അധ്യായം 10
നിങ്ങളുടെ ശക്തിയുടെ വിനിയോഗത്തിൽ “ദൈവത്തെ അനുകരിപ്പിൻ”
1. അപൂർണ മനുഷ്യർ വഞ്ചകമായ ഏതു കെണിയിൽ അനായാസം അകപ്പെടുന്നു?
“ഏത് അധികാരക്കസേരയ്ക്കു പിന്നിലും വഞ്ചകമായ ഒരു കെണി പതിയിരിപ്പുണ്ട്.” 19-ാം നൂറ്റാണ്ടിലെ ഒരു കവയിത്രിയുടെ ആ വാക്കുകൾ വഞ്ചകമായ ഒരു അപകടത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു: അധികാരശക്തിയുടെ ദുർവിനിയോഗം. ദുഃഖകരമെന്നു പറയട്ടെ, അപൂർണ മനുഷ്യൻ വളരെ എളുപ്പത്തിൽ ഈ കെണിയിൽ അകപ്പെടുന്നു. തീർച്ചയായും, ചരിത്രത്തിലുടനീളം “മനുഷ്യൻ അവന്റെ ദോഷത്തിനായി മനുഷ്യന്റെമേൽ അധികാരം നടത്തിയിരി”ക്കുന്നു. (സഭാപ്രസംഗി 8:9, NW) സ്നേഹശൂന്യമായ അധികാര വിനിയോഗം അവർണനീയമായ മനുഷ്യ ദുരിതത്തിൽ കലാശിച്ചിരിക്കുന്നു.
2, 3. (എ) യഹോവ ശക്തി വിനിയോഗിക്കുന്നതു സംബന്ധിച്ച് ശ്രദ്ധേയമായിരിക്കുന്നത് എന്ത്? (ബി) നമ്മുടെ ശക്തിയിൽ എന്ത് ഉൾപ്പെട്ടേക്കാം, നാം അങ്ങനെയുള്ള എല്ലാ ശക്തിയും എങ്ങനെ ഉപയോഗിക്കണം?
2 എന്നിരുന്നാലും, അതിരറ്റ ശക്തിയുള്ള യഹോവയാം ദൈവം ഒരിക്കലും തന്റെ ശക്തി ദുർവിനിയോഗം ചെയ്യുന്നില്ലെന്നുള്ളതു ശ്രദ്ധേയമല്ലേ? മുൻ അധ്യായങ്ങളിൽ നാം കണ്ടതുപോലെ, സൃഷ്ടിപരമോ സംഹാരകമോ സംരക്ഷകമോ പുനഃസ്ഥാപകമോ ആയാലും യഹോവ തന്റെ ശക്തി എല്ലായ്പോഴും ഉപയോഗിക്കുന്നത് സ്നേഹനിർഭരമായ തന്റെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിലാണ്. അവൻ തന്റെ ശക്തി പ്രയോഗിക്കുന്ന വിധത്തെ കുറിച്ചു പരിചിന്തിക്കുമ്പോൾ അവനോട് അടുത്തു ചെല്ലാൻ നാം പ്രേരിതരായിത്തീരുന്നു. അതാകട്ടെ, നമ്മുടെ സ്വന്തം ശക്തിയുടെ ഉപയോഗത്തിൽ ‘ദൈവത്തെ അനുകരിക്കാൻ’ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. (എഫെസ്യർ 5:1) എന്നാൽ നിസ്സാര മനുഷ്യരായ നമുക്ക് എന്തു ശക്തിയാണുള്ളത്?
3 മനുഷ്യൻ “ദൈവത്തിന്റെ സ്വരൂപ”ത്തിലും സാദൃശ്യത്തിലുമാണു സൃഷ്ടിക്കപ്പെട്ടത് എന്ന് ഓർക്കുക. (ഉല്പത്തി 1:26, 27) അതുകൊണ്ട്, നമുക്കും ശക്തിയുണ്ട്—അത് അൽപ്പമായിരിക്കാമെങ്കിലും. കാര്യങ്ങൾ നിർവഹിക്കാനും വേല ചെയ്യാനുമുള്ള പ്രാപ്തി, മറ്റുള്ളവരുടെമേൽ ചെലുത്താൻ കഴിയുന്ന നിയന്ത്രണം അല്ലെങ്കിൽ അധികാരം, മറ്റുള്ളവരെ വിശേഷാൽ നമ്മെ സ്നേഹിക്കുന്നവരെ സ്വാധീനിക്കാനുള്ള കഴിവ്, ശാരീരികബലം (കരുത്ത്), ഭൗതിക വിഭവങ്ങൾ എന്നിവ നമ്മുടെ ശക്തിയിൽ ഉൾപ്പെടുന്നു. യഹോവയെ സംബന്ധിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ.” (സങ്കീർത്തനം 36:9) അതുകൊണ്ട് ആത്യന്തികമായി ദൈവമാണ് നമുക്ക് ഉണ്ടായിരിക്കാവുന്ന ശക്തിയുടെ ഉറവ്. അതിനാൽ അവനെ പ്രസാദിപ്പിക്കുന്ന വിധങ്ങളിൽ അത് ഉപയോഗിക്കാൻ നാം ആഗ്രഹിക്കുന്നു. നമുക്ക് അതിന് എങ്ങനെ കഴിയും?
സ്നേഹമാണു താക്കോൽ
4, 5. (എ) ശക്തി ശരിയായി ഉപയോഗിക്കുന്നതിന്റെ താക്കോൽ എന്താണ്, ദൈവത്തിന്റെ സ്വന്തം ദൃഷ്ടാന്തം ഇതു പ്രകടമാക്കുന്നത് എങ്ങനെ? (ബി) ശക്തി ശരിയായി ഉപയോഗിക്കാൻ സ്നേഹം നമ്മെ എങ്ങനെ സഹായിക്കും?
4 ശക്തി ശരിയായി ഉപയോഗിക്കുന്നതിന്റെ താക്കോൽ സ്നേഹമാണ്. ദൈവത്തിന്റെ സ്വന്തം മാതൃക അതു പ്രകടമാക്കുന്നില്ലേ? ദൈവത്തിന്റെ നാലു പ്രമുഖ ഗുണങ്ങളായ ശക്തി, നീതി, ജ്ഞാനം, സ്നേഹം എന്നിവയെ കുറിച്ച് 1-ാം അധ്യായത്തിൽ ചർച്ച ചെയ്തത് നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും. നാലു ഗുണങ്ങളിൽ മുന്തിനിൽക്കുന്നത് ഏതാണ്? സ്നേഹം. “ദൈവം സ്നേഹം തന്നേ,” 1 യോഹന്നാൻ 4:8 പറയുന്നു. അതേ, യഹോവയുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനംതന്നെ സ്നേഹമാണ്; അവൻ ചെയ്യുന്ന സകലത്തെയും അതു സ്വാധീനിക്കുന്നു. അതുകൊണ്ട് അവന്റെ ശക്തിയുടെ ഓരോ പ്രകടനവും സ്നേഹത്താൽ പ്രേരിതവും ആത്യന്തികമായി അവനെ സ്നേഹിക്കുന്നവരുടെ നന്മയ്ക്കു വേണ്ടിയുള്ളതുമാണ്.
5 നമ്മുടെ അധികാരശക്തി ശരിയായി ഉപയോഗിക്കാൻ സ്നേഹം നമ്മെയും സഹായിക്കും. സ്നേഹം ‘ദയ കാണിക്കുന്നു’ എന്നും “സ്വാർഥം അന്വേഷിക്കുന്നില്ല” എന്നും ബൈബിൾ നമ്മോടു പറയുന്നു. (1 കൊരിന്ത്യർ 13:4, 5) അതുകൊണ്ട് ആപേക്ഷികമായ അർഥത്തിൽ നമ്മുടെ അധികാരത്തിൻ കീഴിൽ ആയിരിക്കുന്നവരോട് പരുഷമായോ ക്രൂരമായോ പെരുമാറാൻ സ്നേഹം നമ്മെ അനുവദിക്കുകയില്ല. പകരം, നാം മറ്റുള്ളവരോടു മാന്യതയോടെ പെരുമാറുകയും അവരുടെ ആവശ്യങ്ങൾക്കും വികാരങ്ങൾക്കും മുൻതൂക്കം നൽകുകയും ചെയ്യും.—ഫിലിപ്പിയർ 2:3, 4.
6, 7. (എ) ദൈവഭയം എന്താണ്, അധികാരശക്തി ദുർവിനിയോഗം ചെയ്യുന്നത് ഒഴിവാക്കാൻ ഈ ഗുണം നമ്മെ എങ്ങനെ സഹായിക്കും? (ബി) ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയവും ദൈവത്തോടുള്ള സ്നേഹവും തമ്മിലുള്ള ബന്ധം ദൃഷ്ടാന്തീകരിക്കുക.
6 അധികാരശക്തി ദുർവിനിയോഗം ചെയ്യുന്നത് ഒഴിവാക്കാൻ നമ്മെ സഹായിക്കുന്ന മറ്റൊരു ഗുണത്തോടു സ്നേഹം ബന്ധപ്പെട്ടിരിക്കുന്നു: ദൈവഭയത്തോട്. ഈ ഗുണത്തിന്റെ മൂല്യം എന്താണ്? “യഹോവാഭയത്തിൽ ഒരുവൻ ദോഷത്തിൽനിന്ന് അകന്നുമാറുന്നു” എന്ന് സദൃശവാക്യങ്ങൾ 16:6 [NW] പറയുന്നു. അധികാര ദുർവിനിയോഗം തീർച്ചയായും നാം അകന്നുമാറേണ്ട ദോഷമുള്ള വഴികളിൽ ഒന്നാണ്. നമ്മുടെ അധികാരത്തിൻ കീഴിലുള്ളവരെ ദ്രോഹിക്കുന്നതിൽനിന്ന് ദൈവഭയം നമ്മെ തടയും. എന്തുകൊണ്ട്? അങ്ങനെയുള്ളവരോടു പെരുമാറുന്ന വിധം സംബന്ധിച്ച് നാം ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു നമുക്കറിയാം എന്നതാണ് ഒരു സംഗതി. (നെഹെമ്യാവു 5:1-7, 15) എന്നാൽ ദൈവഭയത്തിൽ അതിൽ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു. “ഭയം” എന്നതിന് ഉപയോഗിച്ചിരിക്കുന്ന മൂലഭാഷാപദങ്ങൾ മിക്കപ്പോഴും, ദൈവത്തോടുള്ള അഗാധമായ ഭക്ത്യാദരവിനെ പരാമർശിക്കുന്നു. അങ്ങനെ ബൈബിൾ ഭയത്തെ ദൈവത്തോടുള്ള സ്നേഹവുമായി ബന്ധിപ്പിക്കുന്നു. (ആവർത്തനപുസ്തകം 10:12, 13) ഈ ഭക്ത്യാദരവിൽ ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഭയം ഉൾപ്പെടുന്നു. പരിണതഫലങ്ങളെ ഭയക്കുന്നതിനാൽ മാത്രമല്ല, പിന്നെയോ നാം യഥാർഥമായി അവനെ സ്നേഹിക്കുന്നതുകൊണ്ടു കൂടിയാണ് ഈ ഭയം പുലർത്തുന്നത്.
7 ദൃഷ്ടാന്തത്തിന്, ഒരു കൊച്ചുകുട്ടിയും പിതാവും തമ്മിലുള്ള ആരോഗ്യാവഹമായ ബന്ധത്തെ കുറിച്ചു ചിന്തിക്കുക. പിതാവിന് തന്നിലുള്ള ഊഷ്മളവും സ്നേഹനിർഭരവുമായ താത്പര്യം കുട്ടി അനുഭവിച്ചറിയുന്നു. പിതാവ് തന്നിൽനിന്ന് എന്താവശ്യപ്പെടുന്നു എന്നതു സംബന്ധിച്ച് കുട്ടിക്ക് ബോധ്യമുണ്ട്. താൻ അനുസരണക്കേടു കാണിച്ചാൽ പിതാവു ശിക്ഷണം നൽകുമെന്നും അവന് അറിയാം. എന്നാൽ കുട്ടി അനാരോഗ്യകരമായ ഒരു വിധത്തിൽ പിതാവിനെ ഭയപ്പെടുന്നില്ല. മറിച്ച്, അവൻ പിതാവിനെ അതിയായി സ്നേഹിക്കുന്നു. തന്റെ പിതാവിൽനിന്നുള്ള അംഗീകാരത്തിന്റെ പുഞ്ചിരി ലഭിക്കുന്ന എന്തും ചെയ്യാൻ കുട്ടിക്കു സന്തോഷമുണ്ട്. ദൈവഭയത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്. നമ്മുടെ സ്വർഗീയ പിതാവായ യഹോവയെ നാം സ്നേഹിക്കുന്നതുകൊണ്ട് “അവന്റെ ഹൃദയത്തിന്നു ദുഃഖ”മുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യാൻ നമുക്കു ഭയമാണ്. (ഉല്പത്തി 6:6) പകരം, അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുംവിധം നമ്മുടെ ശക്തി ശരിയായി ഉപയോഗിക്കാൻ നാം ആഗ്രഹിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) നമുക്ക് അത് എങ്ങനെ ചെയ്യാമെന്നു കുറേക്കൂടെ സൂക്ഷ്മമായി പരിശോധിക്കാം.
കുടുംബത്തിൽ
8. (എ) കുടുംബത്തിൽ ഭർത്താവിന് എന്ത് അധികാരമുണ്ട്, അത് അയാൾ എങ്ങനെ പ്രയോഗിക്കണം? (ബി) ഭാര്യയെ ബഹുമാനിക്കുന്നുവെന്ന് ഒരു ഭർത്താവിന് എങ്ങനെ പ്രകടമാക്കാൻ കഴിയും?
8 ആദ്യമായി കുടുംബവൃത്തത്തെ കുറിച്ചു ചിന്തിക്കുക. “ഭർത്താവു ഭാര്യെക്കു തലയാകുന്നു” എന്ന് എഫെസ്യർ 5:23 പറയുന്നു. ഒരു ഭർത്താവ് എങ്ങനെയാണ് ഈ ദൈവദത്ത അധികാരം പ്രയോഗിക്കേണ്ടത്? ഭർത്താക്കന്മാർ തങ്ങളുടെ “ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നു . . . ഓർത്തു അവർക്കു ബഹുമാനം” കൊടുക്കാൻ ബൈബിൾ അവരോടു പറയുന്നു. (1 പത്രൊസ് 3:7) “ബഹുമാനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു നാമത്തിന്റെ അർഥം “മൂല്യം, വില, . . . ആദരവ്” എന്നൊക്കെയാണ്. ഈ പദത്തിന്റെ ചില രൂപങ്ങൾ “സമ്മാന”മെന്നും “മാന്യത”യെന്നും വിവർത്തനം ചെയ്തിരിക്കുന്നു. (പ്രവൃത്തികൾ 28:10; 1 പത്രൊസ് 2:7) ഭാര്യയെ ബഹുമാനിക്കുന്ന ഒരു ഭർത്താവ് അവളെ ഒരിക്കലും കയ്യേറ്റം ചെയ്യുകയില്ല; വിലകെട്ടവളാണെന്ന തോന്നൽ അവളിൽ ഉളവാക്കുമാറ് അവളെ അപമാനിക്കുകയുമില്ല. മറിച്ച്, അയാൾ അവളുടെ മൂല്യം അംഗീകരിക്കുകയും അവളോട് ആദരവോടെ പെരുമാറുകയും ചെയ്യും. വാക്കിനാലും പ്രവൃത്തിയാലും അവൾ തനിക്കു വിലപ്പെട്ടവളാണെന്നു രഹസ്യമായും പരസ്യമായും അയാൾ പ്രകടമാക്കുന്നു. (സദൃശവാക്യങ്ങൾ 31:28) അങ്ങനെയുള്ള ഒരു ഭർത്താവ് തന്റെ ഭാര്യയുടെ സ്നേഹവും ആദരവും മാത്രമല്ല, അതിലും പ്രധാനമായി, ദൈവാംഗീകാരവും നേടുന്നു.
9. (എ) ഭാര്യക്ക് കുടുംബത്തിൽ എന്ത് അധികാരം ഉണ്ട്? (ബി) ഭർത്താവിനെ പിന്തുണയ്ക്കാൻ തന്റെ പ്രാപ്തികൾ ഉപയോഗിക്കുന്നതിന് ഒരു ഭാര്യയെ എന്തു സഹായിക്കും? അത് എന്തു ഫലം ഉളവാക്കുന്നു?
9 ഭാര്യമാർക്കും കുടുംബത്തിൽ ഒരളവിലുള്ള അധികാരം ഉണ്ട്. ഉചിതമായ ശിരഃസ്ഥാനത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുതന്നെ പ്രയോജനകരമായ വിധത്തിൽ തങ്ങളുടെ ഭർത്താക്കന്മാരെ സ്വാധീനിക്കാൻ അല്ലെങ്കിൽ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുന്നതിന് അവരെ സഹായിക്കാൻ മുൻകൈ എടുത്ത ദൈവഭക്തരായ സ്ത്രീകളെ കുറിച്ചു ബൈബിൾ പറയുന്നു. (ഉല്പത്തി 21:9-12; 27:46–28:2) ഭാര്യക്ക് ഭർത്താവിനെക്കാൾ ബുദ്ധി ഉണ്ടായിരിക്കാം. അല്ലെങ്കിൽ ഭർത്താവിനില്ലാത്ത പ്രാപ്തികൾ ഭാര്യക്ക് ഉണ്ടായിരിക്കാം. എന്നിരുന്നാലും, അവൾക്ക് ഭർത്താവിനോട് “ആഴമായ ബഹുമാനം” ഉണ്ടായിരിക്കണം, “കർത്താവിന്നു എന്നപോലെ” അയാൾക്കു “കീഴടങ്ങു”കയും വേണം. (എഫെസ്യർ 5:22, 23) ദൈവത്തെ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ചിന്തിക്കുന്നത് ഭർത്താവിനെ താഴ്ത്തിക്കെട്ടാനോ ഭരിക്കാനോ ശ്രമിക്കുന്നതിനു പകരം അയാളെ പിന്തുണയ്ക്കുന്നതിനു തന്റെ പ്രാപ്തികൾ ഉപയോഗിക്കാൻ ഒരു ഭാര്യയെ സഹായിച്ചേക്കാം. അത്തരം “ജ്ഞാനമുള്ളവൾ” കുടുംബത്തെ കെട്ടുപണി ചെയ്യുന്നതിൽ ഭർത്താവിനോടു നന്നായി സഹകരിക്കുന്നു. അങ്ങനെ അവൾ ദൈവവുമായുള്ള സമാധാനം കാത്തുസൂക്ഷിക്കുന്നു.—സദൃശവാക്യങ്ങൾ 14:1.
10. (എ) ദൈവം മാതാപിതാക്കൾക്ക് ഏത് അധികാരം കൊടുത്തിട്ടുണ്ട്? (ബി) “ശിക്ഷണം” എന്ന പദത്തിന്റെ അർഥമെന്ത്, അത് എങ്ങനെ നൽകണം? (അടിക്കുറിപ്പും കാണുക.)
10 മാതാപിതാക്കൾക്കും ദൈവദത്ത അധികാരം ഉണ്ട്. ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും [“ശിക്ഷണത്തിലും”, NW] പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.” (എഫെസ്യർ 6:4) ബൈബിളിൽ “ശിക്ഷണം” എന്ന പദത്തിന് “പരിപാലനത്തെയും പരിശീലനത്തെയും പ്രബോധനത്തെയും” അർഥമാക്കാൻ കഴിയും. കുട്ടികൾക്കു ശിക്ഷണം ആവശ്യമാണ്; വ്യക്തമായ മാർഗരേഖകളും അതിരുകളും പരിമിതികളും വെക്കുമ്പോൾ അവർ നന്നായി വളർന്നുവരും. ബൈബിൾ അത്തരം ശിക്ഷണത്തെ അഥവാ പ്രബോധനത്തെ സ്നേഹത്തോടു ബന്ധിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 13:24) അതുകൊണ്ട് “ശിക്ഷണത്തിന്റെ വടി” ഒരിക്കലും വൈകാരികമോ ശാരീരികമോ ആയ ഉപദ്രവമായിരിക്കരുത്. * (സദൃശവാക്യങ്ങൾ 22:15, NW; 29:15) കഠിനമോ പരുഷമോ ആയ വിധത്തിൽ ശിക്ഷണം നൽകുമ്പോൾ മാതാപിതാക്കൾ അധികാരശക്തി ദുരുപയോഗിക്കുകയാണ് ചെയ്യുന്നത്, അത് കുട്ടിയുടെ മനസ്സിനെ തകർത്തുകളഞ്ഞേക്കാം. (കൊലൊസ്സ്യർ 3:21) മറിച്ച്, ഉചിതവും സന്തുലിതവുമായ ശിക്ഷണം നൽകുമ്പോൾ, മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുന്നുവെന്നും തങ്ങൾ എങ്ങനെയുള്ളവർ ആയിത്തീരുന്നുവെന്നതിൽ ശ്രദ്ധിക്കുന്നുവെന്നും അവർ മനസ്സിലാക്കാൻ ഇടയാകുന്നു.
11. കുട്ടികൾക്ക് തങ്ങളുടെ ശക്തി എങ്ങനെ ശരിയായി ഉപയോഗിക്കാൻ കഴിയും?
11 കുട്ടികളെ സംബന്ധിച്ചെന്ത്? അവർക്ക് അവരുടെ ശക്തി എങ്ങനെ ശരിയായി ഉപയോഗിക്കാൻ കഴിയും? “യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ” എന്നു സദൃശവാക്യങ്ങൾ 20:29 പറയുന്നു. തങ്ങളുടെ “മഹാസ്രഷ്ടാവിനെ” സേവിക്കുന്നതിനെക്കാൾ മെച്ചമായ ഒരു വിധത്തിൽ യുവജനങ്ങൾക്ക് അവരുടെ ശക്തിയും ഊർജസ്വലതയും ഉപയോഗിക്കാനാവില്ലെന്നു തീർച്ചയാണ്. (സഭാപ്രസംഗി 12:1, NW) തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മാതാപിതാക്കളെ സന്തോഷിപ്പിക്കാനോ ദുഃഖിപ്പിക്കാനോ കഴിയുമെന്ന് കുട്ടികൾ ഓർക്കേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 23:24, 25) മക്കൾ തങ്ങളുടെ ദൈവഭയമുള്ള മാതാപിതാക്കളെ അനുസരിക്കുകയും ശരിയായ പ്രവർത്തനഗതി മുറുകെപ്പിടിക്കുകയും ചെയ്യുമ്പോൾ അവർ മാതാപിതാക്കളുടെ ഹൃദയങ്ങൾക്കു സന്തോഷം കൈവരുത്തുന്നു. (എഫെസ്യർ 6:1) അത്തരം നടത്ത ‘കർത്താവിൽ പ്രസാദകര’മാണ്.—കൊലൊസ്സ്യർ 3:20.
സഭയിൽ
12, 13. (എ) സഭയിലെ തങ്ങളുടെ അധികാരം സംബന്ധിച്ച് മൂപ്പന്മാർക്ക് എന്തു വീക്ഷണം ഉണ്ടായിരിക്കണം? (ബി) മൂപ്പന്മാർ ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ പെരുമാറേണ്ടതിന്റെ കാരണം വിശദമാക്കുക.
12 ക്രിസ്തീയ സഭയിൽ നേതൃത്വമെടുക്കാൻ യഹോവ മേൽവിചാരകന്മാരെ നിയോഗിച്ചിരിക്കുന്നു. (എബ്രായർ 13:17) യോഗ്യതയുള്ള ഈ പുരുഷന്മാർ, ആവശ്യമായ സഹായം കൊടുക്കുന്നതിനും ആട്ടിൻകൂട്ടത്തിന്റെ ക്ഷേമത്തിനു സംഭാവന ചെയ്യുന്നതിനും തങ്ങളുടെ ദൈവദത്ത അധികാരം ഉപയോഗിക്കേണ്ടതാണ്. മൂപ്പന്മാരുടെ സ്ഥാനം സഹവിശ്വാസികളുടെമേൽ കർത്തൃത്വം നടത്താനുള്ള അധികാരം അവർക്കു കൊടുക്കുന്നുണ്ടോ? അശേഷമില്ല! സഭയിലെ തങ്ങളുടെ ധർമം സംബന്ധിച്ച് മൂപ്പന്മാർക്കു സന്തുലിതവും വിനീതവുമായ ഒരു വീക്ഷണം ഉണ്ടായിരിക്കേണ്ടതാണ്. (1 പത്രൊസ് 5:2, 3) മേൽവിചാരകന്മാരോട് ബൈബിൾ ഇങ്ങനെ പറയുന്നു: ‘സ്വന്തപുത്രന്റെ രക്തത്താൽ ദൈവം വിലയ്ക്കുവാങ്ങിയ അവന്റെ സഭയെ മേയ്ക്കുക.’ (പ്രവൃത്തികൾ 20:28, NW) ആട്ടിൻകൂട്ടത്തിലെ ഓരോ അംഗത്തോടും ആർദ്രതയോടെ ഇടപെടേണ്ടതിന്റെ ശക്തമായ ഒരു കാരണം അതാണ്.
13 പിൻവരുന്ന ദൃഷ്ടാന്തം അതു വ്യക്തമാക്കുന്നു. നിങ്ങളുടെ ഉറ്റ സ്നേഹിതൻ താൻ നിധിപോലെ കരുതുന്ന ഒരു വസ്തു സൂക്ഷിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ സുഹൃത്ത് ഉയർന്ന വിലകൊടുത്തു വാങ്ങിയതാണ് അതെന്നു നിങ്ങൾക്കറിയാം. അതീവ ജാഗ്രതയോടും ശ്രദ്ധയോടും കൂടെ ആയിരിക്കില്ലേ നിങ്ങൾ അതിനെ കൈകാര്യം ചെയ്യുക? സമാനമായി, യഥാർഥ മൂല്യമുള്ള ഒന്നിനെ—സഭയെ—പരിപാലിക്കാനുള്ള ഉത്തരവാദിത്വമാണ് ദൈവം മൂപ്പന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നത്, അതിലെ അംഗങ്ങളെ ആടുകളോട് ഉപമിച്ചിരിക്കുന്നു. (യോഹന്നാൻ 21:16, 17) യഹോവയ്ക്ക് തന്റെ ആടുകൾ വിലപ്പെട്ടവയാണ്. അതുകൊണ്ടാണ് അവൻ തന്റെ ഏകജാത പുത്രനായ യേശുക്രിസ്തുവിന്റെ വിലയേറിയ രക്തംകൊണ്ട് അവയെ വിലയ്ക്കു വാങ്ങിയത്. തന്റെ ആടുകൾക്കുവേണ്ടി അതിലും കൂടിയ വില കൊടുക്കാൻ അവന് കഴിയുമായിരുന്നില്ല. താഴ്മയുള്ള ഇടയന്മാർ അത് ഓർത്തിരിക്കുകയും യഹോവയുടെ ആടുകളോട് അതനുസരിച്ചു പെരുമാറുകയും ചെയ്യുന്നു.
“നാവിന്റെ ശക്തി”
14. നാവിന് എന്തു ശക്തിയുണ്ട്?
14 “മരണവും ജീവനും നാവിന്റെ അധികാരത്തിൽ [“ശക്തിയിൽ,” NW] ഇരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 18:21) തീർച്ചയായും, നാവിനു വളരെ ദോഷം ചെയ്യാൻ കഴിയും. നമ്മിൽ ആർക്കാണ് ചിന്താശൂന്യമായ അല്ലെങ്കിൽ അപമാനകരം പോലുമായ ഒരു പ്രസ്താവനയുടെ വേദന അനുഭവപ്പെട്ടിട്ടില്ലാത്തത്? എന്നാൽ നാവിന് നേരെയാക്കാനുള്ള ശക്തിയുമുണ്ട്. “ജ്ഞാനികളുടെ നാവോ സുഖപ്രദം” എന്നു സദൃശവാക്യങ്ങൾ 12:18 പറയുന്നു. അതേ, പ്രോത്സാഹജനകവും ആരോഗ്യാവഹവുമായ വാക്കുകൾക്ക്, സുഖദായകമായ ഒരു ലേപനൗഷധം പോലെ ഹൃദയത്തിനു കുളിർമയേകാനാകും. ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
15, 16. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഏതു വിധങ്ങളിൽ നമുക്ക് നാവ് ഉപയോഗിക്കാവുന്നതാണ്?
15 “വിഷാദമഗ്നരോട് ആശ്വാസദായകമായി സംസാരിക്കുവിൻ” എന്ന് 1 തെസ്സലൊനീക്യർ 5:14 (NW) ഉദ്ബോധിപ്പിക്കുന്നു. അതേ, യഹോവയുടെ വിശ്വസ്ത ദാസന്മാർ പോലും ചില സമയങ്ങളിൽ വിഷാദവുമായി മല്ലടിച്ചേക്കാം. അങ്ങനെയുള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും? യഹോവയുടെ ദൃഷ്ടിയിൽ അവർക്കുള്ള മൂല്യം കാണാൻ അവരെ സഹായിക്കുന്നതിന് സ്പഷ്ടവും നിഷ്കപടവുമായ അഭിനന്ദനം നൽകുക. ‘ഹൃദയം നുറുങ്ങിയവരും’ ‘മനസ്സു തകർന്നവരു’മായവരെ യഹോവ യഥാർഥമായി കരുതുന്നുവെന്നും സ്നേഹിക്കുന്നുവെന്നും പ്രകടമാക്കുന്ന ശക്തമായ ബൈബിൾ വചനങ്ങൾ അവരുമായി പങ്കുവെക്കുക. (സങ്കീർത്തനം 34:18) മറ്റുള്ളവരെ ആശ്വസിപ്പിക്കാനായി നമ്മുടെ നാവിന്റെ ശക്തി ഉപയോഗിക്കുമ്പോൾ, “തകർന്നവരെ സമാശ്വസിപ്പിക്കുന്ന” സഹാനുഭൂതിയുള്ള ദൈവത്തെ അനുകരിക്കുകയാണെന്നു പ്രകടമാക്കുകയായിരിക്കും നാം ചെയ്യുന്നത്.—2 കൊരിന്ത്യർ 7:6, ഓശാന ബൈബിൾ.
16 മറ്റുള്ളവർക്ക് ആവശ്യമായ പ്രോത്സാഹനം കൊടുക്കാനും നമുക്ക് നാവിന്റെ ശക്തി ഉപയോഗിക്കാൻ കഴിയും. ഒരു സഹവിശ്വാസിക്കു പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ടിരിക്കുന്നുവോ? ചിന്ത പ്രകടമാക്കുന്ന സഹാനുഭൂതിയുടെ വാക്കുകൾക്ക് ദുഃഖിക്കുന്ന ഒരു ഹൃദയത്തെ ആശ്വസിപ്പിക്കാൻ കഴിയും. പ്രായമുള്ള ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി തന്നെ ആർക്കും വേണ്ടെന്ന തോന്നലുമായി കഴിഞ്ഞുകൂടുകയാണോ? ചിന്താപൂർവം സംസാരിക്കുന്ന ഒരാൾക്ക് പ്രായമുള്ളവർ വിലപ്പെട്ടവരും വിലമതിക്കപ്പെടുന്നവരുമാണെന്ന് അവർക്ക് ഉറപ്പുകൊടുക്കാൻ കഴിയും. ആരെങ്കിലും സ്ഥായിയായ ഒരു രോഗവുമായി മല്ലടിക്കുകയാണോ? ഫോണിലൂടെയോ നേരിട്ടോ പറയുന്ന ദയാപുരസ്സരമായ വാക്കുകൾക്ക് രോഗിയുടെ വൈകാരികാവസ്ഥയെ വളരെയധികം മെച്ചപ്പെടുത്താനുള്ള ശക്തിയുണ്ട്. നാം നമ്മുടെ സംസാരപ്രാപ്തി ‘ആത്മിക വർധനയ്ക്കായി നല്ല വാക്കുകൾ’ പറയുന്നതിനുവേണ്ടി ഉപയോഗിക്കുമ്പോൾ നമ്മുടെ സ്രഷ്ടാവ് എത്ര സന്തുഷ്ടനായിരിക്കും!—എഫെസ്യർ 4:29.
സുവാർത്ത പങ്കുവെക്കൽ—നമ്മുട ശക്തി വിനിയോഗിക്കാനുള്ള ഒരു വിശിഷ്ട മാർഗം
17. മറ്റുള്ളവർക്കു പ്രയോജനം ചെയ്യാൻ ഏതു മൂല്യവത്തായ വിധത്തിൽ നമുക്കു നാവ് ഉപയോഗിക്കാനാകും? നാം അങ്ങനെ ചെയ്യേണ്ടത് എന്തുകൊണ്ട്?
17 മറ്റുള്ളവരുമായി ദൈവരാജ്യ സുവാർത്ത പങ്കുവെക്കുന്നതിനെക്കാൾ മൂല്യവത്തായ വിധത്തിൽ നമുക്കു നാവിന്റെ ശക്തി ഉപയോഗിക്കാനാവില്ല. “നന്മ ചെയ്വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുത്” എന്നു സദൃശവാക്യങ്ങൾ 3:27 പറയുന്നു. ജീവരക്ഷാകരമായ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള കടപ്പാടു നമുക്കുണ്ട്. യഹോവ നമുക്ക് വളരെ ഉദാരമായി നൽകിയിരിക്കുന്ന അടിയന്തിര സന്ദേശം നമ്മിൽത്തന്നെ ഒതുക്കിവെക്കുന്നതു ശരിയായിരിക്കുകയില്ല. (1 കൊരിന്ത്യർ 9:16, 22) എന്നാൽ നാം ഏതളവിൽ ഈ വേലയിൽ പങ്കുപറ്റാനാണു യഹോവ പ്രതീക്ഷിക്കുന്നത്?
‘പൂർണ്ണശക്തിയോടെ’ യഹോവയെ സേവിക്കുക
18. യഹോവ നമ്മിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു?
18 യഹോവയോടുള്ള നമ്മുടെ സ്നേഹം ക്രിസ്തീയ ശുശ്രൂഷയിൽ പൂർണ പങ്കുണ്ടായിരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഈ കാര്യത്തിൽ യഹോവ നമ്മിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു? നമ്മുടെ ജീവിത സാഹചര്യം എന്തായിരുന്നാലും, നമുക്കെല്ലാം ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് അത്: “നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു [“യഹോവയ്ക്ക്,” NW] എന്നപോലെ മനസ്സോടെ ചെയ്വിൻ.” (കൊലൊസ്സ്യർ 3:23) ഏറ്റവും വലിയ കൽപ്പന ഏതെന്ന് യേശു പ്രസ്താവിച്ചു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.” (മർക്കൊസ് 12:30) അതേ, നാം ഓരോരുത്തരും പൂർണാത്മാവോടെ യഹോവയെ സ്നേഹിക്കാനും സേവിക്കാനും അവൻ പ്രതീക്ഷിക്കുന്നു.
19, 20. (എ) ഒരു മുഴു വ്യക്തിയിൽ ഹൃദയവും മനസ്സും ശക്തിയും ഉൾപ്പെടുന്നുവെന്നിരിക്കെ മർക്കൊസ് 12:30-ൽ അവയെ പ്രത്യേകം പരാമർശിച്ചിരിക്കുന്നത് എന്തുകൊണ്ട്? (ബി) പൂർണാത്മാവോടെ യഹോവയെ സേവിക്കുക എന്നതിന്റെ അർഥമെന്ത്?
19 പൂർണാത്മാവോടെ ദൈവത്തെ സേവിക്കുക എന്നതിന്റെ അർഥമെന്താണ്? മലയാളം ബൈബിളിൽ ആത്മാവ് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന സൈക്കി എന്ന ഗ്രീക്കുപദം ശാരീരികവും മാനസികവുമായ സകല പ്രാപ്തികളും സഹിതമുള്ള മുഴു വ്യക്തിയെ അർഥമാക്കുന്നു. ഒരു മുഴു വ്യക്തിയിൽ ഹൃദയവും മനസ്സും ശക്തിയും ഉൾപ്പെടുന്നുവെന്നിരിക്കെ മർക്കൊസ് 12:30-ൽ അവയെ പ്രത്യേകം എടുത്തുപറയുന്നത് എന്തുകൊണ്ട്? ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. ഒരു വ്യക്തി തന്നെത്തന്നെ (ഗ്രീക്കിൽ സൈക്കി) അടിമത്തത്തിലേക്കു വിൽക്കുന്ന രീതി ബൈബിൾ കാലങ്ങളിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, അടിമ യജമാനനെ മുഴുഹൃദയത്തോടെ സേവിക്കാതിരുന്നേക്കാം; യജമാനന്റെ താത്പര്യങ്ങളെ ഉന്നമിപ്പിക്കാൻ അയാൾ തന്റെ പൂർണശക്തി അല്ലെങ്കിൽ പൂർണ മാനസിക പ്രാപ്തികൾ വിനിയോഗിക്കാതിരുന്നേക്കാം. (കൊലൊസ്സ്യർ 3:22) അതുകൊണ്ട്, നമ്മുടെ ദൈവസേവനത്തിൽ നാം യാതൊന്നും പിടിച്ചുവെക്കരുത് എന്ന് ഊന്നിപ്പറയാനാണ് യേശു ഹൃദയം, മനസ്സ്, ശക്തി എന്നിവയെക്കൂടെ പരാമർശിച്ചത് എന്നു വ്യക്തം. പൂർണാത്മാവോടെ ദൈവത്തെ സേവിക്കുക എന്നതിന്റെ അർഥം, സാധിക്കുന്നത്ര പൂർണമായ അളവിൽ നമ്മുടെ ശക്തിയും ഊർജവും ഉപയോഗിച്ചുകൊണ്ട് നമ്മെത്തന്നെ വിട്ടുകൊടുക്കുക എന്നാണ്.
20 പൂർണാത്മാവോടെ സേവിക്കുക എന്നതിന് നാം എല്ലാവരും ശുശ്രൂഷയിൽ ഒരേ അളവിൽ സമയവും ഊർജവും ചെലവഴിക്കണമെന്ന് അർഥമുണ്ടോ? അത് തീർച്ചയായും സാധ്യമല്ല, കാരണം ഓരോ വ്യക്തിയുടെയും സാഹചര്യങ്ങളും പ്രാപ്തികളും വ്യത്യസ്തമാണ്. ദൃഷ്ടാന്തത്തിന്, നല്ല ആരോഗ്യവും ശാരീരിക ശേഷിയുമുള്ള ഒരു ചെറുപ്പക്കാരന് പ്രായാധിക്യത്താൽ ശക്തി ക്ഷയിച്ചുപോയ ഒരാളെക്കാൾ കൂടുതൽ സമയം പ്രസംഗപ്രവർത്തനത്തിൽ ചെലവഴിക്കാൻ കഴിഞ്ഞേക്കും. കുടുംബ പ്രാരാബ്ധങ്ങൾ ഇല്ലാത്ത അവിവാഹിതനായ ഒരു വ്യക്തിക്ക്, ഒരു കുടുംബത്തെ പോറ്റേണ്ട ഒരാളെക്കാൾ കൂടുതൽ ചെയ്യാൻ കഴിഞ്ഞേക്കും. ശുശ്രൂഷയിൽ ഏറെ പ്രവർത്തിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന കഴിവുകളും സാഹചര്യങ്ങളും നമുക്കുണ്ടെങ്കിൽ നാം എത്ര നന്ദിയുള്ളവർ ആയിരിക്കണം! തീർച്ചയായും, ഈ കാര്യത്തിൽ നമ്മെ മറ്റുള്ളവരോടു താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു വിമർശന മനോഭാവം പ്രകടമാക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല. (റോമർ 14:10-12) മറിച്ച്, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ ശക്തി ഉപയോഗിക്കാൻ നാം ആഗ്രഹിക്കുന്നു.
21. നമ്മുടെ ശക്തി ഉപയോഗിക്കാനുള്ള ഏറ്റവും മെച്ചവും മൂല്യവത്തുമായ മാർഗമേത്?
21 യഹോവ തന്റെ ശക്തി ശരിയായി ഉപയോഗിക്കുന്നതിൽ അത്യുത്തമ ദൃഷ്ടാന്തം വെച്ചിരിക്കുന്നു. അപൂർണ മനുഷ്യരായ നാം നമ്മുടെ കഴിവിന്റെ പരമാവധി അവനെ അനുകരിക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ അധികാരത്തിൻ കീഴിൽ ഉള്ളവരോട് മാന്യമായി പെരുമാറിക്കൊണ്ട് നമുക്കു നമ്മുടെ ശക്തി ശരിയായി ഉപയോഗിക്കാൻ കഴിയും. അതിനുപുറമേ, യഹോവ നമുക്കു നിയമിച്ചു തന്നിരിക്കുന്ന ജീവരക്ഷാകരമായ പ്രസംഗവേലയിൽ പൂർണമായ അളവിൽ ഏർപ്പെടാൻ നാം ആഗ്രഹിക്കുന്നു. (റോമർ 10:13, 14) നിങ്ങൾക്ക്, കൊടുക്കാൻ കഴിയുന്നതിലേക്കും ഏറ്റവും നല്ലതു കൊടുക്കുമ്പോൾ യഹോവ പ്രസാദിക്കുന്നു എന്ന് ഓർക്കുക. ഇത്ര പരിഗണനയും സ്നേഹവുമുള്ള ഒരു ദൈവത്തെ സേവിക്കുന്നതിൽ കഴിയുന്നത്ര പ്രവർത്തിക്കാൻ നിങ്ങളുടെ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കുന്നില്ലേ? നിങ്ങളുടെ ശക്തി ഉപയോഗിക്കാൻ അതിലും മെച്ചമോ മൂല്യവത്തോ ആയ മറ്റൊരു മാർഗമില്ല.
^ ബൈബിൾകാലങ്ങളിൽ “വടി” എന്ന എബ്രായപദം ആടുകളെ മേയ്ക്കാൻ ഒരു ഇടയൻ ഉപയോഗിക്കുന്നതു പോലെയുള്ള കോലിനെ അല്ലെങ്കിൽ ദണ്ഡിനെ അർഥമാക്കിയിരുന്നു. (സങ്കീർത്തനം 23:4) സമാനമായി മാതാപിതാക്കളുടെ അധികാരത്തിന്റെ “വടി” സ്നേഹനിർഭരമായ മാർഗനിർദേശത്തെ സൂചിപ്പിക്കുന്നു, പരുഷമോ മൃഗീയമോ ആയ ശിക്ഷണത്തെയല്ല.