിരുന്ന ലൂയിസ്‌ ബോസെർറ്റ്‌ 1909-ൽ പണികഴിപ്പിച്ചതാണ്‌ ബോസെർറ്റ്‌ ഹോട്ടൽ. സ്ഥിരതാമസക്കാരെയും വാടകക്കാരെയും ലക്ഷ്യമിട്ട്‌ ഒരു “അപ്പാർട്ട്‌മെന്റ്‌ ഹോട്ടൽ” എന്ന നിലയ്‌ക്കായിരുന്നു അതു നിർമിച്ചത്‌. വളരെപ്പെട്ടെന്ന്‌ താമസക്കാർ നിറഞ്ഞതിനാൽ 1914-ൽ അദ്ദേഹം കെട്ടിടത്തിന്റെ വലിപ്പം ഇരട്ടിയാക്കി വർധിപ്പിച്ചു. കെട്ടിടത്തിന്റെ നെറുകയിൽ ‘മറൈൻ റൂഫ്‌’ എന്ന പേരിൽ 1916-ൽ ഒരു റെസ്റ്ററന്റും ആരംഭിച്ചു.

1980-കളിലാണ്‌ യഹോവയുടെ സാക്ഷികൾ ഈ കെട്ടിടം വാങ്ങുന്നത്‌. ലോകാസ്ഥാനത്തെ അംഗങ്ങൾക്ക്‌ താമസസൗകര്യം നൽകാനായി അവർ അത്‌ അറ്റകുറ്റങ്ങൾ തീർത്ത്‌ പുതുക്കിയെടുത്തു. നൃത്തശാലകൾ തീന്മുറികളായും മേൽക്കൂരയിലെ റെസ്റ്ററന്റ്‌ താമസക്കാർക്കും അതിഥികൾക്കും ഉപയോഗിക്കാവുന്ന ഒരു സ്വീകരണമുറിയായും വേഷം മാറി.

2010 മുതൽ, ലോകാസ്ഥാനം സന്ദർശിക്കാനായി ലോകമെമ്പാടുംനിന്ന്‌ വന്നെത്തുന്ന യഹോവയുടെ സാക്ഷികളെ താമസിപ്പിക്കാനായി ഈ കെട്ടിടം ഉപയോഗിച്ചുപോന്നിരുന്നു.

അറ്റകുറ്റപ്പണികൾ ചെയ്‌ത്‌ കെട്ടിടത്തെ ഒരു ഹോട്ടലാക്കി മാറ്റാനാണ്‌ പുതിയ ഉടമയുടെ പദ്ധതി. ഏതായാലും, കെട്ടിടം നല്ല നിലയിൽ പരിരക്ഷിക്കപ്പെട്ടിരുന്നതുകൊണ്ട്‌ ബോസെർറ്റിലെ ലളിതമായ ഒറ്റമുറി അപ്പാർട്ട്‌മെന്റുകളെ, ആഡംബര ഹോട്ടലായി മാറ്റിയെടുക്കാൻ അദ്ദേഹത്തിന്‌ വളരെ എളുപ്പമായിരിക്കും.

നഷ്ടപ്രതാപം വീണ്ടെടുത്തപ്പോൾ

ബോസെർറ്റിലേക്ക്‌ യഹോവയുടെ സാക്ഷികൾ കടന്നുവരുന്നതിനു മുമ്പ്‌ ദീർഘകാലത്തെ അവഗണന നിമിത്തം കെട്ടിടം തീരെ മോശമായ സ്ഥിതിയിലായിരുന്നു. വെള്ള നിറത്തിലുള്ള പുറംഭിത്തി അഴുക്കുപുരണ്ടും കെട്ടിടത്തിന്റെ മേൽക്കൂരയ്‌ക്കു ചുറ്റുമുണ്ടായിരുന്ന കളിമണ്ണിൽത്തീർത്ത ചുവർച്ചിത്രവേല പൊട്ടിപ്പൊളിഞ്ഞും കിടന്നിരുന്നു. ജനാലകൾ പഴകി ദ്രവിച്ചിരുന്നു. പ്രാവുകൾ മാത്രമായിരുന്നു മറൈൻ റൂഫിലെ വിരുന്നുകാർ! തന്നിമിത്തം പുതുക്കിപ്പണിക്കായുള്ള ഒരു വലിയ പദ്ധതി സാക്ഷികൾ സമാരംഭിച്ചു. അമേരിക്കയിലെമ്പാടുംനിന്നുള്ള യഹോവയുടെ സാക്ഷികൾ അവരുടെ സമയവും വൈദഗ്‌ധ്യങ്ങളും ഈ പദ്ധതിക്കായി സ്വമേധയാ അർപ്പിച്ചു. അങ്ങനെ 1991-ൽ അറ്റകുറ്റപ്പണി പൂർത്തിയായി.

മാർബിളും കരിങ്കല്ലും കൊണ്ടു പണിതിരുന്ന പുറംഭിത്തി അറ്റകുറ്റപ്പണിയുടെ സമയത്ത്‌ സാക്ഷികൾ വൃത്തിയാക്കുകയും കേടുപോക്കുകയും ചെയ്‌തു. മേൽക്കൂരയ്‌ക്കു ചുറ്റുമുണ്ടായിരുന്ന ചിത്രവേല അതേരൂപത്തിൽ ഭാരം കുറഞ്ഞ ഫൈബർഗ്ലാസിൽ പുനരാവിഷ്‌കരിച്ചു. അതുപോലെ മഹാഗണികൊണ്ടുള്ള പുതിയ ജനാലകളും സ്ഥാപിച്ചു.

കെട്ടിടത്തിന്റെ ഉൾഭാഗവും അവർ മുഴുവനായും പുതുക്കിപ്പണിതു. പോയകാലത്തെ പ്രൗഢിയോടെതന്നെ പ്രവേശനകവാടവും പൂമുഖവും പുനരുദ്ധരിച്ചു. മാർബിൾച്ചുമരുകളുടെ കേടുപോക്കാൻ ഇറ്റലിയിലെ ഒറിജിനൽ ഖനികളിൽനിന്നുതന്നെ മാർബിൾ കൊണ്ടുവരുകയായിരുന്നു! വെള്ളം പനച്ചിറങ്ങി കേടുവന്നിരുന്ന ചിത്രഖചിതമായ മച്ചുകളെല്ലാം അതേപടി പുനഃസ്ഥാപിച്ചു.

പൂമുഖത്ത്‌ തലയുയർത്തി നിന്നിരുന്ന പടുകൂറ്റൻ ഇരുമ്പുതൂണുകളുടെ കേടുപോക്കുക ശരിക്കും ഒരു വെല്ലുവിളിയായിരുന്നു. കണ്ടാൽ തനി മാർബിൾപോലെ തോന്നിക്കുന്ന തരത്തിൽ തേച്ചുമിനുക്കുന്ന ഒരു ഇറ്റാലിയൻ തച്ചുവിദ്യയായ സ്‌കാഗ്ലിയോലാ സങ്കേതം ഉപയോഗിച്ചായിരുന്നു അവയുടെ പുറം മിനുക്കിയിരുന്നത്‌. പക്ഷേ, പഴയ ഉടമകൾ അവയുടെ മുകളിൽ പല പ്രാവശ്യം പെയിന്റടിച്ച്‌ വിടുകയായിരുന്നു. പുനർനിർമാണ പ്രവർത്തനത്തിനെത്തിയ സന്നദ്ധസേവകർക്ക്‌ ആർക്കും സ്‌കാഗ്ലിയോലാ സങ്കേതം വശമില്ലായിരുന്നു. എന്നാൽ ഇത്തരത്തിൽ കൃത്രിമ മാർബിൾപ്പണി ചെയ്യുന്നതിന്റെ രീതിശാസ്‌ത്രം അടങ്ങുന്ന ഒരു പുസ്‌തകം അടുത്തുള്ള ഒരു സർവകലാശാലയുടെ ഗ്രന്ഥശാലയിൽനിന്ന്‌ അവർ തപ്പിയെടുത്തു. ആ വിവരങ്ങൾ അവർ നന്നായി പഠിച്ചു. ഒടുവിൽ ആഴ്‌ചകൾക്കു ശേഷം, ഗതകാലപ്രൗഢിയോടു കിടപിടിക്കുന്ന രീതിയിൽത്തന്നെ തൂണുകളുടെ മിനുക്കുപണി പൂർത്തിയാക്കാൻ അവർക്കു സാധിച്ചു.

1991-ൽ പുതുക്കിപ്പണി തീർന്നപ്പോൾ അതിമനോഹരവും വളരെ സൗകര്യപ്രദവും ആയ ഒരു കെട്ടിടമായി ബോസെർറ്റ്‌ വേഷംമാറിക്കഴിഞ്ഞിരുന്നു. ഈ കഠിനയത്‌നത്തെ ശ്ലാഘിച്ചുകൊണ്ട്‌, ഏറ്റവും മികച്ച കെട്ടിടപരിപാലനത്തിനുള്ള ലൂസി. ജി. മോസസ്‌ കെട്ടിടപരിരക്ഷാ പുരസ്‌കാരം ബോസെർറ്റിന്‌ ലഭിക്കുകയുണ്ടായി.