ഉണർന്നിരിക്കുക!
ഈ യുദ്ധങ്ങളെല്ലാം എന്ന് അവസാനിക്കും?—ബൈബിളിനു പറയാനുള്ളത്
“വിനാശകരമായ സംഘർഷത്തിന്റെ തീവ്രത കുറച്ച്, പരമാവധി സംയമനം പാലിക്കേണ്ട സമയമാണ് ഇത്,” 2024 ഏപ്രിൽ 13-ാം തീയതി ശനിയാഴ്‌ച ഇറാൻ ഇസ്രായേലിന് എതിരെ നേരിട്ട് നടത്തിയ ആക്രമണത്തിനു ശേഷം യുഎൻ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് പറഞ്ഞ വാക്കുകളാണ് ഇത്.
ലോകത്ത് നടക്കുന്ന പല ദാരുണ സംഭവങ്ങളിൽ ഒന്ന് മാത്രമാണ് മധ്യപൂർവ ദേശത്ത് നടക്കുന്ന യുദ്ധം.
“രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധങ്ങൾ ഉണ്ടാകുന്നത് ഇക്കാലത്താണ്. 200 കോടി ജനങ്ങൾ അതായത് മാനവരാശിയുടെ നാലിലൊന്ന് ഭാഗം ഇതിനാൽ ബാധിക്കപ്പെടുന്നു.”—ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതി, 2023 ജനുവരി 26.
സംഘർഷങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ഇസ്രായേൽ, ഗാസ, സിറിയ, അസർബൈജാൻ, യുക്രെയിൻ, സുഡാൻ, ഇത്യോപ്യ, നൈജർ, മ്യാൻമർ, ഹെയ്‌റ്റി എന്നിവയെല്ലാം ഉൾപ്പെടുന്നു. a
ഈ യുദ്ധങ്ങളെല്ലാം എന്ന് അവസാനിക്കും? ലോകനേതാക്കൾക്ക് സമാധാനം കൊണ്ടുവരാനാകുമോ? ബൈബിൾ അതെക്കുറിച്ച് എന്തു പറയുന്നു?
യുദ്ധങ്ങൾ നിറഞ്ഞ ലോകം
ഇന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങൾ സൂചിപ്പിക്കുന്നത് ഉടൻതന്നെ ഈ യുദ്ധങ്ങളെല്ലാം അവസാനിക്കുമെന്നാണ്. നമ്മുടെ ഈ കാലത്ത് ഇതുപോലുള്ള യുദ്ധങ്ങൾ ഉണ്ടാകുമെന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുള്ളതാണ്. ഈ കാലത്തെ ബൈബിൾ ‘വ്യവസ്ഥിതിയുടെ അവസാനം’ എന്ന് വിളിച്ചിരിക്കുന്നു.—മത്തായി 24:3.
“യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും നിങ്ങൾ കേൾക്കും. . . . ജനത ജനതയ്‌ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും.”—മത്തായി 24:6, 7.
ഇന്ന് കാണുന്ന യുദ്ധങ്ങൾ ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയായിരിക്കുന്നത് എങ്ങനെയെന്ന് അറിയാൻ “‘അന്ത്യകാലത്തിന്റെ’ അല്ലെങ്കിൽ ‘അവസാനനാളുകളുടെ’ അടയാളം എന്താണ്?”എന്ന ലേഖനം വായിക്കുക.
എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുന്ന ഒരു യുദ്ധം
മനുഷ്യർ വരുത്തിവെക്കുന്ന യുദ്ധങ്ങളുടെ അവസാനത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. അത് എങ്ങനെയായിരിക്കും നടക്കുക? മനുഷ്യരുടെ ശ്രമങ്ങളാലല്ല, അർമഗെദോനിലൂടെ. ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമാണ്’ അത്. (വെളിപാട് 16:14, 16) ഈ യുദ്ധത്തിനു ശേഷം മനുഷ്യർ എന്നും നിലനിൽക്കുന്ന സമാധാനം ആസ്വദിക്കും എന്ന ദൈവത്തിന്റെ വാഗ്ദാനം നിറവേറും.—സങ്കീർത്തനം 37:10, 11, 29.
ദൈവത്തിന്റെ യുദ്ധം എല്ലാ യുദ്ധങ്ങളെയും അവസാനിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയാൻ “അർമഗെദോൻ യുദ്ധം എന്താണ്?” എന്ന ലേഖനം വായിക്കുക.
a ലോകമെങ്ങുമായി നടക്കുന്ന യുദ്ധങ്ങളുടെ തീവ്രതയുടെ റാങ്കിങ്ങിനെക്കുറിച്ചുള്ള ACLED-യുടെ റിപ്പോർട്ട്, 2024 ജനുവരി