ഉണർന്നിരിക്കുക!
റെക്കോർഡ് ചൂടിൽ ഭൂമി വെന്തുരുകുന്നു—ബൈബിളിനു പറയാനുള്ളത്
2022 ജൂലൈയിൽ ലോകമെങ്ങും റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്:
“ചൈനയിൽ എഴുപതോളം നഗരങ്ങളിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് അധികാരികൾ ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി. ഈ മാസംതന്നെ രണ്ടാം തവണയാണ് ഈ ഉഷ്ണതരംഗം.”—2022 ജൂലൈ 25, സിഎൻഎൻ വൈർ സർവീസ്.
“യൂറോപ്പിലാകെ, ഇതുവരെ ഇല്ലാത്തത്ര ചൂട് കൂടിയതോടെ പലയിടങ്ങളിലും കാട്ടുതീ പടർന്നുപിടിക്കുന്നു.”—2022 ജൂലൈ 17, ദ ഗാർഡിയൻ.
“ഐക്യനാടുകളുടെ കിഴക്കൻ തീരത്തും തെക്കൻ ഭാഗങ്ങളിലും മധ്യപടിഞ്ഞാറേ ഭാഗങ്ങളിലും വേനൽക്കാല ഉഷ്ണതരംഗം കനത്തതോടെ അസാധാരണമായ ചൂട് അനുഭവപ്പെട്ടു. അവിടെയുള്ള നഗരങ്ങളിൽ എക്കാലത്തേയും ഏറ്റവും ഉയർന്ന താപനിലയായിരുന്നു ഈ ഞായറാഴ്ച രേഖപ്പെടുത്തിയത്.”—2022 ജൂലൈ 24, ദ ന്യൂയോർക്ക് ടൈംസ്.
ഈ സംഭവങ്ങൾ എന്താണ് കാണിക്കുന്നത്? ഭൂമി പതിയെപ്പതിയെ നമുക്ക് താമസിക്കാൻ പറ്റാത്ത ഒരു സ്ഥലമായിത്തീരുമോ? എന്താണ് ബൈബിളിനു പറയാനുള്ളത്?
ഉഷ്ണതരംഗം ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയോ?
അതെ. നമ്മുടെ കാലത്ത് നടക്കുമെന്ന് ബൈബിൾ പറഞ്ഞിരിക്കുന്ന സംഭവങ്ങളുമായി ഇതു യോജിക്കുന്നുണ്ട്. ഉദാഹരണത്തിന്, ‘പേടിപ്പിക്കുന്ന കാഴ്ചകൾ’ അല്ലെങ്കിൽ ‘ഭയങ്കര സംഭവങ്ങൾ’ നമ്മൾ കാണുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (ലൂക്കോസ് 21:11; ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ആഗോളതാപനില ഉയരുന്നത് കാണുമ്പോൾ ഭൂമി നശിച്ചുപോകുമോ എന്ന് ആളുകൾ പേടിക്കുന്നു.
ഭൂമി ജീവിക്കാൻ പറ്റാത്ത ഒരു സ്ഥലമായിത്തീരുമോ?
ഇല്ല. ദൈവം ഭൂമിയെ സൃഷ്ടിച്ചത് മനുഷ്യർ അവിടെ എന്നും ജീവിക്കാൻവേണ്ടിയാണ്. (സങ്കീർത്തനം 115:16; സഭാപ്രസംഗകൻ 1:4) ഭൂമിയെ നശിപ്പിക്കാൻ ദൈവം ഒരിക്കലും മനുഷ്യരെ അനുവദിക്കില്ല. പകരം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുമെന്ന്’ ദൈവം ഉറപ്പുതന്നിട്ടുണ്ട്.—വെളിപാട് 11:18.
ഭൂമിയെക്കുറിച്ച് മറ്റ് എന്ത് ഉറപ്പാണ് ദൈവം തന്നിരിക്കുന്നത്? രണ്ടു പ്രവചനങ്ങൾ നോക്കാം:
“വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും, മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.” (യശയ്യ 35:1) ഭൂമി ജീവിക്കാൻ പറ്റാത്ത ഒരു മരുഭൂമിയായി മാറാൻ ദൈവം ഒരിക്കലും അനുവദിക്കില്ല. പകരം അതിനു വന്നിരിക്കുന്ന കേടുപാടുകൾ എല്ലാം ദൈവം പരിഹരിക്കും.
“അങ്ങ് ഭൂമിയെ പരിപാലിക്കുന്നു; അതിനെ വളരെ ഫലപുഷ്ടിയുള്ളതും വളക്കൂറുള്ളതും ആക്കുന്നു.” (സങ്കീർത്തനം 65:9) ദൈവം ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും.
കാലാവസ്ഥാ വ്യതിയാനം ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയായിരിക്കുന്നത് എങ്ങനെയെന്നു കൂടുതൽ മനസ്സിലാക്കാൻ “കാലാവസ്ഥാ വ്യതിയാനവും നമ്മുടെ ഭാവിയും—ബൈബിൾ പറയുന്നത്” എന്ന ലേഖനം വായിക്കുക.
പരിസ്ഥിതിപ്രശ്നങ്ങൾ പരിഹരിക്കുമെന്ന ബൈബിളിന്റെ വാഗ്ദാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ “നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ആർക്കാകും?” എന്ന ലേഖനം കാണുക.