ഉണർന്നിരിക്കുക!
പ്രതീക്ഷകളുമായി 2023—ബൈബിളിനു പറയാനുള്ളത്
2023-ന് തുടക്കമായി. നമുക്കും നമ്മുടെ കുടുംബത്തിനും നല്ലതു വന്നുകാണാൻ നമ്മൾ ആഗ്രഹിക്കുന്നു. അങ്ങനെ പ്രതീക്ഷിക്കാനാകുന്നത് എന്തുകൊണ്ട്?
ബൈബിൾ നൽകുന്ന പ്രതീക്ഷ
നമ്മൾ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾ താത്കാലികമാണെന്നും അതെല്ലാം പെട്ടെന്നുതന്നെ പരിഹരിക്കപ്പെടുമെന്നും ഉള്ള സന്തോഷവാർത്ത ബൈബിളിലുണ്ട്. ശരിക്കും ബൈബിൾ എഴുതിയിരിക്കുന്നതുതന്നെ ‘നമ്മളെ പഠിപ്പിക്കാനും അങ്ങനെ . . . തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താൽ നമുക്കു പ്രത്യാശ ഉണ്ടാകാനും വേണ്ടിയാണ്.’—റോമർ 15:4.
ബൈബിൾ തരുന്ന ആ ഉറപ്പിനെക്കുറിച്ച് കൂടുതൽ അറിയാൻ “നല്ലൊരു ഭാവി ശരിക്കും പ്രതീക്ഷിക്കാമോ?” എന്ന ലേഖനം വായിക്കുക.
ഭാവിയിൽ മാത്രമല്ല ഇപ്പോഴും പ്രയോജനമുണ്ട്
ബൈബിൾ നൽകുന്ന പ്രത്യാശ “നമുക്ക് ഒരു നങ്കൂരമാണ്.” (എബ്രായർ 6:19) കപ്പൽ ആടിയുലയാതിരിക്കാൻ ഒരു നങ്കൂരം സഹായിക്കുന്നതുപോലെ ബൈബിളിന്റെ പ്രത്യാശ പിടിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നു. പ്രശ്നങ്ങളുണ്ടാകുമ്പോൾ അതു നന്നായി കൈകാര്യം ചെയ്യാനും പോസിറ്റീവായി ചിന്തിക്കാനും നിലനിൽക്കുന്ന സന്തോഷം കണ്ടെത്താനും ആ പ്രത്യാശയുണ്ടെങ്കിൽ നമുക്കാകും. ഉദാഹരണത്തിന്:
അഡിക്ഷനിൽനിന്ന് പുറത്തുകടക്കാൻ ബൈബിളിന്റെ പ്രത്യാശ ഒരാളെ എങ്ങനെയാണ് സഹായിച്ചതെന്ന് മനസ്സിലാക്കാൻ ഞാൻ ജീവിതം മടുത്തു എന്ന വീഡിയോ കാണുക.
പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോൾ ബൈബിളിന്റെ പ്രത്യാശ നമ്മളെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് അറിയാൻ വേർപാടിൽ ദുഃഖിക്കുന്നവർക്ക് ആശ്വാസം എന്ന വീഡിയോ കാണുക.
ഉറപ്പോടെ പ്രതീക്ഷിക്കാം!
ജീവിതത്തിൽ നല്ലതു വന്നുകാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ തങ്ങൾ പ്രതീക്ഷിക്കുന്നതുപോലെയൊക്കെ നടക്കുമോ എന്ന് അവർക്ക് ഉറപ്പില്ല. എന്നാൽ ബൈബിൾ പറയുന്ന കാര്യങ്ങളോ? അത് നടക്കും. അതിൽ ഒട്ടും സംശയിക്കേണ്ടതില്ല. കാരണം “നുണ പറയാൻ കഴിയാത്ത” ദൈവമായ യഹോവയാണ് a അതു പറഞ്ഞിരിക്കുന്നത്. (തീത്തോസ് 1:2) താൻ പറഞ്ഞതെല്ലാം നിറവേറ്റാനുള്ള ശക്തി യഹോവയ്ക്കു മാത്രമേ ഉള്ളൂ. ‘തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ’ യഹോവയ്ക്കാകും.—സങ്കീർത്തനം 135:5, 6.
ബൈബിളിന്റെ പ്രത്യാശയെക്കുറിച്ച് അറിയാൻ ഞങ്ങൾ നിങ്ങളെ ആത്മാർഥമായി ക്ഷണിക്കുന്നു. ‘ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുമ്പോൾ’ നിങ്ങൾക്ക് ആ പ്രത്യാശയിലുള്ള വിശ്വാസം വർധിക്കും. (പ്രവൃത്തികൾ 17:11) അതിനായി ഞങ്ങളുടെ സൗജന്യ ബൈബിൾപഠന പരിപാടി പരീക്ഷിച്ചുനോക്കൂ. അങ്ങനെ 2023 പ്രതീക്ഷയോടെ തുടങ്ങാം!
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.