പാഠം 7—ബൈബിൾ ആധുനിക കാലങ്ങളിൽ
നിശ്വസ്ത തിരുവെഴുത്തുകളും അതിന്റെ പശ്ചാത്തലവും സംബന്ധിച്ച പാഠങ്ങൾ
പാഠം 7—ബൈബിൾ ആധുനിക കാലങ്ങളിൽ
ബൈബിൾ സൊസൈററികളുടെ ചരിത്രം; ബൈബിൾ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്ന വാച്ച്ടവർ സൊസൈററിയുടെ പ്രവർത്തനം; “പുതിയലോക ഭാഷാന്തര”ത്തിന്റെ ഉത്പാദനം.
1. (എ) ദിവ്യസന്ദേശങ്ങൾ നൽകിയിരിക്കുന്നത് എന്തുദ്ദേശ്യങ്ങളോടെയാണ്, തന്നിമിത്തം ചിലതു രേഖപ്പെടുത്താഞ്ഞത് എന്തുകൊണ്ട്? (ബി) പ്രവാചകൻമാരിൽ അനേകർക്കു യഹോവ ഏതു പ്രത്യേക ആജ്ഞകൾ കൊടുത്തു, “അന്ത്യനാളുകളിൽ” നമുക്ക് എന്തു പ്രയോജനത്തോടെ?
ബൈബിൾ എന്നു നാം ഇന്ന് അറിയുന്ന 66 നിശ്വസ്തപുസ്തകങ്ങളായ വിശുദ്ധ തിരുവെഴുത്തുകളിൽ ലിഖിതമായ ‘യഹോവയുടെ വചനം’ അടങ്ങിയിരിക്കുന്നു. (യെശ. 66:5) അനേകം നൂററാണ്ടുകളിൽ ഈ “വചനം” ഭൂമിയിലെ യഹോവയുടെ പ്രവാചകൻമാരിലേക്കും ദാസൻമാരിലേക്കും യഥേഷ്ടം ഒഴുകി. ഈ ദിവ്യ സന്ദേശങ്ങൾ ഉടനെയുളള അവയുടെ ഉദ്ദേശ്യം നിവർത്തിക്കുകയും അന്നത്തെ വിദൂരഭാവിയിൽ നടക്കുമെന്നു തീർച്ചയുളള സംഭവങ്ങളുടെ ഒരു പൂർവദർശനം നൽകുകയും ചെയ്തു. ദൈവത്തിന്റെ പ്രവാചകൻമാർക്ക് എത്തിച്ചുകൊടുത്ത “യഹോവയുടെ വചനം” എഴുതിവെക്കാൻ എല്ലായ്പോഴും അവരോട് ആവശ്യപ്പെട്ടിരുന്നില്ല. ദൃഷ്ടാന്തത്തിന്, ഏലിയാവും എലീശയും അവരുടെ കാലത്തെ തലമുറയ്ക്കുവേണ്ടി നടത്തിയ പ്രസ്താവനകളിൽ ചിലതു ലിഖിതരൂപത്തിൽ സൂക്ഷിക്കപ്പെട്ടിട്ടില്ല. മറിച്ച്, മോശ, യെശയ്യാവ്, യിരെമ്യാവ്, ഹബക്കൂക്ക് എന്നിവർക്കും മററു ചിലർക്കും തങ്ങൾക്കു വെളിപ്പെട്ടുകിട്ടിയ “യഹോവയുടെ വചനം” ‘എഴുതാൻ’ അല്ലെങ്കിൽ ‘ഒരു പുസ്തകത്തിലോ ചുരുളിലോ എഴുതാൻ’ പ്രത്യേക കൽപ്പന ലഭിച്ചു. (പുറ. 17:14; യെശ. 30:8; യിരെ. 30:2; ഹബ. 2:2; വെളി. 1:11) അങ്ങനെ “വിശുദ്ധ പ്രവാചകൻമാർ മുൻപറഞ്ഞ വചന”ങ്ങൾ യഹോവയുടെ ദാസൻമാരുടെ വ്യക്തമായ ചിന്താപ്രാപ്തികൾ ഉണർത്തുന്നതിന്, വിശേഷാൽ “അന്ത്യനാളുകൾ” സംബന്ധിച്ച മാർഗനിർദേശം പ്രദാനംചെയ്യുന്നതിന്, മററു വിശുദ്ധ ലിഖിതങ്ങളോടുകൂടെ സൂക്ഷിക്കപ്പെട്ടു.—2 പത്രൊ. 3:1-3.
2. ബൈബിൾപകർത്തലിലെയും വിവർത്തനത്തിലെയും വർധിച്ച പ്രവർത്തനത്തിന് ഏതു ചരിത്രകാലഘട്ടങ്ങൾ ശ്രദ്ധേയമായിട്ടുണ്ട്?
2 എസ്രായുടെ കാലംമുതലിങ്ങോട്ടു നിശ്വസ്ത എബ്രായ തിരുവെഴുത്തുകളുടെ വളരെയധികം പകർത്തിയെഴുത്തു നടത്തപ്പെട്ടു. പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിൽ തുടങ്ങി ബൈബിൾ ആദിമ ക്രിസ്ത്യാനികൾ വീണ്ടും വീണ്ടും പകർത്തിയെഴുതുകയും അന്നറിയപ്പെട്ടിരുന്ന ലോകത്ത് ഉടനീളം തന്റെ ക്രിസ്തുവിനെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ചു സാക്ഷീകരിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്തു. മാററിവെക്കാവുന്ന അച്ചുപയോഗിച്ചുളള അച്ചടി സാധാരണമായിത്തീർന്നപ്പോൾ (15-ാം നൂററാണ്ടുമുതൽ) ബൈബിളിന്റെ പ്രതികൾ പെരുക്കുന്നതിനും വിതരണംചെയ്യുന്നതിനും കൂടുതലായ ഉത്തേജനം നൽകപ്പെട്ടു. 16-ഉം 17-ഉം നൂററാണ്ടുകളിൽ സ്വകാര്യസംഘങ്ങൾ വളരെയധികം വിവർത്തനവും അച്ചടിയും നടത്തി. പൊ.യു. 1800-ഓളം മുമ്പു ബൈബിൾ മുഴുവനായോ ഭാഗികമായോ 71 ഭാഷകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ബൈബിൾ സൊസൈററികൾ
3. 19-ാം നൂററാണ്ടിന്റെ തുടക്കംമുതൽ ബൈബിൾവിതരണത്തിലെ വർധനവിന് ഏതു ഘടകം അതിയായി സംഭാവന ചെയ്തിട്ടുണ്ട്?
3 19-ഉം 20-ഉം നൂററാണ്ടുകളിൽ ഈ വേലക്ക് ആക്കം കൂടി, അന്നു പുതുതായി രൂപംകൊണ്ട ബൈബിൾ സൊസൈററികൾ ബൈബിൾ വിതരണംചെയ്യുന്ന ബൃഹത്തായ വേലയിൽ പങ്കുവഹിച്ചുതുടങ്ങി. ഈ ബൈബിൾ സൊസൈററികളിൽ ഏററവും നേരത്തെയുളള ഒന്നു ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾ സൊസൈററിയായിരുന്നു. അതു ലണ്ടനിൽ 1804-ൽ ആണു സംഘടിതമായത്. ഈ ബൈബിൾ സൊസൈററിയുടെ സംഘടിപ്പിക്കൽ അത്തരം വളരെയധികം സൊസൈററികൾ കൂടെ സ്ഥാപിക്കപ്പെടുന്നതിനു വഴിമരുന്നിട്ടു.
4. (എ) ജീവന്റെ വചനം ഭൂമിയെ തീർച്ചയായും ആവരണംചെയ്തിരിക്കുന്നുവെന്ന് ഏതു സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നു? (ബി) പട്ടികപ്പെടുത്തിയിരിക്കുന്ന വ്യത്യസ്ത ബൈബിൾപരിഭാഷകളെക്കുറിച്ചു 322-ാം പേജിലെ ചാർട്ടിൽ ഏതു സഹായകമായ വിവരങ്ങൾ നൽകിയിരിക്കുന്നു? ഏതെങ്കിലും പ്രത്യേക ബൈബിൾപരിഭാഷയെ പരാമർശിച്ചുകൊണ്ട് ഇതു വിശദമാക്കുക.
4 ഇത്രയധികം ബൈബിൾസൊസൈററികൾ പ്രവർത്തിച്ചതിനാൽ, ബൈബിൾ വിതരണംചെയ്യുന്ന വേല തഴച്ചുവളർന്നു. 1900-ാമാണ്ടോടെ ബൈബിൾ മുഴുവനായോ ഭാഗികമായോ 567 ഭാഷകളിലും 1928 ആയതോടെ 856 ഭാഷകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. 1938 ആയതോടെ ആയിരം എന്ന ലക്ഷ്യം കവിഞ്ഞു. ഇപ്പോൾ ബൈബിൾ 1,900-ത്തിലധികം ഭാഷകളിൽ ലഭ്യമാണ്. യഹോവയുടെ നവോൻമേഷപ്രദമായ ജീവന്റെ വചനം ഭൂമിയെ മൂടിയിരിക്കുന്നു! അങ്ങനെ, “സകല ജനതകളുമേ, യഹോവയെ സ്തുതിക്കുക, സകല ജനങ്ങളും അവനെ സ്തുതിക്കട്ടെ” എന്ന ആഹ്വാനത്തിനു ചെവികൊടുക്കുക സകല ജനതകളിലെയും ആളുകൾക്കു സാധ്യമായിരിക്കുന്നു. (റോമ. 15:11, NW) “ഏഴു മുഖ്യ ഭാഷകളിലുളള ചില പ്രമുഖ ബൈബിൾഭാഷാന്തരങ്ങൾ” എന്ന 322-ാം പേജിലെ ചാർട്ട് ആധുനിക നാളിലെ ബൈബിൾ വിതരണത്തെക്കുറിച്ചു കൂടുതലായ വിവരങ്ങൾ നൽകുന്നു.
5. ബൈബിൾവിതരണത്തെക്കാൾ കൂടുതൽ പ്രധാനംപോലുമായിരിക്കുന്നത് എന്താണ്, എന്നാലും യഹോവയുടെ സാക്ഷികൾ എന്തിനു നന്ദിയുളളവരാണ്?
5 ഭൂമിയിലെ ബഹുപുരുഷാരങ്ങൾക്കു ബൈബിൾ ലഭ്യമാക്കുന്നത് ഒരു പ്രശംസനീയമായ വേലയാണെങ്കിലും ആളുകൾക്കു ബൈബിൾഗ്രാഹ്യം കൊടുക്കുന്നതിന് ഈ ബൈബിളുകൾ ഉപയോഗിക്കുന്നത് അതിലും പ്രാധാന്യമുളള ഒരു വേലയാണ്. വചനത്തിന്റെ “അർഥം” പകർന്നുകൊടുക്കുന്നതായിരുന്നു അധികം ബൈബിളുകൾ ലഭ്യമല്ലാതിരുന്ന യഹൂദകാലങ്ങളിലും ആദിമ ക്രിസ്തീയ കാലങ്ങളിലും പ്രധാനമായിരുന്നത്. ഇന്നും അതിപ്രധാനമായ സംഗതി ഇതാണ്. (മത്താ. 13:23; നെഹെ. 8:8) എന്നിരുന്നാലും, സർവഭൂമിയിലെയും ആളുകളെ ബൈബിൾ പഠിപ്പിക്കുന്ന ഈ വേലയെ ബൈബിളിന്റെ വിപുലമായ വിതരണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. യഹോവയുടെ സാക്ഷികൾ ഇന്നു ബൈബിൾ വിദ്യാഭ്യാസത്തിന്റെ ആഗോളവ്യാപകമായ വേലയിൽ മുന്നേറുമ്പോൾ അനേകം ദേശങ്ങളിലും ഭാഷകളിലും ദശലക്ഷക്കണക്കിനു ബൈബിളുകൾ ലഭ്യമായിരിക്കുന്നതിൽ അവർ നന്ദിയുളളവരാണ്.
യഹോവയുടെ സാക്ഷികൾ ബൈബിൾ പ്രസാധകരെന്ന നിലയിൽ
6. ഇന്നത്തെയും പുരാതനകാലത്തെയും ഏതു പ്രവർത്തനം യഹോവയുടെ സാക്ഷികളുടെ സവിശേഷതയായിരുന്നിട്ടുണ്ട്?
6 യഹോവയുടെ സാക്ഷികൾ ബൈബിൾ പ്രസിദ്ധീകരിക്കുന്ന ആളുകളാണ്. എസ്രായുടെ നാളുകളിൽ അങ്ങനെയായിരുന്നു. യേശുക്രിസ്തുവിന്റെ ആദിമശിഷ്യൻമാരുടെ നാളുകളിലും അങ്ങനെയായിരുന്നു, അവരുടെ കൈയെഴുത്തുലിഖിതങ്ങളുടേതായി നമുക്കു കിട്ടിയിരിക്കുന്ന പൈതൃകം മററ് ഏതു പുരാതന സാഹിത്യത്തിന്റേതിനെക്കാളും മികച്ചുനിൽക്കത്തക്ക അളവോളം അവർ പുരാതനലോകത്തെ തങ്ങളുടെ ബൈബിൾകൈയെഴുത്തുപ്രതികൾകൊണ്ടു പൂരിതമാക്കിയിരുന്നു. ഇപ്പോൾ, ഈ ആധുനിക നാളുകളിൽ അതേ തരത്തിലുളള ഊർജിതമായ ബൈബിൾ പ്രസിദ്ധീകരണ പ്രവർത്തനം യഹോവയുടെ സാക്ഷികളുടെ സവിശേഷതയാണ്.
7. യഹോവയുടെ സാക്ഷികൾ ഏതു കോർപ്പറേഷൻ രൂപീകരിച്ചു? എപ്പോൾ? ആ കാലത്ത് അവർ തങ്ങളുടെ ശുശ്രൂഷ എങ്ങനെ വികസിപ്പിച്ചുതുടങ്ങി?
7 യഹോവയുടെ സാക്ഷികൾ തങ്ങളുടെ ബൈബിൾ പ്രസിദ്ധീകരണവേല നിർവഹിക്കുന്നതിന് 1884-ൽ ഒരു കോർപ്പറേഷൻ രൂപീകരിച്ചു, അതാണ് ഇന്ന് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് പെൻസിൽവേനിയ എന്ന് അറിയപ്പെടുന്ന കോർപ്പറേഷൻ. ആദ്യം ഈ സാക്ഷികളാലുളള പുനർവിതരണത്തിനു മററു ബൈബിൾസൊസൈററികളിൽനിന്നു ബൈബിളുകൾ വിലയ്ക്കു വാങ്ങിയിരുന്നു, അവർ അന്നുതന്നെ തങ്ങളുടെ സവിശേഷതയായ വീടുതോറുമുളള ശുശ്രൂഷ വികസിപ്പിച്ചുവരുകയായിരുന്നു. ഇംഗ്ലീഷിലുളള 1611-ലെ കിംഗ് ജയിംസ് വേർഷൻ അവരുടെ ബൈബിൾ പഠനത്തിനുളള അടിസ്ഥാനഭാഷാന്തരമായി ഉപയോഗിക്കപ്പെട്ടു.
8. (എ) വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി അതിന്റെ പേരിനോടു വിശ്വസ്തത പുലർത്തിയിരിക്കുന്നത് എങ്ങനെ? (ബി) സൊസൈററി അനേകം ബൈബിൾ പരിഭാഷകൾ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എങ്ങനെ, ഏതു ലക്ഷ്യത്തിൽ?
8 വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി എന്ന പേരിനോടു വിശ്വസ്തത പുലർത്തിക്കൊണ്ട് അതു ബൈബിൾവിതരണത്തിലും അതുപോലെതന്നെ പുസ്തകങ്ങളുടെയും ലഘുലേഖകളുടെയും മററു ക്രിസ്തീയ സാഹിത്യത്തിന്റെയും പ്രസിദ്ധീകരണത്തിലും ഏർപ്പെട്ടിരിക്കുന്നു. ഇതു ദൈവവചനത്തിലെ ശരിയായ ഉപദേശങ്ങളുടെ ഉദ്ബോധനത്തിന്റെ ലക്ഷ്യത്തിലായിരുന്നിട്ടുണ്ട്. അതിന്റെ ബൈബിൾവിദ്യാഭ്യാസം വ്യാജമത പാരമ്പര്യത്തിൽനിന്നും ലൗകിക തത്ത്വശാസ്ത്രത്തിൽനിന്നും വിട്ടുമാറുന്നതിനും യേശുവും യഹോവയുടെ മററ് അർപ്പിത വക്താക്കളും വെളിപ്പെടുത്തിയ ബൈബിൾ സത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു മടങ്ങിപ്പോകുന്നതിനും നീതിസ്നേഹികളെ സഹായിച്ചിരിക്കുന്നു. (യോഹ. 8:31, 32) 1879-ൽ വീക്ഷാഗോപുര മാസിക പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയ സമയംമുതൽ വാച്ച്ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ നിരവധി വ്യത്യസ്ത ബൈബിൾ പരിഭാഷകളിൽനിന്ന് ഉദ്ധരിക്കുകയും സൂചിപ്പിക്കുകയും പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ, സൊസൈററി അവയുടെയെല്ലാം മൂല്യം തിരിച്ചറിയുകയും മതപരമായ കുഴപ്പം നീക്കുന്നതിനും ദൈവസന്ദേശം വിവരിച്ചുകൊടുക്കുന്നതിനും അവയിലെല്ലാമുളള നല്ല വശത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
9. സൊസൈററി ബൈബിൾപ്രസിദ്ധീകരണമണ്ഡലത്തിൽ പ്രവേശിച്ചത് എങ്ങനെ?
9 റോതർഹാമിന്റെയും ഹോൾമാന്റെയും ബൈബിളുകൾ. 1896-ഓളം മുമ്പ് യഹോവയുടെ സാക്ഷികൾ വാച്ച്ടവർ സൊസൈററി മുഖേന ബൈബിൾ പ്രസാധകരുടെയും വിതരണക്കാരുടെയും മണ്ഡലത്തിൽ നേരിട്ടു പ്രവേശിച്ചു. അപ്പോഴേക്കും ബ്രിട്ടീഷ് ബൈബിൾവിവർത്തകനായ ജോസഫ് ബി. റോതർഹാമിന്റെ പുതിയ നിയമത്തിന്റെ രണ്ടാമത്തെ പതിപ്പ് ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കുന്നതിനുളള മുദ്രണാവകാശം അദ്ദേഹത്തിൽനിന്നു വാങ്ങിയിരുന്നു. ഈ അച്ചടിച്ച പ്രതികളുടെ ശീർഷകപേജിൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി, അല്ലിഗനി, പെൻസിൽവേനിയയുടെ പേര് പ്രത്യക്ഷപ്പെട്ടു. ആ സമയത്തു സൊസൈററിയുടെ ഹെഡ് ക്വാർട്ടേഴ്സ് അവിടെയാണു സ്ഥിതിചെയ്തിരുന്നത്. 1901-ൽ 1895 മുതൽ 1901 വരെയുളള സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിൽനിന്നുളള മാർജിനിലെ വിശദീകരണക്കുറിപ്പുകൾ അടങ്ങിയ ഹോൾമാൻ ലീനിയർ ബൈബിളിന്റെ പ്രത്യേക അച്ചടി നടത്തുന്നതിനുളള ക്രമീകരണങ്ങൾ ചെയ്തു. ബൈബിൾ പാഠം കിംഗ് ജയിംസ് വേർഷനും എബ്രായ, ഗ്രീക്ക് തിരുവെഴുത്തുകളുടെ പരിഷ്കരിച്ച ഭാഷാന്തരവും അവതരിപ്പിച്ചു. മുഴു പതിപ്പിന്റെയും 5,000 പ്രതികൾ 1903-ാമാണ്ടോടെ വിതരണംചെയ്തുകഴിഞ്ഞിരുന്നു.
10. 1902-ൽ സൊസൈററി ഗ്രീക്ക് തിരുവെഴുത്തുകളുടെ ഏതു ഭാഷാന്തരത്തിന്റെ പ്രസാധകരായിത്തീർന്നു?
10 ദി എംഫാററിക് ബൈബിൾ. 1902-ൽ വാച്ച്ടവർ സൊസൈററി എംഫാററിക് ഡയഗ്ലട്ടിന്റെ പകർപ്പവകാശികളും ഏക പ്രസാധകരും വിതരണക്കാരുമായിത്തീർന്നു. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഈ ഭാഷാന്തരം ജനീവാ, ഇല്ലിനോയിയിലെ ഇംഗ്ലീഷ്ജാത ബൈബിൾവിവർത്തകനായ ബഞ്ചമിൻ വിൽസനാണു തയ്യാറാക്കിയത്. 1864-ൽ അതു പൂർത്തീകരിക്കപ്പെട്ടു. അത് ഒരു അക്ഷരീയ ഇംഗ്ലീഷ് വരിമധ്യഭാഷാന്തരവും വലതുവശത്ത്, ദൃഢത കൊടുക്കുന്നതിനുളള പ്രത്യേകസംജ്ഞകൾ ഉപയോഗിക്കുന്ന വിൽസന്റെ സ്വന്തം വിവർത്തനവും സഹിതം അത് ജെ. ജെ. ഗ്രീസ്ബാച്ചിന്റെ ഗ്രീക്ക്പാഠം ഉപയോഗിച്ചു.
11. സൊസൈററി എപ്പോൾ “ബൈബിൾവിദ്യാർഥിപ്പതിപ്പു” പ്രസിദ്ധപ്പെടുത്തി, ഇതിൽ എന്തടങ്ങിയിരുന്നു?
11 ഒരു ബൈബിൾവിദ്യാർഥിപ്പതിപ്പ്. 1907-ൽ വാച്ച്ടവർ സൊസൈററി ബൈബിളിന്റെ ഒരു “ബൈബിൾവിദ്യാർഥിപ്പതിപ്പ്” പ്രസിദ്ധപ്പെടുത്തി. ഈ വാല്യത്തിൽ വ്യക്തമായി അച്ചടിച്ച ബൈബിളിന്റെ കിംഗ് ജയിംസ് വേർഷനും യഹോവയുടെ സാക്ഷികൾ സംവിധാനംചെയ്ത വിലപ്പെട്ട ഒരു അനുബന്ധംസഹിതം വിശിഷ്ടമായ മാർജിൻകുറിപ്പുകളും അടങ്ങിയിരുന്നു. പിൽക്കാലത്ത് 550-ൽപ്പരം പേജുകളായി വിപുലീകരിച്ച ഈ അനുബന്ധം “ബെറിയൻ ബൈബിൾ ടീച്ചേഴ്സ് മാനുവെൽ” എന്നു വിളിക്കപ്പെട്ടു. അതു വേറിട്ട പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അതിൽ അനേകം ബൈബിൾവാക്യങ്ങളുടെ ചുരുങ്ങിയ വ്യാഖ്യാനങ്ങളും വീക്ഷാഗോപുരത്തിന്റെയും സൊസൈററിയുടെ പാഠപ്പുസ്തകങ്ങളുടെയും പരാമർശനങ്ങളും മററുളളവർക്ക് അവതരിപ്പിക്കുന്നതു സൗകര്യപ്രദമാക്കുന്ന മുഖ്യ തിരുവെഴുത്തുകൾ സഹിതമുളള ഉപദേശവിഷയങ്ങളുടെ ഒരു സംഗ്രഹവും അടങ്ങിയിരുന്നു. ഇതു “സകലവും നിശ്ചയപ്പെടുത്തുക” എന്ന സൊസൈററിയുടെ പിൽക്കാല പ്രസിദ്ധീകരണത്തോടു സമാനരൂപത്തിലുളളതായിരുന്നു. കൂടാതെ, ഒരു വിഷയസൂചികയും പ്രയാസമുളള വാക്യങ്ങളുടെ വിശദീകരണങ്ങളും വ്യാജവാക്യങ്ങളുടെ ഒരു പട്ടികയും ഒരു തിരുവെഴുത്തുസൂചികയും ഒരു തുലനാത്മക കാലഗണനയും 12 ഭൂപടങ്ങളും അടങ്ങിയിരുന്നു. ഈ വിശിഷ്ട ബൈബിൾ യഹോവയുടെ സാക്ഷികളുടെ പരസ്യ പ്രസംഗവേലയിൽ അവരെ ദശാബ്ദങ്ങളോളം സേവിച്ചു.
ബൈബിളച്ചടിക്കുന്ന ഒരു സൊസൈററി
12. സൊസൈററി എപ്പോൾ ബൈബിളച്ചടിയുടെ മണ്ഡലത്തിൽ പ്രവേശിച്ചു?
12 വാച്ച്ടവർ സൊസൈററി ബൈബിളുകളുടെ യഥാർഥ അച്ചടി നടത്തുന്നതിനു 30 വർഷക്കാലം പുറത്തുളള സ്ഥാപനങ്ങളെ നിയോഗിച്ചു. എന്നിരുന്നാലും 1926 ഡിസംബറിൽ ദി എംഫാററിക് ഡയഗ്ലട്ട് ബ്രൂക്ലിൻ, ന്യൂയോർക്കിലെ സൊസൈററിയുടെ സ്വന്തം പ്രസ്സുകളിൽ അച്ചടിച്ച ഒരു ബൈബിൾഭാഷാന്തരമായിത്തീർന്നു. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഈ പതിപ്പിന്റെ അച്ചടി സൊസൈററിയുടെ പ്രസ്സുകളിൽ ഒരു സമ്പൂർണബൈബിൾ ഒരു നാളിൽ അച്ചടിക്കപ്പെടുമെന്നുളള പ്രത്യാശയെ ഉദ്ദീപിപ്പിച്ചു.
13. (എ) സൊസൈററി അച്ചടിച്ച ആദ്യത്തെ സമ്പൂർണബൈബിൾ ഏതായിരുന്നു, അത് എപ്പോൾ പ്രകാശനം ചെയ്തു? (ബി) അതിൽ ഏതു സഹായങ്ങൾ അടങ്ങിയിരുന്നു?
13 ജയിംസ് രാജാവിന്റെ ഭാഷാന്തരം. രണ്ടാം ലോകമഹായുദ്ധം ബൈബിളിന്റെതന്നെ സ്വതന്ത്രമായ പ്രസിദ്ധീകരണത്തിന്റെ ആവശ്യത്തിന് അടിവരയിട്ടു. ആഗോളപോരാട്ടം അതിന്റെ മൂർധന്യദശയിലായിരിക്കെ, സൊസൈററി മുഴു ജയിംസ് രാജാവിന്റെ ഭാഷാന്തരം ബൈബിളിന്റെയും പ്ലേററുകൾ വിലയ്ക്കു വാങ്ങുന്നതിൽ വിജയിച്ചു. 1942 സെപ്ററംബർ 18-ന് ക്ലീവ്ലണ്ട് ഒഹായോവിൽ മുഖ്യ സമ്മേളനസ്ഥലമുണ്ടായിരുന്ന യഹോവയുടെ സാക്ഷികളുടെ പുതിയലോക ദിവ്യാധിപത്യ സമ്മേളനസമയത്ത് ആയിരുന്നു സൊസൈററിയുടെ പ്രസിഡണ്ട് “‘ആത്മാവിൻ വാൾ’ കാഴ്ചവെക്കൽ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിച്ചത്. ഈ പ്രസംഗത്തിന്റെ പാരമ്യമെന്നോണം അദ്ദേഹം വാച്ച്ടവർ സൊസൈററിയുടെ ബ്രുക്ലിൻ ഫാക്ടറിയിൽ അച്ചടിച്ച ഈ ആദ്യത്തെ മുഴു ബൈബിളും പ്രകാശിപ്പിച്ചു. അതിന്റെ അനുബന്ധത്തിൽ അർഥംസഹിതം സംജ്ഞാനാമങ്ങളുടെ ഒരു പട്ടികയും പ്രത്യേകമായി തയ്യാറാക്കിയ “ബൈബിൾവാക്കുകളുടെയും പദപ്രയോഗങ്ങളുടെയും കൊൺകോഡൻസും” മററു സഹായങ്ങളും പ്രദാനംചെയ്തു. ഓരോ പേജിന്റെയും മുകളിൽ അനുയോജ്യമായ ഒരു തുടർശീഷകം ഒരുക്കിക്കൊടുത്തു. ദൃഷ്ടാന്തമായി, “യിഫ്താഹിന്റെ ആത്മാർഥമായ പ്രതിജ്ഞ” ന്യായാധിപൻമാർ 11-ലെ “യിഫ്താഹിന്റെ സാഹസികമായ പ്രതിജ്ഞ” എന്നതിനു പകരമായി. കൂടാതെ “ദൈവത്തിൻ വചനത്തിന്റെ മാനുഷപൂർവ അസ്തിത്വവും ജനനവും” യോഹന്നാൻ 1-ൽ പ്രത്യക്ഷപ്പെട്ടു.
14. ബൈബിളിന്റെ ഏതു മെച്ചപ്പെട്ട ഭാഷാന്തരം സൊസൈററി 1944-ൽ അച്ചടിച്ചു, ഈ ബൈബിളിന് ഏതു സവിശേഷതകൾ ഉണ്ട്?
14 അമേരിക്കൻ പ്രമാണഭാഷാന്തരം. മറെറാരു പ്രധാനപ്പെട്ട ബൈബിൾഭാഷാന്തരം 1901-ലെ അമേരിക്കൻ പ്രമാണഭാഷാന്തരമാണ്. അതിന് എബ്രായ തിരുവെഴുത്തുകളിൽ 7,000-ത്തോളം പ്രാവശ്യം ദൈവനാമം “യഹോവ”യെന്നു നൽകുന്ന അത്യന്തം പ്രശംസനീയമായ സവിശേഷത ഉണ്ട്. ദീർഘമായ കൂടിയാലോചനകൾക്കു ശേഷം 1944-ൽ സ്വന്തം പ്രസ്സുകളിൽ അച്ചടിക്കുന്നതിനു ബൈബിളിന്റെ മുഴു അമേരിക്കൻ പ്രമാണഭാഷാന്തരത്തിന്റെയും പ്ലേററുകളുടെ ഉപയോഗം വിലയ്ക്കുവാങ്ങാൻ വാച്ച്ടവർ സൊസൈററിക്കു കഴിഞ്ഞു. 1944 ആഗസ്ററ് 10-നു സ്വകാര്യ ടെലഫോൺ ലൈനുകളാൽ കൂട്ടിയിണക്കിയ യഹോവയുടെ സാക്ഷികളുടെ 17 ഏകകാല സമ്മേളനസ്ഥലങ്ങളിലെ മുഖ്യനഗരമായ ബഫലോ, ന്യൂയോർക്കിൽ അമേരിക്കൻ പ്രമാണഭാഷാന്തരത്തിന്റെ വാച്ച്ടവർ പതിപ്പു പ്രകാശനംചെയ്തുകൊണ്ടു സൊസൈററിയുടെ പ്രസിഡണ്ട് തന്റെ വലിയ സദസ്സിനെ സന്തോഷഭരിതമാക്കി. അനുബന്ധത്തിൽ ഏററവും സഹായകവും വികസിതവുമായ, “ബൈബിൾ പദങ്ങളുടെയും പേരുകളുടെയും പദപ്രയോഗങ്ങളുടെയും കൊൺകൊഡൻസ്” ഉൾപ്പെടുന്നു. അതേ ബൈബിളിന്റെ ഒരു പോക്കററ് പതിപ്പ് 1958-ൽ പ്രസിദ്ധീകരിച്ചു.
15. 1972-ൽ സൊസൈററി ഏതു ഭാഷാന്തരം ഉത്പാദിപ്പിച്ചു?
15 ദ ബൈബിൾ ഇൻ ലിവിങ് ഇംഗ്ലീഷ്. 1972-ൽ വാച്ച്ടവർ സൊസൈററി പരേതനായ സ്ററിവൻ ററി. ബയിംഗ്ടന്റെ ദ ബൈബിൾ ഇൻ ലിവിങ് ഇംഗ്ലീഷ് ഉത്പാദിപ്പിച്ചു. അതു പരസ്പരയോജിപ്പോടെ ദിവ്യനാമത്തെ “യഹോവ” എന്നു വിവർത്തനം ചെയ്യുന്നു.
16. അങ്ങനെ യഹോവയുടെ സാക്ഷികൾ ദ്വിവിധമായ ഏതു വേലയിൽ ഏർപ്പെട്ടിരിക്കുന്നു?
16 അങ്ങനെ, യഹോവയുടെ സാക്ഷികൾ ഭൂമിയിലെങ്ങും 200-ൽപ്പരം രാജ്യങ്ങളിലും ദ്വീപുകളിലും സ്ഥാപിത ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ടിരിക്കുന്നുവെന്നു മാത്രമല്ല, അവർ രാജ്യസന്ദേശമടങ്ങിയിരിക്കുന്ന വിലതീരാത്ത പുസ്തകം, യഹോവയാം ദൈവത്താൽ നിശ്വസ്തമായ വിശുദ്ധ തിരുവെഴുത്തുകൾ, വലിയ അളവിൽ അച്ചടിക്കുന്നവരും പ്രസിദ്ധപ്പെടുത്തുന്നവരുമായിത്തീർന്നിരിക്കുന്നു.
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം
17. (എ) അനേകം ബൈബിൾഭാഷാന്തരങ്ങൾ ഉപയോഗപ്രദമായിരുന്നിട്ടുളളത് എങ്ങനെ, എന്നിരുന്നാലും അവയ്ക്ക് ഏതു ന്യൂനതകൾ ഉണ്ട്? (ബി) 1946 മുതൽ വാച്ച്ടവർ സൊസൈററിയുടെ പ്രസിഡണ്ട് എന്ത് അന്വേഷിച്ചുകൊണ്ടിരുന്നു?
17 യഹോവയുടെ സാക്ഷികൾ ദൈവവചനത്തിന്റെ സത്യം പഠിക്കുന്നതിനു തങ്ങൾ ഉപയോഗിച്ചിരിക്കുന്ന അനേകം ബൈബിൾഭാഷാന്തരങ്ങളോടെല്ലാമുളള കടപ്പാടു സമ്മതിക്കുന്നു. എന്നിരുന്നാലും ഏററവും അവസാനത്തേതുവരെയുളള ഈ ഭാഷാന്തരങ്ങൾക്കെല്ലാം ന്യൂനതകൾ ഉണ്ട്. കക്ഷിപരമായ പാരമ്പര്യങ്ങളോ ലൗകിക തത്ത്വശാസ്ത്രങ്ങളോ ബാധിച്ചിരിക്കുന്ന പൂർവാപര വൈരുദ്ധ്യങ്ങൾ അല്ലെങ്കിൽ തൃപ്തികരമല്ലാത്ത വിവർത്തനങ്ങൾ ഉണ്ട്, തന്നിമിത്തം അവ യഹോവ തന്റെ വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പരിപാവന സത്യങ്ങളോടു പൂർണയോജിപ്പിലല്ല. പ്രത്യേകിച്ച് 1946 മുതൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ പ്രസിഡണ്ട് തിരുവെഴുത്തുകളുടെ മൂലഭാഷകളിൽനിന്നുളള വിശ്വസനീയമായ ഒരു ഭാഷാന്തരം—ബൈബിളെഴുത്തിന്റെ യുഗത്തിൽ ബുദ്ധിശക്തിയുളള സാധാരണക്കാർക്കു മൂലലിഖിതങ്ങൾ മനസ്സിലാക്കാവുന്നതായിരുന്നതുപോലെ ആധുനികവായനക്കാർക്കു മനസ്സിലാക്കാവുന്ന ഒരു വിവർത്തനം—അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
18. സൊസൈററി പുതിയലോക ഭാഷാന്തരത്തിന്റെ പ്രസാധകരും പ്രിന്റർമാരുമായിത്തീർന്നതെങ്ങനെ?
18 സൊസൈററിയുടെ ബ്രുക്ലിൻ ഹെഡ്ക്വാർട്ടേഴ്സിൽ 1949 സെപ്ററംബർ 3-നു പ്രസിഡണ്ട് പുതിയലോക ബൈബിൾഭാഷാന്തരക്കമ്മിററി നിലവിലുളളതായും അതു ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഒരു ആധുനിക ഭാഷാന്തരം പൂർത്തിയാക്കിയതായും ബോർഡ് ഓഫ് ഡയറക്ടേഴ്സിനോടു പ്രഖ്യാപിച്ചു. ഭൂമിയിലെങ്ങും ബൈബിൾവിദ്യാഭ്യാസം പുരോഗമിപ്പിക്കുന്ന സൊസൈററിയുടെ കക്ഷിരഹിതമായ വേലയെ അംഗീകരിച്ചുകൊണ്ടു കൈയെഴുത്തുപ്രതിയുടെ കൈവശാവകാശവും നിയന്ത്രണവും പ്രസിദ്ധീകരണവും സൊസൈററിയെ ഏൽപ്പിച്ചുകൊടുക്കുന്നതായ കമ്മിററിയുടെ രേഖ വായിക്കപ്പെട്ടു. വിവർത്തനത്തിന്റെ സ്വഭാവത്തിന്റെയും ഗുണത്തിന്റെയും ദൃഷ്ടാന്തങ്ങളെന്ന നിലയിൽ കൈയെഴുത്തുപ്രതിയുടെ ഭാഗങ്ങളും വായിക്കപ്പെട്ടു. ഈ ഭാഷാന്തരദാനം ഡയറക്ടർമാർ ഐകകണ്ഠ്യേന സ്വീകരിച്ചു, അതിന്റെ സത്വരമായ അച്ചടിക്കു ക്രമീകരണങ്ങളും ചെയ്യപ്പെട്ടു. 1949 സെപ്ററംബർ 29-ന് അച്ചുനിരത്തു തുടങ്ങി. 1950-ലെ വേനലിന്റെ പ്രാരംഭത്തിൽ പതിനായിരക്കണക്കിനു പ്രതികൾ ബയൻറിട്ട രൂപത്തിൽ പൂർത്തിയായി.
19. (എ) പുതിയലോക ഭാഷാന്തരം ഭാഗങ്ങളായി പ്രത്യക്ഷപ്പെട്ടത് എങ്ങനെ? (ബി) ഈ വാല്യങ്ങൾ തയ്യാറാക്കുന്നതിന് ഏതു ശ്രമങ്ങൾ ചെയ്യപ്പെട്ടിരുന്നു?
19 പുതിയലോക ഭാഷാന്തരം ഭാഗങ്ങളായി പ്രകാശനം ചെയ്യുന്നു. ന്യൂയോർക്ക് യാങ്കീസ്റേറഡിയത്തിലെ തങ്ങളുടെ സാർവദേശീയ സമ്മേളനത്തിന്റെ നാലാം ദിവസമായ 1950 ആഗസ്ററ് 2 ബുധനാഴ്ച ആയിരുന്നു തികച്ചും അത്ഭുതപരതന്ത്രരായ 82,075 യഹോവയുടെ സാക്ഷികളടങ്ങിയ സദസ്സ് ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ പ്രകാശനം സസന്തോഷം സ്വീകരിച്ചത്. ഉത്സാഹപൂർവകമായ പ്രാരംഭ സ്വീകരണത്താലും വിവർത്തനത്തിന്റെ മേൻമകളെക്കുറിച്ചു പിന്നീടുണ്ടായ വിലമതിപ്പുപ്രകടനങ്ങളാലും പ്രോത്സാഹിതരായി കമ്മിററി അടുത്തതായി എബ്രായ തിരുവെഴുത്തുകൾ വിവർത്തനം ചെയ്യുന്ന വിപുലമായ വേല ഏറെറടുത്തു. ഇത് 1953 മുതൽ 1960 വരെ തുടരെ പ്രകാശനംചെയ്ത കൂടുതലായ അഞ്ചു വാല്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ആറു വാല്യങ്ങളുടെ സമാഹാരം ആധുനിക ഇംഗ്ലീഷിലുളള മുഴു ബൈബിളിന്റെയും ഒരു ഗ്രന്ഥശേഖരമായി രൂപംകൊണ്ടു. ഓരോ വാല്യത്തിലും ബൈബിൾപഠനത്തിനുളള വിലപ്പെട്ട സഹായങ്ങൾ അടങ്ങിയിരുന്നു. അങ്ങനെ ആധുനിക നാളിലെ ബൈബിളധ്യേതാവിനു തിരുവെഴുത്തുവിവരങ്ങളുടെ ഒരു വലിയ കലവറ ലഭ്യമാക്കപ്പെട്ടു. പുതിയലോക ഭാഷാന്തരം മൂല നിശ്വസ്ത തിരുവെഴുത്തുകളുടെ ശക്തമായ സന്ദേശം വ്യക്തമായും കൃത്യമായും പ്രകാശിപ്പിക്കത്തക്കവണ്ണം പാഠ വിവരങ്ങളുടെ വിശ്വാസ്യമായ ഏത് ഉറവും ഉപയോഗപ്പെടുത്താൻ ഉത്സുകമായ സകല ശ്രമവും നടത്തപ്പെട്ടിരുന്നു.
20. പുതിയലോക ഭാഷാന്തരത്തിന്റെ ആദ്യ പതിപ്പിൽ (എ) അടിക്കുറിപ്പുകളിലും (ബി) മാർജിനിലെ പരാമർശനങ്ങളിലും (സി) ആമുഖങ്ങളിലും അനുബന്ധങ്ങളിലും ഏതു വിലപ്പെട്ട സഹായങ്ങൾ അടങ്ങിയിരുന്നു?
20 പുതിയലോക ഭാഷാന്തരത്തിന്റെ ആറുഭാഗങ്ങളുളള ഒന്നാം പതിപ്പിലെ ബൈബിളധ്യയനസഹായികളുടെ കൂട്ടത്തിൽ വിവർത്തനങ്ങളുടെ പശ്ചാത്തലം നൽകുന്ന പാഠസംബന്ധമായ അടിക്കുറിപ്പുകളുടെ അമൂല്യമായ ശേഖരമുണ്ടായിരുന്നു. ഈ കുറിപ്പുകളിൽ തിരുവെഴുത്തുകൾക്കനുകൂലമായി ശക്തമായ വാദങ്ങൾ ലഭ്യമാക്കപ്പെട്ടു. വിലയേറിയ ഒരു പരാമർശശൃംഖലാ പദ്ധതി ഉൾപ്പെടുത്തി. പ്രാധാന്യമർഹിക്കുന്ന ഉപദേശപരമായ പദങ്ങളുടെ ഈ ശൃംഖല ഈ വിഷയങ്ങൾസംബന്ധിച്ച മുഖ്യവാക്യങ്ങളുടെ ഒരു പരമ്പരയിലേക്ക് അധ്യേതാവിനെ നയിക്കാൻ ഉദ്ദേശിച്ചിട്ടുളളവയാണ്. പേജുകളുടെ മാർജിനുകളിൽ നിരവധി ഒത്തുവാക്യങ്ങൾ ഉണ്ടായിരുന്നു. ഇവ വായനക്കാരനെ (എ) സമാന്തരപദങ്ങളിലേക്കും (ബി) സമാന്തരചിന്തകളിലേക്കും ആശയങ്ങളിലേക്കും സംഭവങ്ങളിലേക്കും (സി) ജീവചരിത്രവിവരങ്ങളിലേക്കും (ഡി) ഭൂമിശാസ്ത്രവിവരങ്ങളിലേക്കും (ഇ) പ്രവചനനിവൃത്തികളിലേക്കും (എഫ്) ബൈബിളിന്റെ മററു ഭാഗങ്ങളിലെ അല്ലെങ്കിൽ അവയിൽനിന്നുളള നേരിട്ടുളള ഉദ്ധരണികളിലേക്കും നയിച്ചു. വാല്യങ്ങളിൽ മൂല്യവത്തായ ആമുഖങ്ങളും ചില പുരാതന കൈയെഴുത്തുപ്രതികളുടെ ചിത്രീകരണങ്ങളും സഹായകമായ അനുബന്ധങ്ങളും സൂചികകളും ബൈബിൾനാടുകളുടെയും സ്ഥലങ്ങളുടെയും പടങ്ങളും ഉണ്ടായിരുന്നു. പുതിയലോക ഭാഷാന്തരത്തിന്റെ ഈ ആദ്യപതിപ്പ് വ്യക്തിപരമായ ബൈബിൾപഠനത്തിനും പരമാർഥഹൃദയികളെ യഹോവയുടെ സാക്ഷികൾക്കു പ്രയോജനപ്രദമായി പഠിപ്പിക്കുന്നതിനുംവേണ്ടി ഒരു സ്വർണഖനി പ്രദാനംചെയ്തു. ഒററവാല്യമായി 1,50,000 പ്രതികളച്ചടിച്ച ഒരു പ്രത്യേക വിദ്യാർഥിപ്പതിപ്പ് പിന്നീട് 1963 ജൂൺ 30-നു യു.എസ്.എ.-യിലെ വിസ്കോൺസിൽ മിൽവാക്കിയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ “നിത്യസുവാർത്താ സമ്മേളന”ത്തിന്റെ തുടക്കത്തിൽ പ്രകാശനംചെയ്യപ്പെട്ടു.
21. (എ) പരിഷ്കരിച്ച പുതിയലോക ഭാഷാന്തരത്തിന്റെ പ്രകാശനത്തിന്റെ സാഹചര്യങ്ങൾ എന്തൊക്കെയായിരുന്നു? (ബി) അതിന്റെ സവിശേഷതകളിൽ ചിലതേവയായിരുന്നു?
21 പരിഷ്കരിച്ച ഏകവാല്യപതിപ്പ്. 1961-ലെ വേനൽക്കാലത്ത്, ഐക്യനാടുകളിലും യൂറോപ്പിലും നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനപരമ്പരയിൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം മുഴുവന്റെയും പരിഷ്കരിച്ച പതിപ്പ് വിതരണത്തിനുവേണ്ടി ഒതുക്കമുളള ഒരു വാല്യമായി പ്രകാശനംചെയ്യപ്പെട്ടു. ഈ സമ്മേളനങ്ങളിൽ സംബന്ധിച്ച ശതസഹസ്രക്കണക്കിനാളുകൾ സന്തോഷത്തോടെ അതു സ്വീകരിച്ചു. പച്ചത്തുണിയിൽ ബയൻഡുചെയ്ത അതിന് 1,472 പേജുണ്ടായിരുന്നു. കൂടാതെ വിശിഷ്ടമായ ഒരു കൊൺകോഡൻസും ബൈബിൾവിഷയങ്ങളടങ്ങിയ ഒരു അനുബന്ധവും ഭൂപടങ്ങളും ഉണ്ടായിരുന്നു.
22, 23. വേറെ ഏതു പതിപ്പുകൾ പുറത്തിറക്കപ്പെട്ടു, അവയുടെ സവിശേഷതകളിൽ ചിലതേവ?
22 കൂടുതലായ പതിപ്പുകൾ. 1969-ൽ ഗ്രീക്ക് തിരുവെഴുത്തുകളുടെ രാജ്യ വരിമധ്യഭാഷാന്തരം (ഇംഗ്ലീഷ്) പ്രകാശനം ചെയ്യപ്പെട്ടു, 1985-ൽ രണ്ടാം പതിപ്പും ഇറങ്ങി. ഈ വാല്യം വെസ്ററ്കോട്ടും ഹോർട്ടും സംവിധാനംചെയ്ത ഗ്രീക്ക് പാഠത്തിന്റെ ഒരു പ്രത്യക്ഷര ഇംഗ്ലീഷ് ഭാഷാന്തരവും അതുപോലെതന്നെ പുതിയലോക ഭാഷാന്തരത്തിന്റെ 1984-ലെ ആധുനിക ഇംഗ്ലീഷ് വിവർത്തനവും പ്രദാനംചെയ്യുന്നു. അങ്ങനെ അതു മൂല ഗ്രീക്ക് അടിസ്ഥാനപരമായി അല്ലെങ്കിൽ അക്ഷരീയമായി പറയുന്നതു ഗൗരവമായി ബൈബിൾ പഠിക്കുന്നയാൾക്കു തുറന്നുകൊടുക്കുന്നു.
23 പുതിയലോക ഭാഷാന്തരത്തിന്റെ ഒരു രണ്ടാം സംശോധിതപതിപ്പ് 1970-ൽ പ്രകാശനംചെയ്യപ്പെട്ടു. അടിക്കുറിപ്പുകളോടുകൂടിയ ഒരു മൂന്നാം സംശോധിതപതിപ്പ് 1971-ൽ പിന്തുടർന്നു. 1984-ൽ നടന്ന യഹോവയുടെ സാക്ഷികളുടെ “രാജ്യവർദ്ധന” ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ ഇംഗ്ലീഷിലുളള പരിഷ്കരിച്ച ഒരു സംശോധകപതിപ്പു (reference) പുറത്തിറക്കപ്പെട്ടു. അതിൽ 1950 മുതൽ 1960 വരെ ഇംഗ്ലീഷിൽ ആദ്യം അവതരിപ്പിച്ച മാർജിനിലെ (പരസ്പര) സൂചനകളുടെ പൂർണമായ ഒരു നവീകരണവും സംശോധനവും ഉൾപ്പെടുന്നു. ഗൗരവമുളള ബൈബിൾപഠിതാവിനുവേണ്ടി ഉദ്ദേശിച്ചിരിക്കുന്ന ഈ പതിപ്പിൽ 1,25,000-ത്തിൽപ്പരം മാർജിൻപരാമർശങ്ങളും 11,000-ത്തിൽപ്പരം അടിക്കുറിപ്പുകളും ഒരു വിപുലമായ കൊൺകോഡൻസും ഭൂപടങ്ങളും 43 അനുബന്ധ ലേഖനങ്ങളും അടങ്ങിയിരിക്കുന്നു. 1984-ൽത്തന്നെ 1984-ലെ പരിഷ്കരണത്തിന്റെ സാധാരണവലിപ്പത്തിലുളള പതിപ്പ് അടിക്കുറിപ്പുകൾ കൂടാതെയുളള മാർജിൻപരാമർശങ്ങളോടെ ലഭ്യമാക്കപ്പെട്ടു.
24. (എ) സാധാരണപതിപ്പുകളുടെയും സംശോധകപതിപ്പുകളുടെയും പ്രയോജനങ്ങളിൽ ചിലതേവ? (ബി) തുടർശീർഷകങ്ങളുടെ ഉപയോഗം വിശദമാക്കുക.
24 ചില പ്രയോജനങ്ങൾ. ആഗ്രഹിക്കുന്ന വിവരങ്ങൾ പെട്ടെന്നു കണ്ടുപിടിക്കുന്നതിനു വായനക്കാരനെ സഹായിക്കാൻ സാധാരണപതിപ്പിലും സംശോധകപതിപ്പിലും ഓരോ പേജിന്റെയും മുകളിൽ ശ്രദ്ധാപൂർവം സംവിധാനംചെയ്ത തുടർശീർഷകം കൊടുത്തിരിക്കുന്നു. ഈ തുടർശീർഷകങ്ങൾ അടിയിലുളള വിവരങ്ങളെ വർണിക്കുന്നു, തന്നോടു ചോദിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരംനൽകുന്ന വാക്യങ്ങൾ പെട്ടെന്നു കണ്ടുപിടിക്കുന്നതിനു രാജ്യപ്രഘോഷകനെ സഹായിക്കാൻ പ്രത്യേകാൽ ആസൂത്രണം ചെയ്തിരിക്കുന്നതാണവ. ദൃഷ്ടാന്തത്തിന്, അയാൾ കുട്ടികളുടെ പരിശീലനംസംബന്ധിച്ച ബുദ്ധ്യുപദേശം കണ്ടുപിടിക്കാൻ ശ്രമിക്കുകയായിരിക്കാം. 860-ാം പേജിലേക്കു വരുമ്പോൾ സദൃശവാക്യങ്ങളിൽ (സാധാരണ പതിപ്പ്) അയാൾ “ഒരു നല്ല പേർ” എന്ന അവസാനത്തെ മുഖ്യപദപ്രയോഗം കാണുന്നു. ഇതു ശീർഷകത്തിലെ അവസാന പദപ്രയോഗമായിരിക്കയാൽ വിഷയം ആ പേജിൽ അവസാനഭാഗത്തു പ്രത്യക്ഷപ്പെടുമെന്ന് അതു സൂചിപ്പിക്കുന്നു. അവിടെയാണ് അയാൾ അതു കണ്ടെത്തുന്നത്, സദൃശവാക്യങ്ങൾ 22:1-ൽ. 861-ാം പേജിലെ “ഒരു ബാലനെ പരിശീലിപ്പിക്കുക” എന്ന തുടർശീർഷകത്തിന്റെ ആദ്യഭാഗത്താൽ തിരിച്ചറിയിക്കപ്പെടുന്ന തിരുവെഴുത്തു പേജിൽ ആദ്യഭാഗത്ത് 6-ാം വാക്യത്തിൽ അയാൾ കണ്ടെത്തുന്നു. തുടർശീർഷകങ്ങളിലെ അടുത്ത ഘടകം “വടി ഒഴിവാക്കരുത്” എന്നു വായിക്കപ്പെടുന്നു. ഈ വിവരം ആദ്യപംക്തിയുടെ അടിഭാഗത്തോടടുത്തു 15-ാം വാക്യത്തിൽ കാണുന്നു. പേജുകളുടെ മുകളിലത്തെ ഈ തുടർശീർഷകങ്ങൾ താൻ അന്വേഷിക്കുന്ന വാക്യങ്ങളുടെ പൊതുസ്ഥാനം അറിയാവുന്ന രാജ്യപ്രഘോഷകനു വലിയ സഹായമായിരിക്കാൻ കഴിയും. അവയ്ക്കു പെട്ടെന്നുളള നടപടിക്കായി ബൈബിൾ തുറന്നുതരാൻ കഴിയും.
25. ഏതു കൊൺകോഡൻസ് സേവനം ഒരുക്കിത്തന്നിരിക്കുന്നു, ഇതു പ്രായോഗികമായി എന്തിന് ഉപയോഗിക്കാം?
25 ഈ ബൈബിളിന്റെ സാധാരണ പതിപ്പിലും സംശോധകപതിപ്പിലും പിൻഭാഗത്തു “ബൈബിൾപദ സൂചിക” എന്നു വിളിക്കപ്പെടുന്ന ഒരു സവിശേഷതയുണ്ട്. ഇവിടെ പ്രധാനപ്പെട്ട ആയിരക്കണക്കിനു ബൈബിൾപദങ്ങൾ സന്ദർഭത്തിന്റെ കണ്ണികൾസഹിതം കാണാൻ കഴിയും. അങ്ങനെ പാഠത്തിൽ ഉപയോഗിച്ചിരിക്കുന്ന വർണനാത്മകമായ പുതിയ പദങ്ങളുടെ വിപുലമായ വ്യാപ്തി സഹിതം ഒരു കൊൺകോഡൻസ്സേവനം ലഭ്യമാക്കപ്പെടുന്നു. ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിലെ വിവർത്തനങ്ങൾ പരിചിതമായിരിക്കുന്നവർക്കു പഴക്കമേറിയ ഇംഗ്ലീഷ് ബൈബിൾവാക്കുകളിൽനിന്നു കൂടുതൽ ആധുനികമായ ബൈബിൾപദങ്ങളിലേക്കുളള നിരവധി സംക്രമണങ്ങൾ നടത്തുന്നതിനു സഹായം കൊടുക്കുന്നു. ദൃഷ്ടാന്തമായി, ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിലെ “കൃപ” (“grace”) എന്ന പദം എടുക്കുക. ഇത് സൂചികയിൽ അധ്യേതാവിനെ “അനർഹദയ”യിലേക്കു (undeserved kindness) നയിച്ചുകൊണ്ടു സൂചികയിൽ പട്ടികപ്പെടുത്തിയിരിക്കുന്നു, അതാണു പുതിയ ഭാഷാന്തരത്തിൽ ഉപയോഗിച്ചിരിക്കുന്ന കാലാനുസൃത പദപ്രയോഗം. പദസൂചിക “ദേഹി” (soul) “മറുവില” (ransom) എന്നിവപോലുളള ഉപദേശവിഷയങ്ങൾസംബന്ധിച്ച തിരുവെഴുത്തുവാക്യങ്ങൾ കണ്ടുപിടിക്കുക സാധ്യമാക്കുകയും ബൈബിൾവാക്യങ്ങളിൽനിന്നു നേരിട്ടുളള വിശദമായ പഠനത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഈ പ്രമുഖ വിഷയങ്ങൾ സംബന്ധിച്ചു പ്രസംഗിക്കാൻ ആഹ്വാനംചെയ്യപ്പെടുന്ന ഒരു രാജ്യപ്രഘോഷകനു പെട്ടെന്നുതന്നെ ഈ കൊൺകോഡൻസിൽ നൽകിയിരിക്കുന്ന ഹ്രസ്വമായ സന്ദർഭഭാഗങ്ങൾ ഉപയോഗിക്കാൻ കഴിയും. കൂടുതലായി, ഭൂമിശാസ്ത്രസ്ഥലങ്ങളും പ്രമുഖ ബൈബിൾകഥാപാത്രങ്ങളും ഉൾപ്പെടെ മുന്തിയ സംജ്ഞാനാമങ്ങൾക്കായി മുഖ്യ അവതാരണങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ഈ ഭാഷാന്തരം ഉപയോഗിക്കുന്ന സകല ബൈബിളധ്യേതാക്കൾക്കും അമൂല്യമായ സഹായം ചെയ്തിരിക്കുന്നു.
26. പുതിയലോക ഭാഷാന്തരത്തിന്റെ അനുബന്ധം സഹായകമായിരിക്കുന്ന വിധങ്ങളിലൊന്നു വിശദമാക്കുക.
26 പണ്ഡിതോചിതമായ ഒരു അനുബന്ധം പഠിപ്പിക്കലിനു പ്രയോജനപ്രദമായ കൃത്യമായ വിവരങ്ങൾ കൂടുതലായി നൽകുന്നു. അടിസ്ഥാന ബൈബിളുപദേശങ്ങളും ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിക്കുന്നതിനുളള സഹായമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് അനുബന്ധലേഖനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദൃഷ്ടാന്തത്തിന്, “ദേഹി” എന്ന വിഷയം കൈകാര്യം ചെയ്യുമ്പോൾ അനുബന്ധം എട്ടു വ്യത്യസ്ത തലക്കെട്ടുകളിൻകീഴിൽ “ദേഹി” (എബ്രായ നീഫെഷ്) എന്ന പദം ഉപയോഗിച്ചിരിക്കുന്ന വിവിധ വിധങ്ങൾ കാണിച്ചുതരുന്ന തിരുവെഴുത്തുവാക്യങ്ങൾ പട്ടികപ്പെടുത്തുന്നു. രേഖാ ചിത്രങ്ങളും ഭൂപടങ്ങളും അനുബന്ധ ലേഖനങ്ങളിൽ നൽകിയിരിക്കുന്നു. സംശോധക ബൈബിളിൽ ഏറെ വിപുലമായ അനുബന്ധവും അതുപോലെതന്നെ ലളിതമായ ഒരു വിധത്തിൽ പാഠസംബന്ധമായ പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്ന സഹായകമായ അടിക്കുറിപ്പുകളും അടങ്ങിയിരിക്കുന്നു. അങ്ങനെ, പുതിയലോക ഭാഷാന്തരം അതിന്റെ വായനക്കാർക്കു സൂക്ഷ്മപരിജ്ഞാനം പെട്ടെന്നു ലഭ്യമാക്കുന്നതിനു പ്രദാനംചെയ്യുന്ന സേവനത്തിന്റെ വ്യാപ്തിയിൽ മുന്തിനിൽക്കുന്നു.
27, 28. പുതിയലോക ഭാഷാന്തരം സംജ്ഞാനാമങ്ങളുടെ ഉച്ചാരണം സൂചിപ്പിക്കുന്നത് എങ്ങനെയെന്നു വിശദമാക്കുകയും ഉദാഹരിക്കുകയും ചെയ്യുക.
27 ബൈബിൾ നാമങ്ങൾ ഉച്ചരിക്കുന്നതിൽ സഹായം. ഇംഗ്ലീഷ് പാഠത്തിൽത്തന്നെ, പുതിയലോക ഭാഷാന്തരത്തിന്റെ എല്ലാ പതിപ്പുകളും സംജ്ഞാനാമങ്ങളുടെ ഉച്ചാരണത്തിനു സഹായം നൽകുന്നു. ഇതിന്റെ പദ്ധതി 1952-ലെ പരിഷ്കരിച്ച പ്രമാണ ഭാഷാന്തരത്തിനുവേണ്ടി ഒരു വിദഗ്ധൻ സംവിധാനംചെയ്തതുതന്നെയാണ്. സംജ്ഞാനാമം ഒരു കുത്തിനാലോ സ്വരാഘാത ചിഹ്നത്താലോ (ʹ) വേർപെടുത്തി നിർത്തുന്ന വർണങ്ങളായി പിരിക്കപ്പെടുന്നു. വാക്ക് ഉച്ചരിക്കുമ്പോൾ മുഖ്യദൃഢത കൊടുക്കേണ്ട വർണത്തെ തുടർന്നാണു സ്വരാഘാത ചിഹ്നം കൊടുക്കുന്നത്. സ്വരാഘാതം കൊടുക്കുന്ന വർണം ഒരു സ്വരത്തിലാണ് അവസാനിക്കുന്നതെങ്കിൽ അപ്പോൾ ആ സ്വരത്തിന്റെ ഉച്ചാരണം ദീർഘമാണ്. വർണം ഒരു വ്യഞ്ജനത്തിൽ അവസാനിക്കുന്നുവെങ്കിൽ അപ്പോൾ ആ വർണത്തിലെ സ്വരം ഹ്രസ്വമായി ഉച്ചരിക്കുന്നു.
28 ഒരു ദൃഷ്ടാന്തമെന്ന നിലയിൽ ഇയ്യോബ് 4:1 കുറിക്കൊളളുക. അവിടെ അതു “തേമാന്യനായ എലീഫസി”നെക്കുറിച്ചു (Elʹi·phaz the Teʹman·ite) പറയുന്നു. രണ്ടു സന്ദർഭങ്ങളിലും സ്വരാഘാതം ആദ്യവർണത്തിൽ വരുന്നെങ്കിലും “e” എന്ന അക്ഷരം ഈ രണ്ടു സന്ദർഭങ്ങളിലും വ്യത്യസ്തമായിട്ടാണ് ഉച്ചരിക്കേണ്ടത്. “Elʹi·phaz”-ൽ l എന്ന വ്യഞ്ജനം കഴിഞ്ഞുവരുന്ന സ്വരാഘാത ചിഹ്നം “e” എന്ന സ്വരത്തെ “end” എന്നതിലെപ്പോലെ ഹ്രസ്വമാക്കുന്നു. അതേസമയം “Teʹman·ite” എന്നതിൽ “e” എന്ന സ്വരത്തിനു പിന്നാലെ നേരിട്ടുവരുന്ന സ്വരാഘാതം അതിനെ ദീർഘമാക്കുന്നു, “Eden”-ലെ ആദ്യത്തെ “e” പോലെ. എസ്ഥേർ 2:5-ലെ “Morʹde·cai”-ലും പുറപ്പാടു 19:1-ലെ “siʹnai”-ലും എന്നപോലെ “a”, “i” എന്നീ രണ്ടു സ്വരങ്ങൾ സംയോജിക്കുമ്പോൾ “ai” കേവലം ഒരു നീണ്ട “i” പോലെ ഉച്ചരിക്കപ്പെടുന്നു.
29. പുതിയലോക ഭാഷാന്തരം കേവലം മുൻ വിവർത്തനങ്ങളുടെ ഒരു പരിഷ്കരണമാണോ, ഏതു സവിശേഷതകൾ നിങ്ങളുടെ ഉത്തരത്തെ പിന്താങ്ങുന്നു?
29 ഒരു പുതിയ ഭാഷാന്തരം. പുതിയലോക ഭാഷാന്തരം എബ്രായ, അരമായ, ഗ്രീക്ക് എന്നീ മൂല ബൈബിൾഭാഷകളിൽനിന്നുളള ഒരു പുതുഭാഷാന്തരമാണ്. യാതൊരു പ്രകാരത്തിലും അതു മറേറതെങ്കിലും ഇംഗ്ലീഷ് വിവർത്തനത്തിന്റെ പരിഷ്കരണമല്ല. അതു ശൈലിയിലോ പദസംഹിതയിലോ താളക്രമത്തിലോ മറേറതെങ്കിലും ഭാഷാന്തരത്തെ പകർത്തുന്നുമില്ല. എബ്രായ-അരമായ വിഭാഗത്തിനു റുഡോൾഫ് കിററലിന്റെ നന്നായി ശുദ്ധിചെയ്തതും സാർവലൗകികമായി അംഗീകരിക്കപ്പെടുന്നതുമായ ബിബ്ലിയാ ഹെബ്രായിക്കായുടെ 7-ഉം 8-ഉം 9-ഉം പതിപ്പുകളുടെ (1951-55) പാഠമാണ് ഉപയോഗിക്കപ്പെട്ടത്. പുതിയലോക ഭാഷാന്തരം—പരാമർശങ്ങളോടു കൂടിയതിന്റെ അടിക്കുറിപ്പുകളിൽ അവതരിപ്പിച്ചിരിക്കുന്ന വിവരങ്ങൾ നവീകരിക്കുന്നതിനു ബിബ്ലിയാ ഹെബ്രായിക്കാ സ്ററട്ട്ഗാർട്ടൻസിയാ എന്നറിയപ്പെടുന്ന എബ്രായ പാഠത്തിന്റെ 1977-ലെ ഒരു പുതിയ പതിപ്പാണ് ഉപയോഗിച്ചത്. ഗ്രീക്ക് വിഭാഗം ഭാഷാന്തരം ചെയ്തതു മുഖ്യമായി വെസ്ററ്കോട്ടും ഹോർട്ടും തയ്യാറാക്കി 1881-ൽ പ്രസിദ്ധീകരിച്ച വിദഗ്ധ ഗ്രീക്ക് പാഠത്തിൽനിന്നാണ്. എന്നിരുന്നാലും, പുതിയലോക ബൈബിൾഭാഷാന്തരക്കമ്മിററി നെസിലിന്റെ ഗ്രീക്ക്പാഠം (1948) ഉൾപ്പെടെ മററു ഗ്രീക്ക് പാഠങ്ങളും പരിഗണിച്ചിട്ടുണ്ട്. ഈ വിശിഷ്ട വിദഗ്ധപാഠങ്ങളുടെ വിവരണങ്ങൾ ഈ വാല്യത്തിന്റെ 5-ഉം 6-ഉം പാഠങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. ഭാഷാന്തരക്കമ്മിററി ബൈബിളിന്റെ ഊർജസ്വലവും കൃത്യവുമായ ഒരു വിവർത്തനം നടത്തിയിരിക്കുന്നു. ഇതു ദൈവവചനത്തിന്റെ ആഴമേറിയതും കൂടുതൽ സംതൃപ്തികരവുമായ ഗ്രാഹ്യത്തിനു വഴിതുറന്നുകൊണ്ടു വ്യക്തവും ജീവത്തുമായ ഒരു പാഠം ലഭിക്കുന്നതിൽ കലാശിച്ചിരിക്കുന്നു.
30. ഈ ഭാഷാന്തരത്തെ സംബന്ധിച്ച് ഒരു നിരൂപകന്റെ വിലയിരുത്തൽ എന്താണ്?
30 ഈ ഭാഷാന്തരത്തെസംബന്ധിച്ച ഒരു നിരൂപകന്റെ വിലയിരുത്തൽ ശ്രദ്ധിക്കുക: “ഇംഗ്ലീഷ്ഭാഷയിലേക്കുളള എബ്രായ തിരുവെഴുത്തുകളുടെ അസ്സൽ വിവർത്തനങ്ങൾ അത്യന്തം ചുരുക്കമാണ്. അതുകൊണ്ട്, [എബ്രായ തിരുവെഴുത്തുകളുടെ] പുതിയലോക ഭാഷാന്തരത്തിന്റെ ഉല്പത്തിമുതൽ രൂത്ത്വരെയുളള ആദ്യഭാഗത്തിന്റെ പ്രസിദ്ധീകരണത്തെ സ്വാഗതം ചെയ്യാൻ നമുക്ക് വളരെ സന്തോഷമുണ്ട്. . . . ഈ ഭാഷാന്തരം തികച്ചും ലളിതമായിരിക്കാൻ ഒരു പ്രത്യേകശ്രമം ചെയ്തിട്ടുണ്ടെന്നുളളതു വ്യക്തമാണ്. പുതുമയിലും മൗലികതയിലും കുറവുളളതാണെന്നു യാതൊരുവനും പറയാൻ കഴിയില്ല. അതിലെ പദപ്രയോഗങ്ങൾ യാതൊരു പ്രകാരത്തിലും മുൻ ഭാഷാന്തരങ്ങളിൽ അധിഷ്ഠിതമല്ല.”
31. ഒരു എബ്രായ പണ്ഡിതൻ പുതിയലോക ഭാഷാന്തരത്തെ എങ്ങനെ വിലയിരുത്തി?
31 ഇസ്രായേലിലെ ഒരു എബ്രായ പണ്ഡിതനായ പ്രൊഫസർ ഡോ. ബഞ്ചമിൻ കേഡർ വാച്ച്ടവർ സൊസൈററിയുടെ ഒരു പ്രതിനിധിയുമായുളള അഭിമുഖത്തിൽ പിൻവരുന്ന പ്രകാരം പുതിയലോക ഭാഷാന്തരത്തെ വിലയിരുത്തി: “എബ്രായ ബൈബിളിനോടും ഭാഷാന്തരങ്ങളോടുമുളള ബന്ധത്തിലെ എന്റെ ഭാഷാപരമായ ഗവേഷണങ്ങളിൽ ഞാൻ മിക്കപ്പോഴും പുതിയലോക ഭാഷാന്തരം എന്നറിയപ്പെടുന്ന ഇംഗ്ലീഷ് പതിപ്പിനെ ആശ്രയിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, സാധ്യമാകുന്നടത്തോളം കൃത്യമായ പാഠഗ്രാഹ്യം നേടാനുളള ഒരു സത്യസന്ധമായ ശ്രമത്തെ ഈ കൃതി പ്രതിഫലിപ്പിക്കുന്നുവെന്ന എന്റെ തോന്നൽ ആവർത്തിച്ചു സ്ഥിരീകരിക്കപ്പെടുന്നതായി ഞാൻ കണ്ടെത്തുന്നു. മൂലഭാഷയുടെ വിപുലമായ ഗ്രാഹ്യത്തിന്റെ തെളിവു നൽകിക്കൊണ്ട് അത് എബ്രായയുടെ പ്രത്യേക ഘടനയിൽനിന്ന് അനാവശ്യമായി വ്യതിചലിക്കാതെ മൂലപദങ്ങളെ ഒരു രണ്ടാം ഭാഷയിലേക്കു മനസ്സിലാകുന്നതുപോലെ വിവർത്തനം ചെയ്യുന്നു. . . . ഭാഷയിലെ ഓരോ പ്രസ്താവനയും വ്യാഖ്യാനത്തിലോ വിവർത്തനത്തിലോ ഒരു പ്രത്യേക ചായ്വിന് അനുവദിക്കുന്നു. അതുകൊണ്ട് ഏതു പ്രത്യേക കേസിലെയും ഭാഷാപരമായ പരിഹാരം വാദപ്രതിവാദത്തിനു വിധേയമാകാം. എന്നാൽ പുതിയലോക ഭാഷാന്തരത്തിൽ വാക്യത്തിലില്ലാത്ത എന്തെങ്കിലും സങ്കൽപ്പിക്കാനുളള മുൻവിധിയോടുകൂടിയ ഉദ്ദേശ്യം ഞാൻ ഒരിക്കലും കണ്ടുപിടിച്ചിട്ടില്ല.”
32. പുതിയലോക ഭാഷാന്തരം എത്രത്തോളം അക്ഷരീയമാണ്, എന്തു പ്രയോജനത്തോടെ?
32 ഒരു അക്ഷരീയ പരിഭാഷ. വിവർത്തനം സംബന്ധിച്ച വിശ്വസ്തത അത് അക്ഷരീയമായിരിക്കുന്നതിനാലും പ്രകടമാക്കപ്പെടുന്നു. ഇത് ഇംഗ്ലീഷിലെ വിവർത്തനവും എബ്രായ ഗ്രീക്ക് പാഠങ്ങളും തമ്മിൽ മിക്കവാറും പദാനുപദമായ ആനുരൂപ്യം ആവശ്യമാക്കിത്തീർക്കുന്നു. പാഠം ഏതു ഭാഷയിലേക്കു ഭാഷാന്തരംചെയ്യുന്നുവോ ആ ഭാഷയിലേക്കുളള വാക്യത്തിന്റെ അവതരണത്തിൽ അക്ഷരീയതയുടെ അളവ് മൂലഭാഷാശൈലി അനുവദിക്കുന്നടത്തോളം ഉയർന്നതായിരിക്കണം. കൂടാതെ, അക്ഷരീയത മിക്ക വിവർത്തനങ്ങളുടെയും പദക്രമം എബ്രായയിലേതും ഗ്രീക്കിലേതും പോലെയായിരിക്കേണ്ടത്, അങ്ങനെ മൂല ലിഖിതങ്ങളുടെ ദൃഢത കാത്തുസൂക്ഷിക്കേണ്ടത്, ആവശ്യമാക്കിത്തീർക്കുന്നു. അക്ഷരീയ വിവർത്തനത്തിലൂടെ മൂല ലിഖിതങ്ങളുടെ സ്വാദും നിറവും ലയവും കൃത്യമായി വിനിയമം ചെയ്യാവുന്നതാണ്.
33. അക്ഷരീയ പാഠത്തിൽനിന്നു ചിലപ്പോഴൊക്കെയുളള വ്യതിചലനം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
33 പ്രയാസമുളള എബ്രായ, ഗ്രീക്ക് ശൈലികൾ മനസ്സിലാകുന്ന പദങ്ങളിൽ ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിൽ അക്ഷരീയ പാഠത്തിൽനിന്നു ചിലപ്പോഴൊക്കെ വ്യതിചലിച്ചിട്ടുണ്ട്. എന്നിരുന്നാലും, പുതിയലോക ഭാഷാന്തരത്തിന്റെ റഫറൻസ് പതിപ്പിൽ അക്ഷരീയ വിവർത്തനം നൽകുന്ന അടിക്കുറിപ്പുകൾ മുഖേന ഇവ വായനക്കാരന്റെ ശ്രദ്ധയിലേക്കു വരുത്തപ്പെട്ടിരിക്കുന്നു.
34. (എ) അക്ഷരീയ വിവർത്തനം വിട്ടുകളയുന്നതിൽനിന്ന് എന്തു ഫലമുണ്ടാകുന്നു? (ബി) ഉദാഹരിക്കുക.
34 അനേകം ബൈബിൾവിവർത്തകൻമാർ ഭാഷയുടെയും രൂപത്തിന്റെയും ഭംഗിക്കുവേണ്ടി അക്ഷരീയത വിട്ടുകളഞ്ഞിരിക്കുകയാണ്. അക്ഷരീയ വിവർത്തനങ്ങൾ വികൃതവും ഗഹനവും ഒതുക്കിനിർത്തുന്നതുമാണെന്ന് അവർ വാദിക്കുന്നു. എന്നിരുന്നാലും, അക്ഷരീയത വിട്ടുകളഞ്ഞതിലൂടെ അവർ പരാവർത്തനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും അവതരണത്താൽ മൂലത്തിലെ സത്യത്തിന്റെ കൃത്യമായ പ്രസ്താവനകളിൽനിന്നുളള അനേകം വ്യതിചലനങ്ങൾ വരുത്തിക്കൂട്ടിയിരിക്കുന്നു. ഫലത്തിൽ അവർ ദൈവത്തിന്റെ ചിന്തകളിൽത്തന്നെ വെളളം ചേർത്തിരിക്കുകയാണ്. ദൃഷ്ടാന്തത്തിന്, വലിയ ഒരു അമേരിക്കൻ യൂണിവേഴ്സിററിയിലെ ഡീൻ എമിറററസ് യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ ഭംഗിയും ലാളിത്യവും കളഞ്ഞുകുളിച്ചിരിക്കുന്നതായി ഒരിക്കൽ കുററപ്പെടുത്തി. ബൈബിൾ എന്നതിനാൽ അദ്ദേഹം അർഥമാക്കിയത് ജയിംസ് രാജാവിന്റെ ഭാഷാന്തരത്തെയാണ്, അതു മനോഹരമായ ഇംഗ്ലീഷിന്റെ ഒരു മാനദണ്ഡമായി ദീർഘകാലം ആദരിക്കപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ സങ്കീർത്തനം 23-നോടു ചെയ്തതു നോക്കുക. “Je⁄ho⁄vah is⁄ my⁄ shep⁄herd” എന്ന നിങ്ങളുടെ വിവർത്തനത്താൽ നിങ്ങൾ ലയവും ഭംഗിയും നശിപ്പിച്ചിരിക്കുകയാണ്. ആറിനു പകരം ഏഴു പദാംഗം. അതു ഞെട്ടിക്കുന്നതാണ്. അതു സന്തുലിതമല്ല. താളമില്ല. സന്തുലിതമായ ആറു പദാംഗത്തോടെ ജയിംസ് രാജാവിനു ആ താളുമുണ്ട്—“The⁄ Lord⁄ is⁄ my⁄ Shep⁄herd.”’ ബൈബിളെഴുത്തുകാരനായ ദാവീദ് എഴുതിയതുപോലെതന്നെ അത് എഴുതുന്നത് ഏറെ പ്രധാനമാണ് എന്നു പറഞ്ഞുകൊണ്ടു പ്രൊഫസറോടു പ്രതിഷേധമറിയിച്ചു. ദാവീദ് “കർത്താവ്” എന്ന പൊതു പദമാണോ അതോ ദിവ്യനാമമാണോ ഉപയോഗിച്ചത്? ദാവീദ് ദിവ്യനാമമാണ് ഉപയോഗിച്ചത് എന്നു പ്രൊഫസർ സമ്മതിച്ചു. എന്നിരുന്നാലും ഭംഗിക്കും സൗഭഗത്തിനുംവേണ്ടി “കർത്താവ്” (Lord) എന്ന പദം ആവശ്യമാണ് എന്ന് അദ്ദേഹം പിന്നെയും വാദിച്ചു. യഹോവയുടെ സ്തുതിക്കായുളള ഈ സങ്കീർത്തനത്തിൽനിന്ന് അവന്റെ വിശ്രുതമായ നാമം നീക്കംചെയ്യുന്നതിന് എന്തൊരു മുടന്തൻന്യായം!
35. നമുക്കു ദൈവത്തിന് എന്തിനുവേണ്ടി നന്ദി കൊടുക്കാം, നമ്മുടെ പ്രത്യാശയും പ്രാർഥനയും എന്താണ്?
35 അനേകം ബൈബിൾപരിഭാഷകളിൽ തെററുകൾ വരുത്തിക്കൊണ്ടു ഭാഷാഭംഗിയെസംബന്ധിച്ച മനുഷ്യസങ്കൽപ്പത്തിന്റെ വേദിയിൽ ഈ വിധത്തിൽ ആയിരക്കണക്കിനു വിവർത്തനങ്ങൾ ഹോമിക്കപ്പെട്ടിട്ടുണ്ട്. വ്യക്തവും കൃത്യവുമായ ബൈബിൾപാഠം സഹിതം പുതിയലോക ഭാഷാന്തരം പ്രദാനംചെയ്തതിൽ ദൈവത്തിനു നന്ദി! അതു വായിക്കുന്ന എല്ലാവരുടെയും ഹൃദയങ്ങളിൽ യഹോവയെന്ന അവന്റെ മഹത്തായ നാമം വിശുദ്ധീകരിക്കപ്പെടട്ടെ!
[അടിക്കുറിപ്പുകൾ]
1804 മുതൽ രൂപംകൊണ്ട അനേകം ബൈബിൾ സൊസൈററികളിൽ അപ്പോൾത്തന്നെ നിലവിലുണ്ടായിരുന്ന പ്രാദേശിക സൊസൈററികളിൽനിന്ന് ഉളവായ അമേരിക്കൻ ബൈബിൾ സൊസൈററിയും (1816) എഡിൻബർഗ് ബൈബിൾ സൊസൈററിയും (1809) ഗ്ലാസ്ഗോ ബൈബിൾ സൊസൈററിയും (1812) ഉൾപ്പെടുന്നു, ഇതു രണ്ടും പിന്നീടു നാഷനൽ ബൈബിൾ സൊസൈററി ഓഫ് സ്കോട്ട്ലണ്ട് (1861) ആയി സംയോജിപ്പിക്കപ്പെട്ടു. 1820 ആയതോടെ സ്വിററ്സർലണ്ടിലും അയർലണ്ടിലും ഫ്രാൻസിലും ഫിൻലണ്ടിലും സ്വീഡനിലും ഡൻമാർക്കിലും നോർവേയിലും നെതർലൻഡ്സിലും ഐസ്ലാണ്ടിലും റഷ്യയിലും ജർമനിയിലും ബൈബിൾ സൊസൈററികൾ സ്ഥാപിച്ചുകഴിഞ്ഞിരുന്നു.
അലക്സാണ്ടർ തോംസൺ ദി ഡിഫറൻഷ്യേററർ, ജൂൺ 1954, പേജ് 131.
ജൂൺ 12, 1989, ജർമനിൽനിന്നു പരിഭാഷപ്പെടുത്തിയത്.
[അധ്യയന ചോദ്യങ്ങൾ]
[322-ാം പേജിലെ ചാർട്ട്]
ഏഴു മുഖ്യ ഭാഷകളിലുളള ചില പ്രമുഖ ബൈബിൾഭാഷാന്തരങ്ങൾ
ഭാഷാന്തര ആദ്യം എബ്രായ തിരുവെ ദിവ്യനാമ ഗ്രീക്ക് തിരുവെ ത്തിന്റെപേര് പ്രസിദ്ധീ ഴുത്തുകൾക്കുളള വിവർത്തനം ഴുത്തുകൾക്കുളള കരിച്ചത് അടിസ്ഥാനപാഠം അടിസ്ഥാന പാഠം
ഇംഗ്ലീഷ്
റെയിംസ്-ഡുവേ 1582-1610 വൾഗേററ് കർത്താവ് വൾഗേററ (അഡോനെയ്, രണ്ടു പ്രാവശ്യം)
കിങ് ജയിംസ് വേർഷൻ 1611 M കർത്താവ് (യഹോവ, ചുരുക്കം) സ്വീകൃതപാഠം
യംഗ് 1862-98 M യഹോവ സ്വീകൃതപാഠം
ഇംഗ്ലീഷ് 1881-95 M കർത്താവ് വെസ്ററ്കോട്ട് പരിഷ്കരിച്ചത് (യഹോവ, ആൻഡ് ഹോർട്ട്
ചുരുക്കം)
എംഫസൈസ്ഡ് 1878-1902 M യാഹ്വേ വെസ്ററ്കോട്ട് ബൈബിൾ (ജിൻസ്ബേർഗ്) ആൻഡ് ഹോർട്ട്, ട്രെഗല്ലസ്
അമേരിക്കൻ 1901 M യഹോവ വെസ്ററ്കോട്ട് സ്ററാൻഡേഡ് ആൻഡ് ഹോർട്ട്
ആൻ അമേരിക്കൻ 1923-39 M കർത്താവ് വെസ്ററ്കോട്ട് ട്രാൻസ്ലേഷൻ (യാഹ്വേ, ചുരുക്കം) ആൻഡ് ഹോർട്ട് (സ്മിത്ത്-ഗുഡ്സ്പീഡ്)
റിവൈസ്ഡ് 1946-52 M കർത്താവ് വെസ്ററ്കോട്ട് സ്ററാൻഡേഡ് ആൻഡ് ഹോർട്ട്, നെസിലെ
ന്യൂ ഇംഗ്ലീഷ് 1961-70 M (BHK) കർത്താവ് ന്യൂ ബൈബിൾ (യഹോവ, ചുരുക്കം) എക്ലിററിക് പാഠം
ററുഡേയ്സ് 1966-76 M (BHK) കർത്താവ് UBS ഇംഗ്ലീഷ് വേർഷൻ
ന്യൂ കിങ് 1979-82 M (BHS) കർത്താവ് ഭൂരിപക്ഷ ജയിംസ് ബൈബിൾ⁄ (യാഹ്, ചുരുക്കം) പാഠം റിവൈസ്ഡ് ഓതറൈസ്ഡ് വേർഷൻ
ന്യൂ ജറൂസലേം 1985 M യാഹ്വേ ഗ്രീക്ക് ബൈബിൾ
സ്പാനീഷ്
വലേറാ 1602 M യഹോവ സ്വീകൃതപാഠം
മോഡേണാ 1893 M യഹോവ സ്ക്രിവനർ
നാകാർ-കൊളംഗാ 1944 M യാവേ ഗ്രീക്ക്
എവറിസ്റേറാ മാർട്ടിൻ നിയെറേറാ 1964 M യാവേ ഗ്രീക്ക്
സെറാഫിൻ 1965 M (BHK) യാഹ്വേ, നെസിലെ- ഡി ഓസെജോ സെഫിയോർ അലൻഡ്
ബിബ്ലിയാ ഡി 1967 M യാഹ്വേ ഗ്രീക്ക് ജെറൂസലൻ
കാന്റെറാ 1975 M (BHK) യാഹ്വേ ഗ്രീക്ക് ഇഗ്ലസ്യാസ്
ന്യൂവാ ബിബ്ലിയാ 1975 M സെഫിയോർ ഗ്രീക്ക് എസ്പാഫിയോളാ
പോർച്ചുഗീസ്
ആൽമെയ്ഡാ 1681, 1750 M യഹോവ സ്വീകൃതപാഠം
ഫിഗ്വീറേഡോ 1778-90 വൾഗേററ് സെനോർ വൾഗേററ്
മാറേറാസ് സോറെസ് 1927-30 വൾഗേററ് സെനോർ വൾഗേററ്
പോണ്ടിഫിഷ്യോ 1967 M ജാവേ മെർക്ക് ഇൻസ്ററിററ്യൂട്ടോ ബിബ്ലിക്കോ
ജറൂസലേം 1976, 1981 M ഇയാഹ്വേ ഗ്രീക്ക്
ജർമൻ
ലൂഥർ 1522, 1534 M HErr ഇറാസ്മസ്
സൂർച്ചർ 1531 M Herr, ജാഹ്വേ ഗ്രീക്ക്
എൽബെർഫെൽഡർ 1855, 1871 M യഹോവ സ്വീകൃതപാഠം
മെൻജ് 1926 M HErr ഗ്രീക്ക്
ലൂഥർ 1964, 1984 M HERR ഗ്രീക്ക് (റിവൈസ്ഡ്)
ബൈബൽ ഇൻ 1967 M (BHS) Herr നെസിലെ- ഹ്യൂട്ടിജെം അലൻഡ്, ഡ്യൂററ്ഷ് UBS (ഗ്യൂട്ട് നാഷ്റിച്ട്ട്)
എയ്ൻഹീററ്സു ബെർസെററ്സുംഗ് 1972, 1974 M Herr, ജാഹ്വേ ഗ്രീക്ക്
റെവിഡ്യെർട്ടെ എൽബെർഫെൽഡർ 1975, 1985 M HERR, ജാഹ്വേ ഗ്രീക്ക്
ഫ്രഞ്ച്
ഡാർബി 1859, 1885 M നിത്യൻ ഗ്രീക്ക്
ക്രാമ്പൻ 1894-1904 M യഹോവ മെർക്
ജറൂസലേം 1948-54 വൾഗേററ്, യാഹ്വെ വൾഗേററ്, എബ്രായ ഗ്രീക്ക്
TOB എക്യൂമെനിക്കൽ 1971-75 M (BHS) സെയ്ന്യൂർ നെസിലെ, ബൈബിൾ UBS
ഓസ്ററി 1973 M യാഹ്വെ ഗ്രീക്ക്
സെഗോണ്ട് 1978 M (BHS) നിത്യൻ നെസിലെ- റിവൈസ്ഡ് അലൻഡ്, ബ്ലാക്ക്, മെററ്സ്ഗെർ, വിക്ഗ്രെൻ
ഫ്രാങ്കെയ്സ് 1982 M (BHS) സെയ്ന്യൂർ നെസിലെ, കോറാൻറ് UBS
ഡച്ച് (നെതർലൻഡ്സ്)
സ്ററാററൻ 1637 M HEERE സ്വീകൃതപാഠം
വെർട്ടലിംഗ് ലെയ്ഡ്സെ 1899-1912 M യാഹ്വെ നെസിലെ വെർട്ടലിംഗ്
പെട്രൂസ്-കനിസ്യസ്വെർട്ടലിംഗ് 1929-39 M യാഹ്വേ നെസിലെ
NBG-വെർട്ടലിംഗ് 1939-51 M HERE നെസിലെ
വിലിബ്രോഡ്വെർട്ടലിംഗ് 1961-75 M യാഹ്വേ നെസിലെ
ഗ്രൂട്ട് ന്യൂസ് 1972-83 M Heer നെസിലെ ബൈജ്ബെൽ
ഇററാലിയൻ
ഡയോഡററി 1607, 1641 M സൈനോർ ഗ്രീക്ക്
റിവെഡൂട്ടാ 1925 M ഇറേറണോ ഗ്രീക്ക് (ലുസ്സി)
നാർഡോണി 1960 M സൈനോർ, യാഹ്വേ ഗ്രീക്ക്
പോണ്ടിഫിഷ്യോ 1923-58 M സൈനോർ, യാഹ്വെ മെർക്ക് ഇൻസ്ററിററ്യൂട്ടോ ബിബ്ലിക്കോ
ഗാരോഫലോ 1960 M യാഹ്വെ, സൈനോർ ഗ്രീക്ക്
കൊൺകോഡാററാ 1968 M (BHK) സൈനോർ, ഇയാവേ നെസിലെ, മെർക്ക്
CEI 1971 M സൈനോർ ഗ്രീക്ക്
പാരൊള ഡെൽ 1976-85 M (BHS) സൈനോർ UBS സൈനോർ
ഒരു നക്ഷത്രചിഹ്നം അപ്പോക്രിഫാ ഉൾപ്പെടുത്തിയിരുന്നുവെന്നും എന്നാൽ എല്ലാ പതിപ്പുകളിലും കാണാതിരുന്നേക്കാമെന്നും സൂചിപ്പിക്കുന്നു.
“M” മാസെറെററിക് പാഠത്തെ പരാമർശിക്കുന്നു. അതു മാത്രമായി നിൽക്കുമ്പോൾ ഏതെങ്കിലും പ്രത്യേക മാസെറെററിക് പാഠപതിപ്പിനെ നിർദേശിക്കുന്നില്ല.
“BHK” കിററലിന്റെ ബിബ്ലിയാ ഹെബ്രായിക്കായെ പരാമർശിക്കുന്നു.
“UBS” യുണൈററഡ് ബൈബിൾ സൊസൈററികളുടെ ദ ഗ്രീക്ക് ന്യൂ ടെസ്ററമെൻറിനെ പരാമർശിക്കുന്നു.
“BHS” ബിബ്ലിയാ ഹെബ്രായിക്കാ സ്ററട്ട്ഗാർട്ടെൻസിയായെ പരാമർശിക്കുന്നു.
“ഗ്രീക്ക്” ഗ്രീക്കിൽനിന്നു നടത്തിയ വിവർത്തനത്തെ സൂചിപ്പിക്കുന്നു. എന്നാൽ ഏതെങ്കിലും പ്രത്യേക പാഠം സൂചിപ്പിക്കപ്പെടുന്നില്ല.