ഉണർന്നിരിക്കുക!
വിഗ്രഹങ്ങളെ ആരാധിക്കുന്നതിനെക്കുറിച്ച് ബൈബിളിന് എന്താണ് പറയാനുള്ളത്?
2022 മാർച്ച് 25-ന് സെന്റ് പീറ്റേർസ് ബസിലിക്കയിൽവെച്ച് നടന്ന ഒരു ചടങ്ങിൽ, ഫ്രാൻസിസ് മാർപാപ്പ മറിയയുടെ രൂപത്തിന് മുന്നിൽ “കണ്ണുകളടച്ച്, തല കുനിച്ച് മൗനപ്രാർഥന” നടത്തിയതായി കത്തോലിക്കാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. സമാധാനത്തിനുവേണ്ടി അദ്ദേഹം “മറിയയോട് യാചിച്ചു.” “എല്ലാ മനുഷ്യരെയും, പ്രത്യേകിച്ച് റഷ്യയെയും യുക്രെയിനെയും മറിയയുടെ വിമലഹൃദയത്തിന് സമർപ്പിച്ചുകൊണ്ട് പാപ്പ പ്രാർഥിച്ചതായി” ഒരു വത്തിക്കാൻ വാർത്താ റിപ്പോർട്ടും കൂട്ടിച്ചേർത്തു.
നിങ്ങൾക്ക് എന്തു തോന്നുന്നു? രൂപത്തിന് മുന്നിൽ പ്രാർഥിക്കുന്നതും അവയെ ആരാധനയ്ക്കായി ഉപയോഗിക്കുന്നതും ശരിയാണോ? ചില ബൈബിൾവാക്യങ്ങൾ നോക്കുക:
“മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്. നീ അവയുടെ മുന്നിൽ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്. കാരണം നിന്റെ ദൈവമായ യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.”—പുറപ്പാട് 20:4, 5. a
“അവരുടെ വിഗ്രഹങ്ങളോ സ്വർണവും വെള്ളിയും, മനുഷ്യന്റെ കരവിരുത്. അവയ്‌ക്കു വായുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല; കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല. ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല. മൂക്കുണ്ടെങ്കിലും മണക്കാൻ കഴിയില്ല. കൈയുണ്ടെങ്കിലും തൊട്ടറിയാൻ കഴിയില്ല; കാലുണ്ടെങ്കിലും നടക്കാൻ കഴിയില്ല; അവയുടെ തൊണ്ടയിൽനിന്ന് ശബ്ദം പുറത്ത് വരുന്നില്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെതന്നെയാകും; അവയിൽ ആശ്രയിക്കുന്നവരുടെ ഗതിയും അതുതന്നെ.”—സങ്കീർത്തനം 115:4-8.
“യഹോവ! അതാണ് എന്റെ പേര്; എന്റെ മഹത്ത്വം ഞാൻ മറ്റാരുമായും പങ്കുവെക്കില്ല; എനിക്കു ലഭിക്കേണ്ട സ്‌തുതി കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.”—യശയ്യ 42:8, അടിക്കുറിപ്പ്.
“വിഗ്രഹാരാധന വിട്ട് ഓടുക.”—1 കൊരിന്ത്യർ 10:14.
“വിഗ്രഹങ്ങളിൽനിന്ന് അകന്നിരിക്കാൻ ശ്രദ്ധിച്ചുകൊള്ളൂ.”—1 യോഹന്നാൻ 5:21.
ആരാധനയിൽ വിഗ്രഹങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ബൈബിൾ പറയുന്നത് എന്താണെന്നു കൂടുതൽ അറിയാൻ “ബൈബിളിന്റെ വീക്ഷണം—രൂപങ്ങൾ” (ഇംഗ്ലീഷ്) എന്ന ലേഖനം വായിക്കുക, അല്ലെങ്കിൽ വിഗ്രഹാരാധനയെ ദൈവം എങ്ങനെയാണു കാണുന്നത്? എന്ന വീഡിയോ കാണുക.
താഴെ കൊടുത്തിരിക്കുന്ന ഈ വിഷയങ്ങളെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നതെന്ന് അറിയാനും നിങ്ങൾക്ക് ആഗ്രഹം കാണും:
“കന്യാമറിയത്തോട് പ്രാർഥിക്കണോ?” (ഇംഗ്ലീഷ്)
“അത്ഭുതങ്ങളും പ്രത്യക്ഷപ്പെടലുകളും—ദൈവത്തിൽനിന്നാണോ?” (ഇംഗ്ലീഷ്)
ഫോട്ടോകൾക്ക് കടപ്പാട്: Vincenzo Pinto/AFP via Getty Images
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.