ഉണർന്നിരിക്കുക!
മതവും യുക്രെയിനിലെ യുദ്ധവും—ബൈബിൾ എന്താണ് പറയുന്നത്?
പ്രമുഖമതനേതാക്കന്മാരെക്കുറിച്ചും യുക്രെയിനിലെ യുദ്ധത്തെക്കുറിച്ചും വന്ന ചില റിപ്പോർട്ടുകൾ നമുക്കു നോക്കാം:
“റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവനായ കിറിൽ പാത്രിയർക്കീസ് റഷ്യൻ അധിനിവേശത്തിന് എതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. . . . അദ്ദേഹത്തിന്റെ സഭ യുക്രെയിന് എതിരെ കരുതിക്കൂട്ടി നടത്തിയ പ്രചാരണങ്ങൾ പുട്ടിൻ തന്റെ യുദ്ധത്തെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നു.”—ഇയു ഒബ്സർവർ, 2022 മാർച്ച് 7.
“തന്റെ രാജ്യം യുക്രെയിന് എതിരെ നടത്തിയ അധിനിവേശത്തെ പൂർണമായി അംഗീകരിച്ചുകൊണ്ട് കിറിൽ പാത്രിയർക്കീസ് പറഞ്ഞത്, ഇതു പാപത്തിന് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നാണ്.”—എപി ന്യൂസ്, 2022 മാർച്ച് 8.
“യുക്രെയിൻ ഓർത്തഡോക്സ് സഭയുടെ തലവനായ കീവിലെ എപ്പിഫാനിയസ് ഒന്നാമൻ മെത്രാപ്പോലിത്ത, റഷ്യൻ അധിനിവേശത്തിന് എതിരെ പോരാടാൻ പറഞ്ഞുകൊണ്ട് തിങ്കളാഴ്ച തന്റെ രാജ്യത്തുള്ളവരെ അനുഗ്രഹിച്ചു. . . . റഷ്യൻ പട്ടാളക്കാരെ കൊല്ലുന്നത് ഒരു പാപമല്ലെന്നുകൂടി അദ്ദേഹം പറഞ്ഞു.”—ജറുസലേം പോസ്റ്റ്, 2022 മാർച്ച് 16.
“ഞങ്ങൾ [(യുസിസിആർഒ) യുക്രെയിനിലെ പള്ളികളുടെയും മതസംഘടനകളുടെയും സമിതി] യുക്രെയിനിലെ സായുധസേനയെയും നമുക്കുവേണ്ടി പോരാടുന്ന എല്ലാവരെയും പിന്തുണയ്ക്കുന്നു. അക്രമിക്ക് എതിരെയുള്ള യുക്രെയിനിയൻ ചെറുത്തുനിൽപ്പിനെ ഞങ്ങൾ അനുഗ്രഹിക്കുന്നു, ഞങ്ങളുടെ പ്രാർഥനകൾ നിങ്ങളോടൊപ്പമുണ്ട്.”—യുസിസിആർഒ-യുടെ a പ്രസ്താവന, 2022 ഫ്രെബ്രുവരി 24.
നിങ്ങൾക്ക് എന്തു തോന്നുന്നു? യേശുക്രിസ്തുവിനെ അനുകരിക്കുന്നെന്ന് അവകാശപ്പെടുന്ന മതങ്ങൾ അതിന്റെ അനുയായികളെ യുദ്ധം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതു ശരിയാണോ? ബൈബിൾ എന്താണ് പറയുന്നത്?
കാലങ്ങളായി യുദ്ധത്തിലുള്ള മതങ്ങളുടെ പങ്ക്
സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുന്നെന്ന് അവകാശപ്പെടുന്ന മതങ്ങൾതന്നെ യുദ്ധത്തെ അംഗീകരിക്കുകയും ന്യായീകരിക്കുകയും ഇനി പ്രോത്സാഹിപ്പിക്കുകപോലും ചെയ്തിട്ടുണ്ടെന്നാണു ചരിത്രം കാണിക്കുന്നത്. മതങ്ങളുടെ ഈ കാപട്യം വർഷങ്ങളായി യഹോവയുടെ സാക്ഷികൾ തുറന്നുകാണിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിരിക്കുന്ന ചില കാര്യങ്ങൾ നോക്കാം.
“കുരിശുയുദ്ധങ്ങൾ—ഒരു ‘ദാരുണ മിഥ്യാസങ്കൽപ്പം’” എന്ന ലേഖനത്തിൽ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പേരിൽ നടത്തിയിരിക്കുന്ന കൂട്ടക്കൊലയ്ക്ക് റോമൻ കത്തോലിക്കാ സഭ എങ്ങനെയാണ് ഉത്തരവാദി ആയിരിക്കുന്നതെന്ന് കാണാം.
“ആഫ്രിക്കയിലെ കത്തോലിക്കാ സഭ” എന്ന ലേഖനത്തിൽ വർഗീയയുദ്ധങ്ങളെയും നരഹത്യയെയും പോലും തടയുന്നതിൽ മതങ്ങൾ പരാജയപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നതിന്റെ ഒരു ഉദാഹരണം കാണാം.
“മതമാണോ കാരണം?” (ഇംഗ്ലീഷ്), “മനുഷ്യന്റെ യുദ്ധങ്ങളിലെ മതത്തിന്റെ പങ്ക്,” “മതം പക്ഷം പിടിക്കുന്നു” എന്നീ ലേഖനങ്ങൾ കത്തോലിക്കരുടെയും ഓർത്തഡോക്സുകാരുടെയും പ്രോട്ടസ്റ്റന്റുകാരുടെയും പുരോഹിതന്മാർ പല യുദ്ധങ്ങളിലും ഇരുവശത്തെയും പിന്തുണച്ചത് എങ്ങനെയെന്നു പറയുന്നു.
ക്രിസ്തീയമതങ്ങൾ യുദ്ധത്തെ പിന്തുണയ്ക്കണോ?
യേശു പഠിപ്പിച്ചത്: “നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.” (മത്തായി 22:39) “ശത്രുക്കളെ സ്നേഹിക്കുക.”—മത്തായി 5:44-47.
ചിന്തിക്കുക: ഒരു മതം സ്നേഹത്തെക്കുറിച്ചുള്ള യേശുവിന്റെ കല്പനകൾ അനുസരിക്കുന്നെന്നു പറയുകയും അതേസമയം യുദ്ധത്തിൽ മറ്റുള്ളവരെ കൊല്ലാൻ അതിന്റെ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതു ശരിയായിരിക്കുമോ? ഉത്തരത്തിനായി “സത്യക്രിസ്ത്യാനികളും യുദ്ധവും” എന്ന ലേഖനവും “ശത്രുക്കളെ സ്നേഹിക്കാൻ കഴിയുമോ?” എന്ന ലേഖനവും കാണുക.
യേശു പഠിപ്പിച്ചത്: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്നെ . . . വിട്ടുകൊടുക്കാതിരിക്കാൻ എന്റെ സേവകർ പോരാടിയേനേ.” (യോഹന്നാൻ 18:36) “വാൾ എടുക്കുന്നവരെല്ലാം വാളിന് ഇരയാകും.”—മത്തായി 26:47-52.
ചിന്തിക്കുക: യേശുവിനെ രക്ഷിക്കാൻവേണ്ടിപോലും പോരാടരുതെന്ന് യേശു ക്രിസ്ത്യാനികളോടു പറഞ്ഞു. അങ്ങനെയാണെങ്കിൽ മറ്റേതെങ്കിലും കാരണംകൊണ്ട് ആയുധം എടുക്കുന്നത് ശരിയായിരിക്കുമോ? ആദ്യകാലക്രിസ്ത്യാനികൾ യേശുവിന്റെ മാതൃക അനുകരിക്കുകയും യേശു പഠിപ്പിച്ചത് അനുസരിക്കുകയും ചെയ്തത് എങ്ങനെയെന്ന് കാണാൻ “യുദ്ധവും ക്രിസ്ത്യാനിത്വവും ഒത്തുപോകുമോ?” (ഇംഗ്ലീഷ്) എന്ന ലേഖനം വായിക്കുക.
യുദ്ധങ്ങളെ പിന്തുണയ്ക്കുന്ന മതങ്ങൾക്കു വരാൻപോകുന്നത്. . .
യേശുവാണ് തങ്ങളുടെ നായകൻ എന്നു പറഞ്ഞിട്ട്, യേശു പറഞ്ഞതൊന്നും അനുസരിക്കാത്ത മതങ്ങളെ ദൈവം തള്ളിക്കളയുമെന്നു ബൈബിൾ പഠിപ്പിക്കുന്നു.—മത്തായി 7:21-23; തീത്തോസ് 1:16.
അത്തരം മതങ്ങളെ “ഭൂമിയിൽ കൊല്ലപ്പെട്ട എല്ലാവരുടെയും” രക്തത്തിന് ഉത്തരവാദികളായാണ് ദൈവം കാണുന്നതെന്ന് വെളിപാട് പുസ്തകം പറയുന്നു. (വെളിപാട് 18:21, 24) അത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ “എന്താണ് മഹതിയാം ബാബിലോൺ?” എന്ന ലേഖനം കാണുക.
ചീത്ത ഫലങ്ങൾ തരുന്ന ചീത്ത മരങ്ങളെ ‘വെട്ടി തീയിലിടുന്നപോലെ’ മോശമായ കാര്യങ്ങൾ ചെയ്യുന്ന എല്ലാ മതങ്ങളെയും ദൈവം നശിപ്പിച്ചുകളയുമെന്ന് യേശു സൂചിപ്പിച്ചു. (മത്തായി 7:15-20) ഇത് എങ്ങനെ സംഭവിക്കുമെന്ന് അറിയാൻ “മതത്തിന്റെ പേരിൽ ചെയ്യുന്ന ഹീനകൃത്യങ്ങൾ അവസാനിക്കുമോ?” എന്ന ലേഖനം നോക്കുക.
ഫോട്ടോകൾക്ക് കടപ്പാട്, ഇടത്തുനിന്ന് വലത്തേക്ക്: Photo by Sefa Karacan/Anadolu Agency/Getty Images; Maxym Marusenko/NurPhoto via Getty Images
a യുസിസിആർഒ എന്നത് യുക്രെയിനിലെ പള്ളികളുടെയും മതസംഘടനകളുടെയും ഒരു സമിതിയാണ്. ഇതിൽ ഓർത്തഡോക്സ് സഭ, ഗ്രീക്ക് കത്തോലിക്കാ സഭ, റോമൻ കത്തോലിക്കാ സഭ, പ്രോട്ടസ്റ്റന്റ് സഭകൾ, ഇവാഞ്ചലിക്കൽ വിഭാഗങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന 15 പള്ളികളും ജൂത, മുസ്ലീം വിഭാഗങ്ങളും അംഗങ്ങളാണ്.