നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
നന്നായി “കാണാനും കേൾക്കാനും” കഴിയുന്ന കൺവെൻഷൻ പരിപാടികൾ
2024 ജൂലൈ 1
ആധുനികകാലത്തെ യഹോവയുടെ സാക്ഷികൾ വാർഷിക കൺവെൻഷനുകൾക്കായി കൂടിവരാൻ തുടങ്ങിയിട്ട് 130-ലേറെ വർഷമായി. ഈ പരിപാടികളിൽ, ഇന്ന് 40-ലധികം വ്യത്യസ്ത പ്രസംഗങ്ങളോടൊപ്പം സംഗീതവും അഭിമുഖങ്ങളും വീഡിയോകളും ഉണ്ട്. കൺവെൻഷൻ കൂടാൻ വരുന്നവർക്ക് അതിൽനിന്ന് പ്രയോജനവും പ്രോത്സാഹനവും കിട്ടണമെങ്കിൽ അവിടെ നടക്കുന്ന പരിപാടികൾ വ്യക്തമായി “കാണാനും കേൾക്കാനും” കഴിയണം. (ലൂക്കോസ് 2:20) കൺവെൻഷനുകൾ ലോകത്തിന്റെ ഏതു ഭാഗത്ത് നടത്തിയാലും കൂടിവരുന്നവർക്കെല്ലാം പ്രയോജനം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിങ്ങളുടെ സംഭാവനകൾ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
ഓരോ കൺവെൻഷൻ സ്ഥലത്തിനും പറ്റിയ രീതിയിൽ ഓഡിയോ-വീഡിയോ സംവിധാനങ്ങൾ ക്രമീകരിക്കുന്നു
പാശ്ചാത്യരാജ്യങ്ങളിലെ ആധുനിക രീതിയിലുള്ള മിക്ക സ്റ്റേഡിയങ്ങളിലും അവരുടേതായ ഓഡിയോ-വീഡിയോ സംവിധാനങ്ങളുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങൾ കൺവെൻഷനുകൾക്കായി വാടകയ്ക്ക് എടുക്കുമ്പോഴും നമ്മൾ നമ്മുടെതന്നെ ഓഡിയോ-വീഡിയോ ഉപകരണങ്ങൾ മിക്കപ്പോഴും ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? ലോകാസ്ഥാനത്തെ പ്രക്ഷേപണവിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡേവിഡ് സഹോദരൻ പറയുന്നു: “നമ്മൾ വാടകയ്ക്ക് എടുക്കുന്ന കെട്ടിടങ്ങളിൽ ചിലതിൽ മാത്രമേ, ആറു മണിക്കൂറിലേറെയൊക്കെ പ്രസംഗങ്ങൾപോലുള്ള പരിപാടികൾ നന്നായി കേൾപ്പിക്കാൻ പറ്റുന്ന ശബ്ദസംവിധാനങ്ങൾ ഉള്ളൂ. ഉദാഹരണത്തിന്, സ്പോർട്സ് നടക്കുന്ന വേദികളിലും മറ്റും ശബ്ദസംവിധാനങ്ങളുണ്ട്. പക്ഷേ, അത് പ്രധാനമായും ചെറിയ അറിയിപ്പുകൾ നടത്താനോ കുറച്ച് സമയത്തേക്കു സംഗീതം കേൾപ്പിക്കാനോ ഒക്കെയാണ് ഉപയോഗിക്കുന്നത്. ഇനി അവരുടെ വീഡിയോ സ്ക്രീനുകളാണെങ്കിൽ കളികളുടെ സ്കോറുകളും പരസ്യങ്ങളും കാണിക്കാനും കളിയുടെ ചില ഭാഗങ്ങൾ വീണ്ടും പ്ലേ ചെയ്യാനും ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ നമ്മുടെ പരിപാടികളിൽ ദൈർഘ്യമേറിയ വീഡിയോകൾ ഉണ്ട്. അതുപോലെ സ്റ്റേജിൽനിന്ന് പറയുന്ന ഓരോ വാക്കും വ്യക്തമായി കേൾക്കാനും മനസ്സിലാക്കാനും എല്ലാവർക്കും പറ്റുകയും വേണം.”
ഓരോ കൺവെൻഷൻ സ്ഥലവും വ്യത്യസ്തമാണ്. അതുകൊണ്ട് അതിനനുസരിച്ച് ഓഡിയോ-വീഡിയോ സംവിധാനവും ക്രമീകരിക്കേണ്ടി വരും. സ്ഥലം തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ഉടനെ ബ്രാഞ്ചോഫീസുകളിലെ പ്രക്ഷേപണവിഭാഗങ്ങൾ കൺവെൻഷന് എത്ര പേർ വരാൻ സാധ്യതയുണ്ടെന്നും ആ സ്ഥലത്ത് എത്ര പേർക്ക് ഇരിക്കാൻ പറ്റുമെന്നും നോക്കും. എന്നിട്ട് ഇരിപ്പിടങ്ങൾ എങ്ങനെ ക്രമീകരിക്കണമെന്നു തീരുമാനിക്കും. അതു കഴിഞ്ഞ് സ്പീക്കറുകളും വീഡിയോ സ്ക്രീനുകളും എവിടെ വെയ്ക്കണമെന്നും അവ തമ്മിൽ എങ്ങനെ ബന്ധിപ്പിക്കണമെന്നും സഹോദരങ്ങൾ കണക്കുകൂട്ടും. തുടർന്ന് ആവശ്യമായ ഉപകരണങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കും. അങ്ങനെ എല്ലാവർക്കും പരിപാടി നന്നായി കാണാനും കേൾക്കാനും കഴിയുമെന്ന് അവർ ഉറപ്പുവരുത്തും.
കൺവെൻഷനുകളിൽ പരിപാടികൾ പല ഭാഷകളിൽ കേൾപ്പിക്കേണ്ടി വരുമ്പോൾ ഓഡിയോ-വീഡിയോ സംവിധാനങ്ങൾ കൂടുതൽ സങ്കീർണമാകും. ഒരു പരിപാടി മറ്റൊരു ഭാഷയിലേക്കു പരിഭാഷപ്പെടുത്തണമെങ്കിൽ, ആദ്യം അതിന്റെ ഓഡിയോയും വീഡിയോയും പരിഭാഷകന്റെ അടുത്ത് എത്തണം. എന്നിട്ട് ആ വ്യക്തി പറയുന്ന പരിഭാഷ ഒരു റേഡിയോ ചാനൽ വഴി ആ ഭാഷ മനസ്സിലാകുന്നവരുടെ അടുത്ത് എത്തിക്കണം. ചില പ്രത്യേക സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നതുകൊണ്ട് ഒരു വീഡിയോ ഒരേ സമയം എട്ടു വ്യത്യസ്ത ഭാഷകളിൽവരെ സദസ്സിലുള്ളവരിലേക്ക് എത്തിക്കാനാകും. ഡേവിഡ് പറയുന്നു: “ഈ സംവിധാനങ്ങൾ വളരെ സങ്കീർണമാണ്. അതുകൊണ്ട് ഇതു പ്രവർത്തിപ്പിക്കുന്ന സന്നദ്ധസേവകർക്ക് നല്ല പരിശീലനം കൊടുക്കേണ്ടതുണ്ട്.”
മിക്ക ബ്രാഞ്ചോഫീസുകളുടെയും കയ്യിൽ സ്വന്തമായി ഓഡിയോ-വീഡിയോ ഉപകരണങ്ങൾ ഉണ്ട്. അവർ അത് എല്ലാ വർഷവും കൺവെൻഷനുകളിൽ വീണ്ടുംവീണ്ടും ഉപയോഗിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉപകരണങ്ങളെല്ലാം ഒരു കൺവെൻഷൻ സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകാൻ സഹോദരങ്ങൾ വേണ്ട ക്രമീകരണം ചെയ്യും. ഈ ഉപകരണങ്ങളെല്ലാം വ്യത്യസ്ത കൺവെൻഷൻ സ്ഥലങ്ങളിൽ എത്തിക്കാൻ ഐക്യനാടുകളിലെ ബ്രാഞ്ച് മാത്രം ഓരോ വർഷവും 2,00,000-ത്തിലധികം ഡോളറാണ് a (ഏകദേശം 1.6 കോടി രൂപ) ചെലവാക്കുന്നത്. എന്നാൽപ്പോലും ഈ ചെലവ് പുതിയ ഉപകരണങ്ങൾ വാങ്ങി പരിപാലിക്കാൻ വേണ്ടിവരുന്നതിലും കുറവാണ്. കാനഡയിലെ ഒരു കൺവെൻഷനിൽ ഓഡിയോ-വീഡിയോ വിഭാഗത്തിനു മേൽനോട്ടം വഹിച്ച സ്റ്റീവൻ പറയുന്നു: “അടുത്ത പരിപാടിക്കായി സാധനങ്ങളൊക്കെ പാക്ക് ചെയ്ത് വിട്ടപ്പോൾ ഒരോ നട്ടും ബോൾട്ടും വയറും ഉൾപ്പെടെ എല്ലാ ഭാഗങ്ങളും കൃത്യമായി ഉണ്ടെന്നും കേടുപാടുകളൊന്നും പറ്റാത്ത രീതിയിൽ നന്നായി പാക്ക് ചെയ്തിട്ടുണ്ടെന്നും ഞങ്ങളുടെ ഓഡിയോ-വീഡിയോ ടീം ഉറപ്പുവരുത്തി.”
ഉപകരണങ്ങൾ വാങ്ങുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ
ഓഡിയോ-വീഡിയോ ഉപകരണങ്ങൾ വാടകയ്ക്കെടുക്കാൻ വലിയ ചെലവാണ്. ഇനി അങ്ങനെ എടുത്താൽത്തന്നെ അതു നിലവാരം കുറഞ്ഞതോ വേണ്ട രീതിയിൽ പരിപാലിക്കാത്തതോ ആയിരിക്കും. അതുകൊണ്ടാണ് നമ്മൾ പലപ്പോഴും ഉപകരണങ്ങൾ സ്വന്തമായി മേടിക്കുന്നത്. ഇന്ന് ഹാളിന് അകത്ത് വെക്കാവുന്ന, 16 അടി നീളവും 10 അടി വീതിയും ഉള്ള ഒരു എൽഇഡി വീഡിയോ സ്ക്രീൻ വാങ്ങാൻ ഏതാണ്ട് 24,000 ഡോളർ (ഏകദേശം 20,00,000 രൂപ) ചെലവ് വരും. 15 മീറ്റർ നീളമുള്ള ഒരു മൈക്രോഫോൺ കേബിളിനുപോലും ഏകദേശം 20 ഡോളർ (1500-ലധികം രൂപ) കൊടുക്കണം. അതുകൊണ്ട് എന്തെങ്കിലും ഒരു സാധനം മേടിക്കുന്നതിനു മുമ്പ് പ്രക്ഷേപണവിഭാഗം സാധനങ്ങൾ വാങ്ങുന്ന പർച്ചേസിങ് ഡിപ്പാർട്ടുമെന്റുമായി കൂടിയാലോചിച്ച് ‘ചെലവ് കണക്കുകൂട്ടിനോക്കും.’ (ലൂക്കോസ് 14:28) ഉദാഹരണത്തിന്, അവർ ഇങ്ങനെയൊക്കെ ചിന്തിക്കും: ഈ ഉപകരണംകൊണ്ട് എത്ര പേർക്ക് പ്രയോജനം കിട്ടും? ഒരു പുതിയ ഉപകരണം മേടിക്കുന്നതുതന്നെയാണോ ഈ സാഹചര്യത്തിൽ ഏറ്റവും നല്ലത്? ഈ സാധനം സൂക്ഷിക്കാൻ ആവശ്യമായ സ്ഥലം നമുക്കുണ്ടോ? ഇതു പരിപാലിക്കാൻ വേണ്ട ഉപകരണങ്ങളും പരിശീലനം കിട്ടിയ സന്നദ്ധസേവകരും നമുക്കുണ്ടോ?
ഓഡിയോ-വീഡിയോ ഉപകരണങ്ങൾ കുറെക്കാലം ഈടുനിൽക്കുന്നതിനു നമ്മൾ അവയ്ക്കു വേണ്ട അറ്റകുറ്റപ്പണികൾ ക്രമമായി നടത്തും. അങ്ങനെ സംഭാവനകൾ മെച്ചമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു. അതുപോലെ സാധനങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകുമ്പോൾ കേടുപാടുകൾ പറ്റാതിരിക്കാൻ നല്ല കട്ടിയുള്ള ബോക്സുകളിലാണ് കൊണ്ടുപോകുന്നത്. ഈ ബോക്സുകളും ആവശ്യംപോലെ അറ്റകുറ്റപ്പണികൾ ചെയ്ത് സൂക്ഷിക്കും.
വ്യക്തമായ പരിപാടികളും അതു നൽകുന്ന സാക്ഷ്യവും
നമ്മുടെ കൺവെൻഷനുകളിലെ ഓഡിയോയുടെയും വീഡിയോയുടെയും ഗുണനിലവാരം സാക്ഷികളല്ലാത്തവരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു കൺവെൻഷനിൽവെച്ച് ലോകത്തെതന്നെ വലിയ പ്രക്ഷേപണകമ്പനികളിൽ ഒന്നിൽ ജോലി ചെയ്യുന്ന ഒരാൾ നമ്മുടെ പരിപാടികളുടെ ഗുണനിലവാരം വളരെയധികം ശ്രദ്ധിച്ചു. അതെക്കുറിച്ച് കൺവെൻഷനുകളിലെ ഓഡിയോ-വീഡിയോ ഉപകരണങ്ങൾ ഘടിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിൽ സഹായിക്കുന്ന ജോനഥൻ പറയുന്നു: “നമ്മുടെ ടീമിലുള്ളത് ഈ മേഖലയിലെ വിദഗ്ധരൊന്നുമല്ല, സാധാരണ സന്നദ്ധസേവകരാണ് എന്ന് അറിഞ്ഞപ്പോൾ അദ്ദേഹം ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ കമ്പനി ഏതാണ്ട് അഞ്ചു ദിവസംകൊണ്ട് ചെയ്യുന്ന സജ്ജീകരണങ്ങളാണ് നമ്മൾ ഒന്നര ദിവസംകൊണ്ട് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു.” മറ്റൊരു കൺവെൻഷൻ സ്ഥലത്തെ മാനേജർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “സംഗീത-വീഡിയോ മേഖലകളിലെ പല വിദഗ്ധരും ഇവിടെ പരിപാടികൾ നടത്തിയിട്ടുണ്ട്. പക്ഷേ ഇത്ര വൈദഗ്ധ്യത്തോടെ, ഇത്ര പ്രൊഫഷണൽ ആയ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഞാൻ മുമ്പു കണ്ടിട്ടേയില്ല!”
കൺവെൻഷനുകളിൽ നല്ല ഓഡിയോ-വീഡിയോ സംവിധാനങ്ങൾ ഉള്ളതുകൊണ്ട് നിങ്ങൾക്ക് എന്തു പ്രയോജനമാണ് കിട്ടിയിട്ടുള്ളത്? ഇംഗ്ലണ്ടിൽ താമസിക്കുന്ന ഡേവിഡിനെപ്പോലെ ആയിരിക്കും നിങ്ങൾക്കും തോന്നുന്നത്. അദ്ദേഹം പറയുന്നു: “എനിക്ക് 88 വയസ്സുണ്ട്. ഞാൻ ഒരുപാട് കൺവെൻഷനുകളും കൂടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കൺവെൻഷൻ പരിപാടികൾ ശ്രദ്ധിച്ചിരിക്കാൻ മുമ്പത്തെക്കാളും എളുപ്പമാണ്. മനോഹരമായ വീഡിയോകൾ ഒക്കെ ഉള്ളതുകൊണ്ട് പരിപാടികൾ പെട്ടെന്ന് കഴിയുന്നതുപോലെ തോന്നും. ആശയങ്ങൾ വളരെ വ്യക്തമായും യോജിപ്പോടെയും അവതരിപ്പിക്കുന്നു.” നൈജീരിയയിൽ താമസിക്കുന്ന മൈക്കിൾ നിരീക്ഷിച്ച കാര്യം ഇതാണ്: “പ്രസംഗകൻ പറയുന്നതു കേൾക്കാനോ വീഡിയോകൾ കാണാനോ ഇപ്പോൾ സഹോദരങ്ങൾക്ക് ഒട്ടും ബുദ്ധിമുട്ടില്ല. അതുകൊണ്ടുതന്നെ ഒട്ടും താത്പര്യം നഷ്ടപ്പെടാതെ പരിപാടി നന്നായി ശ്രദ്ധിച്ചിരിക്കാൻ അവർക്കു കഴിയുന്നുണ്ട്.”
ഈ വർഷത്തെ ‘സന്തോഷവാർത്ത അറിയിക്കുക!’ മേഖലാ കൺവെൻഷനോ പ്രത്യേക കൺവെൻഷനോ കൂടുമ്പോൾ ഈ പരിപാടി ഇത്ര നന്നായി കാണാനും കേൾക്കാനും കഴിയുന്നതിന് എന്തെല്ലാം ജോലികൾ അതിനു പിന്നിൽ നടന്നിട്ടുണ്ട് എന്ന് ഒരു നിമിഷം ചിന്തിക്കുക. donate.dan124.com വഴിയും അല്ലാതെയും നിങ്ങൾ തന്നിരിക്കുന്ന സംഭാവനകളാണ് ഇതു സാധ്യമാക്കുന്നത്. നിങ്ങൾക്കു വളരെ നന്ദി!
a ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഡോളർ കണക്കുകളെല്ലാം യു.എസ്. ഡോളറുകൾ ആണ്.