അധ്യായം 22
‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നുവോ?
1-3. (എ) ഒരു കുഞ്ഞിനെച്ചൊല്ലിയുള്ള തർക്കം കൈകാര്യം ചെയ്തപ്പോൾ ശലോമോൻ അസാധാരണ ജ്ഞാനം പ്രകടമാക്കിയത് എങ്ങനെ? (ബി) യഹോവ നമുക്ക് എന്തു നൽകുമെന്നു വാഗ്ദാനം ചെയ്യുന്നു, ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
അതൊരു കുഴപ്പിക്കുന്ന കേസായിരുന്നു—രണ്ടു സ്ത്രീകൾ ഒരു കുഞ്ഞിനെച്ചൊല്ലി തർക്കിക്കുന്നു. സ്ത്രീകൾ ഒരേ വീട്ടിൽ പാർത്തിരുന്നവരാണ്, ഏതാനും ദിവസത്തെ വ്യത്യാസത്തിൽ രണ്ടുപേരും ഓരോ ആൺകുഞ്ഞിനു ജന്മം നൽകിയിരുന്നു. ശിശുക്കളിൽ ഒന്നു മരിച്ചു. ഇപ്പോൾ, ജീവനോടെയിരിക്കുന്ന കുഞ്ഞ് തന്റേതാണെന്ന് ഇരു സ്ത്രീകളും അവകാശപ്പെടുന്നു. * സംഭവത്തിനു ദൃക്സാക്ഷികൾ ആരും ഇല്ലതാനും. ഈ കേസ് ഒരു കീഴ്ക്കോടതിയിൽ വിചാരണ ചെയ്തിരിക്കാൻ ഇടയുണ്ട്, എന്നാൽ തീരുമാനമായില്ല. ഒടുവിൽ പ്രശ്നം ഇസ്രായേൽ രാജാവായ ശലോമോന്റെ അടുക്കൽ എത്തി. സത്യം പുറത്തുകൊണ്ടുവരാൻ അദ്ദേഹത്തിനു കഴിയുമോ?
2 സ്ത്രീകളുടെ തർക്കം കുറെ സമയം ശ്രദ്ധിച്ച ശേഷം, ഒരു വാൾ കൊണ്ടുവരാൻ ശലോമോൻ ആവശ്യപ്പെട്ടു. കുട്ടിയെ രണ്ടായി പിളർന്നു പാതി വീതം ഓരോ സ്ത്രീക്കും കൊടുക്കാൻ തികഞ്ഞ ബോധ്യത്തോടെ എന്നപോലെ അദ്ദേഹം ആജ്ഞാപിച്ചു. ഉടൻതന്നെ, യഥാർഥ മാതാവ് താൻ ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ കുഞ്ഞിനെ മറ്റേ സ്ത്രീക്കു കൊടുത്തുകൊള്ളാൻ രാജാവിനോട് അഭ്യർഥിച്ചു. എന്നാൽ മറ്റേ സ്ത്രീയാകട്ടെ കുട്ടിയെ രണ്ടായി പിളർക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ശലോമോനു സത്യം മനസ്സിലായി. താൻ ഉദരത്തിൽ വഹിച്ച കുഞ്ഞിനോടുള്ള ഒരമ്മയുടെ വാത്സല്യത്തെ കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. തർക്കത്തിനു തീർപ്പു കൽപ്പിക്കാൻ അദ്ദേഹം ആ അറിവ് ഉപയോഗിച്ചു. “അവളാണ് അതിന്റെ അമ്മ” (പി.ഒ.സി. ബൈ.) എന്നു പറഞ്ഞുകൊണ്ട് ശലോമോൻ കുഞ്ഞിനെ ഏൽപ്പിച്ചുകൊടുത്തപ്പോൾ ആ അമ്മയ്ക്ക് ഉണ്ടായ ആശ്വാസം ഒന്ന് ഊഹിച്ചുനോക്കൂ.—1 രാജാക്കന്മാർ 3:16-27.
3 അസാധാരണ ജ്ഞാനം, അല്ലേ? ശലോമോൻ കേസ് തീർപ്പാക്കിയ വിധം ജനങ്ങൾ കേട്ടപ്പോൾ അവരിൽ ഭയാദരവു നിറഞ്ഞു, കാരണം ‘ദൈവത്തിന്റെ ജ്ഞാനം രാജാവിൽ ഉണ്ട്’ എന്ന് അവർ കണ്ടു. യഹോവ അവനു “ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം” കൊടുത്തിരുന്നു. (1 രാജാക്കന്മാർ 3:12, 28) എന്നാൽ നമ്മെ സംബന്ധിച്ചെന്ത്? നമുക്കും ദൈവികജ്ഞാനം പ്രാപിക്കാൻ കഴിയുമോ? തീർച്ചയായും, എന്തെന്നാൽ ‘യഹോവയല്ലോ ജ്ഞാനം നല്കുന്നത്’ എന്ന് ശലോമോൻ നിശ്വസ്തതയാൽ എഴുതി. (സദൃശവാക്യങ്ങൾ 2:6) ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ജ്ഞാനം—അറിവും ഗ്രാഹ്യവും വകതിരിവും നന്നായി ഉപയോഗിക്കാനുള്ള പ്രാപ്തി—നൽകുമെന്നു യഹോവ വാഗ്ദാനം ചെയ്യുന്നു. നമുക്ക് ഉയരത്തിൽനിന്നുള്ള ജ്ഞാനം എങ്ങനെ നേടാം? അതു നമുക്കു ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം?
“ജ്ഞാനം സമ്പാദിക്ക”—എങ്ങനെ?
4-7. ജ്ഞാനം സമ്പാദിക്കുന്നതിന് ആവശ്യമായ നാലു സംഗതികൾ ഏവ?
4 ദൈവിക ജ്ഞാനം പ്രാപിക്കാൻ നമുക്കു വലിയ ബുദ്ധിശക്തിയോ ഉന്നത വിദ്യാഭ്യാസമോ ഉണ്ടായിരിക്കണമോ? വേണ്ട. നമ്മുടെ പശ്ചാത്തലമോ വിദ്യാഭ്യാസമോ കണക്കിലെടുക്കാതെ തന്റെ ജ്ഞാനം നമുക്കു പങ്കുവെക്കാൻ യഹോവ സന്നദ്ധനാണ്. (1 കൊരിന്ത്യർ 1:26-29) എന്നാൽ നാം മുൻകൈ എടുക്കണം, കാരണം “ജ്ഞാനം സമ്പാദിക്ക” എന്നു ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 4:7) നമുക്ക് അത് എങ്ങനെ ചെയ്യാനാകും?
5 ഒന്നാമതായി, നാം ദൈവത്തെ ഭയപ്പെടേണ്ടതുണ്ട്. “യഹോവാഭയം ജ്ഞാനത്തിന്റെ ആരംഭം [“ജ്ഞാനത്തിലേക്കുള്ള ആദ്യപടി,” ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ] ആകുന്നു” എന്ന് സദൃശവാക്യങ്ങൾ 9:10 (NW) പറയുന്നു. ദൈവഭയമാണ് യഥാർഥ ജ്ഞാനത്തിന്റെ അടിസ്ഥാനം. എന്തുകൊണ്ട്? ജ്ഞാനത്തിൽ, അറിവ് വിജയകരമായി ഉപയോഗിക്കാനുള്ള പ്രാപ്തി ഉൾപ്പെട്ടിരിക്കുന്നു എന്ന് ഓർക്കുക. ദൈവത്തെ ഭയപ്പെടുക എന്നതുകൊണ്ട് അർഥമാക്കുന്നത് അവന്റെ മുമ്പാകെ പേടിച്ചു വിറയ്ക്കുന്നതിനെയല്ല, പിന്നെയോ ഭയാദരവോടും വിശ്വാസത്തോടും കൂടെ അവനെ വണങ്ങുന്നതിനെയാണ്. അത്തരം ഭയം ആരോഗ്യാവഹമാണ്, ശരിയായതു ചെയ്യാൻ അതു നമ്മെ ശക്തമായി പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടവും പ്രവർത്തനരീതികളും സംബന്ധിച്ച നമ്മുടെ അറിവിനു ചേർച്ചയിൽ കൊണ്ടുവരാനും അതു നമ്മെ പ്രേരിപ്പിക്കുന്നു. നമുക്കു സ്വീകരിക്കാവുന്ന അതിലും ജ്ഞാനമേറിയ ഒരു ഗതി വേറെയില്ല, എന്തുകൊണ്ടെന്നാൽ യഹോവയുടെ പ്രമാണങ്ങൾ അവ അനുസരിക്കുന്നവർക്ക് എല്ലായ്പോഴും ഏറ്റവും വലിയ പ്രയോജനങ്ങൾ കൈവരുത്തുന്നു.
6 രണ്ടാമതായി, നമ്മൾ താഴ്മയും എളിമയും ഉള്ളവർ ആയിരിക്കണം. താഴ്മയും എളിമയും ഇല്ലാത്ത ഒരു വ്യക്തിക്കു ദൈവികജ്ഞാനം ഉണ്ടായിരിക്കുകയില്ല. (സദൃശവാക്യങ്ങൾ 11:2) അത് എന്തുകൊണ്ട്? താഴ്മയും എളിമയും ഉള്ളവരാണെങ്കിൽ, നമുക്ക് എല്ലാം അറിയാമെന്നു നാം ഭാവിക്കുകയില്ല, നമ്മുടെ അഭിപ്രായങ്ങളാണ് എപ്പോഴും ശരി എന്നു സമർഥിക്കാൻ നാം ശ്രമിക്കുകയുമില്ല. കൂടാതെ, കാര്യങ്ങൾ സംബന്ധിച്ച് യഹോവയുടെ വീക്ഷണം അറിയാൻ നാം ആഗ്രഹിക്കും. യഹോവ ‘നിഗളികളോടു എതിർത്തു നിൽക്കുന്നു,’ എന്നാൽ ഹൃദയത്തിൽ താഴ്മ ഉള്ളവർക്കു ജ്ഞാനം പകർന്നുനൽകാൻ അവനു സന്തോഷമേയുള്ളൂ.—യാക്കോബ് 4:6.
ദൈവികജ്ഞാനം സമ്പാദിക്കുന്നതിന്, അത് അന്വേഷിക്കാൻ നാം ശ്രമം ചെലുത്തണം
7 അത്യന്താപേക്ഷിതമായിരിക്കുന്ന മൂന്നാമത്തെ ഘടകം ദൈവത്തിന്റെ എഴുതപ്പെട്ട വചനത്തിന്റെ പഠനമാണ്. യഹോവയുടെ ജ്ഞാനം അവന്റെ വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു. ആ ജ്ഞാനം സമ്പാദിക്കുന്നതിന്, അത് അന്വേഷിക്കാനുള്ള ശ്രമം നാം നടത്തേണ്ടിയിരിക്കുന്നു. (സദൃശവാക്യങ്ങൾ 2:1-5) നാലാമതായി വേണ്ടത് പ്രാർഥനയാണ്. നാം ആത്മാർഥമായി ജ്ഞാനത്തിനുവേണ്ടി ദൈവത്തോടു യാചിക്കുന്നെങ്കിൽ അവൻ അത് ഉദാരമായി നൽകും. (യാക്കോബ് 1:5) അവന്റെ ആത്മാവിന്റെ സഹായത്തിനു വേണ്ടിയുള്ള നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടാതിരിക്കുകയില്ല. പ്രശ്നങ്ങൾ പരിഹരിക്കാനും അപകടം ഒഴിവാക്കാനും ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാനും സഹായകമായ ദൈവവചനത്തിലെ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനു നമ്മെ പ്രാപ്തരാക്കാൻ അവന്റെ ആത്മാവിനു കഴിയും.—ലൂക്കൊസ് 11:13.
8. നാം യഥാർഥത്തിൽ ദൈവികജ്ഞാനം സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് എപ്രകാരം ദൃശ്യമായിരിക്കും?
8 പതിനേഴാം അധ്യായത്തിൽ നാം കണ്ടതുപോലെ, യഹോവയുടെ ജ്ഞാനം പ്രായോഗികമാണ്. തന്നിമിത്തം, നാം ദൈവികജ്ഞാനം വാസ്തവമായും സമ്പാദിച്ചിട്ടുണ്ടെങ്കിൽ, നാം പെരുമാറുന്ന വിധത്തിൽ അതു തെളിഞ്ഞുകാണാം. ശിഷ്യനായ യാക്കോബ് ദിവ്യജ്ഞാനത്തിന്റെ ഫലങ്ങളെ കുറിച്ച് ഇങ്ങനെ വർണിക്കുന്നു: “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും [“ന്യായബോധവും,” NW] അനുസരണവുമുള്ളതും [“അനുസരിക്കാൻ ഒരുക്കമുള്ളതും,” NW] കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.” (യാക്കോബ് 3:17) ദിവ്യജ്ഞാനത്തിന്റെ ഈ വശങ്ങളിൽ ഓരോന്നും നാം ചർച്ചചെയ്യുമ്പോൾ നമുക്കു സ്വയം ചോദിക്കാം, ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടോ?’
‘നിർമ്മലവും പിന്നെ സമാധാനപരവും’
9. നിർമലരായിരിക്കുക എന്നതിന്റെ അർഥമെന്ത്, നിർമലതയെ ജ്ഞാനത്തിന്റെ ഫലങ്ങളിൽ ആദ്യത്തേതായി പട്ടികപ്പെടുത്തിയിരിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
9 ‘ഒന്നാമതു നിർമലം.’ നിർമലരായിരിക്കുക എന്നതിന്റെ അർഥം ബാഹ്യമായി മാത്രമല്ല, ആന്തരികമായും ശുദ്ധരും കളങ്കരഹിതരുമായിരിക്കുക എന്നാണ്. ബൈബിൾ ജ്ഞാനത്തെ ഹൃദയവുമായി ബന്ധപ്പെടുത്തുന്നു, ദുഷ്ട വിചാരങ്ങളാലും ആഗ്രഹങ്ങളാലും ആന്തരങ്ങളാലും മലിനമായ ഒരു ഹൃദയത്തിൽ സ്വർഗീയ ജ്ഞാനത്തിനു പ്രവേശിക്കാനാവില്ല. (സദൃശവാക്യങ്ങൾ 2:10; മത്തായി 15:19, 20) എന്നാൽ, നമ്മുടെ ഹൃദയം നിർമലമാണെങ്കിൽ—അതായത്, അപൂർണ മനുഷ്യർക്കു സാധ്യമാകുന്നിടത്തോളം ശുദ്ധമാണെങ്കിൽ—നാം ‘ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്യും.’ (സങ്കീർത്തനം 37:27; സദൃശവാക്യങ്ങൾ 3:7) നിർമലതയെ ജ്ഞാനത്തിന്റെ ഫലങ്ങളിൽ ആദ്യത്തേതായി പട്ടികപ്പെടുത്തിയിരിക്കുന്നത് ഉചിതമല്ലേ? ധാർമികമായും ആത്മീയമായും നാം നിർമലരല്ലെങ്കിൽ, ഉയരത്തിൽനിന്നുള്ള ജ്ഞാനത്തിന്റെ മറ്റു ഫലങ്ങൾ നമുക്ക് എങ്ങനെ യഥാർഥത്തിൽ പുറപ്പെടുവിക്കാൻ കഴിയും?
10, 11. (എ) നാം സമാധാനപ്രിയർ ആയിരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഒരു സഹാരാധകനെ നീരസപ്പെടുത്തിയെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിൽ, സമാധാനമുണ്ടാക്കുന്ന ഒരാളായി നിങ്ങളെത്തന്നെ തെളിയിക്കാൻ എങ്ങനെ കഴിയും? (അടിക്കുറിപ്പും കാണുക.)
10 ‘പിന്നെ സമാധാനപരം.’ സമാധാനം പിന്തുടരാൻ സ്വർഗീയ ജ്ഞാനം നമ്മെ പ്രേരിപ്പിക്കുന്നു, ദൈവാത്മാവിന്റെ ഒരു ഫലമാണ് സമാധാനം. (ഗലാത്യർ 5:22) യഹോവയുടെ ജനത്തെ ഒന്നിച്ചുനിറുത്തുന്ന ‘സമാധാനബന്ധത്തെ’ ശിഥിലമാക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കുന്നു. (എഫെസ്യർ 4:3) സമാധാനം ഭഞ്ജിക്കപ്പെടുമ്പോൾ അതു പുനഃസ്ഥാപിക്കാൻ നാം കഴിയുന്നതെല്ലാം ചെയ്യുന്നു. ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? “സമാധാനത്തിൽ ജീവിക്കുവിൻ. സ്നേഹത്തിന്റെയും ശാന്തിയുടെയും ദൈവം നിങ്ങളോടുകൂടെയുണ്ടായിരിക്കും” എന്നു ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 13:11, പി.ഒ.സി.ബൈ.) അതുകൊണ്ട് നാം സമാധാനത്തിൽ ജീവിക്കുന്നതിൽ തുടരുന്നിടത്തോളം കാലം സമാധാനത്തിന്റെ ദൈവം നമ്മോടുകൂടെ ഉണ്ടായിരിക്കും. സഹാരാധകരോടുള്ള നമ്മുടെ പെരുമാറ്റത്തിന് യഹോവയുമായി നമുക്കുള്ള അടുപ്പത്തോടു നേരിട്ടു ബന്ധമുണ്ട്. നാം സമാധാനം ഉണ്ടാക്കുന്നവരാണ് എന്ന് എങ്ങനെ തെളിയിക്കാനാകും? ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക.
11 നിങ്ങൾ ഒരു സഹാരാധകനെ നീരസപ്പെടുത്തിയതായി തോന്നുന്നെങ്കിൽ എന്തുചെയ്യണം? യേശു പറഞ്ഞു: “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക [“സമാധാനത്തിലാവുക,” NW]; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.” (മത്തായി 5:23, 24) നിങ്ങളുടെ സഹോദരന്റെ അടുക്കലേക്കു പോകാൻ മുൻകൈ എടുത്തുകൊണ്ട് നിങ്ങൾക്ക് ആ നല്ല ബുദ്ധിയുപദേശം പിൻപറ്റാൻ കഴിയും. അയാളുമായി ‘സമാധാനത്തിലാകുക’ * എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കാൻ നിങ്ങൾ അയാളുടെ വ്രണിത വികാരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതിനു പകരം അംഗീകരിക്കുകയായിരിക്കാം വേണ്ടത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെ നിങ്ങൾ അയാളെ സമീപിക്കുകയും ആ മനോഭാവം നിലനിറുത്തുകയും ചെയ്താൽ തെറ്റിദ്ധാരണ നീക്കാനും ഉചിതമായ ക്ഷമാപണം നടത്താനും ക്ഷമിക്കാനും കഴിയും. സമാധാനമുണ്ടാക്കാൻ നിങ്ങൾ മുൻകൈ എടുക്കുമ്പോൾ, നിങ്ങൾ ദൈവിക ജ്ഞാനത്താൽ നയിക്കപ്പെടുന്നുവെന്നു പ്രകടമാക്കുന്നു.
‘ന്യായബോധമുള്ളതും അനുസരിക്കാൻ ഒരുക്കമുള്ളതും’
12, 13. (എ) യാക്കോബ് 3:17-ൽ (NW) “ന്യായബോധമുള്ള” എന്നു വിവർത്തനം ചെയ്തിരിക്കുന്ന പദത്തിന്റെ അർഥമെന്ത്? (ബി) നാം ന്യായബോധമുള്ളവരാണ് എന്ന് എങ്ങനെ പ്രകടമാക്കാൻ കഴിയും?
12 ‘ന്യായബോധമുള്ളത്.’ ന്യായബോധമുണ്ടായിരിക്കുക എന്നതിന്റെ അർഥമെന്താണ്? പണ്ഡിതന്മാർ പറയുന്നതനുസരിച്ച്, യാക്കോബ് 3:17-ൽ “ന്യായബോധമുള്ള” എന്നു വിവർത്തനം ചെയ്തിരിക്കുന്ന മൂല ഗ്രീക്കുപദം ഭാഷാന്തരം ചെയ്യുക പ്രയാസമാണ്. വിവർത്തകർ ‘ശാന്തതയുള്ള,’ ‘ക്ഷമാശീലമുള്ള,’ ‘പരിഗണനയുള്ള’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “വഴക്കമുള്ള” എന്നാണ്. ഉയരത്തിൽനിന്നുള്ള ജ്ഞാനത്തിന്റെ ഈ വശം നമ്മിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
13 “നിങ്ങളുടെ ന്യായബോധം സകല മനുഷ്യരും അറിയട്ടെ” എന്നു ഫിലിപ്പിയർ 4:5 (NW) പറയുന്നു. മറ്റൊരു ഭാഷാന്തരം ഇങ്ങനെ പറയുന്നു: “ന്യായബോധമുള്ളവർ എന്ന കീർത്തി ഉണ്ടായിരിക്കുക.” (ആധുനിക ഇംഗ്ലീഷിലെ പുതിയനിയമം [ജെ. ബി. ഫിലിപ്സ്]) നാം നമ്മെത്തന്നെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനല്ല, മറ്റുള്ളവർ നമ്മെ എങ്ങനെ കാണുന്നു അല്ലെങ്കിൽ നാം എങ്ങനെ അറിയപ്പെടുന്നു എന്നതിനാണു പ്രാധാന്യം എന്നതു ശ്രദ്ധിക്കുക. ന്യായബോധമുള്ള ഒരു വ്യക്തി എല്ലായ്പോഴും നിയമത്തിന്റെ അക്ഷരത്തിൽ കടിച്ചുതൂങ്ങുന്നില്ല, അല്ലെങ്കിൽ തന്റെ ഇഷ്ടത്തിനൊത്തു കാര്യങ്ങൾ നടക്കണമെന്നു നിർബന്ധം പിടിക്കുന്നില്ല. പകരം, അയാൾ മറ്റുള്ളവരെ ശ്രദ്ധിക്കാനും, ഉചിതമായിരിക്കുമ്പോൾ അവരുടെ താത്പര്യം അനുസരിച്ചു പ്രവർത്തിക്കാനും സന്നദ്ധനാണ്. മറ്റുള്ളവരോടു ശാന്തമായിട്ടായിരിക്കും അയാൾ ഇടപെടുക, അല്ലാതെ പരുഷമായിട്ട് ആയിരിക്കില്ല. ഇത് എല്ലാ ക്രിസ്ത്യാനികളെയും സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണെങ്കിലും, മൂപ്പന്മാരായി സേവിക്കുന്നവർക്കു വിശേഷാൽ പ്രധാനമാണ്. ശാന്തസ്വഭാവം മറ്റുള്ളവരെ ആകർഷിക്കുന്നു, അത് സഭയിലുള്ളവർക്ക് മൂപ്പന്മാരെ സമീപിക്കുക എളുപ്പമാക്കിത്തീർക്കുന്നു. (1 തെസ്സലൊനീക്യർ 2:7, 8) നമുക്ക് നമ്മോടുതന്നെ ചോദിക്കാം, ‘പരിഗണനയും വഴക്കവും ശാന്തസ്വഭാവവുമുള്ള ഒരു വ്യക്തി എന്നനിലയിലാണോ ഞാൻ അറിയപ്പെടുന്നത്?’
14. നാം “അനുസരിക്കാൻ ഒരുക്കമുള്ള”വർ ആണെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
14 ‘അനുസരിക്കാൻ ഒരുക്കമുള്ളത്.’ അനുസരിക്കാൻ ഒരുക്കമുള്ള എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കുപദം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ മറ്റൊരിടത്തും കാണുന്നില്ല. ഒരു പണ്ഡിതൻ പറയുന്നപ്രകാരം, ഈ പദം “പട്ടാളച്ചിട്ടയോടുള്ള ബന്ധത്തിലാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്.” അത് “പ്രേരിപ്പിക്കാൻ എളുപ്പമുള്ള,” “കീഴ്പെടൽ മനോഭാവമുള്ള” എന്നീ ആശയങ്ങൾ നൽകുന്നു. ഉയരത്തിൽനിന്നുള്ള ജ്ഞാനത്താൽ ഭരിക്കപ്പെടുന്ന ഒരു വ്യക്തി തിരുവെഴുത്തുകൾ പറയുന്നതിനു വൈമനസ്യം കൂടാതെ കീഴ്പെടുന്നു. ഒരു തീരുമാനം എടുത്തിട്ട് പിന്നീട് അതു ശരിയല്ലെന്നു തെളിയിക്കുന്ന ഏതെങ്കിലും വസ്തുതകൾ ലഭിക്കുമ്പോൾ മാറ്റം വരുത്താൻ വിസമ്മതിക്കുന്ന ഒരുവനായിട്ടല്ല അയാൾ അറിയപ്പെടുക. പകരം, താൻ തെറ്റായ ഒരു നിലപാടാണു സ്വീകരിച്ചിരിക്കുന്നത്, അല്ലെങ്കിൽ തെറ്റായ നിഗമനങ്ങളിലാണ് എത്തിയിരിക്കുന്നത് എന്നതിനു വ്യക്തവും തിരുവെഴുത്തധിഷ്ഠിതവുമായ തെളിവു ലഭിക്കുമ്പോൾ അയാൾ പെട്ടെന്ന് തന്റെ നിലപാടിനു മാറ്റം വരുത്തുന്നു. നിങ്ങൾ അങ്ങനെയാണോ അറിയപ്പെടുന്നത്?
‘കരുണയും സൽഫലവും നിറഞ്ഞത്’
15. കരുണ എന്താണ്, യാക്കോബ് 3:17-ൽ “കരുണ”യും “സൽഫലവും” ഒരുമിച്ചു പറഞ്ഞിരിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
15 ‘കരുണയും സൽഫലവും നിറഞ്ഞത്.’ * കരുണ ഉയരത്തിൽനിന്നുള്ള ജ്ഞാനത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. കാരണം, അത്തരം ജ്ഞാനം ‘കരുണ നിറഞ്ഞത്’ ആണെന്നു പറയുന്നു. “കരുണ”യും “സൽഫല”വും ഒരുമിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ഇത് ഉചിതമാണ്. കാരണം ബൈബിളിൽ കരുണ മിക്കപ്പോഴും മറ്റുള്ളവരിലുള്ള സജീവ താത്പര്യത്തെ—ദയാപ്രവൃത്തികളുടേതായ സമൃദ്ധമായ ഫലങ്ങൾ ഉത്പാദിപ്പിക്കുന്ന സഹാനുഭൂതിയെ—പരാമർശിക്കുന്നു. ഒരു പരാമർശഗ്രന്ഥം കരുണയെ “ഒരാളുടെ ദുരവസ്ഥയെ പ്രതി ഉണ്ടാകുന്ന സങ്കടത്തിന്റേതായ തോന്നലും അതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യാനുള്ള ശ്രമവും” എന്നു നിർവചിക്കുന്നു. അതുകൊണ്ട്, ദൈവികജ്ഞാനം നിസ്സംഗമോ ഹൃദയശൂന്യമോ കേവലം ബൗദ്ധികമോ അല്ല. പകരം, അത് ഊഷ്മളവും ഹൃദയംഗമവും പരിഗണനയുള്ളതുമാണ്. നാം കരുണയുള്ളവരാണ് എന്ന് എങ്ങനെ പ്രകടമാക്കാൻ കഴിയും?
16, 17. (എ) ദൈവത്തോടുള്ള സ്നേഹത്തിനു പുറമേ, മറ്റെന്തുകൂടെ പ്രസംഗവേലയിൽ പങ്കുപറ്റാൻ നമ്മെ പ്രേരിപ്പിക്കുന്നു, എന്തുകൊണ്ട്? (ബി) നാം കരുണ നിറഞ്ഞവരാണ് എന്ന് ഏതു വിധങ്ങളിൽ നമുക്കു പ്രകടമാക്കാൻ കഴിയും?
16 തീർച്ചയായും ഒരു പ്രധാന മാർഗം ദൈവരാജ്യ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുന്നതാണ്. ഈ വേല ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ്? മുഖ്യമായി അത് ദൈവത്തോടുള്ള സ്നേഹമാണ്. എന്നാൽ അതോടൊപ്പം കരുണയും മറ്റുള്ളവരോടുള്ള നമ്മുടെ സഹാനുഭൂതിയും പ്രേരക ഘടകങ്ങളായി വർത്തിക്കുന്നു. (മത്തായി 22:37-39) ഇന്ന് അനേകരും “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരു”മാണ്. (മത്തായി 9:36) വ്യാജമത ഇടയന്മാർ അവരെ അവഗണിക്കുകയും ആത്മീയമായി അന്ധരാക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് അവർക്ക്, ദൈവവചനത്തിൽ കാണുന്ന ജ്ഞാനപൂർവകമായ മാർഗനിർദേശത്തെ കുറിച്ചോ രാജ്യം പെട്ടെന്നുതന്നെ ഈ ഭൂമിയിൽ കൈവരുത്താനിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചോ അറിയില്ല. അങ്ങനെ നാം നമുക്കു ചുറ്റുമുള്ളവരുടെ ആത്മീയ ആവശ്യങ്ങളെ കുറിച്ചു ചിന്തിക്കുമ്പോൾ, യഹോവയുടെ സ്നേഹനിർഭരമായ ഉദ്ദേശ്യത്തെ കുറിച്ച് അവരോടു പറയാൻ നമ്മളാലാവുന്നതെല്ലാം ചെയ്യുന്നതിനു നമ്മുടെ ഹൃദയംഗമമായ സഹാനുഭൂതി നമ്മെ പ്രേരിപ്പിക്കുന്നു.
17 നമ്മൾ കരുണ നിറഞ്ഞവർ ആണെന്നു വേറെ ഏതു വിധങ്ങളിൽ നമുക്കു പ്രകടമാക്കാനാകും? ശമര്യക്കാരനെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം ഓർക്കുക. കൊള്ളയടിക്കപ്പെട്ട്, മർദനത്തിന് ഇരയായി അവശനിലയിൽ വഴിയരികിൽ കിടന്ന യാത്രക്കാരനെ കണ്ട് ശമര്യക്കാരന്റെ മനസ്സലിഞ്ഞു. ശമര്യക്കാരൻ അയാളോട് ‘കരുണ കാണിക്കുകയും’ അയാളുടെ മുറിവുകൾ കെട്ടുകയും അയാളെ ശുശ്രൂഷിക്കുകയും ചെയ്തു. (ലൂക്കൊസ് 10:29-37) കരുണ കാണിക്കുന്നതിൽ, ഞെരുക്കം അനുഭവിക്കുന്നവർക്കു പ്രായോഗിക സഹായം നൽകുന്നത് ഉൾപ്പെടുന്നു എന്നല്ലേ ഇതു കാണിക്കുന്നത്? “ആകയാൽ അവസരം കിട്ടുംപോലെ . . . എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക” എന്നു ബൈബിൾ നമ്മോടു പറയുന്നു. (ഗലാത്യർ 6:10) ചില സാധ്യതകൾ പരിചിന്തിക്കുക. പ്രായമേറിയ ഒരു സഹവിശ്വാസിക്കു ക്രിസ്തീയ യോഗങ്ങൾക്കു വരാനും പോകാനും യാത്രാസൗകര്യം ആവശ്യമായിരിക്കാം. സഭയിലെ ഒരു വിധവയ്ക്കു വീട്ടിൽ അറ്റകുറ്റപ്പണികൾക്കു സഹായം ആവശ്യമുണ്ടായിരിക്കാം. (യാക്കോബ് 1:27) നിരുത്സാഹിതനായ ഒരാൾക്ക് ഉത്സാഹം പകരാൻ ഒരു “നല്ല വാക്ക്” ആവശ്യമായിരിക്കാം. (സദൃശവാക്യങ്ങൾ 12:25) അങ്ങനെയുള്ള വിധങ്ങളിൽ നാം കരുണ കാണിക്കുമ്പോൾ, ഉയരത്തിൽനിന്നുള്ള ജ്ഞാനം നമ്മിൽ സ്വാധീനം ചെലുത്തുന്നു എന്നതിനു നാം തെളിവു നൽകുകയാണ്.
‘പക്ഷപാതവും കപടവും ഇല്ലാത്തത്’
18. ഉയരത്തിൽനിന്നുള്ള ജ്ഞാനത്താൽ നയിക്കപ്പെടുന്നെങ്കിൽ നാം നമ്മുടെ ഹൃദയത്തിൽനിന്ന് എന്തു പിഴുതുമാറ്റാൻ ശ്രമിക്കണം, എന്തുകൊണ്ട്?
18 ‘പക്ഷപാതം ഇല്ലാത്തത്.’ ദൈവികജ്ഞാനം വർഗീയ മുൻവിധിയും ദേശീയതയും ഒഴിവാക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. അത്തരം ജ്ഞാനത്താൽ നയിക്കപ്പെടുന്നെങ്കിൽ, പക്ഷപാതിത്വം കാട്ടാനുള്ള ഏതൊരു പ്രവണതയെയും ഹൃദയത്തിൽനിന്നു പിഴുതുമാറ്റാൻ നാം ശ്രമിക്കും. (യാക്കോബ് 2:9) വിദ്യാഭ്യാസ യോഗ്യതയുടെയോ സാമ്പത്തിക നിലയുടെയോ സഭാപരമായ പദവികളുടെയോ അടിസ്ഥാനത്തിൽ നാം മറ്റുള്ളവരോടു പക്ഷപാതപരമായി പെരുമാറുകയില്ല. അതുപോലെ, നമ്മുടെ സഹാരാധകരിൽ ആരെങ്കിലും എത്ര എളിയവരായി കാണപ്പെട്ടാലും അവരെ നാം പുച്ഛത്തോടെ വീക്ഷിക്കുകയില്ല. യഹോവ അങ്ങനെയുള്ളവരെയും തന്റെ സ്നേഹത്തിനു പാത്രങ്ങളാക്കിയിരിക്കുന്നെങ്കിൽ, തീർച്ചയായും നാം അവരെ നമ്മുടെ സ്നേഹത്തിന് അർഹരായി വീക്ഷിക്കണം.
19, 20. (എ) “കപടഭാവമുള്ളവൻ” എന്നതിനുള്ള ഗ്രീക്കു പദത്തിന്റെ പശ്ചാത്തലം എന്ത്? (ബി) നാം “നിർവ്യാജമായ സഹോദരപ്രീതി” പ്രകടമാക്കുന്നത് എങ്ങനെ, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
19 ‘കപടം ഇല്ലാത്തത്.’ “കപടഭാവമുള്ളവൻ” എന്നതിനെ കുറിക്കുന്ന ഗ്രീക്കുപദത്തിന് “ഒരു നാടകഭാഗം അഭിനയിക്കുന്ന നടനെ” പരാമർശിക്കാൻ കഴിയും. പുരാതനകാലങ്ങളിൽ, ഗ്രീക്കു നടന്മാരും റോമൻ നടന്മാരും അഭിനയത്തിന്റെ സമയത്ത് വലിയ മുഖംമൂടികൾ ധരിച്ചിരുന്നു. അതുകൊണ്ട് “കപടഭാവമുള്ളവൻ” എന്നതിന്റെ ഗ്രീക്കുപദം കപടമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ പരാമർശിക്കുന്നതിന് ഉപയോഗിക്കാൻ തുടങ്ങി. ദൈവിക ജ്ഞാനത്തിന്റെ ഈ വശം നാം സഹാരാധകരോട് ഇടപെടുന്ന വിധത്തെ മാത്രമല്ല, നാം അവരെക്കുറിച്ചു ചിന്തിക്കുന്ന വിധത്തെയും സ്വാധീനിക്കണം.
20 ‘സത്യത്തോടുള്ള നമ്മുടെ അനുസരണം’ “നിർവ്യാജമായ സഹോദരപ്രീതി”യിൽ കലാശിക്കണമെന്ന് അപ്പൊസ്തലനായ പത്രൊസ് പറഞ്ഞു. (1 പത്രൊസ് 1:22) അതേ, സഹോദരങ്ങളോടുള്ള നമ്മുടെ ആർദ്രത വെറും ബാഹ്യപ്രകടനമായിരിക്കരുത്. കപടഭാവത്തിലൂടെയോ നാട്യത്തിലൂടെയോ മറ്റുള്ളവരെ വഞ്ചിക്കാൻ നാം ശ്രമിക്കുന്നില്ല. നമ്മുടെ സ്നേഹം യഥാർഥമായിരിക്കണം, ഹൃദയംഗമമായിരിക്കണം. അങ്ങനെയാണെങ്കിൽ, നാം നമ്മുടെ സഹവിശ്വാസികളുടെ വിശ്വാസം ആർജിക്കും, കാരണം നാം പുറമേ കാണിക്കുന്നതുതന്നെയാണ് നമ്മുടെ മനസ്സിലും ഉള്ളത് എന്ന് അവർ തിരിച്ചറിയും. അങ്ങനെയുള്ള ആത്മാർഥത, ക്രിസ്ത്യാനികൾ തമ്മിലുള്ള തുറന്ന, സത്യസന്ധമായ ബന്ധങ്ങൾക്കു വഴി ഒരുക്കുന്നു. കൂടാതെ അത്, സഭയിൽ വിശ്വാസത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
‘പ്രായോഗികജ്ഞാനം കാത്തുസൂക്ഷിക്കുക’
21, 22. (എ) ജ്ഞാനം കാത്തുസൂക്ഷിക്കുന്നതിൽ ശലോമോൻ പരാജയപ്പെട്ടത് എങ്ങനെ? (ബി) നമുക്ക് എങ്ങനെ ജ്ഞാനം കാത്തുസൂക്ഷിക്കാൻ കഴിയും, അപ്രകാരം ചെയ്യുന്നതിനാൽ നമുക്ക് ഏതെല്ലാം പ്രയോജനങ്ങൾ ലഭിക്കും?
21 ദൈവികജ്ഞാനം യഹോവയിൽനിന്നുള്ള ഒരു ദാനമാണ്, നാം കാത്തുസൂക്ഷിക്കേണ്ട ഒന്നാണത്. ശലോമോൻ പറഞ്ഞു: “എന്റെ മകനേ, . . . പ്രായോഗിക ജ്ഞാനവും ചിന്താപ്രാപ്തിയും കാത്തുസൂക്ഷിക്കുക.” (സദൃശവാക്യങ്ങൾ 3:21, NW) സങ്കടകരമെന്നു പറയട്ടെ, ശലോമോൻതന്നെ അതു ചെയ്തില്ല. അവൻ അനുസരണമുള്ള ഒരു ഹൃദയം നിലനിറുത്തിയിടത്തോളംകാലം ജ്ഞാനിയായി തുടർന്നു. എന്നാൽ ഒടുവിൽ, വിജാതീയരായ ഭാര്യമാർ അവന്റെ ഹൃദയത്തെ യഹോവയുടെ നിർമലാരാധനയിൽനിന്ന് അകറ്റിക്കളഞ്ഞു. (1 രാജാക്കന്മാർ 11:1-8) അറിവു ശരിയായി ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ അതിന്റെ മൂല്യം നഷ്ടപ്പെടുമെന്ന് ശലോമോന്റെ അനുഭവം കാണിക്കുന്നു.
22 പ്രായോഗികജ്ഞാനം നമുക്ക് എങ്ങനെ കാത്തുസൂക്ഷിക്കാൻ കഴിയും? ബൈബിളും “വിശ്വസ്തനും വിവേകിയുമായ അടിമ” ഒരുക്കിത്തരുന്ന ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നാം ക്രമമായി വായിക്കണമെന്നു മാത്രമല്ല, പഠിക്കുന്നതു പ്രായോഗികമാക്കാൻ ശ്രമിക്കയും വേണം. (മത്തായി 24:45, NW) ദിവ്യജ്ഞാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ നമുക്കു സകല കാരണവുമുണ്ട്. അത് ഇപ്പോഴത്തെ മെച്ചപ്പെട്ട ജീവിതരീതിയാണ്. അത് ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവനാകുന്ന ‘സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളാൻ’ നമ്മെ പ്രാപ്തരാക്കുന്നു. (1 തിമൊഥെയൊസ് 6:19) ഏറ്റവും പ്രധാനമായി, ഉയരത്തിൽനിന്നുള്ള ജ്ഞാനം നട്ടുവളർത്തുന്നത് സകല ജ്ഞാനത്തിന്റെയും ഉറവായ യഹോവയാം ദൈവത്തോടു നമ്മെ കൂടുതൽ അടുപ്പിക്കുന്നു.
^ 1 രാജാക്കന്മാർ 3:16 അനുസരിച്ച്, ഈ രണ്ടു സ്ത്രീകളും വേശ്യകൾ ആയിരുന്നു. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ സ്ത്രീകൾ വേശ്യകൾ ആണെന്നു പറഞ്ഞിരിക്കുന്നത് അവർ വേശ്യാവൃത്തി തൊഴിലാക്കിയവർ ആണെന്ന അർഥത്തിൽ ആയിരിക്കില്ല, പിന്നെയോ അവർ പരസംഗത്തിൽ ഏർപ്പെട്ടവരായിരുന്നു എന്ന അർഥത്തിലാകാം. ഇവർ യഹൂദ സ്ത്രീകളോ അല്ലെങ്കിൽ ഏറെ സാധ്യതയനുസരിച്ച് വിദേശ വംശജരായ സ്ത്രീകളോ ആയിരുന്നു.”—യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
^ “സമാധാനത്തിലാകുക” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദപ്രയോഗം “‘ഒരു മാറ്റം വരുത്തുക, പകരം കൊടുക്കുക,’ അങ്ങനെ ‘അനുരഞ്ജനപ്പെടുക’” എന്നർഥമുള്ള ഒരു ക്രിയയിൽനിന്ന് ഉളവായിരിക്കുന്നതാണ്. അതുകൊണ്ട് നമ്മുടെ ലക്ഷ്യം ഒരു മാറ്റം വരുത്തുക, വ്രണിതനായ ആളിന്റെ ഹൃദയത്തിൽനിന്നു സാധ്യമെങ്കിൽ നീരസം നീക്കുക എന്നതാണ്.—റോമർ 12:18.
^ മറ്റൊരു ഭാഷാന്തരം ഈ ഭാഗത്തെ “സഹാനുഭൂതിയും സത്പ്രവൃത്തികളും നിറഞ്ഞത്” എന്ന് വിവർത്തനം ചെയ്തിരിക്കുന്നു.—ജനകീയ ഭാഷയിലുള്ള ഒരു പരിഭാഷ [ചാൾസ് ബി. വില്യംസ്] (ഇംഗ്ലീഷ്).