ചരിത്രസ്മൃതികൾ
ആഗോളതലത്തിലുള്ള സാക്ഷരതാമുന്നേറ്റം
“ഞാൻ ഒരു ഫാമിലാണു ജനിച്ചുവളർന്നത്” ബ്രസീലിൽ താമസിക്കുന്ന അഗസ്റ്റിനോ പറയുന്നു. “ഞങ്ങൾ വളരെ പാവപ്പെട്ടവരായിരുന്നു. കുടുംബത്തെ സഹായിക്കാൻ പഠിപ്പു നിറുത്തി എനിക്കു ജോലിക്കു പോകേണ്ടിവന്നു.” അഗസ്റ്റിനോ എഴുത്തും വായനയും പഠിച്ചത് 33-ാമത്തെ വയസ്സിലാണ്. “എഴുതാനും വായിക്കാനും പഠിച്ചപ്പോൾ എന്റെ അന്തസ്സും അഭിമാനവും കൂടി” എന്ന് അദ്ദേഹം പറയുന്നു.
അഗസ്റ്റിനോയെപ്പോലെയുള്ള രണ്ടര ലക്ഷത്തിലധികം ആളുകളെയാണു കഴിഞ്ഞ 70 വർഷങ്ങളിലായി യഹോവയുടെ സാക്ഷികൾ എഴുത്തും വായനയും പഠിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ അവരെ പഠിപ്പിക്കുന്നത്? അത്തരം വിദ്യാഭ്യാസം ആളുകൾക്കു പ്രയോജനപ്പെട്ടത് എങ്ങനെയാണ്?
നിരക്ഷരത ഒരു വിലങ്ങുതടി
1930-കളുടെ മധ്യത്തിൽ 115 ദേശങ്ങളിലായിട്ടാണ് യഹോവയുടെ സാക്ഷികളുടെ പ്രസംഗപ്രവർത്തനം നടന്നിരുന്നത്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ പക്കൽ സുവിശേഷം എത്തിക്കുന്നതിനായി പരിഭാഷ ചെയ്ത ബൈബിൾപ്രസംഗങ്ങളുടെ റെക്കോർഡിങ്ങുകൾ മിഷനറിമാർ ഉപയോഗിച്ചുപോന്നു. ചിലപ്പോൾ അവർ പ്രാദേശികഭാഷകളിൽ ലഭ്യമായിരുന്ന പ്രസിദ്ധീകരണങ്ങളും കൊടുക്കും. ബൈബിൾ പഠിക്കാൻ അനേകം ആളുകൾക്കും ഇഷ്ടമായിരുന്നെങ്കിലും ഭൂരിഭാഗം പേർക്കും എഴുത്തും വായനയും അറിയില്ല എന്നത് ഒരു വിലങ്ങുതടിയായി.
സ്വന്തമായി ബൈബിൾ വായിക്കാൻ കഴിയാത്തതുകൊണ്ട് ബൈബിൾതത്ത്വങ്ങൾ ബാധകമാക്കാൻ ആളുകൾ ബുദ്ധിമുട്ടി. (യോശുവ 1:8; സങ്കീർത്തനം 1:2, 3) കൂടാതെ, ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും അവർക്ക് അതൊരു തടസ്സമായി. ഉദാഹരണത്തിന്, മാതാപിതാക്കൾക്കു വായിക്കാൻ അറിയില്ലെങ്കിൽ മക്കളെ ഒരു കാര്യം പഠിപ്പിക്കാൻ അവർ വല്ലാതെ കഷ്ടപ്പെടും. (ആവർത്തനം 6:6, 7) ഇനി, പുതുതായി സത്യം പഠിച്ചവർക്കു ബൈബിൾ ഉപയോഗിച്ച് മറ്റുള്ളവരെ പഠിപ്പിക്കുന്നതും പ്രയാസം ആയിരിക്കും.
സാക്ഷരതാപ്രവർത്തനങ്ങളുടെ ആരംഭം
1940-കളിലും 1950-കളിലും യഹോവയുടെ സാക്ഷികൾക്കു നേതൃത്വം നൽകിയ നേഥൻ എച്ച്. നോർ, മിൽട്ടൻ ജി. ഹെൻഷൽ എന്നീ സഹോദരങ്ങൾ സുവിശേഷവേല സംഘടിപ്പിക്കുന്നതിനായി വിവിധ ദേശങ്ങളിൽ സഞ്ചരിച്ചു. പല ദേശങ്ങളിലും എഴുത്തും വായനയും അറിയാത്ത ധാരാളം ആളുകളുണ്ടായിരുന്നു. അതുകൊണ്ട് സാക്ഷരതാക്ലാസ്സുകൾ സഭകളിൽ തുടങ്ങാൻ അവർ അതാതു ബ്രാഞ്ചോഫീസിനോട് ആവശ്യപ്പെട്ടു.
ക്ലാസ്സുകൾ എങ്ങനെ നടത്തണമെന്നുള്ള നിർദേശങ്ങൾ ബ്രാഞ്ചോഫീസ് സഭകൾക്ക് അയച്ചുകൊടുത്തു. ചില ദേശങ്ങളിൽ അവിടത്തെ ഗവൺമെന്റ് നടത്തിപ്പോരുന്ന സാക്ഷരതാപഠനരീതികളാണു യഹോവയുടെ സാക്ഷികളും പിൻപറ്റിയത്. ഉദാഹരണത്തിന്, ബ്രസീലിൽ ബ്രാഞ്ചോഫീസ് അവിടത്തെ ഗവൺമെന്റിൽനിന്ന് പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വാങ്ങിച്ച്, അതു സഭകൾക്ക് അയച്ചുകൊടുത്തു. മറ്റിടങ്ങളിലാകട്ടെ, സാക്ഷരതാപരിപാടികൾ യഹോവയുടെ സാക്ഷികൾതന്നെ വികസിപ്പിച്ചെടുക്കണമായിരുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും സാക്ഷരതാക്ലാസ്സിൽ പങ്കെടുക്കാമായിരുന്നു. ഈ ക്ലാസ്സിന്റെ ലക്ഷ്യം മാതൃഭാഷ വായിക്കാൻ പഠിപ്പിക്കുക എന്നതായിരുന്നു. ചിലപ്പോൾ ഒരു സഭയിൽത്തന്നെ വ്യത്യസ്ത ഭാഷകളിലുള്ള പഠനക്ലാസ്സുകൾ ഉണ്ടായിരിക്കും.
ആളുകളെ സഹായിക്കുന്ന ഒരു പരിപാടി
ഈ സാക്ഷരതാപരിപാടിയിൽനിന്ന് ആളുകൾക്ക് എങ്ങനെയാണു പ്രയോജനം കിട്ടിയത്? മെക്സിക്കോയിലെ ഒരു യഹോവയുടെ സാക്ഷി പറയുന്നു: “ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ യഥാർഥ അർഥം എനിക്ക് ഇപ്പോഴാണു മനസ്സിലായത്. ആ കാര്യങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. വായിക്കാൻ അറിയാവുന്നതുകൊണ്ട് അയൽക്കാരോടു നല്ല രീതിയിൽ സംസാരിക്കാനും, ബൈബിളിന്റെ സന്ദേശം അനേകം ആളുകളെ അറിയിക്കാനും എനിക്കു കഴിയുന്നു.”
ബൈബിൾ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു പുറമേ മറ്റു പ്രയോജനങ്ങളും ഈ സാക്ഷരതാപരിപാടി മൂലം ഉണ്ടായി. ബുറുണ്ടിയിലെ ഐസക് പറയുന്നു: “എഴുതാനും വായിക്കാനും പഠിച്ചതുകൊണ്ട് നിർമാണപ്രവർത്തനത്തെക്കുറിച്ച് കൂടുതൽ അറിവ് നേടാൻ എനിക്കു കഴിഞ്ഞു. കെട്ടിടനിർമാണമാണ് ഇപ്പോഴത്തെ എന്റെ ജോലി. ഞാൻ ഇപ്പോൾ വലിയവലിയ നിർമാണപ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു.”
49 വയസ്സുള്ളപ്പോഴാണു പെറുവിലുള്ള ജെസൂസ സാക്ഷരതാക്ലാസ്സിൽ ചേർന്നത്. ജെസൂസ പറയുന്നു: “ഒരു വീട്ടമ്മ ആയതുകൊണ്ട് മാർക്കറ്റിൽ പോകുമ്പോൾ സാധനങ്ങളുടെ പേരും വിലയും ഒക്കെ നോക്കണം. പണ്ടൊക്കെ അതു വലിയ ബുദ്ധിമുട്ടായിരുന്നു. സാക്ഷരതാക്ലാസ്സിൽ പങ്കെടുത്തതുകൊണ്ട് വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ വാങ്ങാൻ പോകാൻ എനിക്ക് ഇപ്പോൾ നല്ല ധൈര്യമാണ്.”
സാക്ഷരതാമുന്നേറ്റത്തിനു വർഷങ്ങളായി യഹോവയുടെ സാക്ഷികൾ ചെയ്യുന്ന പ്രയത്നത്തെ പല രാജ്യങ്ങളിൽനിന്നുമുള്ള അധികാരികൾ പ്രശംസിച്ച് പറഞ്ഞിട്ടുണ്ട്. ഇന്നും യഹോവയുടെ സാക്ഷികൾ സാക്ഷരതാക്ലാസ്സുകൾ നടത്തുന്നു. അതിനായി അവർ മികവുറ്റ പഠനപരിപാടികളും ഉപകരണങ്ങളും ഉപയോഗിക്കുന്നു. വായന അറിയാത്തവർക്കും വിദ്യാഭ്യാസം കുറവുള്ളവർക്കും ആയി 720 ഭാഷകളിലായി ഏതാണ്ട് 22 കോടി 40 ലക്ഷം ലഘുപത്രികകളാണു പ്രത്യേകം തയ്യാറാക്കി അച്ചടിച്ചിരിക്കുന്നത്. a
a ഉദാഹരണത്തിന്, എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക (ഇംഗ്ലീഷ്) എന്ന ലഘുപത്രിക 123 ഭാഷകളിലും ദൈവം പറയുന്നതു കേൾക്കുവിൻ! എന്ന ലഘുപത്രിക 610 ഭാഷകളിലും ലഭ്യമാണ്.