ഭീകരപ്രവർത്തനം എന്നെങ്കിലും അവസാനിക്കുമോ?
ഒരു ഭീകരാക്രമണം ഉണ്ടാകുമ്പോൾ നമ്മൾ ഇങ്ങനെയൊക്കെ ചോദിച്ചുപോയേക്കാം: ‘ദൈവത്തിന് ഇതെക്കുറിച്ച് വല്ല ചിന്തയുമുണ്ടോ? എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഭീകരപ്രവർത്തനം a എന്നെങ്കിലും അവസാനിക്കുമോ? എത്രനാൾ ഇങ്ങനെ പേടിച്ച് കഴിയും?’ ഈ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം ബൈബിൾ തരുന്നുണ്ട്.
ഭീകരപ്രവർത്തനത്തെക്കുറിച്ച് ദൈവത്തിന് എന്താണു തോന്നുന്നത്?
അക്രമവും ഭീകരപ്രവർത്തനവും ദൈവം വെറുക്കുന്നു. (സങ്കീർത്തനം 11:5; സുഭാഷിതങ്ങൾ 6:16, 17) ഇനി, ദൈവത്തിന്റെ പ്രതിനിധിയായ യേശുവോ? തന്റെ അനുഗാമികൾ അക്രമത്തിനു മുതിർന്നപ്പോൾ യേശു അവരെ കുറ്റപ്പെടുത്തുകയാണു ചെയ്തത്. (മത്തായി 26:50-52) ദൈവത്തിന്റെ പേരും പറഞ്ഞാണു ചില ആളുകൾ ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്. പക്ഷേ ദൈവം അത് അംഗീകരിക്കുന്നില്ല. വാസ്തവത്തിൽ, അങ്ങനെയുള്ളവരുടെ പ്രാർഥനപോലും ദൈവം കേൾക്കില്ല.—യശയ്യ 1:15.
ഭീകരാക്രമണത്തിന് ഇരയായതുകൊണ്ടോ മറ്റേതെങ്കിലും കാരണംകൊണ്ടോ ദുരിതം അനുഭവിക്കുന്നവരെക്കുറിച്ച് ദൈവം ശരിക്കും ചിന്തയുള്ളവനാണ്. (സങ്കീർത്തനം 31:7; 1 പത്രോസ് 5:7) മാത്രമല്ല, ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ദൈവം ഒരു അവസാനം വരുത്തുമെന്നും ബൈബിൾ പറയുന്നു.—യശയ്യ 60:18.
ഭീകരപ്രവർത്തനങ്ങളുടെ കാരണം
ഭീകരപ്രവർത്തനങ്ങളുടെ യഥാർഥകാരണത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ഇതാണ്: “മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത് ഇക്കാലമത്രയും അവർക്കു ദോഷം ചെയ്തിരിക്കുന്നു.” (സഭാപ്രസംഗകൻ 8:9) ചരിത്രത്തിൽ ഉടനീളം അധികാരത്തിലുള്ളവർ ആളുകളെ പേടിപ്പിച്ച് അടിച്ചമർത്താൻ ശ്രമിച്ചിരിക്കുന്നതായി കാണാം. പലപ്പോഴും ഇങ്ങനെ അടിച്ചമർത്തലിന് ഇരയായവർ ഭീകരപ്രവർത്തനത്തിലൂടെയാണു തിരിച്ചടിച്ചിട്ടുള്ളത്.—സഭാപ്രസംഗകൻ 7:7.
ഭീകരപ്രവർത്തനങ്ങൾക്ക് അവസാനം
ഭയവും അക്രമവും ഇല്ലാതാക്കി ഭൂമിയിൽ സമാധാനം സ്ഥാപിക്കുമെന്നു ദൈവം വാക്കുതന്നിരിക്കുന്നു. (യശയ്യ 32:18; മീഖ 4:3, 4) ദൈവം ഉടനടി:
ഭീകരപ്രവർത്തനത്തിന്റെ കാരണത്തെത്തന്നെ ഇല്ലാതാക്കും. മനുഷ്യന്റെ മേൽ ആധിപത്യം നടത്തുന്ന ഇന്നത്തെ ഗവൺമെന്റുകൾക്കു പകരം ദൈവം ഒരു ലോകഗവൺമെന്റ് ഇവിടെ സ്ഥാപിക്കും. യേശുക്രിസ്തുവായിരിക്കും അതിന്റെ ഭരണാധികാരി. യേശു അടിച്ചമർത്തലും അക്രമവും നീക്കിയിട്ട് എല്ലാവർക്കും നീതിയും ന്യായവും നടത്തിക്കൊടുക്കും. (സങ്കീർത്തനം 72:2, 14) അന്നു ഭീകരപ്രവർത്തനത്തിലൂടെ കാര്യം നേടാൻ ആരും ശ്രമിക്കില്ല. പകരം ആളുകൾ ‘സമാധാനസമൃദ്ധിയിൽ അത്യധികം ആനന്ദിക്കും.’—സങ്കീർത്തനം 37:10, 11.
ഭീകരപ്രവർത്തനംകൊണ്ട് ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കും. ഭീകരപ്രവർത്തനങ്ങൾക്ക് ഇരയായവർക്ക് ഉണ്ടായിരിക്കുന്ന ശാരീരികവും മാനസികവും ആയ എല്ലാ വേദനകളും ദൈവം സുഖപ്പെടുത്തും. (യശയ്യ 65:17; വെളിപാട് 21:3, 4) മരിച്ചുപോയവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരുമെന്നുപോലും ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അവർ തിരികെ വരുന്നതു സമാധാനം കളിയാടുന്ന ഒരു ഭൂമിയിലേക്കായിരിക്കും.—യോഹന്നാൻ 5:28, 29.
ദൈവം പെട്ടെന്നുതന്നെ നടപടിയെടുക്കും എന്നു വിശ്വസിക്കാനുള്ള ധാരാളം കാരണങ്ങൾ ബൈബിൾ തരുന്നുണ്ട്. എന്നാൽ നിങ്ങൾ ഒരുപക്ഷേ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഭീകരപ്രവർത്തനം അവസാനിപ്പിക്കാൻവേണ്ടി ദൈവം ഇത്രയും കാലമായിട്ട് ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്?’ അതിനുള്ള ഉത്തരം അറിയാൻ ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? എന്ന വീഡിയോ കാണുക.
a “ഭീകരപ്രവർത്തനം” എന്നതുകൊണ്ട് പൊതുവേ ഉദ്ദേശിക്കുന്നത്, ആളുകളെ പേടിപ്പിച്ച് രാഷ്ട്രീയമോ മതപരമോ സാമൂഹികമോ ആയ മാറ്റം കൊണ്ടുവരുന്നതിനുവേണ്ടി അക്രമമോ ഭീഷണിയോ ഉപയോഗിക്കുന്നതിനെയാണ്. എന്നാൽ ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു പ്രവർത്തനത്തെ ഭീകരപ്രവർത്തനം എന്നു വിളിക്കാനാകുമോ എന്നതിനെക്കുറിച്ച് ആളുകൾക്കിടയിൽ പല അഭിപ്രായങ്ങൾ കണ്ടേക്കാം.