ബൈബിൾ പുസ്തക നമ്പർ 18—ഇയ്യോബ്
ബൈബിൾ പുസ്തക നമ്പർ 18—ഇയ്യോബ്
എഴുത്തുകാരൻ: മോശ
എഴുതിയ സ്ഥലം: മരുഭൂമി
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 1473
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 1657-നും 1473-നുമിടക്കുളള 140-ൽപ്പരം വർഷം
1. ഇയ്യോബിന്റെ പേരിന്റെ അർഥമെന്ത്, ഇയ്യോബിന്റെ പുസ്തകം ഏതു ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു?
നിശ്വസ്ത തിരുവെഴുത്തുകളിലെ ഏററവും പഴക്കമുളള പുസ്തകങ്ങളിലൊന്ന്! ഏററവും മൂല്യവത്തായി കരുതുന്നതും മിക്കപ്പോഴും ഉദ്ധരിക്കപ്പെടുന്നതുമായ ഒരു പുസ്തകമെങ്കിലും മനുഷ്യവർഗം അധികമൊന്നും മനസ്സിലാക്കാത്ത ഒന്നുതന്നെ. എന്തുകൊണ്ടാണ് ഈ പുസ്തകം എഴുതപ്പെട്ടത്, അതിന് ഇന്നു നമുക്കുവേണ്ടി എന്തു മൂല്യമാണുളളത്? “ശത്രുതയുടെ ലക്ഷ്യം” എന്ന ഇയ്യോബിന്റെ പേരിന്റെ അർഥത്തിൽ അതിനുളള ഉത്തരം സൂചിപ്പിക്കപ്പെടുന്നു. അതേ, ഈ പുസ്തകം രണ്ടു പ്രധാന ചോദ്യങ്ങൾ പരിചിന്തനത്തിനെടുക്കുന്നു: നിർദോഷികൾ എന്തുകൊണ്ടു കഷ്ടപ്പെടുന്നു? ദൈവം ഭൂമിയിൽ ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ പരിചിന്തിക്കുന്നതിനു നമുക്ക് ഇയ്യോബിന്റെ കഷ്ടപ്പാടിന്റെയും അവന്റെ വലിയ സഹിഷ്ണുതയുടെയും രേഖയുണ്ട്. ഇയ്യോബ് അപേക്ഷിച്ചതുപോലെതന്നെ അവയെല്ലാം എഴുതപ്പെട്ടു.—ഇയ്യോ. 19:23, 24.
2. ഇയ്യോബ് ഒരു യഥാർഥ വ്യക്തിയായിരുന്നുവെന്ന് എന്തു തെളിയിക്കുന്നു?
2 ഇയ്യോബ് ക്ഷമയുടെയും സഹിഷ്ണുതയുടെയും പര്യായമായിത്തീർന്നിരിക്കുന്നു. എന്നാൽ ഇയ്യോബ് എന്ന ഒരാൾ ഉണ്ടായിരുന്നോ? ചരിത്രത്തിന്റെ ഏടുകളിൽനിന്നു നിർമലതയുടെ ഈ തിളക്കമാർന്ന ദൃഷ്ടാന്തത്തെ നീക്കംചെയ്യുന്നതിനുളള പിശാചിന്റെ സകല ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും ഉത്തരം വ്യക്തമാണ്. ഇയ്യോബ് ഒരു യഥാർഥ വ്യക്തിയായിരുന്നു! യഹോവ തന്റെ സാക്ഷികളായ നോഹയോടും ദാനിയേലിനോടുമൊപ്പം അവന്റെ പേർ പറയുന്നു, യേശുക്രിസ്തു അവരുടെ അസ്തിത്വത്തെ അംഗീകരിച്ചു. (യെഹെ. 14:14, 20; മത്തായി 24:15, 37 താരതമ്യം ചെയ്യുക.) പുരാതന എബ്രായ ജനത ഇയ്യോബിനെ ഒരു യഥാർഥ വ്യക്തിയായി കരുതി. ക്രിസ്തീയ എഴുത്തുകാരനായ യാക്കോബ് ഇയ്യോബിന്റെ സഹിഷ്ണുതയുടെ ദൃഷ്ടാന്തത്തിലേക്കു വിരൽചൂണ്ടുന്നു. (യാക്കോ. 5:11) സാങ്കൽപ്പികമായ ഒന്നല്ല, മറിച്ച് ഒരു യഥാർഥ ജീവിത ദൃഷ്ടാന്തം മാത്രമേ എല്ലാ സാഹചര്യങ്ങളിലും നിർമലത പാലിക്കാൻ കഴിയുമെന്നു ദൈവാരാധകരെ ബോധ്യപ്പെടുത്തത്തക്കവണ്ണം ഘനമുളളതായിരിക്കുകയുളളു. തന്നെയുമല്ല, ഇയ്യോബിൽ രേഖപ്പെടുത്തിയിരിക്കുന്ന സംസാരങ്ങളുടെ തീവ്രതയും വികാരവും സാഹചര്യത്തിന്റെ യാഥാർഥ്യത്തിനു സാക്ഷ്യം വഹിക്കുന്നു.
3. ഏതു തെളിവ് ഇയ്യോബിന്റെ പുസ്തകത്തിന്റെ നിശ്വസ്തതയെ സാക്ഷ്യപ്പെടുത്തുന്നു?
3 ഇയ്യോബിന്റെ പുസ്തകം വിശ്വാസ്യവും നിശ്വസ്തവുമാണെന്നുളളതു പുരാതന എബ്രായർ അതിനെ എല്ലായ്പോഴും തങ്ങളുടെ ബൈബിൾകാനോനിൽ ഉൾപ്പെടുത്തിയതിനാലും തെളിയുന്നു, ഇയ്യോബ് ഒരു ഇസ്രായേല്യനായിരുന്നില്ലെന്നുളളതിനാൽ ഇതു ശ്രദ്ധേയമായ ഒരു വസ്തുതതന്നെ. എസെക്കിയേലിനാലും യാക്കോബിനാലുമുളള പരാമർശങ്ങൾക്കു പുറമേ, അപ്പോസ്തലനായ പൗലൊസും ഈ പുസ്തകം ഉദ്ധരിക്കുന്നുണ്ട്. (ഇയ്യോ. 5:13; 1 കൊരി. 3:19) ഈ പുസ്തകത്തിന്റെ നിശ്വസ്തതയുടെ ശക്തമായ തെളിവ് തെളിയിക്കപ്പെട്ട ശാസ്ത്രവസ്തുതകളോടുളള അത്ഭുതകരമായ യോജിപ്പിൽ നൽകപ്പെടുന്നു. ഭൂമി താങ്ങിനിർത്തപ്പെടുന്നതെങ്ങനെയെന്നതു സംബന്ധിച്ചു പൗരാണികർക്ക് അത്യന്തം വിചിത്രമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നപ്പോൾ യഹോവ “ഭൂമിയെ നാസ്തിത്വത്തിൻമേൽ തൂക്കുന്നു” എന്ന് എങ്ങനെ അറിയാൻ കഴിയുമായിരുന്നു? (ഇയ്യോ. 26:7) പുരാതനകാലങ്ങളിൽ പുലർത്തപ്പെട്ടിരുന്ന ഒരു വീക്ഷണം ഒരു വലിയ കടലാമയുടെ പുറത്തു നിൽക്കുന്ന ആനകളാണു ഭൂമിയെ താങ്ങിനിർത്തുന്നത് എന്നതായിരുന്നു. ഇയ്യോബിന്റെ പുസ്തകം അത്തരം അബദ്ധങ്ങളെ പ്രതിഫലിപ്പിക്കാത്തത് എന്തുകൊണ്ട്? പ്രസ്പഷ്ടമായി, സ്രഷ്ടാവായ യഹോവ നിശ്വസ്തതയാൽ സത്യം പ്രദാനംചെയ്തതുകൊണ്ട്. ഭൂമിയെയും അതിലെ അത്ഭുതങ്ങളെയും സ്വാഭാവിക ആവാസസ്ഥാനങ്ങളിലെ കാട്ടുമൃഗങ്ങളെയും പക്ഷികളെയും സംബന്ധിച്ച മററനേകം വർണനകൾ വളരെ കൃത്യമായതുകൊണ്ട് ഇയ്യോബിന്റെ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവും നിശ്വാസകനും യഹോവയാം ദൈവമായിരിക്കാനേ കഴിയൂ. a
4. നാടകം എവിടെ, എപ്പോൾ അഭിനയിക്കപ്പെട്ടു, ഇയ്യോബിന്റെ പുസ്തകത്തിന്റെ എഴുത്ത് എപ്പോൾ പൂർത്തിയാക്കപ്പെട്ടു?
4 ചില ഭൂമിശാസ്ത്രകാരൻമാർ പറയുന്ന പ്രകാരം ഏദോമ്യർ കൈവശംവെച്ചിരുന്ന ദേശത്തിനടുത്തും അബ്രഹാമിന്റെ സന്തതികൾക്കു വാഗ്ദത്തംചെയ്തിരുന്ന ദേശത്തിന്റെ കിഴക്കുമായി ഉത്തര അറേബ്യയിൽ സ്ഥിതിചെയ്യുന്ന ഊസിലാണ് ഇയ്യോബ് ജീവിച്ചിരുന്നത്. തെക്കുഭാഗത്തു ശെബായർ ആയിരുന്നു, കിഴക്കുഭാഗത്തു കൽദയരും. (1:1, 3, 15, 17) ഇയ്യോബിന്റെ പീഡാനുഭവകാലം അബ്രഹാമിന്റെ നാളിനു ദീർഘകാലശേഷമായിരുന്നു. അത് ‘അവനെപ്പോലെ [ഇയ്യോബിനെ] നിഷ്ക്കളങ്കനും നേരുളളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലാഞ്ഞ’ ഒരു കാലത്തായിരുന്നു. (1:8) ഇതു മുന്തിയ വിശ്വാസമുണ്ടായിരുന്ന ഒരു മനുഷ്യനായ യോസേഫിന്റെ മരണത്തിനും (പൊ.യു.മു. 1657) മോശ തന്റെ നിർമലഗതിയിൽ പ്രവേശിച്ച സമയത്തിനുമിടക്കുളള കാലഘട്ടമാണന്നു കാണപ്പെടുന്നു. ഈജിപ്തിലെ ഭൂതാരാധനയാൽ ഇസ്രായേൽ മലീമസമായ ഈ കാലഘട്ടത്തിൽ ഇയ്യോബ് നിർമലാരാധനയിൽ മികച്ചുനിന്നു. കൂടാതെ, ഇയ്യോബ് ഒന്നാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന ആചാരങ്ങളും ഒരു സത്യാരാധകനായുളള ഇയ്യോബിന്റെ ദൈവാംഗീകാരവും ന്യായപ്രമാണത്തിൻകീഴുളള ഇസ്രായേലിനോടു മാത്രമായി ദൈവം ഇടപെട്ട പൊ.യു.മു. 1513 മുതലുളള പിൽക്കാല ഘട്ടത്തിലേക്കല്ല, പിന്നെയോ ഗോത്രപിതാക്കൻമാരുടെ കാലത്തിലേക്കാണു വിരൽചൂണ്ടുന്നത്. (ആമോ. 3:2; എഫെ. 2:12) അങ്ങനെ, ഇയ്യോബിന്റെ ദീർഘായുസ്സിന് അനുവദിച്ചുകൊണ്ട് ഈ പുസ്തകം പൊ.യു.മു. 1657-നും മോശയുടെ മരണത്തിന്റെ വർഷമായ പൊ.യു.മു. 1473-നുമിടയ്ക്കുളള ഒരു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു; ഇയ്യോബിന്റെ മരണശേഷം ഇസ്രായേല്യർ മരുഭൂമിയിലായിരുന്ന ഒരു സമയത്തു പുസ്തകം പൂർത്തിയാക്കപ്പെട്ടു.—ഇയ്യോ. 1:8; 42:16, 17.
5. മോശയാണ് എഴുത്തുകാരനെന്നു സൂചിപ്പിക്കുന്നത് എന്ത്?
5 എഴുത്തുകാരൻ മോശയാണെന്നു നാം പറയുന്നതെന്തുകൊണ്ട്? ഇതു യഹൂദപണ്ഡിതൻമാരുടെയും ആദിമ ക്രിസ്തീയ പണ്ഡിതൻമാരുടെയും ഇടയിലെ ഏററവും പഴക്കമുളള പാരമ്പര്യപ്രകാരമാണ്. ഇയ്യോബിന്റെ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായകവിതയുടെ ഊർജസ്വലവും വിശ്വാസ്യവുമായ ശൈലി അതു മോശയുടെ ഭാഷയായ എബ്രായയിലുളള ഒരു ആദ്യ രചനയാണെന്നു സ്പഷ്ടമാക്കുന്നു. അത് അറബിപോലെ മറെറാരു ഭാഷയിൽനിന്നുളള വിവർത്തനമായിരിക്കാൻ കഴിയുമായിരുന്നില്ല. കൂടാതെ ഗദ്യരൂപത്തിലുളള ഭാഗങ്ങൾ ബൈബിളിലെ മററ് ഏത് എഴുത്തുകളെയുമപേക്ഷിച്ചു പഞ്ചഗ്രന്ഥങ്ങളോടാണ് ഏറെ ശക്തമായ സാദൃശ്യംവഹിക്കുന്നത്. എഴുത്തുകാരൻ മോശയെപ്പോലെയുളള ഒരു ഇസ്രായേല്യനായിരിക്കണം, എന്തുകൊണ്ടെന്നാൽ “ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ [യഹൂദൻമാരുടെ] പക്കൽ സമർപ്പി”ക്കപ്പെട്ടിരുന്നു. (റോമ. 3:1, 2) മുതിർന്ന ആൾ ആയ ശേഷം മോശ ഊസിൽനിന്നു വിദൂരത്തിലല്ലാത്ത മിദ്യാനിൽ 40 വർഷം ചെലവഴിച്ചു, അവിടെ അവന് ഇയ്യോബിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശദവിവരങ്ങൾ ലഭിക്കാൻ കഴിയുമായിരുന്നു. പിന്നീട്, ഇസ്രായേലിന്റെ 40-വർഷ മരുപ്രയാണകാലത്ത് അവൻ ഇയ്യോബിന്റെ സ്വദേശത്തിനു സമീപത്തുകൂടെ കടന്നുപോയപ്പോൾ അവന് ഈ പുസ്തകത്തിലെ സമാപനവിശദാംശങ്ങൾ മനസ്സിലാക്കാനും രേഖപ്പെടുത്താനും കഴിയുമായിരുന്നു.
6. ഇയ്യോബിന്റെ പുസ്തകം ഏതു വശങ്ങളിൽ ഒരു വിശിഷ്ട സാഹിത്യസൃഷ്ടിയെക്കാൾ വളരെ കവിഞ്ഞതാണ്?
6 ദ ന്യൂ എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്കാ പറയുന്നതനുസരിച്ച്, ഇയ്യോബിന്റെ പുസ്തകം മിക്കപ്പോഴും “ലോകസാഹിത്യത്തിലെ വിശിഷ്ടകൃതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നു.” b എന്നിരുന്നാലും, പുസ്തകം ഒരു വിശിഷ്ട സാഹിത്യകൃതിയെക്കാൾ വളരെ കവിഞ്ഞതാണ്. യഹോവയുടെ ശക്തി, നീതി, ജ്ഞാനം, സ്നേഹം എന്നിവയെ ഉന്നതമാക്കുന്നതിൽ ഇയ്യോബ് ബൈബിൾപുസ്തകങ്ങളുടെ ഇടയിൽ മുന്തിനിൽക്കുന്നു. അത് അഖിലാണ്ഡത്തിന്റെ മുമ്പാകെയുളള മുഖ്യ വാദവിഷയത്തെ അത്യന്തം വ്യക്തമായി വെളിപ്പെടുത്തുന്നു. അതു മററു ബൈബിൾപുസ്തകങ്ങളിൽ, വിശേഷിച്ച് ഉല്പത്തിയിലും പുറപ്പാടിലും സഭാപ്രസംഗിയിലും ലൂക്കൊസിലും റോമറിലും വെളിപ്പാടിലും പറയപ്പെട്ടിരിക്കുന്നതിലധികത്തിൻമേലും പ്രകാശം ചൊരിയുന്നു. (ഇയ്യോബ് 1:6-12; 2:1-7-നെ ഉല്പത്തി 3:15; പുറപ്പാടു 9:16; ലൂക്കൊസ് 22:31, 32; റോമർ 9:16-19; വെളിപ്പാടു 12:9 എന്നിവയുമായും ഇയ്യോബ് 1:21; 24:15; 21:23-26; 28:28 എന്നിവയെ യഥാക്രമം സഭാപ്രസംഗി 5:15; 8:11; 9:2, 3; 12:13 എന്നിവയുമായും താരതമ്യം ചെയ്യുക.) അത് അനേകം ജീവിതപ്രശ്നങ്ങൾക്കുളള ഉത്തരങ്ങൾ പ്രദാനംചെയ്യുന്നു. അതു തീർച്ചയായും ദൈവത്തിന്റെ നിശ്വസ്ത വചനത്തിന്റെ ഒരു അവിഭാജ്യഭാഗമാണ്. അതു പ്രയോജനകരമായ ഗ്രാഹ്യത്തിന്റെ രൂപത്തിൽ അതിനു വളരെയധികം സംഭാവനചെയ്യുന്നു.
ഇയ്യോബിന്റെ ഉളളടക്കം
7. പുസ്തകം ആരംഭിക്കുമ്പോൾ നാം ഇയ്യോബിനെ ഏതു സാഹചര്യത്തിൽ കാണുന്നു?
7 ഇയ്യോബിന്റെ പുസ്തകത്തിന് ആമുഖം (1:1-5). ഇതു “നിഷ്കളങ്കനും നേരുളളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനു”മായ ഇയ്യോബിലേക്കു നമ്മെ ആനയിക്കുന്നു. ഏഴു പുത്രൻമാരും മൂന്നു പുത്രിമാരുമുളള ഇയ്യോബ് സന്തുഷ്ടനാണ്. അവൻ നിരവധി ആട്ടിൻകൂട്ടങ്ങളും കന്നുകാലികളും സഹിതം ഭൗതികമായി ധനികനായ ഒരു ഭൂവുടമയാണ്. അവന് അനേകം ദാസൻമാരുണ്ട്, അവൻ “സകലപൂർവ്വദിഗ്വാസികളിലും മഹാനാ”ണ്. (1:1, 3) എന്നിരുന്നാലും അവൻ ഭൗതികാസക്തനല്ല, എന്തുകൊണ്ടെന്നാൽ അവൻ തന്റെ ഭൗതികസ്വത്തുക്കളിൽ ആശ്രയം വെക്കുന്നില്ല. ഇയ്യോബ് ആത്മീയമായും ധനവാനാണ്, സത്പ്രവൃത്തികളിൽ സമ്പന്നനുമാണ്, കഷ്ടപ്പെടുകയോ ദുഃഖമനുഭവിക്കുകയോ ചെയ്യുന്ന ആരെയെങ്കിലും സഹായിക്കാനോ ആവശ്യമുളള ഏതൊരാൾക്കും ഒരു വസ്ത്രം കൊടുക്കാനോ സന്നദ്ധനുമാണ്. (29:12-16; 31:19, 20) എല്ലാവരും അവനെ ആദരിക്കുന്നു. ഇയ്യോബ് സത്യദൈവമായ യഹോവയെ ആരാധിക്കുന്നു. പുറജാതീയ ജനതകൾ ചെയ്യുന്നതുപോലെ, സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കുമ്പിടാൻ അവൻ വിസമ്മതിക്കുന്നു, എന്നാൽ അവൻ തന്റെ ദൈവത്തോടു നിർമലത പാലിച്ചുകൊണ്ടും അവനോട് ഒരു ഉററബന്ധം ആസ്വദിച്ചുകൊണ്ടും യഹോവയോടു വിശ്വസ്തനാണ്. (29:7, 21-25; 31:26, 27; 29:4) ഇയ്യോബ് തന്റെ കുടുംബത്തിനുവേണ്ടി പുരോഹിതനായി സേവിക്കുകയും അവർ പാപംചെയ്തിട്ടുളള പക്ഷം ക്രമമായി ഹോമയാഗങ്ങളർപ്പിക്കുകയും ചെയ്യുന്നു.
8. (എ) സാത്താൻ ഇയ്യോബിന്റെ നിർമലതയെ വെല്ലുവിളിക്കാനിടയാകുന്നതെങ്ങനെ? (ബി) യഹോവ വെല്ലുവിളി സ്വീകരിക്കുന്നത് എങ്ങനെ?
8 സാത്താൻ ദൈവത്തെ വെല്ലുവിളിക്കുന്നു (1:6–2:13). നമുക്കു സ്വർഗീയ കാര്യങ്ങളുടെ ഒരു വീക്ഷണം ലഭിക്കാൻ കഴിയേണ്ടതിന് അത്യത്ഭുതകരമായി അദൃശ്യതയുടെ മറ പിൻവലിക്കപ്പെടുന്നു. ദൈവപുത്രൻമാരുടെ ഒരു സമ്മേളനത്തിൽ യഹോവ അധ്യക്ഷത വഹിക്കുന്നതായി കാണപ്പെടുന്നു. അവരുടെ ഇടയിൽ സാത്താനും ഹാജരാകുന്നു. യഹോവ തന്റെ വിശ്വസ്തദാസനായ ഇയ്യോബിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു, എന്നാൽ കിട്ടുന്ന ഭൗതികപ്രയോജനങ്ങൾ നിമിത്തമാണ് ഇയ്യോബ് ദൈവത്തെ സേവിക്കുന്നതെന്ന് ആരോപിച്ചുകൊണ്ടു സാത്താൻ ഇയ്യോബിന്റെ നിർമലതയെ വെല്ലുവിളിക്കുന്നു. ഇവ എടുത്തുകളയാൻ ദൈവം സാത്താനെ അനുവദിക്കുമെങ്കിൽ ഇയ്യോബ് തന്റെ നിർമലത വിട്ടുമാറും. സാത്താൻ ഇയ്യോബിന്റെ ദേഹത്തു തൊടരുത് എന്ന നിയന്ത്രണത്തോടെ യഹോവ വെല്ലുവിളി സ്വീകരിക്കുന്നു.
9. (എ) ഇയ്യോബിന് ഏതു കഠിനപരിശോധനകൾ നേരിടുന്നു? (ബി) അവൻ നിർമലത പാലിക്കുന്നുവെന്ന് എന്തു തെളിയിക്കുന്നു?
9 ശങ്കയില്ലാത്ത ഇയ്യോബിന് അനേകം അനർഥങ്ങൾ നേരിട്ടുതുടങ്ങുന്നു. ശെബായരുടെയും കൽദയരുടെയും ആക്രമണങ്ങൾ അവന്റെ വലിയ ധനം നശിപ്പിക്കുന്നു. ഒരു കൊടുങ്കാററ് അവന്റെ പുത്രൻമാരെയും പുത്രിമാരെയും കൊല്ലുന്നു. ഈ കഠിന പരിശോധന ഇയ്യോബ് ദൈവത്തെ ശപിക്കാൻ അല്ലെങ്കിൽ ദൈവത്തിൽനിന്ന് അകന്നുമാറാൻ ഇടയാക്കുന്നതിൽ പരാജയപ്പെടുന്നു. പകരം “യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” എന്ന് അവൻ പറയുന്നു. (1:21) ഈ പ്രാവശ്യം പരാജിതനും ഭോഷ്കാളിയുമെന്നു തെളിഞ്ഞപ്പോൾ, സാത്താൻ വീണ്ടും യഹോവയുടെ മുമ്പാകെ ഹാജരാകുകയും “ത്വക്കിനു പകരം ത്വക്ക്; മനുഷ്യൻ തനിക്കുളളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും” എന്ന് ആരോപിക്കുകയും ചെയ്യുന്നു. (2:4) ഇയ്യോബിന്റെ ശരീരത്തെ തൊടാൻ തന്നെ അനുവദിക്കുകയാണെങ്കിൽ ഇയ്യോബ് ദൈവത്തിന്റെ മുഖത്തുനോക്കി ത്യജിച്ചുപറയാൻ ഇടയാക്കുന്നതിനു തനിക്കു കഴിയുമെന്നു സാത്താൻ അവകാശപ്പെടുന്നു. ഇയ്യോബിനു ജീവഹാനി വരുത്തുന്നതൊഴിച്ച് എന്തും ചെയ്യാനുളള അനുവാദത്തോടെ സാത്താൻ ഇയ്യോബിന് ഒരു ഭീകരരോഗം വരുത്തുന്നു. അവന്റെ മാംസം “പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു,” അവന്റെ ശരീരവും ശ്വാസവും ഭാര്യക്കും ബന്ധുക്കൾക്കും നാററമുളളതായിത്തീരുന്നു. (7:5; 19:13-20) ഇയ്യോബ് തന്റെ നിർമലത ഭഞ്ജിച്ചിട്ടില്ലെന്നു സൂചിപ്പിച്ചുകൊണ്ട് അവന്റെ ഭാര്യ ഇങ്ങനെ ശക്തമായി ഉപദേശിക്കുന്നു: “നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക.” ഇയ്യോബ് അവളെ ശാസിക്കുന്നു, “അധരങ്ങളാൽ പാപം” ചെയ്യുന്നുമില്ല.—2:9, 10.
10. സാത്താൻ ഏതു നിശബ്ദ “ആശ്വാസം” പ്രദാനംചെയ്യുന്നു?
10 സാത്താൻ ഇപ്പോൾ മൂന്നു കൂട്ടുകാരെ എഴുന്നേൽപ്പിക്കുന്നു, അവർ ഇയ്യോബിനെ “ആശ്വസിപ്പിക്കാൻ” വരുന്നു. ഇവരാണ് എലീഫസ്, ബിൽദാദ്, സോഫർ എന്നിവർ. ദൂരെ അവർ ഇയ്യോബിനെ തിരിച്ചറിയുന്നില്ല, എന്നാൽ പിന്നീട് അവർ ശബ്ദമുയർത്താനും കരയാനും തങ്ങളുടെ തലയിൽ പൂഴി വാരിയിടാനും തുടങ്ങുന്നു. അനന്തരം ഒരു വാക്കും ഉരിയാടാതെ അവർ അവന്റെ അടുക്കൽ നിലത്ത് ഇരിക്കുന്നു. ഈ മൗനമായ “ആശ്വാസ”ത്തിന്റെ ഏഴു പകലുകൾക്കും രാത്രികൾക്കും ശേഷം തന്റെ അനുഭാവികളെന്നു നടിക്കുന്നവരുമായി ഒരു ദീർഘിച്ച വാദപ്രതിവാദം തുടങ്ങിക്കൊണ്ട് ഇയ്യോബ് ഒടുവിൽ മൗനം ഭഞ്ജിക്കുന്നു.—2:11.
11-13. ഇയ്യോബ് എങ്ങനെ വാദപ്രതിവാദം തുടങ്ങുന്നു, എലീഫസ് ഏതു കുററാരോപണം നടത്തുന്നു, ഇയ്യോബിന്റെ വീറുററ മറുപടി എന്താണ്?
11 വാദപ്രതിവാദം: ഒന്നാം വട്ടം (3:1–14:22). ഈ ഘട്ടംമുതൽ മുന്നോട്ട് നാടകം ഉൽകൃഷ്ടമായ എബ്രായ കവിതയിൽ ഇതൾവിരിയുന്നു. ഇയ്യോബ് തന്റെ ജനനദിവസത്തെ ശപിക്കുകയും തുടർന്നു ജീവിക്കാൻ ദൈവം തന്നെ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നു സംശയിക്കുകയും ചെയ്യുന്നു.
12 മറുപടിയായി, ഇയ്യോബിനു നിർമലത ഇല്ലെന്ന് എലീഫസ് കുററപ്പെടുത്തുന്നു. നിഷ്കളങ്കർ ഒരിക്കലും നശിച്ചിട്ടില്ല എന്ന് അവൻ പ്രസ്താവിക്കുന്നു. ദൈവത്തിനു തന്റെ ദാസൻമാരിൽ, വിശേഷിച്ചു വെറും കളിമണ്ണുകൊണ്ട്, ഭൂമിയിലെ പൊടികൊണ്ട്, നിർമിക്കപ്പെട്ടവരിൽ വിശ്വാസമില്ലെന്ന് ഒരു രാത്രിദർശനത്തിൽ ഒരു ശബ്ദം തന്നോടു പറഞ്ഞതായി അവൻ അനുസ്മരിക്കുന്നു. ഇയ്യോബിന്റെ കഷ്ടപ്പാടു സർവശക്തനായ ദൈവത്തിൽനിന്നുളള ഒരു ശിക്ഷണമാണെന്ന് അവൻ സൂചിപ്പിക്കുന്നു.
13 ഇയ്യോബ് വീറോടെ എലീഫസിനോടു മറുപടി പറയുന്നു. പീഡനത്തിനും ദുരിതത്തിനും വിധേയനാകുന്ന ഏതൊരുവനും ചെയ്യുന്നതുപോലെ അവൻ നിലവിളിക്കുന്നു. മരണം ഒരു ആശ്വാസമായിരിക്കും. തനിക്കെതിരെ ഗൂഢാലോചന നടത്തിയതിന് അവൻ തന്റെ കൂട്ടുകാരെ ശകാരിക്കുകയും ഇങ്ങനെ പ്രതിഷേധിക്കുകയും ചെയ്യുന്നു: “എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെററിപ്പോയെന്നു എനിക്കു ബോധം വരുത്തുവിൻ.” (6:24) ഇയ്യോബ് “മനുഷ്യവർഗത്തിന്റെ നിരീക്ഷക”നായ ദൈവമുമ്പാകെയുളള തന്റെ സ്വന്തം നീതിക്കുവേണ്ടി വാദിക്കുന്നു.—7:20, NW.
14, 15. ബിൽദാദിന്റെ വാദം എന്താണ്, ദൈവത്തിങ്കൽ തന്റെ വ്യവഹാരം പരാജയപ്പെടുമെന്ന് ഇയ്യോബ് ഭയപ്പെടുന്നത് എന്തുകൊണ്ട്?
14 ഇയ്യോബിന്റെ പുത്രൻമാർ പാപംചെയ്തിരിക്കുന്നുവെന്നും ഇയ്യോബുതന്നെ നേരുളളവനല്ലെന്നും സൂചിപ്പിച്ചുകൊണ്ടു ബിൽദാദ് ഇപ്പോൾ തന്റെ വാദം മുഴക്കുന്നു, അല്ലായിരുന്നുവെങ്കിൽ ദൈവം അവനെ കേൾക്കുമായിരുന്നു. മുൻ തലമുറകളിലേക്കും അവരുടെ പൂർവപിതാക്കൾ ഒരു വഴികാട്ടിയെന്ന നിലയിൽ അന്വേഷിച്ചുകണ്ടെത്തിയ കാര്യങ്ങളിലേക്കും നോക്കാൻ അയാൾ ഇയ്യോബിനെ ഉദ്ബോധിപ്പിക്കുന്നു.
15 ദൈവം നീതികെട്ടവനല്ലെന്നു വാദിച്ചുകൊണ്ട് ഇയ്യോബ് മറുപടി പറയുന്നു. ദൈവത്തിനു മനുഷ്യനോടു കണക്കുബോധിപ്പിക്കേണ്ടതുമില്ല, എന്തെന്നാൽ “അവൻ ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു.” (9:10) തന്റെ വ്യവഹാരത്തിലെ എതിരാളിയെന്ന നിലയിൽ യഹോവക്കെതിരെ വിജയിക്കാൻ ഇയ്യോബിനു കഴിയില്ല. അവനു ദൈവപ്രീതിക്കായി യാചിക്കാനേ കഴിയൂ. എന്നിരുന്നാലും, നൻമ ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? “അവൻ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.” (9:22) ഭൂമിയിൽ നീതിയുളള ന്യായവിധിയില്ല. ദൈവമുമ്പാകെപോലും തന്റെ കേസ് പരാജയപ്പെടുമെന്ന് ഇയ്യോബ് ഭയപ്പെടുന്നു. അവന് ഒരു മധ്യസ്ഥൻ ആവശ്യമാണ്. താൻ പരിശോധിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിക്കുകയും “തന്നെ കളിമണ്ണു”കൊണ്ട് ഉണ്ടാക്കിയെന്ന് ഓർക്കണമെന്നു ദൈവത്തോട് അഭ്യർഥിക്കുകയും ചെയ്യുന്നു. (10:9) അവൻ ദൈവത്തിന്റെ കഴിഞ്ഞകാല ദയകളെ വിലമതിക്കുന്നു. തന്റെ ഭാഗം ശരിയാണെങ്കിലും താൻ വാദിച്ചാൽ ദൈവം കൂടുതലായി അലോസരപ്പെടുകയേ ഉളളൂവെന്ന് അവൻ പറയുന്നു. തനിക്കു മരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
16, 17. (എ) സോഫർ ഏതു വിദഗ്ധ ബുദ്ധ്യുപദേശം കൊടുക്കുന്നു? (ബി) ഇയ്യോബ് തന്റെ “ആശ്വാസകരെ” എങ്ങനെ വിലയിരുത്തുന്നു, അവൻ ഏതു ശക്തമായ വിശ്വാസം പ്രകടിപ്പിക്കുന്നു?
16 സോഫർ ഇപ്പോൾ വാദപ്രതിവാദത്തിൽ ഉൾപ്പെടുന്നു. അവൻ ഫലത്തിൽ ഇങ്ങനെ പറയുന്നു: വ്യർഥസംസാരം ശ്രദ്ധിക്കാൻ ഞങ്ങൾ കുട്ടികളാണോ? നീ യഥാർഥത്തിൽ ശുദ്ധനാണെന്നു നീ പറയുന്നു. എന്നാൽ ദൈവം സംസാരിക്കുകയാണെങ്കിൽ, അവൻ നിന്റെ കുററം വെളിപ്പെടുത്തും. അയാൾ ഇയ്യോബിനോടു ചോദിക്കുന്നു: “ദൈവത്തിന്റെ അഗാധത്വം നിനക്കു ഗ്രഹിക്കാമോ?” (11:7) ഹാനികരമായ നടപടികൾ നീക്കംചെയ്യാൻ അവൻ ഇയ്യോബിനെ ഉപദേശിക്കുന്നു, എന്തെന്നാൽ ഇതു ചെയ്യുന്നവർക്കാണ് അനുഗ്രഹങ്ങൾ കൈവരുന്നത്, അതേസമയം, “ദുഷ്ടൻമാരുടെ കണ്ണു മങ്ങിപ്പോകും.”—11:20.
17 ഇയ്യോബ് ശക്തമായ പരിഹാസത്തോടെ വിളിച്ചുപറയുന്നു: “ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം! നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.” (12:2) അവൻ ഒരു പരിഹാസപാത്രമായിരിക്കാം, എന്നാൽ അവൻ അധമനല്ല. അവന്റെ കൂട്ടുകാർ ദൈവത്തിന്റെ സൃഷ്ടികളിലേക്കു നോക്കുമെങ്കിൽ അവപോലും അവരെ എന്തെങ്കിലും പഠിപ്പിക്കും. ബലവും പ്രായോഗികജ്ഞാനവും ദൈവത്തിനുളളതാണ്, അവനാണു സകലത്തെയും നിയന്ത്രിക്കുന്നത്, “അവൻ ജാതികളെ വർദ്ധിപ്പിക്കയും നശിപ്പിക്കയും” പോലും ചെയ്യുന്നു. (12:23) ദൈവവുമായുളള തന്റെ വ്യവഹാരം വാദിക്കുന്നതിൽ ഇയ്യോബ് ഉല്ലാസം കണ്ടെത്തുന്നു. എന്നാൽ അവന്റെ മൂന്ന് “ആശ്വാസകൻമാ”രെ സംബന്ധിച്ചടത്തോളം—“നിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവർ; നിങ്ങളെല്ലാവരും പൊട്ടുവൈദ്യൻമാർ തന്നേ.” (13:4) മിണ്ടാതിരിക്കുന്നത് അവരുടെ ഭാഗത്തു ജ്ഞാനമായിരിക്കും! അവൻ തന്റെ കേസിന്റെ നീതിയിൽ വിശ്വാസം പ്രകടമാക്കുകയും തന്നെ കേൾക്കാൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. അവൻ “സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുളളവനും കഷ്ടസമ്പൂർണനും ആകുന്നു” എന്ന ആശയത്തിലേക്കു തിരിയുന്നു. (14:1) മനുഷ്യൻ ഒരു പൂവോ ഒരു നിഴലോ പോലെ പെട്ടെന്നു കടന്നുപോകുന്നു. അശുദ്ധനായ ഒരുവനിൽനിന്നു വിശുദ്ധനായ ഒരുവനെ നിങ്ങൾക്ക് ഉളവാക്കാൻ കഴിയില്ല. തന്റെ കോപം പിന്തിരിയുന്നതുവരെ ദൈവം തന്നെ ഷീയോളിൽ രഹസ്യമായി സൂക്ഷിക്കണമെന്നു പ്രാർഥിക്കുമ്പോൾ ഇയ്യോബ് ചോദിക്കുന്നു: “ദൃഢഗാത്രനായ ഒരു മനുഷ്യൻ മരിക്കുന്നുവെങ്കിൽ അയാൾക്കു വീണ്ടും ജീവിക്കാൻ കഴിയുമോ?” ഉത്തരമായി “എന്റെ മോചനം വരുന്നതുവരെ ഞാൻ കാത്തിരിക്കും” എന്ന് അവൻ ശക്തമായ പ്രത്യാശ പ്രകടിപ്പിക്കുന്നു.—14:13, 14, NW.
18, 19. (എ) എലീഫസ് ഏതു പരിഹാസത്തോടെ രണ്ടാംവട്ടം വാദപ്രതിവാദം തുടങ്ങുന്നു? (ബി) ഇയ്യോബ് തന്റെ കൂട്ടാളികളുടെ “ആശ്വാസന”ത്തെ എങ്ങനെ കരുതുന്നു, അവൻ എന്തിനുവേണ്ടി യഹോവയിലേക്കു നോക്കുന്നു?
18 വാദപ്രതിവാദം: രണ്ടാം വട്ടം (15:1–21:34). രണ്ടാം വട്ടം വാദപ്രതിവാദം തുടങ്ങുമ്പോൾ, ഇയ്യോബ് ‘കിഴക്കൻ കാററുകൊണ്ടു തന്റെ വയറു നിറച്ചിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് എലീഫസ് ഇയ്യോബിന്റെ അറിവിനെ പരിഹസിക്കുന്നു. (15:2) മർത്ത്യനോ സ്വർഗത്തിലെ വിശുദ്ധൻമാർക്കോ യഹോവയുടെ ദൃഷ്ടിയിൽ വിശ്വാസംകാക്കാൻ കഴികയില്ലെന്നു വാദിച്ചുകൊണ്ടു വീണ്ടും അവൻ ഇയ്യോബിന്റെ നിർമലതസംബന്ധിച്ച അവകാശവാദത്തെ നിന്ദിക്കുന്നു. ഇയ്യോബ് ദൈവത്തെക്കാൾ ശ്രേഷ്ഠനാണെന്നു കാണിക്കാൻ ശ്രമിക്കുകയാണെന്നും വിശ്വാസത്യാഗവും കൈക്കൂലിയും വഞ്ചനയും നടത്തിക്കൊണ്ടിരിക്കുകയാണെന്നും അവൻ പരോക്ഷമായി ഇയ്യോബിനെ കുററപ്പെടുത്തുന്നു.
19 തന്റെ കൂട്ടുകാർ ‘വ്യർഥവാക്കുകൾ പറയുന്ന വ്യസനിപ്പിക്കുന്ന ആശ്വാസകൻമാർ’ ആണെന്ന് ഇയ്യോബ് തിരിച്ചടിക്കുന്നു. (16:2, 3) അവർ തന്റെ സ്ഥാനത്തായിരുന്നെങ്കിൽ താൻ അവരെ ശകാരിക്കുകയില്ലായിരുന്നു. അവൻ നീതീകരിക്കപ്പെടാൻ അതിയായി ആഗ്രഹിക്കുന്നു. തന്റെ ചരിത്രരേഖയുളളവനും തന്റെ വ്യവഹാരത്തിനു തീർപ്പുണ്ടാക്കുന്നവനുമായ യഹോവയിലേക്ക് അവൻ നോക്കുന്നു. ഇയ്യോബ് തന്റെ കൂട്ടുകാരിൽ ജ്ഞാനം കാണുന്നില്ല. അവർ സകല പ്രത്യാശയും എടുത്തുകളയുന്നു. അവരുടെ “ആശ്വാസനം” രാത്രി പകലാണെന്നു പറയുന്നതുപോലെയാണ്. ‘ഷിയോളിലേക്ക് ഇറങ്ങുക’ എന്നതാണ് ഏക പ്രത്യാശ.—17:15, 16.
20, 21. ബിൽദാദ് ഏതു വിരോധം പ്രകടിപ്പിക്കുന്നു, ഇയ്യോബ് എന്തു പ്രതിഷേധം രേഖപ്പെടുത്തുന്നു, തന്റെ ആശ്രയം എവിടെയാണെന്ന് ഇയ്യോബ് പ്രകടമാക്കുന്നു?
20 വാദം ചൂടുപിടിക്കുന്നു. ഇപ്പോൾ ബിൽദാദ് കുപിതനാണ്. കാരണം ഇയ്യോബ് തന്റെ കൂട്ടുകാരെ വിവേകമില്ലാത്ത മൃഗങ്ങളോടു താരതമ്യപ്പെടുത്തിയിരിക്കുകയാണെന്ന് അവൻ വിചാരിക്കുന്നു. അവൻ ഇയ്യോബിനോടു ചോദിക്കുകയാണ്, ‘നിനക്കുവേണ്ടി ഭൂമി ഉപേക്ഷിക്കപ്പെടുമോ?’ (18:4) ഇയ്യോബ് മററുളളവർക്ക് ഒരു ദൃഷ്ടാന്തമായി ഒരു ഭയങ്കര കെണിയിൽ അകപ്പെടുമെന്ന് അവൻ മുന്നറിയിപ്പുകൊടുക്കുന്നു. ഇയ്യോബിനു ശേഷം ജീവിക്കാൻ അവനു സന്തതി ഉണ്ടായിരിക്കുകയില്ല.
21 ഇയ്യോബ് ഉത്തരം പറയുന്നു: “നിങ്ങൾ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കുകയും മൊഴികളാൽ എന്നെ തകർക്കുകയും ചെയ്യും?” (19:2) അവനു കുടുംബവും സുഹൃത്തുക്കളും നഷ്ടപ്പെട്ടിരിക്കുന്നു, അവന്റെ ഭാര്യയും വീട്ടുകാരും അവനിൽനിന്ന് അകന്നുമാറിയിരിക്കുന്നു, അവൻതന്നെ തന്റെ ‘പല്ലുകളുടെ തൊലിയുമായി’ മാത്രം രക്ഷപ്പെടുകയാണുണ്ടായത്. (19:20, NW) അവൻ ഒടുവിൽ ‘ദൈവത്തെ കാണ’ത്തക്കവണ്ണം തനിക്കുവേണ്ടി വാദവിഷയത്തിനു തീർപ്പുണ്ടാക്കാനുളള ഒരു വീണ്ടെടുപ്പുകാരന്റെ പ്രത്യക്ഷതയിൽ വിശ്വസിക്കുന്നു.—19:25, 26.
22, 23. (എ) സോഫർ എന്തുകൊണ്ടു വ്രണിതനാകുന്നു, ഇയ്യോബിന്റെ ആരോപിതപാപങ്ങളെക്കുറിച്ച് അയാൾ എന്തു പറയുന്നു? (ബി) ഇയ്യോബ് ഏതു വാക്കുമുട്ടിക്കുന്ന വാദത്തോടെ മറുപടി പറയുന്നു?
22 ബിൽദാദിനെപ്പോലെ സോഫർ ഇയ്യോബിന്റെ “ലജ്ജാകരമായ ശാസന” ശ്രദ്ധിക്കേണ്ടിവരുന്നതിൽ മുഷിയുന്നു. (20:3) ഇയ്യോബിന്റെ പാപങ്ങൾ അവനെ പിടികൂടിയിരിക്കുന്നുവെന്ന് അയാൾ ആവർത്തിക്കുന്നു. ദുഷ്ടൻമാർക്ക് എല്ലായ്പോഴും ദൈവത്തിൽനിന്നു ശിക്ഷ ലഭിക്കുന്നു. സമ്പൽസമൃദ്ധി അനുഭവിക്കുമ്പോൾപോലും അവർക്കു വിശ്രമമില്ലെന്നു സോഫർ പറയുന്നു.
23 ഇയ്യോബ് വാക്കുമുട്ടിക്കുന്ന ഒരു വാദത്തോടെ മറുപടിപറയുന്നു: ദൈവം അങ്ങനെ എപ്പോഴും ദുഷ്ടരെ ശിക്ഷിക്കുന്നുവെങ്കിൽ ദുഷ്ടൻമാർ തുടർന്നു ജീവിക്കുന്നതും വാർധക്യം പ്രാപിക്കുന്നതും സമ്പത്തിൽ മികച്ചവരായിത്തീരുന്നതും എന്തുകൊണ്ട്? അവർ തങ്ങളുടെ നാളുകൾ ഉല്ലാസവേളകളിൽ ചെലവഴിക്കുന്നു. അവരുടെമേൽ എത്ര കൂടെക്കൂടെ വിപത്തു ഭവിക്കുന്നു? ധനികരും ദരിദ്രരും ഒരുപോലെ മരിക്കുന്നുവെന്ന് അവൻ പ്രകടമാക്കുന്നു. യഥാർഥത്തിൽ ഒരു ദുഷ്ടമനുഷ്യൻ മിക്കപ്പോഴും “സ്വൈരവും സ്വസ്ഥതയുമുളളവനായി” മരിക്കുന്നു. അതേസമയം നീതിമാനായ ഒരു മനുഷ്യൻ “മനോവ്യസനത്തോടെ” മരിച്ചേക്കാം.—21:23, 25.
24, 25. (എ) ഏതു വ്യാജമായ ഏഷണി എലീഫസ് ഇയ്യോബിനെതിരെ സ്വയനീതിയോടെ ഉന്നയിക്കുന്നു? (ബി) ഉത്തരമായി ഇയ്യോബ് ഏതു ഖണ്ഡനവും വെല്ലുവിളിയും നടത്തുന്നു?
24 വാദപ്രതിവാദം: മൂന്നാം വട്ടം (22:1–25:6). എലീഫസ് സർവശക്തന്റെ മുമ്പാകെയുളള നിഷ്കളങ്കതസംബന്ധിച്ച ഇയ്യോബിന്റെ അവകാശവാദത്തെ പരിഹസിച്ചുകൊണ്ട് ആക്രമണത്തിനു പൈശാചികമായി മടങ്ങിവരുന്നു. ഇയ്യോബ് വഷളനാണെന്നും ദരിദ്രരെ ചൂഷണംചെയ്തിരിക്കുന്നുവെന്നും വിശക്കുന്നവർക്ക് ആഹാരം കൊടുക്കാതിരിക്കുന്നുവെന്നും വിധവമാരെയും അനാഥബാലരെയും ദ്രോഹിച്ചിരിക്കുന്നുവെന്നും അവകാശപ്പെട്ടുകൊണ്ട് അവനെതിരെ വ്യാജമായ ഏഷണി ഉന്നയിക്കുന്നു. ഇയ്യോബിന്റെ സ്വകാര്യജീവിതം അവൻ അവകാശപ്പെടുന്നതുപോലെ ശുദ്ധമല്ലെന്നും ഇതാണ് ഇയ്യോബിന്റെ ദുരവസ്ഥയുടെ കാരണമെന്നും എലീഫസ് പറയുന്നു. എന്നാൽ “സർവ്വശക്തങ്കലേക്കു തിരിഞ്ഞാൽ” “അവൻ നിന്റെ പ്രാർഥന കേൾക്കും” എന്ന് എലീഫസ് വിരസമായി പറയുന്നു.—22:23, 27.
25 മറുപടിയായി ഇയ്യോബ് എലീഫസിന്റെ ക്ഷോഭജനകമായ ആരോപണങ്ങളെ ഖണ്ഡിച്ചുകൊണ്ടു തന്റെ നീതിനിഷ്ഠമായ ഗതിയെക്കുറിച്ച് അറിവുളള ദൈവമുമ്പാകെ ഒരു വിചാരണ താൻ ആഗ്രഹിക്കുന്നുവെന്നു പറയുന്നു. അനാഥനെയും വിധവയെയും ദരിദ്രനെയും ഞെരുക്കുന്നവരും കൊലപാതകവും മോഷണവും വ്യഭിചാരവും നടത്തുന്നവരുമുണ്ട്. അവർ കുറേക്കാലം അഭിവൃദ്ധിപ്പെടുന്നതായി തോന്നിയേക്കാം, എന്നാൽ അവർക്ക് അവരുടെ പ്രതിഫലം ലഭിക്കും. അവർ നാസ്തിയാക്കപ്പെടും. ‘ഇങ്ങനെയല്ലെങ്കിൽ എന്നെ കളളനാക്കുന്നവൻ ആർ?’, ഇയ്യോബ് വെല്ലുവിളിക്കുന്നു.—24:25.
26. ബിൽദാദിനും സോഫറിനും എന്തു പറയാനുണ്ട്?
26 ദൈവമുമ്പാകെ ആർക്കും ശുദ്ധനായിരിക്കാൻ കഴിയില്ലെന്ന വാദം ഉന്നയിച്ചുകൊണ്ട് ബിൽദാദ് ഒരു ഹ്രസ്വമായ തർക്കുത്തരം പറയുന്നു. ഈ മൂന്നാം വട്ടം വാദപ്രതിവാദത്തിൽ സോഫർ പങ്കുകൊളളുന്നില്ല. അവന് ഒന്നും പറയാനില്ല.
27. ഇയ്യോബ് ഇപ്പോൾ സർവശക്തന്റെ മാഹാത്മ്യത്തെ പുകഴ്ത്തുന്നത് എങ്ങനെ?
27 ഇയ്യോബിന്റെ സമാപനവാദം (26:1–31:40). അന്തിമമായ ഒരു ചർച്ചയിൽ ഇയ്യോബ് തന്റെ കൂട്ടുകാരെ പൂർണമായും മിണ്ടാതാക്കുന്നു. (32:12, 15, 16) വലിയ പരിഹാസത്തോടെ അവൻ പറയുന്നു: “നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു?. . . ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞുകൊടുത്തു?” (26:2, 3) യാതൊന്നിനും, ഷീയോളിനുപോലും, ദൈവദൃഷ്ടിയിൽനിന്നു യാതൊന്നും മറച്ചുവെക്കാൻ കഴിയില്ല. ബാഹ്യാകാശത്തിലെയും ഭൂമിയിലെയും മേഘങ്ങളിലെയും സമുദ്രത്തിലെയും കാററിലെയും ദൈവജ്ഞാനത്തെ ഇയ്യോബ് വർണിക്കുന്നു—ഇതെല്ലാം മനുഷ്യൻ നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇവ സർവശക്തന്റെ വഴികളുടെ അററങ്ങൾ മാത്രമാണ്. അവ സർവശക്തന്റെ മഹത്ത്വത്തിന്റെ ഒരു ലഘുശബ്ദം പോലുമല്ല.
28. ഇയ്യോബ് നിർമലതസംബന്ധിച്ച് ഏതു വളച്ചുകെട്ടില്ലാത്ത പ്രസ്താവന ചെയ്യുന്നു?
28 തന്റെ നിർദോഷിത്വത്തെക്കുറിച്ചുളള ബോധ്യത്തോടെ അവൻ പ്രഖ്യാപിക്കുന്നു: “മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.” (27:5) ഇല്ല, തനിക്കു ഭവിച്ചിരിക്കുന്നത് അർഹിക്കാൻ ഇയ്യോബ് യാതൊന്നും ചെയ്തിട്ടില്ല. അവരുടെ ആരോപണങ്ങൾക്കു വിരുദ്ധമായി, ദുഷ്ടൻമാർ തങ്ങളുടെ സമ്പൽസമൃദ്ധിയിൽ സംഭരിച്ചുവെച്ചിരിക്കുന്നവ നീതിമാൻമാർ അവകാശമാക്കുന്നതിൽ ശ്രദ്ധിച്ചുകൊണ്ടു ദൈവം നിർമലതക്കു പ്രതിഫലം കൊടുക്കും.
29. ഇയ്യോബ് ജ്ഞാനത്തെ വർണിക്കുന്നത് എങ്ങനെ?
29 ഭൂമിയിലെ നിക്ഷേപങ്ങൾ (വെളളി, സ്വർണം, ചെമ്പ്) എവിടെനിന്നു വരുന്നുവെന്നു മനുഷ്യനറിയാം, “പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?” (28:20) ജീവികളുടെ ഇടയിൽ അവൻ അതന്വേഷിച്ചിരിക്കുന്നു; അവൻ കടലിലേക്കു നോക്കിയിരിക്കുന്നു; പൊന്നോ വെളളിയോ കൊടുത്ത് അതു വാങ്ങാൻ കഴിയില്ല. ജ്ഞാനം ഗ്രഹിക്കുന്നവൻ ദൈവമാണ്. ഭൂമിയുടെയും ആകാശങ്ങളുടെയും അറുതികളോളം അവൻ കാണുന്നു, കാററിനെയും വെളളങ്ങളെയും പകുത്തുകൊടുക്കുന്നു, മഴയെയും കൊടുങ്കാററിൻമേഘങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇയ്യോബ് ഇങ്ങനെ ഉപസംഹരിക്കുന്നു: “കർത്താവിനോടുളള ഭക്തിതന്നെ [“യഹോവാഭയം,” NW] ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം.”—28:28.
30. ഇയ്യോബ് ഏതു പുനഃസ്ഥാപനം ആഗ്രഹിക്കുന്നു, എന്നാൽ അവന്റെ ഇപ്പോഴത്തെ നില എന്താണ്?
30 ക്ലേശിതനായ ഇയ്യോബ് ഇനി തന്റെ ജീവചരിത്രം അവതരിപ്പിക്കുന്നു. ദൈവത്തിങ്കൽ മുമ്പുണ്ടായിരുന്ന തന്റെ അടുത്ത പദവിയിൽ പുനഃസ്ഥാപിക്കപ്പെടാൻ ഇയ്യോബ് ആഗ്രഹിക്കുന്നു, അന്ന് അവൻ പട്ടണത്തിലെ നേതാക്കൻമാരാൽപോലും ആദരിക്കപ്പെട്ടിരുന്നു. അവൻ പീഡിതരുടെ ഒരു വിമോചകനും അന്ധർക്കു കണ്ണുകളുമായിരുന്നു. അവന്റെ ബുദ്ധ്യുപദേശം നല്ലതായിരുന്നു. ആളുകൾ അവന്റെ വാക്കുകൾക്കായി കാത്തിരുന്നു. എന്നാൽ ഇപ്പോൾ, ബഹുമാന്യമായ ഒരു നിലയ്ക്കു പകരം ഇളംപ്രായക്കാർ പോലും അവനെ പരിഹസിക്കുന്നു, അവരുടെ പിതാക്കൻമാർ അവന്റെ ആട്ടിൻകൂട്ടത്തിന്റെ പട്ടികളോടുകൂടെയായിരിക്കാൻ യോഗ്യരല്ലായിരുന്നു. അവർ അവനെ തുപ്പുകയും എതിർക്കുകയും ചെയ്യുന്നു. ഇപ്പോൾ, തന്റെ ഏററവും വലിയ ക്ലേശത്തിൽ അവർ അവനു സ്വസ്ഥത കൊടുക്കുന്നില്ല.
31. ഇയ്യോബ് ആരുടെ ന്യായവിധിയിൽ വിശ്വാസം പ്രകടമാക്കുന്നു, തന്റെ യഥാർഥ ജീവചരിത്രത്തെക്കുറിച്ച് അവൻ എന്തു പറയുന്നു?
31 ഇയ്യോബ് തന്നേത്തന്നെ ഒരു സമർപ്പിതമനുഷ്യനായി വർണിക്കുകയും യഹോവയാൽ ന്യായംവിധിക്കപ്പെടാൻ അപേക്ഷിക്കുകയും ചെയ്യുന്നു. “ദൈവം എന്റെ പരമാർഥത അറിയേണ്ടതിന്നു ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ.” (31:6) ഇയ്യോബ് തന്റെ കഴിഞ്ഞകാലപ്രവർത്തനങ്ങളെ ന്യായീകരിക്കുന്നു. അവൻ ഒരു വ്യഭിചാരി ആയിരുന്നിട്ടില്ല, മററുളളവർക്കെതിരായ ഒരു ഗൂഢാലോചകനുമായിരുന്നിട്ടില്ല. അവൻ ഞെരുക്കമുളളവരെ സഹായിക്കുന്നതിനെ അവഗണിച്ചിട്ടില്ല. അവൻ ധനികനായിരുന്നെങ്കിലും ഭൗതികസ്വത്തിൽ ആശ്രയിച്ചിട്ടില്ല. അവൻ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആരാധിച്ചിട്ടില്ല, എന്തെന്നാൽ അതും “ന്യായാധിപൻമാർ ശിക്ഷിക്കേണ്ടുന്ന കുററം അത്രെ. അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.” (31:28) ഇയ്യോബ് വ്യവഹാരത്തിലെ തന്റെ എതിരാളിയെ തന്റെ യഥാർഥ ജീവചരിത്രത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ ക്ഷണിക്കുന്നു.
32. (എ) ഇപ്പോൾ ആർ സംസാരിക്കുന്നു? (ബി) എലീഹൂവിന്റെ കോപം ഇയ്യോബിനും അവന്റെ കൂട്ടാളികൾക്കുമെതിരെ ജ്വലിക്കുന്നത് എന്തുകൊണ്ട്, സംസാരിക്കാൻ അവനെ നിർബന്ധിക്കുന്നത് എന്ത്?
32 എലീഹൂ സംസാരിക്കുന്നു (32:1–37:24). ഇതിനിടയിൽ നാഹോരിന്റെ ഒരു പുത്രനായ ബൂസിന്റെ ഒരു സന്തതി, തന്നിമിത്തം അബ്രഹാമിന്റെ ഒരു അകന്ന ബന്ധുവായ എലീഹൂ, വാദപ്രതിവാദം ശ്രദ്ധിച്ചുകൊണ്ടാണിരുന്നത്. പ്രായമേറിയവർക്കു കൂടുതൽ അറിവുണ്ടായിരിക്കണമെന്നു വിചാരിച്ചതുകൊണ്ട് അവൻ കാത്തിരുന്നിരിക്കുന്നു. എന്നിരുന്നാലും പ്രായമല്ല, ദൈവത്തിന്റെ ആത്മാവാണു വിവേകം നൽകുന്നത്. ഇയ്യോബ് “ദൈവത്തെക്കാൾ തന്നെത്താൻ നീതീകരിച്ച”തുകൊണ്ട് എലീഹൂവിന്റെ കോപം ജ്വലിക്കുന്നു. എന്നാൽ ദൈവത്തെ ദുഷ്ടനെന്നു പ്രഖ്യാപിക്കുന്നതിലെ ജ്ഞാനത്തിന്റെ പരിതാപകരമായ അഭാവത്തിന് ഇയ്യോബിന്റെ മൂന്നു കൂട്ടുകാർക്കെതിരെ അവന്റെ കോപം കൂടുതൽ ഉഗ്രമായിത്തീരുന്നു. എലീഹൂ “മൊഴികൾകൊണ്ടു തിങ്ങിയിരിക്കുന്നു.” അവ പ്രകാശിപ്പിക്കാൻ ദൈവാത്മാവ് അവനെ നിർബന്ധിക്കുന്നു, എന്നാൽ പക്ഷപാതിത്വം കൂടാതെ അല്ലെങ്കിൽ ‘മുഖസ്തുതിപറയാതെ’ [‘ഭൗമിക മനുഷ്യനു സ്ഥാനപ്പേരുകൾ കൊടുക്കാതെ’ NW] തന്നെ.—ഇയ്യോ. 32:2, 3, 18-22; ഉല്പ. 22:20, 21.
33. ഇയ്യോബ് ഏതിൽ തെററു ചെയ്തു, എന്നിട്ടും ദൈവം അവന് എന്ത് ആനുകൂല്യം കൊടുക്കും?
33 ദൈവം തന്റെ സ്രഷ്ടാവാണെന്നു സമ്മതിച്ചുപറഞ്ഞുകൊണ്ട് എലീഹൂ ആത്മാർഥമായി സംസാരിക്കുന്നു. ഇയ്യോബ് ദൈവത്തിന്റേതിനെക്കാൾ തന്റെ സ്വന്തം നിർദോഷീകരണത്തിൽ കൂടുതൽ തത്പരനായിരുന്നുവെന്ന് അവൻ ചൂണ്ടിക്കാണിക്കുന്നു. ദൈവം തന്റെ പ്രവർത്തനങ്ങളെ ന്യായീകരിക്കേണ്ടിയിരിക്കുന്നുവെന്നപോലെ ഇയ്യോബിന്റെ സകല വാക്കുകൾക്കും ദൈവം ഉത്തരം കൊടുക്കേണ്ടതാവശ്യമായിരുന്നില്ല, എന്നിട്ടും ഇയ്യോബ് ദൈവത്തിനെതിരെ വാദിച്ചിരുന്നു. എന്നിരുന്നാലും ഇയ്യോബിന്റെ ദേഹി മരണത്തോടടുക്കവേ, ദൈവം ഒരു സന്ദേശവാഹകനെ നൽകി അവന് ഉപകാരം ചെയ്യുന്നു, “കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ. ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടുതന്നെ. “അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.” (ഇയ്യോ. 33:24, 25) നീതിമാൻമാർ യഥാസ്ഥാനത്താക്കപ്പെടും!
34. (എ) എലീഹൂ കൂടുതലായി എന്തു ശാസനകൾ നൽകുന്നു? (ബി) തന്റെ സ്വന്തം നീതിയെ വലുതാക്കിക്കാണിക്കുന്നതിനു പകരം ഇയ്യോബ് എന്തു ചെയ്യണം?
34 ശ്രദ്ധിക്കാൻ എലീഹൂ ജ്ഞാനികളെ ആഹ്വാനംചെയ്യുന്നു. ഒരു നിർമലതാപാലകനായിരിക്കുന്നതുകൊണ്ടു പ്രയോജനമില്ലെന്നു പറഞ്ഞതിന് അവൻ ഇയ്യോബിനെ ശാസിക്കുന്നു: “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല. അവൻ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും.” (34:10, 11) ജീവശ്വാസം നീക്കംചെയ്യാൻ അവനു കഴിയും, അപ്പോൾ സകല ജഡവും മൃതിയടയും. ദൈവം പക്ഷപാതിത്വമില്ലാതെ ന്യായംവിധിക്കുന്നു. ഇയ്യോബ് സ്വന്തം നീതി കണക്കിലധികം മുൻപന്തിയിലേക്കു കൊണ്ടുവരികയായിരുന്നു. അവൻ സാഹസികനായിരുന്നു, അങ്ങനെയായിരുന്നതു മനഃപൂർവമല്ലായിരുന്നു, എന്നാൽ “അറിവില്ലാതെ”യായിരുന്നു; ദൈവം അവനോടു ദീർഘക്ഷമയുളളവനായിരിക്കുന്നു. (34:35) ദൈവത്തിന്റെ നിർദോഷീകരണത്തിനുവേണ്ടി കൂടുതൽ പറയേണ്ടയാവശ്യമുണ്ട്. ദൈവം നീതിമാൻമാരിൽനിന്നു തന്റെ ദൃഷ്ടികൾ മാററുകയില്ല, എന്നാൽ അവൻ അവരെ ശാസിക്കും. “അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതൻമാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.” (36:6) പരമോന്നതപ്രബോധകൻ ദൈവമാകയാൽ, ഇയ്യോബ് അവന്റെ പ്രവർത്തനത്തെ മഹിമപ്പെടുത്തണം.
35. (എ) ഇയ്യോബ് എന്തിനു ശ്രദ്ധ കൊടുക്കണം? (ബി) യഹോവ ആരോടു പ്രീതി കാട്ടും?
35 ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു കൊടുങ്കാററിന്റെ ഭയാനകമായ അന്തരീക്ഷത്തിൽ, ദൈവം ചെയ്ത മഹാകാര്യങ്ങളെക്കുറിച്ചും പ്രകൃതിശക്തികളുടെമേലുളള അവന്റെ നിയന്ത്രണത്തെക്കുറിച്ചും എലീഹൂ സംസാരിക്കുന്നു. ഇയ്യോബിനോട് അവൻ പറയുന്നു: “മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക.” (37:14) മനുഷ്യൻ കണ്ടുപിടിക്കുന്നതിനു വളരെ അതീതമായ ദൈവത്തിന്റെ ഭയജനകമായ മാന്യതയെയും സുവർണതേജസ്സിനെയും കുറിച്ചു പരിചിന്തിക്കുക. “അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിന്നും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.” അതേ, തന്നെ ഭയപ്പെടുന്നവരെ യഹോവ ആദരിക്കും, “ജ്ഞാനികളെന്നു ഭാവിക്കുന്നവരെ”യല്ല.—37:23, 24.
36. ഏതു സാധനപാഠം മുഖേനയും ഏതു ചോദ്യപരമ്പര മുഖേനയും യഹോവതന്നെ ഇപ്പോൾ ഇയ്യോബിനെ പഠിപ്പിക്കുന്നു?
36 യഹോവ ഇയ്യോബിന് ഉത്തരംകൊടുക്കുന്നു (38:1–42:6). തന്നോടു സംസാരിക്കാൻ ഇയ്യോബ് ദൈവത്തോട് അപേക്ഷിച്ചിരുന്നു. ഇപ്പോൾ യഹോവ പ്രതാപത്തോടെ ചുഴലിക്കാററിൽനിന്ന് ഉത്തരം പറയുന്നു. അവൻ ഇയ്യോബിന്റെ മുമ്പാകെ ഒരു ചോദ്യപരമ്പര വെക്കുന്നു, അവ അവയിൽത്തന്നെ മമനുഷ്യന്റെ അല്പത്വവും ദൈവത്തിന്റെ മാഹാത്മ്യവും സംബന്ധിച്ച ഒരു സാധനപാഠമാണ്. “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? . . . പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രൻമാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിൻമേൽ ഉറപ്പിച്ചു?” (38:4, 6, 7) അത് ഇയ്യോബിന്റെ കാലത്തിനു ദീർഘനാൾ മുമ്പായിരുന്നു! ഭൂമിയിലെ സമുദ്രത്തിലേക്കും അതിന്റെ മേഘവസ്ത്രത്തിലേക്കും പ്രഭാതത്തിലേക്കും മരണവാതിലുകളിലേക്കും വെളിച്ചത്തിലേക്കും ഇരുട്ടിലേക്കും വിരൽചൂണ്ടി ഇയ്യോബിന് ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ഒന്നിനു പിറകേ ഒന്നായി ചോദിക്കപ്പെടുന്നു. “അക്കാലത്തു നീ ജനിക്കുകയായിരുന്നതുകൊണ്ടും നിന്റെ നാളുകൾ എണ്ണത്തിൽ അനേകമായതുകൊണ്ടും നീ അറിയാനിടയായിട്ടുണ്ടോ?” (38:21, NW) മഞ്ഞിന്റെയും കൻമഴയുടെയും കലവറകളെയും കൊടുങ്കാററിനെയും മഴയെയും തുഷാരങ്ങളെയും ഹിമത്തെയും ധവളതുഷാരത്തെയും ശക്തമായ ആകാശ താരാപംക്തികളെയും മിന്നലുകളെയും മേഘപാളികളെയും മൃഗങ്ങളെയും പക്ഷികളെയും സംബന്ധിച്ചെന്ത്?
37. ഏതു കൂടുതലായ ചോദ്യങ്ങൾ ഇയ്യോബിനെ വിനീതനാക്കുന്നു, എന്തു സമ്മതിക്കാനും ചെയ്യാനും അവൻ നിർബന്ധിതനാകുന്നു?
37 ഇയ്യോബ് വിനീതമായി സമ്മതിക്കുന്നു: “ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊളളുന്നു.” (40:4) വാദവിഷയത്തെ അഭിമുഖീകരിക്കാൻ യഹോവ ഇയ്യോബിനോടു കൽപ്പിക്കുന്നു. അവൻ തന്റെ പ്രകൃതിസൃഷ്ടികളിൽ പ്രകടമാകുന്ന പ്രതാപത്തെയും ശ്രേഷ്ഠതയെയും ബലത്തെയും പുകഴ്ത്തുന്ന വെല്ലുവിളിപരമായ ചോദ്യങ്ങളുടെ കൂടുതലായ ഒരു പരമ്പര അവതരിപ്പിക്കുന്നു. നദീഹയവും മഹാനക്രവും പോലും ഇയ്യോബിനെക്കാൾ വളരെയേറെ ശക്തിയുളളതാണ്! തികച്ചും താഴ്ത്തപ്പെട്ട് ഇയ്യോബ് തന്റെ തെററായ വീക്ഷണം ഏററുപറയുന്നു, അറിവില്ലാതെയാണു സംസാരിച്ചതെന്ന് അവൻ സമ്മതിക്കുന്നു. കേട്ടുകേൾവിയാലല്ല, ഗ്രാഹ്യത്തോടെ ഇപ്പോൾ ദൈവത്തെ കാണുകയാൽ അവൻ പിൻമാറുകയും “പൊടിയിലും ചാരത്തിലും ഇരുന്നു” അനുതപിക്കുകയും ചെയ്യുന്നു.—42:6.
38. (എ) യഹോവ എലീഫസിനോടും അയാളുടെ കൂട്ടാളികളോടും എങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നു? (ബി) അവൻ ഇയ്യോബിന് ഏതു പ്രീതിയും അനുഗ്രഹവും നൽകുന്നു?
38 യഹോവയുടെ ന്യായവിധിയും അനുഗ്രഹവും (42:7-17). തന്നേക്കുറിച്ചു സത്യമായ കാര്യങ്ങൾ സംസാരിക്കാഞ്ഞതിന് അടുത്തതായി യഹോവ എലീഫസിന്റെയും അയാളുടെ രണ്ടു കൂട്ടാളികളുടെയുംമേൽ കുററമാരോപിക്കുന്നു. അവർ യാഗങ്ങൾ ഒരുക്കുകയും തങ്ങൾക്കുവേണ്ടി ഇയ്യോബിനെക്കൊണ്ടു പ്രാർഥിപ്പിക്കുകയും വേണം. ഇതിനുശേഷം, യഹോവ ഇയ്യോബിന്റെ ബന്ധിതാവസ്ഥ മാററുകയും അവനെ ഇരട്ടി അനുഗ്രഹിക്കുകയും ചെയ്യുന്നു. അവന്റെ സഹോദരൻമാരും സഹോദരിമാരും മുൻസുഹൃത്തുക്കളും സമ്മാനങ്ങളുമായി അവന്റെ അടുക്കലേക്കു മടങ്ങിവരുന്നു. അവൻ മുമ്പിലത്തേതിന്റെ ഇരട്ടി ആടുകളെയും ഒട്ടകങ്ങളെയും കന്നുകാലികളെയും പെൺകഴുതകളെയുംകൊണ്ട് അനുഗ്രഹിക്കപ്പെടുന്നു. അവനു വീണ്ടും പത്തു മക്കളുണ്ടാകുന്നു, അവന്റെ മൂന്നു പുത്രിമാർ ദേശത്തെ അതിസുന്ദരിമാരായ സ്ത്രീകളാണ്. അവന്റെ ആയുസ്സ് അത്ഭുതകരമായി 140 വർഷം ദീർഘിപ്പിക്കപ്പെടുന്നു, അവൻ തന്റെ സന്തതികളുടെ നാലു തലമുറകളെ കാണാനിടയാകുന്നു. അവൻ “വൃദ്ധനും കാലസമ്പൂർണ്ണനുമായി” മരിക്കുന്നു.—42:17.
എന്തുകൊണ്ടു പ്രയോജനപ്രദം
39. ഇയ്യോബിന്റെ പുസ്തകം ഏതു വിവിധ വിധങ്ങളിൽ യഹോവയെ ഉന്നതനാക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു?
39 ഇയ്യോബിന്റെ പുസ്തകം യഹോവയെ പുകഴ്ത്തുകയും അവന്റെ അപരിമേയമായ ജ്ഞാനത്തെയും ശക്തിയെയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. (12:12, 13; 37:23) ഈ ഒരു പുസ്തകത്തിൽ ദൈവത്തെ സർവശക്തനെന്ന നിലയിൽ 31 പ്രാവശ്യം പരാമർശിച്ചിരിക്കുന്നു, ശേഷിച്ച തിരുവെഴുത്തുകളിൽ മൊത്തത്തിലുളളതിനെക്കാൾ കൂടുതൽ പ്രാവശ്യം. വിവരണം അവന്റെ നിത്യതയെയും ഉന്നത സ്ഥാനത്തെയും (10:5; 36:4, 22, 26; 40:2; 42:2) അവന്റെ നീതിയെയും സ്നേഹദയയെയും കരുണയെയും പ്രകീർത്തിക്കുന്നു. (36:5-7; 10:12; 42:12) അതു യഹോവയുടെ നിർദോഷീകരണത്തെ മനുഷ്യന്റെ രക്ഷയെക്കാളുപരി ഊന്നിപ്പറയുന്നു. (33:12; 34:10, 12; 35:2; 36:24; 40:8) ഇസ്രായേലിന്റെ ദൈവമായ യഹോവ ഇയ്യോബിന്റെ ദൈവവുംകൂടെയാണെന്നു പ്രകടമാക്കപ്പെടുന്നു.
40. (എ) ഇയ്യോബിന്റെ പുസ്തകം ദൈവത്തിന്റെ സൃഷ്ടിക്രിയകളെ എങ്ങനെ പുകഴ്ത്തുകയും വിശദീകരിക്കുകയും ചെയ്യുന്നു? (ബി) അത് എങ്ങനെ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഉപദേശങ്ങളുടെ ഒരു പൂർവവീക്ഷണം കൊടുക്കുകയും അവയോടു യോജിക്കുകയും ചെയ്യുന്നു?
40 ഇയ്യോബിലെ രേഖ ദൈവത്തിന്റെ സൃഷ്ടിവേലയെ മഹിമപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്നു. (38:4–39:30; 40:15, 19; 41:1; 35:10) അതു മനുഷ്യൻ പൊടിയിൽനിന്നു നിർമിക്കപ്പെട്ടുവെന്നും അവൻ പൊടിയിലേക്കു തിരികെ പോകുന്നുവെന്നുമുളള ഉല്പത്തിയിലെ പ്രസ്താവനയോടു യോജിക്കുന്നു. (ഇയ്യോ. 10:8, 9; ഉല്പ. 2:7; 3:19) അതു “വീണ്ടെടുപ്പുകാരൻ,” “മറുവില,” “വീണ്ടും ജീവിക്കുക” എന്നിങ്ങനെയുളള പദങ്ങൾ ഉപയോഗിക്കുകയും അങ്ങനെ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലെ പ്രമുഖ ഉപദേശങ്ങളുടെ ഒരു പൂർവവീക്ഷണം നൽകുകയും ചെയ്യുന്നു. (ഇയ്യോ. 19:25; 33:24; 14:13, 14) പുസ്തകത്തിലെ പദപ്രയോഗങ്ങളിലനേകവും പ്രവാചകൻമാരും ക്രിസ്തീയ എഴുത്തുകാരും ഉപയോഗിക്കുന്നുണ്ട്, അല്ലെങ്കിൽ സമാന്തരപ്രയോഗങ്ങൾ നടത്തുന്നുണ്ട്. ദൃഷ്ടാന്തമായി, ഇയ്യോബ് 7:17—സങ്കീർത്തനം 8:4; ഇയ്യോബ് 9:24—1 യോഹന്നാൻ 5:19; ഇയ്യോബ് 10:8—സങ്കീർത്തനം 119:73; ഇയ്യോബ് 12:25—ആവർത്തനപുസ്തകം 28:29; ഇയ്യോബ് 24:23—സദൃശവാക്യങ്ങൾ 15:3; ഇയ്യോബ് 26:8—സദൃശവാക്യങ്ങൾ 30:4; ഇയ്യോബ് 28:12, 13, 15-19—സദൃശവാക്യങ്ങൾ 3:13-15; ഇയ്യോബ് 39:30—മത്തായി 24:28 താരതമ്യം ചെയ്യുക. c
41. (എ) ഇയ്യോബിൽ ഏതു ദിവ്യാധിപത്യ നിലവാരങ്ങൾ ഊന്നിപ്പറയുന്നു? (ബി) ദൈവദാസനായ ഇയ്യോബ് ഇന്ന് എന്തിൽ നമുക്കു പ്രമുഖമായ ഒരു നല്ല ദൃഷ്ടാന്തമാണ്?
41 യഹോവയുടെ നീതിയുളള ജീവിതപ്രമാണങ്ങൾ അനേകം വാക്യഭാഗങ്ങളിൽ വിവരിച്ചിരിക്കുന്നു. പുസ്തകം ശക്തമായി ഭൗതികത്വത്തെ കുററംവിധിക്കുകയും (ഇയ്യോ. 31:24, 25), വിഗ്രഹാരാധനയെയും (31:26-28), വ്യഭിചാരത്തെയും (31:9-12) ഗർവുകാട്ടലിനെയും (31:29) അനീതിയെയും പക്ഷപാതിത്വത്തെയും (31:13; 32:21), സ്വാർഥതയെയും (31:16-21), വഞ്ചനയെയും വ്യാജം പറച്ചിലിനെയും (31:5) ശക്തമായി കുററം വിധിക്കുകയും ഈ കാര്യങ്ങൾ പതിവാക്കുന്ന ഒരാൾക്കു ദൈവപ്രീതിയും നിത്യജീവനും നേടാൻ കഴിയില്ലെന്നു പ്രകടമാക്കുകയും ചെയ്യുന്നു. എലീഹൂ ആഴമായ ബഹുമാനത്തിന്റെയും വിനയത്തിന്റെയും ഒപ്പം സ്ഥൈര്യം, ധൈര്യം, പ്രോത്സാഹനം എന്നിവയുടെ ദൈവത്തെ മഹിമപ്പെടുത്തുന്നതിന്റെയും നല്ല ഒരു ദൃഷ്ടാന്തമാണ്. (32:2, 6, 7, 9, 10, 18-20; 33:6, 33) ഇയ്യോബിന്റെ സ്വന്തം ശിരഃസ്ഥാനത്തിന്റെ പ്രയോഗവും തന്റെ കുടുംബത്തെക്കുറിച്ചുളള പരിഗണനയും അതിഥിപ്രിയവും ഒരു നല്ല പാഠം നൽകുന്നു. (1:5; 2:9, 10; 31:32) എന്നിരുന്നാലും, നിർമലതാപാലനവും ക്ഷമാപൂർവകമായ സഹനവും നിമിത്തമാണ് അധികമായും ഇയ്യോബ് ഓർമിക്കപ്പെടുന്നത്, അതു യുഗങ്ങളിലെല്ലാം, വിശേഷിച്ചു വിശ്വാസത്തെ പരിശോധിക്കുന്ന ഈ കാലങ്ങളിൽ ദൈവദാസൻമാർക്കു വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന ഒരു പ്രതിരോധമെന്നു തെളിഞ്ഞിരിക്കുന്ന ഒരു മാതൃക വെച്ചുകൊണ്ടുതന്നെ. “യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാകരുണയും മനസ്സലിവുമുളളവനല്ലോ.”—യാക്കോ. 5:11.
42. ഇയ്യോബിൽ ഏത് അടിസ്ഥാന രാജ്യവാദവിഷയം വ്യക്തമാക്കപ്പെടുന്നു, ഈ പ്രശ്നത്തിന്റെ ഏതു രസാവഹമായ വശങ്ങൾ വിശദീകരിക്കപ്പെടുന്നു?
42 ഇയ്യോബ് രാജ്യവാഗ്ദത്തങ്ങൾ കൊടുക്കപ്പെട്ട അബ്രഹാമിന്റെ സന്തതിയിൽപ്പെട്ട ഒരാളായിരുന്നില്ല, എന്നാൽ അവന്റെ നിർമലതയെക്കുറിച്ചുളള രേഖ യഹോവയുടെ രാജ്യോദ്ദേശ്യങ്ങളുടെ ഗ്രാഹ്യത്തെ വിശദമാക്കാൻ വളരെയധികം സഹായിക്കുന്നു. ഈ പുസ്തകം ദിവ്യരേഖയുടെ ഒഴിച്ചുകൂടാൻപാടില്ലാത്ത ഒരു ഭാഗമാണ്, എന്തുകൊണ്ടെന്നാൽ അതു ദൈവവും സാത്താനും തമ്മിലുളള അടിസ്ഥാനവിവാദത്തെ വെളിപ്പെടുത്തുന്നു, അതിൽ തന്റെ പരമാധികാരിയെന്ന നിലയിൽ യഹോവയോടുളള മമനുഷ്യന്റെ നിർമലത ഉൾപ്പെടുന്നു. ഭൂമിക്കും മനുഷ്യനും മുമ്പേ സൃഷ്ടിക്കപ്പെട്ട ദൂതൻമാരും കാഴ്ചക്കാരാണെന്നും ഈ ഭൂമിയിലും വിവാദത്തിന്റെ അനന്തരഫലത്തിലും വളരെയധികം തത്പരരാണെന്നും അതു പ്രകടമാക്കുന്നു. (ഇയ്യോ. 1:6-12; 2:1-5; 38:6, 7) വിവാദം ഇയ്യോബിന്റെ നാളിനുമുമ്പുണ്ടായിരുന്നുവെന്നും സാത്താൻ ഒരു യഥാർഥ ആത്മവ്യക്തിയാണെന്നും അതു സൂചിപ്പിക്കുന്നു. ഇയ്യോബിന്റെ പുസ്തകം മോശ എഴുതിയതാണെങ്കിൽ, ബൈബിളിന്റെ എബ്രായ പാഠത്തിൽ ഹാസ്സേററൻ എന്ന് ആദ്യമായി കാണുന്നത് ഇവിടെയാണ്. ‘പഴയ പാമ്പിന്റെ’ വ്യതിരിക്തവ്യക്തിത്വത്തെ കൂടുതലായി കാണിച്ചുകൊണ്ടുതന്നെ. (ഇയ്യോ. 1:6, NW അടിക്കുറിപ്പ്; വെളി. 12:9) മനുഷ്യവർഗത്തിന്റെ കഷ്ടപ്പാടിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും കാരണം ദൈവമല്ലെന്നും ഈ പുസ്തകം തെളിയിക്കുന്നു, ദുഷ്ടൻമാരും ദുഷ്ടതയും തുടരാൻ അനുവദിക്കപ്പെട്ടിരിക്കെ, നീതിമാൻമാർ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടെന്നും അതു വിശദമാക്കുന്നു. വാദവിഷയത്തെ അതിന്റെ അന്തിമ തീർപ്പുവരെ മുമ്പോട്ടുകൊണ്ടുപോകുന്നതിൽ യഹോവ തത്പരനാണെന്ന് അതു പ്രകടമാക്കുന്നു.
43. ഇയ്യോബിന്റെ പുസ്തകത്തിലെ ദിവ്യവെളിപ്പാടുകളോടുളള യോജിപ്പിൽ ദൈവരാജ്യാനുഗ്രഹങ്ങൾ തേടുന്ന എല്ലാവരും ഇപ്പോൾ ഏതു ഗതി പിന്തുടരണം?
43 ദൈവരാജ്യത്തിൻകീഴിൽ ജീവിക്കാനാഗ്രഹിക്കുന്ന എല്ലാവരും തങ്ങളുടെ നിർമലതാഗതിയാൽ “അപവാദി”യായ സാത്താന് ഉത്തരംകൊടുക്കേണ്ട സമയമാണിത്. (വെളി. 12:10, 11) ‘അന്ധാളിപ്പിക്കുന്ന പീഡാനുഭവങ്ങളിൻ’മധ്യേ പോലും, നിർമലതാപാലകർ ദൈവനാമം വിശുദ്ധീകരിക്കപ്പെടുന്നതിനും സാത്താനെയും അവന്റെ പരിഹാസികളായ സകല സന്തതിയെയും തുടച്ചുനീക്കാൻ രാജ്യം വരുന്നതിനും പ്രാർഥിക്കുന്നതിൽ തുടരേണ്ടതാണ്. അതു ദൈവത്തിന്റെ “പോരും പടയുമുളള നാളാ”യിരിക്കും, അതിനെ തുടർന്ന് ഇയ്യോബ് പങ്കുപററാൻ പ്രത്യാശിച്ച ആശ്വാസവും അനുഗ്രഹവും കൈവരും.—1 പത്രൊ. 4:12; മത്താ. 6:9, 10; ഇയ്യോ. 38:23; 14:13-15.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 280-1, 663, 668, 1166; വാല്യം 2, പേജുകൾ 562-3.
b 1987, വാല്യം 6, പേജ് 562.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 83.
[അധ്യയന ചോദ്യങ്ങൾ]