മറ്റുള്ളവരെ സഹായിക്കൂ, ഏകാന്തതയെ നേരിടൂ—ബൈബിളിനു പറയാനുള്ളത്
ഇന്ന് ലോകമെങ്ങും പലരും ഏകാന്തത അനുഭവിക്കുന്നു, അവർക്ക് ആളുകളോട് അകൽച്ച തോന്നുന്നു. എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നത് ഏകാന്തത ഒരു പരിധിവരെ കുറയ്ക്കുമെന്ന് ചില ആരോഗ്യവിദഗ്ധർ പറയുന്നു.
“മറ്റുള്ളവരെ സഹായിക്കുമ്പോൾ നമ്മുടെ ജീവിതത്തിന് ഒരു അർഥം ഉണ്ടാകും. അത് ഏകാന്തതയും മറ്റുള്ളവരോട് തോന്നുന്ന അകൽച്ചയും കുറയ്ക്കും.”—യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത്.
മറ്റുള്ളവരെ സഹായിക്കാൻ എന്തൊക്കെ ചെയ്യാനാകും? അതിനുള്ള ഉത്തരം ബൈബിളിലുണ്ട്. അതിൽ പറയുന്ന കാര്യങ്ങൾ ചെയ്തുനോക്കുന്നെങ്കിൽ നിങ്ങൾക്ക് ഏകാന്തതയെ തോൽപ്പിക്കാനാകും.
നിങ്ങൾക്കു ചെയ്യാനാകുന്നത്
ഉദാരതയുള്ളവരായിരിക്കുക. മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുക, പ്രത്യേകിച്ചും നേരിട്ട് അവരോടൊപ്പം ആയിരിക്കുക. നിങ്ങൾക്കുള്ളത് മറ്റുള്ളവർക്കുംകൂടെ നൽകാൻ മനസ്സുകാണിക്കുക. അങ്ങനെ ചെയ്യുമ്പോൾ അവർക്കു നിങ്ങളോട് നന്ദി തോന്നിയേക്കാം. അതു നല്ലൊരു സൗഹൃദത്തിന് തുടക്കം കുറിക്കും.
ബൈബിൾതത്ത്വം: “കൊടുക്കുന്നത് ഒരു ശീലമാക്കുക. അപ്പോൾ ആളുകൾ നിങ്ങൾക്കും തരും.”—ലൂക്കോസ് 6:38.
മറ്റുള്ളവർക്കായി കരുതുക. ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവരെ സഹായിക്കാനുള്ള അവസരങ്ങൾക്കായി നോക്കുക. അവർ പറയുന്ന കാര്യങ്ങൾ ദയയോടെ കേൾക്കുന്നതും അവർക്കു പ്രായോഗികമായി ചില സഹായങ്ങൾ ചെയ്തുകൊടുക്കുന്നതും അതിൽ ഉൾപ്പെടും.
ബൈബിൾതത്ത്വം: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു.”—സുഭാഷിതങ്ങൾ 17:17.
നല്ല സൗഹൃദങ്ങൾ എങ്ങനെ കാത്തുസൂക്ഷിക്കാം? അതെക്കുറിച്ച് കൂടുതൽ അറിയാൻ, “കുടുംബം, സൗഹൃദം” എന്ന ലേഖനം വായിക്കുക.