ബൈബിൾ പുസ്തക നമ്പർ 2—പുറപ്പാട്
ബൈബിൾ പുസ്തക നമ്പർ 2—പുറപ്പാട്
എഴുത്തുകാരൻ: മോശ
എഴുതിയ സ്ഥലം: മരുഭൂമി
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 1512
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 1657-1512
1. (എ) പുറപ്പാടിലെ വിശേഷാശയങ്ങൾ ഏവ? (ബി) പുറപ്പാടിന് ഏതു പേരുകൾ കൊടുക്കപ്പെട്ടിരിക്കുന്നു, അത് ഏതു വിവരണത്തിന്റെ തുടർച്ചയാണ്?
യഹോവ തന്റെ നാമജനത്തെ ഈജിപ്തിലെ പീഡനങ്ങളിൽനിന്നു വിടുവിക്കുന്നതിനു ചെയ്ത അതിപ്രധാനമായ അടയാളങ്ങളും അത്ഭുതങ്ങളും സംബന്ധിച്ച ആത്മപ്രചോദകമായ വിവരണങ്ങൾ, “ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും” എന്ന നിലയിൽ തന്റെ പ്രത്യേക സ്വത്തായി ഇസ്രായേലിനെ സംഘടിപ്പിക്കൽ, ഒരു ദിവ്യാധിപത്യ ജനതയായുളള ഇസ്രായേലിന്റെ ചരിത്രത്തിന്റെ ആരംഭം—ഇവയാണു പുറപ്പാട് എന്ന ബൈബിൾപുസ്തകത്തിന്റെ വിശേഷാശയങ്ങൾ. (പുറ. 19:6) എബ്രായയിൽ അത് “ഇപ്പോൾ പേരുകളാണിവ” [NW] എന്നർഥമുളള വീയെലെ ഷെമോത്ത് എന്നോ, കേവലം അതിന്റെ ആദ്യവാക്കുകളനുസരിച്ചു ഷെമോത്ത്, ‘പേരുകൾ’ എന്നോ വിളിക്കപ്പെടുന്നു. ആധുനികനാളിലെ പേർ വന്നിരിക്കുന്നതു ഗ്രീക്ക് സെപ്ററുവജിൻറിൽനിന്നാണ്, അവിടെ അത് എക്സോഡോസ് എന്നു വിളിക്കപ്പെടുന്നു, അതിനെ എക്സോഡസ് എന്ന ലാററിൻരൂപത്തിലാക്കിയിട്ടുണ്ട്, അതിന്റെ അർഥം “പുറപ്പാട്” അഥവാ “വിട്ടുപോക്ക്” എന്നാണ്. പുറപ്പാട് ഉല്പത്തിയിലെ വിവരണത്തിന്റെ തുടർച്ചയാണെന്ന്, മൂലത്തിലെ “ഇപ്പോൾ” [NW] (അക്ഷരീയമായി, “ഉം”) എന്ന പ്രാരംഭവാക്കിനാലും ഉല്പത്തി 46:8-27-ലെ തികവേറിയ രേഖയിൽനിന്ന് എടുത്ത യാക്കോബിന്റെ പുത്രൻമാരുടെ പേരുകൾ വീണ്ടും പട്ടികപ്പെടുത്തുന്നതിനാലും പ്രകടമാക്കപ്പെടുന്നു.
2. പുറപ്പാട് യഹോവ എന്ന നാമത്തെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
2 പുറപ്പാടുപുസ്തകം ദൈവത്തിന്റെ യഹോവ എന്ന മഹനീയ നാമത്തെ അതിന്റെ മഹത്ത്വത്തിന്റെയും വിശുദ്ധിയുടെയും സകല ഭാസുരതയോടുംകൂടെ വെളിപ്പെടുത്തുന്നു. ദൈവം തന്റെ നാമത്തിന്റെ അർഥത്തിന്റെ ആഴം പ്രകടമാക്കാൻ തുടങ്ങിയപ്പോൾ മോശയോടു “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നു പറഞ്ഞു, അവൻ ഇസ്രായേലിനോടു “ഞാൻ ആകുന്നു എന്നുളളവൻ [എബ്രായ: היה, ഏഹ്യെഹ്, ഹായാ എന്ന എബ്രായ ക്രിയയിൽനിന്ന്] എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറയണമെന്നു കൂട്ടിച്ചേർക്കുകയും ചെയ്തു. യഹോവ എന്ന നാമം (יהוה, YHWH) ഹാവാ, “ആയിത്തീരുക”, എന്ന ബന്ധമുളള എബ്രായക്രിയയിൽനിന്ന് ഉളവാകുന്നതാണ്, അതിന്റെ യഥാർഥ അർഥം “ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു” എന്നാണ്. തീർച്ചയായും അവൻ ഇപ്പോൾ തന്റെ ജനമായ ഇസ്രായേലിനുവേണ്ടി നടപ്പിൽ വരുത്താൻ തുടങ്ങിയ ഊററവും ഭയങ്കരവുമായ പ്രവൃത്തികൾ ആ നാമത്തെ മഹിമപ്പെടുത്തുകയും ഉജ്ജ്വലമഹത്ത്വമണിയിക്കുകയും ചെയ്തു, അതിനെ “തലമുറതലമുറ”യായുളള ഒരു സ്മാരകം, നിത്യകാലം ആദരിക്കേണ്ട നാമം, ആക്കിക്കൊണ്ടുതന്നെ. ആ നാമത്തെ ചുററിപ്പററിയുളള അത്ഭുതകരമായ ചരിത്രം നാം അറിയുന്നതും “ഞാൻ യഹോവ ആകുന്നു” a എന്നു പ്രഖ്യാപിക്കുന്നവനായ ഏക സത്യദൈവത്തെ ആരാധിക്കുന്നതും എല്ലാററിലുംവെച്ച് അത്യന്തം പ്രയോജനകരമാകുന്നു.—പുറ. 3:14, 15; 6:6.
3. (എ) പുറപ്പാടിന്റെ എഴുത്തുകാരൻ മോശയായിരുന്നുവെന്നു നമുക്ക് എങ്ങനെ അറിയാം? (ബി) പുറപ്പാട് എപ്പോഴാണ് എഴുതപ്പെട്ടത്, അത് ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു?
3 പുറപ്പാടു പഞ്ചഗ്രന്ഥികളുടെ രണ്ടാം വാല്യമായിരിക്കുന്നതിനാൽ സൂചിപ്പിക്കപ്പെടുന്നപ്രകാരം അതിന്റെ എഴുത്തുകാരൻ മോശയാണ്. യഹോവയുടെ നിർദേശപ്രകാരം മോശ ഒരു എഴുതപ്പെട്ട രേഖ ഉണ്ടാക്കുന്ന മൂന്നു സന്ദർഭങ്ങൾ ഈ പുസ്തകംതന്നെ രേഖപ്പെടുത്തുന്നു. (17:14; 24:4; 34:27) വെസ്ററ്കോട്ട്, ഹോർട്ട് എന്നീ ബൈബിൾപണ്ഡിതൻമാർ പറയുന്നപ്രകാരം, യേശുവും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ എഴുത്തുകാരും പുറപ്പാടിനെ 100-ൽപ്പരം പ്രാവശ്യം ഉദ്ധരിക്കുകയോ പരാമർശിക്കുകയോ ചെയ്യുന്നു, “മോശ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ?” എന്നു പറഞ്ഞപ്പോൾ യേശു ചെയ്തതുപോലെ. ഇസ്രായേൽ പുത്രൻമാർ ഈജിപ്തു വിട്ടശേഷം ഒരു വർഷംകഴിഞ്ഞു പൊ.യു.മു. 1512-ാമാണ്ടിൽ സീനായി മരുഭൂമിയിൽവെച്ചാണു പുറപ്പാട് എഴുതിയത്. അതു പൊ.യു.മു. 1657-ലെ യോസേഫിന്റെ മരണം മുതൽ പൊ.യു.മു. 1512-ൽ മരുഭൂമിയിൽ യഹോവയുടെ ആരാധനക്കുളള തിരുനിവാസം ഉയർത്തിയതുവരെയുളള 145 വർഷത്തെ ഒരു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു.—യോഹ. 7:19; പുറ. 1:6; 40:17.
4, 5. പുരാവസ്തുശാസ്ത്രപരമായ ഏതു തെളിവു പുറപ്പാടിലെ വിവരണത്തെ പിന്താങ്ങുന്നു?
4 പുറപ്പാടിലെ സംഭവങ്ങൾ ഏതാണ്ട് 3,500 വർഷംമുമ്പാണു നടന്നതെന്നുളളതു പരിഗണിക്കുമ്പോൾ പുരാവസ്തുശാസ്ത്രപരമായും മറ്റുമുള്ള രേഖയുടെ കൃത്യതയെ സാക്ഷ്യപ്പെടുത്തുന്ന അതിശയനീയമായ അളവിലുളള ബാഹ്യതെളിവുണ്ട്. ഈജിപ്ഷ്യൻ പേരുകൾ പുറപ്പാടിൽ ശരിയായി ഉപയോഗിച്ചിരിക്കുന്നു. പറഞ്ഞിരിക്കുന്ന സ്ഥാനപ്പേരുകൾ ഈജിപ്ഷ്യൻ ആലേഖനങ്ങളോടു യോജിക്കുന്നു. വിദേശികളെ ഈജിപ്തിൽ ജീവിക്കാൻ അനുവദിക്കുന്നതും അവരിൽനിന്നു വേറിട്ടുനിൽക്കുന്നതും ഈജിപ്തുകാരുടെ ഒരു ആചാരമായിരുന്നുവെന്നു പുരാവസ്തുശാസ്ത്രം പ്രകടമാക്കുന്നു. കുളിക്കാൻ നൈൽനദിയിലെ വെളളം ഉപയോഗിച്ചിരുന്നു. ഫറവോന്റെ പുത്രി അവിടെ കുളിച്ചിരുന്നതിനെ അത് അനുസ്മരിപ്പിക്കുന്നു. വൈക്കോൽ ഉപയോഗിച്ചും ഉപയോഗിക്കാതെയും ഉണ്ടാക്കിയ ഇഷ്ടികകൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്. കൂടാതെ, ഈജിപ്തിന്റെ പ്രശസ്തിയുടെ നാളിൽ മന്ത്രവാദികൾ പ്രമുഖരായിരുന്നു.—പുറ. 8:22; 2:5; 5:6, 7, 18; 7:11.
5 ഫറവോമാർ വ്യക്തിപരമായി യുദ്ധത്തിലേക്കു തങ്ങളുടെ തേരുകൾ തെളിച്ചിരുന്നുവെന്നു സ്മാരകസ്തംഭങ്ങൾ തെളിയിക്കുന്നു. മോശയുടെ നാളിലെ ഫറവോൻ ഈ ആചാരം അനുസരിച്ചിരുന്നതായി പുറപ്പാടു സൂചിപ്പിക്കുന്നു. അയാളുടെ അവമാനം എത്ര വലുതായിരുന്നിരിക്കണം! തങ്ങളുടെ ദേശത്ത് ഇസ്രായേല്യരുടെ പ്രവാസത്തെക്കുറിച്ചോ ഈജിപ്തിനു ഭവിച്ച വിപത്തിനെക്കുറിച്ചോ പുരാതന ഈജിപ്ഷ്യൻരേഖകൾ ഒന്നും പറയാതിരിക്കുന്നത് എന്തുകൊണ്ട്? ശ്ലാഘനീയമല്ലാത്ത ഏതു മുൻരേഖയും മായിച്ചുകളയുന്നത് ഒരു പുതിയ ഈജിപ്ഷ്യൻ രാജവംശത്തിന്റെ ആചാരമായിരുന്നുവെന്നു പുരാവസ്തുശാസ്ത്രം പ്രകടമാക്കിയിട്ടുണ്ട്. അവർ അപമാനകരമായ പരാജയങ്ങൾ ഒരിക്കലും രേഖപ്പെടുത്തിയിരുന്നില്ല. നൈൽദൈവം, തവളദൈവം, സൂര്യദൈവം എന്നിങ്ങനെയുളള ഈജിപ്തിലെ ദൈവങ്ങൾക്ക് അവമതി വരുത്തുകയും യഹോവയെ പരമോന്നതനെന്നു പ്രകടമാക്കുകയും ചെയ്ത, ആ വ്യാജദൈവങ്ങൾക്കെതിരായ പ്രഹരങ്ങൾ ദുരഭിമാനമുളള ഒരു ജനതയുടെ ചരിത്രത്തിന് അനുയോജ്യമായിരിക്കുകയില്ല.—14:7-10; 15:4. b
6. ഇസ്രായേലിന്റെ ആദിമ പാളയങ്ങൾ എവിടെയായിരുന്നുവെന്നു പൊതുവേ തിരിച്ചറിയപ്പെടുന്നു?
6 യിത്രോയുടെ കീഴിൽ ഒരു ഇടയനായി മോശ 40 വർഷം സേവിച്ചത്, അവനെ ആ പ്രദേശത്തെ ജീവിതാവസ്ഥകളും, വെളളവും ഭക്ഷണവും ലഭിക്കുന്ന സ്ഥാനങ്ങളും, പരിചയമുളളവനാക്കുകയും അങ്ങനെ പുറപ്പാടിനെ നയിക്കാൻ നന്നായി യോഗ്യനാക്കുകയും ചെയ്തു. ഇന്ന് ആ പുറപ്പാടിന്റെ കൃത്യമായ പഥം സുനിശ്ചിതമായി കണ്ടുപിടിക്കാൻ കഴികയില്ല, കാരണം വിവരണത്തിൽ പറഞ്ഞിരിക്കുന്ന വിവിധ സ്ഥാനങ്ങൾ സുനിശ്ചിതമായി തിട്ടപ്പെടുത്തുക സാധ്യമല്ല. എന്നിരുന്നാലും, സീനായി ഉപദ്വീപിൽ ആദ്യം പാളയമടിച്ച സ്ഥാനങ്ങളിലൊന്നായ മാറാ ആധുനിക സൂയസ്സിന് 80 കിലോമീററർ തെക്കും തെക്കുകിഴക്കുമായി കിടക്കുന്ന എയ്ൻ ഹവ്വാരാ ആണെന്നു സാധാരണമായി തിരിച്ചറിയപ്പെടുന്നു. രണ്ടാമത്തെ പാളയസ്ഥാനമായ എലീം പാരമ്പര്യപ്രകാരം സൂയസ്സിൽനിന്ന് 88 കിലോമീററർ തെക്കും തെക്കുകിഴക്കുമായി കിടക്കുന്ന വാഡി ഗാരൻഡൽ ആയി തിരിച്ചറിയപ്പെടുന്നു. കൗതുകകരമായി, “പന്ത്രണ്ട് നീരുറവും എഴുപതു ഈത്തപ്പനയും” ഉണ്ടായിരുന്ന ബൈബിളിലെ എലീമിനെ അനുസ്മരിപ്പിക്കുമാറ് ഈ ആധുനികസ്ഥാനം സസ്യങ്ങളും ഈത്തപ്പനകളും സഹിതം ഒരു ജലസേചനസ്ഥലമായി അറിയപ്പെടുന്നു. c എന്നിരുന്നാലും മോശയുടെ വിവരണത്തിന്റെ വിശ്വാസ്യത ആ മാർഗത്തിലെ വിവിധ സ്ഥലങ്ങളുടെ പുരാവസ്തുശാസ്ത്രജ്ഞരാലുളള സ്ഥിരീകരണത്തെ ആശ്രയിച്ചിരിക്കുന്നില്ല.—15:23, 27.
7. തിരുനിവാസ നിർമാണം ഉൾപ്പെടെ വേറെ ഏതു തെളിവു പുറപ്പാടിനെ നിശ്വസ്തമെന്നു സ്ഥിരീകരിക്കുന്നു?
7 സീനായിയുടെ മുമ്പിലെ സമതലത്തിൽ തിരുനിവാസം നിർമിക്കുന്നതു സംബന്ധിച്ച വിവരണം തദ്ദേശാവസ്ഥകളോടു യോജിക്കുന്നു. ഒരു പണ്ഡിതൻ ഇങ്ങനെ പ്രസ്താവിച്ചു: “രൂപത്തിലും നിർമാണത്തിലും വസ്തുക്കളിലും തിരുനിവാസം തികച്ചും മരുഭൂമിക്കു യോജിച്ചതാണ്. നിർമാണത്തിന് ഉപയോഗിച്ച തടി അവിടെ സമൃദ്ധമായി കാണപ്പെടുന്നുണ്ട്.” d പേരുകളുടെയോ ആചാരങ്ങളുടെയോ മതത്തിന്റെയോ സ്ഥലങ്ങളുടെയോ ഭൂമിശാസ്ത്രത്തിന്റെയോ വസ്തുക്കളുടെയോ മണ്ഡലത്തിലായാലും ബാഹ്യതെളിവുകളുടെ കൂമ്പാരം ഇപ്പോൾ ഏതാണ്ടു 3,500 വർഷം പഴക്കമുളള നിശ്വസ്ത പുറപ്പാടിൻ വിവരണത്തെ സ്ഥിരീകരിക്കുന്നു.
8. നിശ്വസ്തവും പ്രയോജനപ്രദവുമായി പുറപ്പാട് ശേഷം തിരുവെഴുത്തുകളോടു നെയ്തുചേർത്തിരിക്കുന്നതെങ്ങനെ?
8 മററു ബൈബിളെഴുത്തുകാർ പുറപ്പാടിന്റെ പ്രാവചനിക പ്രാധാന്യവും മൂല്യവും പ്രകടമാക്കിക്കൊണ്ട് അതിനെ നിരന്തരം പരാമർശിച്ചു. തന്റെ ജനമായ ഇസ്രായേലിനെ “അടയാളങ്ങൾകൊണ്ടും അത്ഭുതങ്ങൾകൊണ്ടും ബലമുളള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും” ഈജിപ്തിൽനിന്നു കൊണ്ടുവരാൻ പുറപ്പെട്ട “മഹത്വവും വല്ലഭത്വവുമുളള ദൈവ”മായ “സൈന്യങ്ങളുടെ യഹോവ” എന്ന “നാമം” ഉളളവനെക്കുറിച്ചു 900-ത്തിൽപ്പരം വർഷം കഴിഞ്ഞു യിരെമ്യാവ് എഴുതി. (യിരെ. 32:18-21) 1,500-ൽപ്പരം വർഷം കഴിഞ്ഞു സ്തേഫാനോസ് തന്റെ രക്തസാക്ഷിമരണത്തിലേക്കു നയിച്ച ഉത്തേജകമായ സാക്ഷ്യത്തിലധികവും പുറപ്പാടിലെ വിവരങ്ങളിലാണ് അടിസ്ഥാനപ്പെടുത്തിയത്. (പ്രവൃ. 7:17-44) മോശയുടെ ജീവിതം എബ്രായർ 11:23-29-ൽ വിശ്വാസത്തിന്റെ ഒരു ദൃഷ്ടാന്തമെന്ന നിലയിൽ നമുക്കുവേണ്ടി പരാമർശിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ നമുക്കുവേണ്ടി ദൃഷ്ടാന്തങ്ങളും മുന്നറിയിപ്പുകളും വിവരിക്കുന്നതിനു പൗലൊസ് കൂടെക്കൂടെ പുറപ്പാടിൽനിന്നു മററു പരാമർശനങ്ങൾ നടത്തുന്നു. (പ്രവൃ. 13:17; 1 കൊരി. 10:1-4, 11, 12; 2 കൊരി. 3:7-16) ബൈബിളിലെ ഭാഗങ്ങൾ അന്യോന്യം എങ്ങനെ നെയ്തുചേർത്തിരിക്കുന്നുവെന്നു മനസ്സിലാക്കാൻ ഇതെല്ലാം നമ്മെ സഹായിക്കുന്നു, ഓരോ ഭാഗവും പ്രയോജനകരമായ ഒരു വിധത്തിൽ യഹോവയുടെ ഉദ്ദേശ്യത്തിന്റെ വെളിപ്പെടുത്തലിൽ പങ്കുവഹിക്കുന്നു.
പുറപ്പാടിന്റെ ഉളളടക്കം
9. മോശ ഏതു സാഹചര്യങ്ങളിൽ ജനിക്കുകയും വളർത്തപ്പെടുകയും ചെയ്യുന്നു?
9 തന്റെ സ്വന്തം സ്മാരകനാമത്തിന് ഊന്നൽ കൊടുത്തുകൊണ്ടു യഹോവ മോശയെ നിയോഗിക്കുന്നു (1:1–4:31). ഈജിപ്തിൽനിന്നു വന്ന ഇസ്രായേൽപുത്രൻമാരുടെ പേരുകൾ പറഞ്ഞശേഷം, പുറപ്പാട് അടുത്തതായി യോസേഫിന്റെ മരണം രേഖപ്പെടുത്തുന്നു. കാലക്രമത്തിൽ ഒരു പുതിയ രാജാവ് ഈജിപ്തിൽ എഴുന്നേൽക്കുന്നു. ഇസ്രായേല്യർ “സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചുപെരുകി ബലപ്പെട്ടു”കൊണ്ടിരിക്കുന്നതായി കാണുമ്പോൾ അവൻ നിർബന്ധിതജോലി ഉൾപ്പെടെയുളള മർദനനടപടികൾ സ്വീകരിക്കുകയും സകല നവജാത ആൺകുഞ്ഞുങ്ങളെയും നശിപ്പിക്കാൻ ആജ്ഞാപിച്ചുകൊണ്ട് ഇസ്രായേലിലെ പുരുഷജനസംഖ്യ കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. (1:7) ഈ സാഹചര്യങ്ങളിലാണു ലേവിഗൃഹത്തിൽപ്പെട്ട ഒരു ഇസ്രായേല്യന് ഒരു പുത്രൻ ജനിക്കുന്നത്. ഈ കുട്ടി കുടുംബത്തിൽ മൂന്നാമത്തവനാണ്. അവനു മൂന്നു മാസം പ്രായമുളളപ്പോൾ അവന്റെ അമ്മ നൈൽനദീതീരത്തോടടുത്ത് ഒരു ഞാങ്ങണപ്പെട്ടകത്തിൽ ഞാങ്ങണകളുടെ ഇടയിൽ അവനെ ഒളിച്ചുവെക്കുന്നു. ഫറവോന്റെ പുത്രി അവനെ കണ്ടെത്തുന്നു, അവൾക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടിട്ട് അവനെ ദത്തെടുക്കുന്നു. അവന്റെ സ്വന്തം അമ്മ അവന്റെ ധാത്രിയായിത്തീരുന്നു, തത്ഫലമായി അവൻ ഒരു ഇസ്രായേല്യഭവനത്തിൽ വളരുന്നു. പിൽക്കാലത്ത് അവനെ ഫറവോന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവരുന്നു. അവന് “വലിച്ചെടുക്കപ്പെട്ടവൻ [അതായതു വെളളത്തിൽനിന്നു രക്ഷിക്കപ്പെട്ടവൻ]” എന്നർഥമുളള മോശ എന്നു പേരിടുന്നു.—പുറ. 2:10; പ്രവൃ. 7:17-22.
10. മോശ പ്രത്യേക സേവനത്തിനു നിയോഗിക്കപ്പെടുന്നതിലേക്കു നയിക്കുന്ന സംഭവങ്ങൾ ഏവ?
10 ഈ മോശ തന്റെ സഹ ഇസ്രായേല്യരുടെ ക്ഷേമത്തിൽ തത്പരനാണ്. ഒരു ഇസ്രായേല്യനോടുളള ദുഷ്പെരുമാററം നിമിത്തം ഒരു ഈജിപ്തുകാരനെ അവൻ കൊല്ലുന്നു. തത്ഫലമായി അവൻ ഓടിപ്പോകേണ്ടിവരുന്നു. അങ്ങനെ അവൻ മിദ്യാൻദേശത്തേക്കു വരുന്നു. അവിടെ അവൻ മിദ്യാനിലെ പുരോഹിതനായ യിത്രോയുടെ മകളായ സിപ്പോറയെ വിവാഹം കഴിക്കുന്നു. കാലക്രമത്തിൽ മോശ ഗെർശോം എന്നും എലെയാസർ എന്നും പേരായ രണ്ടു പുത്രൻമാരുടെ പിതാവായിത്തീരുന്നു. അനന്തരം, മരുഭൂമിയിൽ 40 വർഷം ചെലവഴിച്ച ശേഷം 80-ാമത്തെ വയസ്സിൽ യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിൽ ഒരു പ്രത്യേക സേവനത്തിനു മോശ യഹോവയാൽ നിയോഗിക്കപ്പെടുന്നു. ഒരു ദിവസം “ദൈവത്തിന്റെ പർവ്വതമായ” ഹോരേബിനു സമീപം യിത്രോയുടെ ആടുകളെ മേയിച്ചുകൊണ്ടിരുന്നപ്പോൾ കത്തിക്കൊണ്ടിരുന്നെങ്കിലും എരിഞ്ഞടങ്ങുന്നില്ലാഞ്ഞ ഒരു മുൾപ്പടർപ്പു മോശ കണ്ടു. പരിശോധിക്കാൻ അവൻ അടുത്തുചെല്ലുമ്പോൾ യഹോവയുടെ ഒരു ദൂതൻ അവനെ സംബോധന ചെയ്യുന്നു. ദൈവത്തിന്റെ ജനമായ “യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു” പുറപ്പെടുവിക്കാനുളള അവന്റെ ഉദ്ദേശ്യത്തെക്കുറിച്ചു ദൂതൻ മോശയോടു പറയുന്നു. (പുറ. 3:1, 10) ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രായേല്യരെ വിടുവിക്കുന്നതിനുളള യഹോവയുടെ ഉപകരണമായി മോശ ഉപയോഗിക്കപ്പെടാനിരിക്കുകയാണ്.—പ്രവൃ. 7:23-35.
11. യഹോവ ഇപ്പോൾ ഏതു പ്രത്യേക അർഥത്തിൽ തന്റെ നാമത്തെ അറിയിക്കുന്നു?
11 അപ്പോൾ താൻ ഇസ്രായേൽപുത്രൻമാരോടു ദൈവത്തെ എങ്ങനെ തിരിച്ചറിയിക്കണമെന്നു മോശ ചോദിക്കുന്നു. ഇവിടെയാണ് ആദ്യമായി യഹോവ തന്റെ നാമത്തിന്റെ യഥാർഥ അർഥം അറിയിക്കുന്നത്, അതിനെ തന്റെ പ്രത്യേകമായ ഉദ്ദേശ്യത്തോടു ബന്ധിപ്പിച്ചുകൊണ്ടും അതിനെ ഒരു സ്മാരകമായി സ്ഥാപിച്ചുകൊണ്ടുംതന്നെ. “ഞാൻ ആകുന്നു എന്നുളളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽ മക്കളോടു പറയേണം . . . അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.” യഹോവ എന്ന അവന്റെ നാമം തന്റെ നാമജനത്തോടു ബന്ധപ്പെട്ട ഉദ്ദേശ്യങ്ങൾ നിവർത്തിക്കാനിടയാക്കുന്നവൻ എന്ന നിലയിൽ അവനെ തിരിച്ചറിയിക്കുന്നു. അബ്രഹാമിന്റെ സന്തതികളായ ഈ ജനത്തിന് അവരുടെ പൂർവപിതാക്കൻമാരോടു വാഗ്ദത്തംചെയ്ത ദേശം, “പാലും തേനും ഒഴുകുന്ന ദേശം,” കൊടുക്കും.—പുറ. 3:14, 15, 17.
12. ഇസ്രായേല്യരെ സ്വതന്ത്രരാക്കുന്നതു സംബന്ധിച്ചു യഹോവ മോശയോടു എന്തു വിശദീകരിക്കുന്നു, ജനം അടയാളങ്ങളെ എങ്ങനെ സ്വീകരിക്കുന്നു?
12 ഈജിപ്തിലെ രാജാവ് ഇസ്രായേലിനെ സ്വതന്ത്രമായി വിട്ടയയ്ക്കുകയില്ലെന്നും താൻ ആദ്യം തന്റെ സകല അത്ഭുതപ്രവൃത്തികളാലും ഈജിപ്തിനെ പ്രഹരിക്കേണ്ടിവരുമെന്നും യഹോവ മോശയോടു വിശദീകരിക്കുന്നു. മോശയുടെ സഹോദരനായ അഹരോനെ ഒരു വക്താവായി അവനു കൊടുക്കുന്നു. തങ്ങൾ യഹോവയുടെ നാമത്തിലാണു വരുന്നതെന്ന് ഇസ്രായേല്യരെ ബോധ്യപ്പെടുത്താൻ അവർക്കു മൂന്ന് അടയാളങ്ങൾ ലഭിക്കുന്നു. ഈജിപ്തിലേക്കുളള മാർഗമധ്യേ, കുടുംബത്തിലെ ഒരു മരണം തടയുന്നതിനു മോശയുടെ പുത്രനെ പരിച്ഛേദന കഴിപ്പിക്കേണ്ടിയിരിക്കുന്നു, ഇതു ദൈവത്തിന്റെ നിയമങ്ങൾ മോശയെ അനുസ്മരിപ്പിക്കുന്നു. (ഉല്പ. 17:14) മോശയും അഹരോനും ഇസ്രായേൽപുത്രൻമാരുടെ പ്രായമേറിയ പുരുഷൻമാരെ കൂട്ടിവരുത്തുകയും അവരെ ഈജിപ്തിൽനിന്നു പുറപ്പെടുവിക്കുന്നതിനും വാഗ്ദത്തദേശത്തേക്കു കൊണ്ടുപോകുന്നതിനുമുളള യഹോവയുടെ ഉദ്ദേശ്യം അറിയിക്കുകയും ചെയ്യുന്നു. അവർ അടയാളങ്ങൾ കാണിക്കുന്നു, ജനം വിശ്വസിക്കുന്നു.
13. ഫറവോനുമായുളള മോശയുടെ ആദ്യ കൂടിക്കാഴ്ചയിൽനിന്ന് എന്തു ഫലമുണ്ടാകുന്നു?
13 ഈജിപ്തിൻമേലുളള പ്രഹരങ്ങൾ (5:1–10:29). ഇപ്പോൾ മോശയും അഹരോനും ഫറവോന്റെ അടുക്കലേക്കു ചെല്ലുകയും “എന്റെ ജനത്തെ വിട്ടയക്കേണം” എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ പറഞ്ഞിരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അഹങ്കാരിയായ ഫറവോൻ പുച്ഛസ്വരത്തിൽ “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നു മറുപടി പറയുന്നു. (5:1, 2) ഇസ്രായേലിനെ സ്വതന്ത്രരാക്കുന്നതിനു പകരം അയാൾ അവരുടെമേൽ കുറേക്കൂടെ കഠിനമായ ജോലികൾ അടിച്ചേൽപ്പിക്കുന്നു. എന്നിരുന്നാലും തന്റെ വിടുതൽവാഗ്ദത്തങ്ങൾ യഹോവ പുതുക്കുന്നു, വീണ്ടും അതു യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തോടു ബന്ധപ്പെടുത്തിക്കൊണ്ടുതന്നെ: “ഞാൻ യഹോവ ആകുന്നു . . . ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. . . . യഹോവ ഞാൻ ആകുന്നു.”—6:6-8.
14. ഈജിപ്തുകാർ “ദൈവത്തിന്റെ വിരൽ” തിരിച്ചറിയാൻ നിർബന്ധിതരാകുന്നതെങ്ങനെ?
14 ഒരു വലിയ പാമ്പായിത്തീരുന്നതിന് അഹരോന്റെ വടി താഴെ ഇടീച്ചുകൊണ്ടു ഫറവോന്റെ മുമ്പാകെ മോശ കാണിക്കുന്ന അടയാളം മന്ത്രവാദികളായ ഈജിപ്തിലെ പുരോഹിതൻമാർ അനുകരിക്കുന്നു. അവരുടെ പാമ്പുകളെ അഹരോന്റെ വലിയ പാമ്പു വിഴുങ്ങുന്നുവെങ്കിലും ഫറവോന്റെ ഹൃദയം ഒന്നുകൂടെ കഠിനപ്പെടുന്നു. ഇപ്പോൾ, യഹോവ ഈജിപ്തിൻമേൽ തുടർച്ചയായ പത്തു കഠിനപ്രഹരങ്ങൾ ഏൽപ്പിക്കാൻ തുടങ്ങുന്നു. ഒന്നാമതായി, അവരുടെ നൈൽനദിയും ഈജിപ്തിലെ സകല വെളളങ്ങളും രക്തമായി മാറുന്നു. പിന്നീട്, അവരുടെമേൽ തവളകളുടെ ഒരു ബാധ ഉണ്ടാകുന്നു. ഈ രണ്ടു പ്രഹരങ്ങൾ മന്ത്രവാദികളായ പുരോഹിതൻമാർ അനുകരിക്കുന്നു, എന്നാൽ മനുഷ്യന്റെയും മൃഗത്തിന്റെയുംമേൽ വന്ന പേനുകളുടെ മൂന്നാമത്തെ പ്രഹരം അനുകരിക്കുന്നില്ല. ഇതു “ദൈവത്തിന്റെ വിരൽ” ആകുന്നുവെന്ന് ഈജിപ്തിലെ പുരോഹിതൻമാർ അംഗീകരിക്കേണ്ടിവരുന്നു. എന്നിരുന്നാലും, ഫറവോൻ ഇസ്രായേലിനെ വിട്ടയയ്ക്കുകയില്ല.—8:19.
15. ഏതു പ്രഹരങ്ങൾ ഈജിപ്തുകാരെ മാത്രം ബാധിക്കുന്നു, എന്തിനുവേണ്ടി മാത്രമാണു യഹോവ ഫറവോനെ തുടരാൻ അനുവദിക്കുന്നത്?
15 ആദ്യത്തെ മൂന്നു പ്രഹരങ്ങൾ ഈജിപ്തുകാരുടെയും ഇസ്രായേല്യരുടെയുംമേൽ ഒരുപോലെ വരുന്നു, എന്നാൽ നാലാമത്തേതുമുതൽ ഈജിപ്തുകാർ മാത്രമേ ബാധിക്കപ്പെടുന്നുളളു. ഇസ്രായേൽ യഹോവയുടെ സംരക്ഷണത്തിൽ വേർതിരിഞ്ഞു നിൽക്കുന്നു. നാലാമത്തെ പ്രഹരം കുതിരയീച്ചകളുടെ ഘോരമായ കൂട്ടങ്ങളാണ്. പിന്നീട്, ഈജിപ്തിലെ സകല കന്നുകാലികളുടെയുംമേൽ പകർച്ചവ്യാധി വരുന്നു, അതിനെത്തുടർന്നു മനുഷ്യന്റെയും മൃഗത്തിന്റെയുംമേൽ പരുക്കളുണ്ടാകുന്നു, തന്നിമിത്തം മന്ത്രവാദികളായ പുരോഹിതൻമാർക്കുപോലും മോശയുടെ മുമ്പാകെ നിൽക്കാൻ കഴിയുന്നില്ല. വീണ്ടും ഫറവോന്റെ ഹൃദയം കഠിനപ്പെടാൻ യഹോവ അനുവദിക്കുന്നു, മോശമുഖാന്തരം അയാളോട് ഇങ്ങനെ പറഞ്ഞുകൊണ്ട്: “എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.” (9:16) തുടർന്ന് മോശ ഫറവോനോട് അടുത്ത പ്രഹരം അറിയിക്കുന്നു, “അതികഠിനമായ കൽമഴ.” ഇവിടെ ഫറവോന്റെ സേവകൻമാരുടെ ഇടയിൽ ചിലർ യഹോവയുടെ വചനത്തെ ഭയപ്പെടുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നു ബൈബിൾ ആദ്യമായി രേഖപ്പെടുത്തുന്നു. എട്ടാമത്തെയും ഒൻപതാമത്തെയും പ്രഹരങ്ങൾ—വെട്ടുക്കിളികളുടെ ആക്രമണവും ഒരു കൂരിരുട്ടും—പെട്ടെന്നു ഒന്നിനുപിറകേ ഒന്നായി വരുന്നു. തന്റെ മുഖം വീണ്ടും കാണാൻ ശ്രമിച്ചാൽ മോശയെ കൊന്നുകളയുമെന്നു ശഠനും ക്രുദ്ധനുമായ ഫറവോൻ ഭീഷണിപ്പെടുത്തുന്നു.—9:18.
16. പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളും സംബന്ധിച്ചു യഹോവ എന്തു കൽപ്പിക്കുന്നു?
16 പെസഹയും ആദ്യജാതൻമാരുടെ വധവും (11:1–13:16). ഇപ്പോൾ യഹോവ പ്രഖ്യാപിക്കുകയാണ്, “ഞാൻ ഒരു ബാധകൂടെ ഫറവോൻമേലും മിസ്രയീമിൻമേലും വരുത്തും.” (11:1) ആബീബ്മാസം ഇസ്രായേലിന് ഒന്നാം മാസമായിരിക്കണമെന്ന് അവൻ ആജ്ഞാപിക്കുന്നു. 10-ാം ദിവസം അവർ ഒരു ചെമ്മരിയാടിനെയോ കോലാടിനെയോ—ഒരു വയസ്സുപ്രായമുളള ഊനമില്ലാത്ത ഒരു മുട്ടാടിനെ—എടുക്കണം, 14-ാം ദിവസം അവർ അതിനെ കൊല്ലണം. അന്നു സന്ധ്യക്ക് അവർ ആ മൃഗത്തിന്റെ രക്തം എടുത്തു രണ്ടു കട്ടിളക്കാലുകളിൻമേലും വാതിലിന്റെ മുകൾഭാഗത്തും തളിക്കേണ്ടതാണ്, അനന്തരം അവർ വീടിനുളളിൽ കഴിഞ്ഞുകൊണ്ട് ഒററ അസ്ഥിപോലും ഒടിക്കാതെ ആ മൃഗത്തെ ചുട്ടു തിന്നേണ്ടതാണ്. വീട്ടിൽ പുളിമാവ് ഉണ്ടായിരിക്കാൻ പാടില്ല. അവർ വസ്ത്രമണിഞ്ഞു പുറപ്പെടാൻ സജ്ജരായി തിടുക്കത്തോടെ തിന്നേണ്ടതാണ്. പെസഹ ഒരു സ്മാരകമായി ഉതകണം, അവരുടെ തലമുറകളിലുടനീളം യഹോവക്ക് ഒരു ഉത്സവംതന്നെ. അതിനെ തുടർന്നു പുളിപ്പില്ലാത്ത അപ്പത്തിന്റെ ഏഴു ദിവസത്തെ ഉത്സവം നടക്കണം. അവരുടെ പുത്രൻമാരെ ഇതിന്റെയെല്ലാം അർഥം പൂർണമായും പഠിപ്പിക്കേണ്ടതാണ്. (പിന്നീടു യഹോവ ഈ ഉത്സവങ്ങൾ സംബന്ധിച്ചു കൂടുതലായ നിർദേശങ്ങൾ കൊടുക്കുന്നുണ്ട്, കൂടാതെ ഇസ്രായേലിന്റെ മനുഷ്യരിലും മൃഗങ്ങളിലും സകല ആൺകടിഞ്ഞൂലുകളെയും യഹോവക്കു വിശുദ്ധീകരിക്കേണ്ടതാണെന്ന് അവൻ കൽപ്പിക്കുന്നു.)
17. ഇതിനെ ഒരു സ്മാരകമായി ആഘോഷിക്കേണ്ട രാത്രിയാക്കുന്ന സംഭവങ്ങളേവ?
17 യഹോവ കൽപ്പിക്കുന്നതുപോലെ ഇസ്രായേൽ ചെയ്യുന്നു. അപ്പോൾ വിപത്തു പ്രഹരിക്കുന്നു! അർധരാത്രിയിൽ ഇസ്രായേലിലെ സകല ആദ്യജാതരെയും കടന്നുപോകുകയും വിടുവിക്കുകയും ചെയ്യവേ യഹോവ ഈജിപ്തിലെ സകല കടിഞ്ഞൂലുകളെയും കൊല്ലുന്നു. “എഴുന്നേററ് എന്റെ ജനത്തിന്റെ ഇടയിൽനിന്നു പുറപ്പെട്ടു”പോകുവിൻ എന്നു ഫറവോൻ അട്ടഹസിക്കുന്നു. പെട്ടെന്നു പോകാൻ ‘മിസ്രയീമ്യർ ജനത്തെ നിർബന്ധിച്ചുതുടങ്ങുന്നു.’ (12:31, 33) ഇസ്രായേല്യർ വെറുംകൈയായി പുറപ്പെടുന്നില്ല, എന്തെന്നാൽ അവർ ഈജിപ്തുകാരോടു വെളളിയും സ്വർണവും കൊണ്ടുളള ഉരുപ്പടികളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങുന്നു. അവർ യുദ്ധനിരകളായി ഈജിപ്തിൽനിന്ന് മാർച്ചുചെയ്യുന്നു, ശരീരശേഷിയുളള 6,00,000 പുരുഷൻമാരും ഒപ്പം അവരുടെ കുടുംബങ്ങളും ഇസ്രായേല്യരല്ലാത്ത ഒരു വലിയ സമ്മിശ്രപുരുഷാരവും നിരവധി മൃഗജാതികളും തന്നെ. ഇതു കനാൻനാട്ടിൽ പ്രവേശിക്കാൻ അബ്രഹാം യൂഫ്രട്ടീസ് കടന്നതുമുതലുളള 430 വർഷത്തിന്റെ അവസാനത്തെ കുറിക്കുന്നു. ഇതു തീർച്ചയായും സ്മാരകമായി ആഘോഷിക്കേണ്ട ഒരു രാത്രിയാണ്.—പുറ. 12:40, NW രണ്ടാം അടിക്കുറിപ്പ്; ഗലാ. 3:17.
18. ചെങ്കടലിങ്കൽ യഹോവയുടെ നാമത്തിന്റെ ഏതു പരകോടീയ വിശുദ്ധീകരണം നടക്കുന്നു?
18 ചെങ്കടലിങ്കൽ യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുന്നു (13:17–15:21). പകൽ ഒരു മേഘസ്തംഭത്താലും രാത്രി ഒരു അഗ്നിസ്തംഭത്താലും വഴിനടത്തിക്കൊണ്ടു യഹോവ അവരെ സുക്കോത്തിലൂടെ പുറത്തേക്കു നയിക്കുന്നു. വീണ്ടും ഫറവോൻ ശാഠ്യക്കാരനായി തന്റെ തിരഞ്ഞെടുത്ത യുദ്ധരഥങ്ങൾസഹിതം അവരെ പിന്തുടരുകയും ചെങ്കടലിങ്കൽ അവരെ കുരുക്കുകയും ചെയ്യുന്നു—അയാൾ അങ്ങനെ വിചാരിക്കുന്നു. “ഭയപ്പെടേണ്ട; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ” എന്നു പറഞ്ഞുകൊണ്ടു മോശ വീണ്ടും ജനത്തിന് ഉറപ്പുകൊടുക്കുന്നു. (14:13) അപ്പോൾ ഒരു രക്ഷാവഴി ഉണ്ടാക്കിക്കൊണ്ടു സമുദ്രം പിൻവാങ്ങാൻ യഹോവ ഇടയാക്കുന്നു, മോശ ഇസ്രായേല്യരെ കിഴക്കേ തീരത്തേക്ക് അതിലേ സുരക്ഷിതമായി നയിക്കുന്നു. ഫറവോന്റെ ശക്തമായ സൈന്യങ്ങൾ അവരുടെ പിന്നാലെ പാഞ്ഞിറങ്ങുന്നു, മടങ്ങിവന്ന വെളളങ്ങളിൽ കുടുങ്ങി മുങ്ങിച്ചാകാൻ മാത്രം. യഹോവയുടെ നാമത്തിന്റെ എന്തൊരു പരകോടീയ വിശുദ്ധീകരണം! യഹോവയിൽ സന്തോഷിക്കുന്നതിനുളള എന്തൊരു മഹത്തായ കാരണം! ആ സന്തോഷം പിന്നീടു ബൈബിളിലെ ആദ്യത്തെ വലിയ ജയഗീതത്തിൽ പ്രകാശിപ്പിച്ചിരിക്കുന്നു: “ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിൻമേൽ ഇരുന്നവനെയും അവൻ കടലിൽ തളളിയിട്ടിരിക്കുന്നു. എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. . . . യഹോവ എന്നും എന്നേക്കും രാജാവായി വാഴും.”—15:1, 2, 18.
19. സീനായിയിലേക്കുളള യാത്രയെ ശ്രദ്ധേയമാക്കുന്ന സംഭവങ്ങളേവ?
19 യഹോവ സീനായിയിങ്കൽ ന്യായപ്രമാണ ഉടമ്പടി ഏർപ്പെടുത്തുന്നു (15:22–34:35). യഹോവ വഴിനടത്തിയപ്രകാരം പടിപടിയായുളള ഘട്ടങ്ങളായി ഇസ്രായേൽ സത്യദൈവത്തിന്റെ പർവതമായ സീനായിയിങ്കലേക്കു സഞ്ചരിക്കുന്നു. ജനം മാറായിലെ കയ്പുവെളളത്തെക്കുറിച്ചു പിറുപിറുക്കുമ്പോൾ, യഹോവ അവർക്ക് അതു മധുരമാക്കിത്തീർക്കുന്നു. വീണ്ടും, മാംസവും അപ്പവുമില്ലാത്തതിനെക്കുറിച്ച് അവർ പിറുപിറുക്കുമ്പോൾ അവൻ അവർക്കു വൈകുന്നേരത്തു കാടപ്പക്ഷിയും രാവിലെ നിലത്തെ മഞ്ഞുതുളളിപോലെയുളള മധുരിക്കുന്ന മന്നായും പ്രദാനംചെയ്യുന്നു. ഈ മന്നാ അടുത്ത 40 വർഷം ഇസ്രായേല്യർക്ക് അപ്പമായിരിക്കേണ്ടതാണ്. കൂടാതെ, ആറാം ദിവസം ഇസ്രായേല്യരെക്കൊണ്ട് ഇരട്ടി മന്നാ പെറുക്കിച്ചുകൊണ്ടും ഏഴാം ദിവസം വിതരണം പിൻവലിച്ചുകൊണ്ടും യഹോവ ചരിത്രത്തിലാദ്യമായി ഒരു വിശ്രമദിവസത്തിന്റെ അഥവാ ശബത്തിന്റെ ആചരണം നടത്താൻ ആജ്ഞാപിക്കുന്നു. കൂടാതെ അവൻ രഫീദിമിൽ അവർക്കുവേണ്ടി വെളളം പുറപ്പെടുവിക്കുകയും അമാലേക്കിനെതിരെ അവർക്കുവേണ്ടി യുദ്ധംചെയ്യുകയും ചെയ്യുന്നു, അമാലേക്ക് പൂർണമായും തുടച്ചുനീക്കപ്പെടുമെന്നുളള തന്റെ ന്യായവിധി മോശയെക്കൊണ്ടു രേഖപ്പെടുത്തിക്കുകയും ചെയ്യുന്നു.
20. മെച്ചപ്പെട്ട സംഘാടനം സാധിതമാകുന്നതെങ്ങനെ?
20 മോശയുടെ അമ്മായിയപ്പനായ യിത്രോ അപ്പോൾ മോശയുടെ ഭാര്യയെയും രണ്ടു പുത്രൻമാരെയും അവന്റെ അടുക്കൽ കൊണ്ടുവരുന്നു. ഇസ്രായേലിൽ മെച്ചപ്പെട്ട സംഘാടനത്തിനുളള സമയം ഇപ്പോൾ ആഗതമായി, യിത്രോ പ്രായോഗികമായ കുറേ നല്ല നിർദേശങ്ങൾ മുമ്പോട്ടുവെക്കുന്നു. മുഴുഭാരവും സ്വയം വഹിക്കാതെ ജനത്തെ ന്യായം വിധിക്കുന്നതിന് ആയിരങ്ങൾക്കും നൂറുകൾക്കും അമ്പതുകൾക്കും പത്തുകൾക്കും പ്രമാണിമാർ എന്ന നിലയിൽ ദൈവഭയമുളള പ്രാപ്തരായ പുരുഷൻമാരെ നിയമിക്കാൻ അവൻ ഉപദേശിക്കുന്നു. മോശ ഇതു ചെയ്യുന്നു, തന്നിമിത്തം ഇപ്പോൾ പ്രയാസമുളള കേസുകൾ മാത്രമേ മോശയുടെ അടുക്കൽ വരുന്നുളളു.
21. യഹോവ അടുത്തതായി എന്തു വാഗ്ദാനം ചെയ്യുന്നു, എന്നാൽ ഏതു വ്യവസ്ഥകളോടെ?
21 പുറപ്പാടിനുശേഷം മൂന്നു മാസത്തിനുളളിൽ ഇസ്രായേൽ സീനായി മരുഭൂമിയിൽ പാളയമടിക്കുന്നു. യഹോവ ഇവിടെ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കുകയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുളളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.” “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്നു ജനം പ്രതിജ്ഞ ചെയ്യുന്നു. (19:5, 6, 8) ഇസ്രായേലിനു വിശുദ്ധീകരണത്തിനുളള ഒരു കാലഘട്ടം കഴിഞ്ഞു മൂന്നാം ദിവസം യഹോവ പർവതത്തിൽ ഇറങ്ങുന്നു, അതു പുകയാനും വിറയ്ക്കാനും ഇടയാക്കിക്കൊണ്ടുതന്നെ.
22. (എ) പത്തു വചനങ്ങളിൽ ഏതു കൽപ്പനകൾ അടങ്ങിയിരിക്കുന്നു? (ബി) ഇസ്രായേലിന്റെ മുമ്പാകെ വേറെ ഏതു ന്യായത്തീർപ്പുകൾ വെക്കുന്നു, ജനത എങ്ങനെ ന്യായപ്രമാണ ഉടമ്പടിയിലേക്ക് എടുക്കപ്പെടുന്നു?
22 യഹോവ അപ്പോൾ പത്തു വചനങ്ങൾ അല്ലെങ്കിൽ പത്തു കൽപ്പനകൾ കൊടുക്കാൻ നടപടികൾ സ്വീകരിക്കുന്നു. മററു ദൈവങ്ങളെയും പ്രതിമാരാധനയെയും യഹോവയുടെ നാമം വിലയില്ലാത്തവിധം എടുക്കുന്നതിനെയും വിലക്കവേ, ഇവ യഹോവയോടുളള സമ്പൂർണമായ ഭക്തി ഊന്നിപ്പറയുന്നു. ആറുദിവസം സേവനം ചെയ്തിട്ട് ഏഴാം ദിവസം യഹോവക്ക് ഒരു ശബത്ത് അനുഷ്ഠിക്കാനും അപ്പനെയും അമ്മയെയും ബഹുമാനിക്കാനും ഇസ്രായേല്യരോടു കൽപ്പിക്കുന്നു. കൊലപാതകത്തിനും വ്യഭിചാരത്തിനും മോഷണത്തിനും കളളസാക്ഷ്യം പറയുന്നതിനും ദുർമോഹത്തിനും എതിരായ നിയമങ്ങളോടെ പത്തുവചനങ്ങൾ പൂർത്തിയാകുന്നു. തുടർന്നു യഹോവ അവരുടെ മുമ്പാകെ ന്യായത്തീർപ്പുകളും, അടിമത്തം, കൈയേററം, പരുക്കുകൾ, നഷ്ടപരിഹാരം, മോഷണം, തീയാലുളള കെടുതി, വ്യാജാരാധന, ചാരിത്രംനശിപ്പിക്കൽ, വിധവമാരോടും അനാഥരോടുമുളള ദുഷ്പെരുമാററം, വായ്പകൾ എന്നിവയും മററനേകം കാര്യങ്ങളും സംബന്ധിച്ചു പുതിയ ജനതക്കായുളള നിർദേശങ്ങളും വിവരിക്കുന്നു. ശബത്തുനിയമങ്ങൾ കൊടുക്കുന്നു, യഹോവയുടെ ആരാധനക്കുവേണ്ടി മൂന്നു വാർഷിക പെരുന്നാളുകൾ ക്രമീകരിക്കുന്നു. അനന്തരം മോശ, യഹോവയുടെ വചനങ്ങൾ എഴുതുന്നു, യാഗങ്ങൾ അർപ്പിക്കുന്നു, പാതി രക്തം യാഗപീഠത്തിൻമേൽ തളിക്കുന്നു. നിയമപുസ്തകം ജനത്തെ വായിച്ചുകേൾപ്പിക്കുന്നു. അവർ അനുസരിക്കാനുളള സന്നദ്ധത വീണ്ടും സാക്ഷ്യപ്പെടുത്തിയശേഷം ശേഷിച്ച രക്തം പുസ്തകത്തിൻമേലും സകല ജനത്തിൻമേലും തളിക്കുന്നു. അങ്ങനെ യഹോവ മധ്യസ്ഥനായ മോശ മുഖാന്തരം ഇസ്രായേലിനോടു ന്യായപ്രമാണ ഉടമ്പടി ചെയ്യുന്നു.—എബ്രാ. 9:19, 20.
23. യഹോവ മോശക്കു പർവതത്തിൽവെച്ച് ഏതു നിർദേശങ്ങൾ കൊടുക്കുന്നു?
23 മോശ അപ്പോൾ ന്യായപ്രമാണം സ്വീകരിക്കുന്നതിനു പർവതത്തിൽ യഹോവയുടെ അടുക്കലേക്കു കയറിപ്പോകുന്നു. 40 രാവും പകലും അവനു നിരവധി നിർദേശങ്ങൾ കൊടുക്കപ്പെടുന്നു, തിരുനിവാസത്തിനുവേണ്ടിയുളള സാധനസാമഗ്രികൾ, അതിന്റെ സജ്ജീകരണങ്ങളുടെ വിശദാംശങ്ങൾ, തിരുനിവാസത്തിനുവേണ്ടിത്തന്നെയുളള സൂക്ഷ്മമായ പ്രത്യേക നിർദേശങ്ങൾ, അഹരോന്റെ തലപ്പാവിലെ “യഹോവക്കു വിശുദ്ധം” എന്നു കൊത്തിയ തങ്കം കൊണ്ടുളള പട്ടം ഉൾപ്പെടെയുളള പൗരോഹിത്യവസ്ത്രങ്ങളുടെ രൂപമാതൃക എന്നിവസംബന്ധിച്ചുതന്നെ. പുരോഹിതൻമാരുടെ അവരോധിക്കലും സേവനവും സംബന്ധിച്ച വിശദാംശങ്ങൾ കൊടുക്കുന്നു. ശബത്ത്, യഹോവക്കും ഇസ്രായേൽപുത്രൻമാർക്കും മധ്യേ “എന്നേക്കുമുളള” ഒരു അടയാളമായിരിക്കുമെന്നു മോശയെ അനുസ്മരിപ്പിക്കുന്നു. പിന്നീടു ‘ദൈവത്തിന്റെ വിരലി’നാൽ എഴുതപ്പെട്ട രണ്ടു സാക്ഷ്യപലകകൾ മോശക്കു കൊടുക്കുന്നു.—പുറ. 28:36; 31:17, 18.
24. (എ) ജനം ഏതു പാപം ചെയ്യുന്നു, ഫലം എന്തായിരുന്നു? (ബി) അടുത്തതായി യഹോവ തന്റെ നാമവും തേജസ്സും മോശക്കു വെളിപ്പെടുത്തുന്നതെങ്ങനെ?
24 ഇതിനിടയിൽ ജനം അക്ഷമരായിത്തീരുകയും തങ്ങൾക്കുമുമ്പെ പോകാൻ ഒരു ദൈവത്തെ ഉണ്ടാക്കുന്നതിന് അഹരോനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അഹരോൻ ഇതു ചെയ്യുന്നു, ഒരു സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കുന്നു, അതിനെ ജനം ആരാധിക്കുന്നു, “യഹോവക്ക് ഒരു ഉത്സവം” എന്ന് അവൻ അതിനു പേരിടുന്നു. (32:5) ഇസ്രായേലിനെ നിർമൂലമാക്കുന്നതിനെക്കുറിച്ചു യഹോവ സംസാരിക്കുന്നു, എന്നാൽ മോശ തന്റെ ഉഗ്രകോപത്തിൽ പലകകൾ ഉടയ്ക്കുന്നുവെങ്കിലും അവർക്കുവേണ്ടി മധ്യസ്ഥ്യംവഹിക്കുന്നു. ലേവിയുടെ പുത്രൻമാർ ഇപ്പോൾ നിർമലാരാധനയുടെ പക്ഷത്തു നിലകൊളളുകയും 3,000 മത്സരികളെ സംഹരിക്കുകയും ചെയ്യുന്നു. യഹോവയും അവർക്കു ബാധ വരുത്തുന്നു. ജനത്തെ തുടർന്നു നയിക്കണമെന്നു മോശ ദൈവത്തോട് അഭ്യർഥിച്ച ശേഷം ദൈവത്തിന്റെ തേജസ്സു കണ്ടുകൊളളാൻ മോശയോടു പറയപ്പെടുന്നു. കൂടുതലായി രണ്ടു പലകകൾ ഉണ്ടാക്കാൻ അവനോടു നിർദേശിക്കുന്നു, അവയിൽ യഹോവ വീണ്ടും പത്തു വചനങ്ങൾ എഴുതുമായിരുന്നു. രണ്ടാം പ്രാവശ്യം മോശ പർവതത്തിലേക്കു കയറുമ്പോൾ, യഹോവ കടന്നുപോകവേ അവൻ തന്റെ നാമം അവനോടു പ്രഖ്യാപിച്ചു തുടങ്ങുന്നു: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുളളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുളളവൻ. ആയിരം ആയിരത്തിനു ദയ പാലിക്കുന്നവൻ.” (34:6, 7) പിന്നീട് അവൻ തന്റെ ഉടമ്പടിയുടെ വ്യവസ്ഥകൾ പ്രസ്താവിക്കുന്നു. നമുക്കിന്നു പുറപ്പാടിൽ കിട്ടിയിരിക്കുന്നതുപോലെ മോശ അത് എഴുതുന്നു. മോശ സീനായി പർവതത്തിൽനിന്ന് ഇറങ്ങിവരുമ്പോൾ യഹോവയുടെ വെളിപ്പെടുത്തപ്പെട്ട തേജസ്സു നിമിത്തം അവന്റെ മുഖം രശ്മികൾ പ്രസരിപ്പിക്കുന്നു. തത്ഫലമായി, അവൻ മുഖത്തിൻമീതെ ഒരു മൂടുപടം ഇടേണ്ടിവരുന്നു.—2 കൊരി. 3:7-11.
25. തിരുനിവാസത്തെയും യഹോവയുടെ തേജസ്സിന്റെ കൂടുതലായ പ്രത്യക്ഷതയെയും കുറിച്ചു രേഖ എന്തു പറയുന്നു?
25 തിരുനിവാസത്തിന്റെ നിർമാണം (35:1–40:38). മോശ പിന്നീട് ഇസ്രായേലിനെ വിളിച്ചുകൂട്ടുകയും യഹോവയുടെ വചനങ്ങൾ അവർക്കു കൈമാറുകയും ഹൃദയസന്നദ്ധത ഉളളവർക്കു തിരുനിവാസത്തിനു സംഭാവനചെയ്യാനുളള പദവിയും ജ്ഞാനഹൃദയമുളളവർക്ക് അതിന്റെ പണിയിലേർപ്പെടാനുളള പദവിയും ഉണ്ടെന്ന് അവരോടു പറയുകയും ചെയ്യുന്നു. പെട്ടെന്നു മോശക്ക് ഈ വാർത്ത കിട്ടുന്നു: “യഹോവ ചെയ്വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു.” (36:5) യഹോവയുടെ ആത്മാവുകൊണ്ടു നിറഞ്ഞ വേലക്കാർ മോശയുടെ മാർഗനിർദേശത്തിൽ തിരുനിവാസവും അതിന്റെ സാധനസാമഗ്രികളും നിർമിക്കാനും പുരോഹിതൻമാരുടെ സകല വസ്ത്രങ്ങളും ഉണ്ടാക്കാനും തുടങ്ങുന്നു. പുറപ്പാടിന് ഒരു വർഷത്തിനുശേഷം സീനായി പർവതത്തിന്റെ മുമ്പിലുളള സമതലത്തു തിരുനിവാസം പൂർത്തിയാകുന്നു. തിരുനിവാസത്തെ തന്റെ മേഘം കൊണ്ട് ആവരണംചെയ്തുകൊണ്ടും തന്റെ തേജസ്സിനാൽ തിരുനിവാസത്തെ നിറച്ചുകൊണ്ടും യഹോവ അംഗീകാരം പ്രകടമാക്കുന്നു. തേജസ്സുനിമിത്തം മോശക്കു കൂടാരത്തിൽ പ്രവേശിക്കാൻ കഴിയുന്നില്ല. പകലത്തെ ഇതേ മേഘവും രാത്രിയിലെ ഒരു അഗ്നിയും ഇസ്രായേലിന്റെ പ്രയാണങ്ങളിലെല്ലാം യഹോവ അവർക്കു നൽകുന്ന വഴികാട്ടലിനെ സൂചിപ്പിക്കുന്നു. ഇപ്പോൾ പൊ.യു.മു. 1512-ാം വർഷമാണ്, ഇസ്രായേലിനുവേണ്ടി ചെയ്ത തന്റെ അത്ഭുതപ്രവൃത്തികളാൽ അവന്റെ നാമം മഹത്തായി വിശുദ്ധീകരിക്കപ്പെടുന്നതോടെ ഇവിടെ പുറപ്പാടിലെ രേഖ അവസാനിക്കുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
26. (എ) പുറപ്പാടു യഹോവയിലുളള വിശ്വാസത്തെ ഉറപ്പിക്കുന്നതെങ്ങനെ? (ബി) പുറപ്പാടിനെക്കുറിച്ചു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലുളള പരാമർശങ്ങൾ നമ്മുടെ വിശ്വാസത്തെ വർധിപ്പിക്കുന്നതെങ്ങനെ?
26 അതിപ്രധാനമായി, പുറപ്പാടു യഹോവയെ വലിയ വിമോചകനും സംഘാടകനും തന്റെ മഹനീയ ഉദ്ദേശ്യങ്ങളെ നിവർത്തിക്കുന്നവനുമെന്ന നിലയിൽ വെളിപ്പെടുത്തുന്നു, അത് അവനിലുളള നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുന്നു. ന്യായപ്രമാണ ഉടമ്പടിയുടെ അനേകം സവിശേഷതകളുടെ നിവൃത്തികൾ, ഒരു പുനരുത്ഥാനത്തിന്റെ ഉറപ്പ്, തന്റെ ജനത്തെ പുലർത്തുന്നതിനുളള യഹോവയുടെ കരുതൽ, ക്രിസ്തീയ ദുരിതാശ്വാസ പ്രവർത്തനത്തിനുളള മുൻവഴക്കം, മാതാപിതാക്കളോടുളള പരിഗണന സംബന്ധിച്ച ബുദ്ധ്യുപദേശം, ജീവൻ നേടുന്നതിന്റെ വ്യവസ്ഥകൾ, പ്രതികാരപരമായ നീതിയെ വീക്ഷിക്കേണ്ട വിധം എന്നിവയെ സൂചിപ്പിക്കുന്നതായി ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ പുറപ്പാടിനെക്കുറിച്ചുളള അനേകം പരാമർശനങ്ങൾ നാം പഠിക്കുമ്പോൾ ഈ വിശ്വാസം വർധിക്കുന്നു. ഒടുവിൽ ഈ ന്യായപ്രമാണം ദൈവത്തോടും സഹമനുഷ്യനോടും സ്നേഹം പ്രകടമാക്കുന്നതു സംബന്ധിച്ച രണ്ടു കൽപ്പനകളിൽ സംഗ്രഹിക്കപ്പെട്ടു.—മത്താ. 22:32—പുറ. 4:5; യോഹ. 6:31-35-ഉം 2 കൊരി. 8:15-ഉം—പുറ. 16:4, 18; മത്താ. 15:4-ഉം എഫെ. 6:2-ഉം—പുറ. 20:12; മത്താ. 5:26, 38, 39—പുറ. 21:24; മത്താ. 22:37-40.
27. പുറപ്പാടിലെ ചരിത്രപരമായ രേഖ ക്രിസ്ത്യാനിക്ക് എന്തു പ്രയോജനമുളളതാണ്?
27 എബ്രായർ 11:23-29-ൽ നാം മോശയുടെയും അവന്റെ മാതാപിതാക്കളുടെയും വിശ്വാസത്തെക്കുറിച്ചു വായിക്കുന്നു. വിശ്വാസത്താൽ അവൻ ഈജിപ്തു വിട്ടു, വിശ്വാസത്താൽ അവൻ പെസഹ ആചരിച്ചു, വിശ്വാസത്താൽ അവൻ ഇസ്രായേലിനെ ചെങ്കടലിലൂടെ നയിച്ചു. ഇസ്രായേല്യർ മോശയിലേക്കു സ്നാപനമേൽക്കുകയും ആത്മീയ ഭക്ഷണം കഴിക്കുകയും ആത്മീയ പാനീയം കുടിക്കുകയും ചെയ്തു. അവർ ആത്മീയ പാറക്കൂട്ടത്തിലേക്ക് അല്ലെങ്കിൽ ക്രിസ്തുവിലേക്കു നോക്കി, എന്നിരുന്നാലും അവർക്കു ദൈവാംഗീകാരം കിട്ടിയില്ല, കാരണം അവർ ദൈവത്തെ പരീക്ഷിക്കുകയും വിഗ്രഹാരാധകരും പരസംഗക്കാരും പിറുപിറുപ്പുകാരും ആയിത്തീരുകയും ചെയ്തു. ഇതിന് ഇന്നു ക്രിസ്ത്യാനികളുടെമേൽ ഒരു പ്രയുക്തി ഉണ്ടെന്നു പൗലൊസ് വിശദീകരിക്കുന്നു: “ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊളളട്ടെ.”—1 കൊരി. 10:1-12; എബ്രാ. 3:7-13.
28. ന്യായപ്രമാണത്തിന്റെയും പെസഹാക്കുഞ്ഞാടിന്റെയും നിഴലുകൾക്ക് എങ്ങനെ നിവൃത്തി വന്നിരിക്കുന്നു?
28 പ്രാവചനിക പ്രയുക്തി സഹിതമുളള പുറപ്പാടിലെ അഗാധമായ ആത്മീയ സാർഥകതയിലധികവും പൗലൊസിന്റെ എഴുത്തുകളിൽ, വിശേഷിച്ച് എബ്രായർ 9-ഉം 10-ഉം അധ്യായങ്ങളിൽ നൽകപ്പെട്ടിരിക്കുന്നു. “ന്യായപ്രമാണം വരുവാനുളള നൻമകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്ക കൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുളളതല്ല.” (എബ്രാ. 10:1) അതുകൊണ്ടു നാം നിഴൽ അറിയുന്നതിലും യാഥാർഥ്യം ഗ്രഹിക്കുന്നതിലും തത്പരരാണ്. ക്രിസ്തു “പാപങ്ങൾക്കുവേണ്ടി സ്ഥിരമായി ഏകയാഗം അർപ്പി”ച്ചു. അവൻ “ദൈവത്തിന്റെ കുഞ്ഞാട്” എന്നു വർണിക്കപ്പെടുന്നു. മാതൃകയിലെപ്പോലെതന്നെ ഈ ‘കുഞ്ഞാടി’ന്റെ ഒരു അസ്ഥിയും ഒടിക്കപ്പെട്ടില്ല. അപ്പോസ്തലനായ പൗലൊസ് ഇങ്ങനെ വിശദീകരിക്കുന്നു: “നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തുതന്നെ. ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിൻമയും ദുഷ്ടതയുമായ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നെ ഉത്സവം ആചരിക്ക.”—എബ്രാ. 10:12, NW; യോഹ. 1:29-ഉം 19:36-ഉം—പുറ. 12:46; 1 കൊരി. 5:7, 8—പുറ. 23:15.
29. (എ) ന്യായപ്രമാണ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുളള അന്തരം കാണിക്കുക. (ബി) ആത്മീയ ഇസ്രായേല്യർ ഇപ്പോൾ ദൈവത്തിന് ഏതു യാഗങ്ങൾ അർപ്പിക്കുന്നു?
29 യേശു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ ആയിത്തീർന്നു, മോശ ന്യായപ്രമാണ ഉടമ്പടിയുടെ മധ്യസ്ഥൻ ആയിരുന്നതുപോലെതന്നെ. ഈ ഉടമ്പടികൾ തമ്മിലുളള അന്തരവും അപ്പോസ്തലനായ പൗലൊസ് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. അവൻ, ദണ്ഡനസ്തംഭത്തിലെ യേശുവിന്റെ മരണത്താൽ ചട്ടങ്ങളുടെ ‘കൈയെഴുത്ത്’ വഴിയിൽനിന്നു നീക്കപ്പെട്ടിരിക്കുന്നതായി പ്രസ്താവിക്കുന്നു. പുനരുത്ഥാനം പ്രാപിച്ച യേശു മഹാപുരോഹിതനെന്ന നിലയിൽ ‘വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല, കർത്താവു [“യഹോവ,” NW] സ്ഥാപിച്ച സത്യ കൂടാരത്തിന്റെയും ശുശ്രൂഷകൻ’ ആകുന്നു. ന്യായപ്രമാണത്തിൻകീഴിൽ പുരോഹിതൻമാർ “സ്വർഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ” ചെയ്തു, മോശക്കു കൊടുക്കപ്പെട്ട മാതൃകപ്രകാരംതന്നെ. “[യേശുവോ] വിശേഷതയേറിയ വാഗ്ദത്തങ്ങളിൻമേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.” പഴയ ഉടമ്പടി കാലഹരണപ്പെടുകയും മരണം കൊടുക്കുന്ന ഒരു നിയമസംഹിതയെന്ന നിലയിൽ നീക്കപ്പെടുകയും ചെയ്തു. ഇതു മനസ്സിലാകാത്ത യഹൂദൻമാരെ ഗ്രഹണത്തിൽ മാന്ദ്യമുളളവരെന്നു വർണിച്ചിക്കുന്നു. എന്നാൽ ആത്മീയ ഇസ്രായേൽ ഒരു പുതിയ ഉടമ്പടിക്കു കീഴിൽ വന്നിരിക്കുന്നതായി മനസ്സിലാക്കുന്ന വിശ്വാസികൾക്ക്, അവർ അതിന്റെ ശുശ്രൂഷകരെന്ന നിലയിൽ വേണ്ടത്ര യോഗ്യതയുളളവരായിരിക്കുന്നതിനാൽ, “മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ [“യഹോവയുടെ,” NW] തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബി”ക്കാൻ കഴിയും. ശുദ്ധീകരിക്കപ്പെട്ട മനഃസാക്ഷിയോടെ ഇവർക്കു “ദൈവത്തിന്നു അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലം എന്ന” സ്വന്ത “സ്തോത്രയാഗം” അർപ്പിക്കാൻ കഴിവുണ്ട്.—കൊലൊ. 2:14; എബ്രാ. 8:1-6, 13; 2 കൊരി. 3:6-18; എബ്രാ. 13:15; പുറ. 34:27-35.
30. ഇസ്രായേലിന്റെ വിടുതലും ഈജിപ്തിലെ യഹോവയുടെ നാമത്തിന്റെ മഹിമപ്പെടുത്തലും എന്തിനെ മുൻനിഴലാക്കി?
30 പുറപ്പാട്, യഹോവയുടെ നാമത്തെയും പരമാധികാരത്തെയും മഹിമപ്പെടുത്തുകയും ആത്മീയ ഇസ്രായേലാകുന്ന ക്രിസ്തീയ ജനതയുടെ ഒരു മഹത്തായ വിടുതലിലേക്കു വിരൽചൂണ്ടുകയും ചെയ്യുന്നു, അവരോട് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം.” തന്റെ നാമത്തെ മഹിമപ്പെടുത്തുന്നതിനു ലോകത്തിൽനിന്നു തന്റെ ആത്മീയ ഇസ്രായേലിനെ കൂട്ടിച്ചേർത്തതിൽ പ്രകടമാക്കിയ യഹോവയുടെ ശക്തി പുരാതന ഈജിപ്തിൽ തന്റെ ജനത്തിനുവേണ്ടി പ്രകടമാക്കിയ ശക്തിയെക്കാൾ അത്ഭുതംകുറഞ്ഞതല്ല. ഫറവോനെ തന്റെ ശക്തി കാണിക്കുന്നതിനും തന്റെ നാമം ഘോഷിക്കപ്പെടേണ്ടതിനും അസ്തിത്വത്തിൽവെച്ചതിൽ യഹോവ തന്റെ ക്രിസ്തീയ സാക്ഷികളിലൂടെ പൂർത്തീകരിക്കേണ്ട വളരെ മഹത്തായ ഒരു സാക്ഷ്യത്തെ മുൻനിഴലാക്കി.—1 പത്രൊ. 2:9, 10; റോമ. 9:17; വെളി. 12:17.
31. ഒരു രാജ്യവും യഹോവയുടെ സാന്നിധ്യവും സംബന്ധിച്ചു പുറപ്പാട് എന്തു മുൻനിഴലാക്കുന്നു?
31 അങ്ങനെ, മോശയുടെ കീഴിൽ രൂപംകൊണ്ട ജനത ക്രിസ്തുവിൻ കീഴിലെ പുതിയ ജനതയിലേക്കും ഒരിക്കലും ഇളക്കപ്പെടുകയില്ലാത്ത ഒരു രാജ്യത്തിലേക്കും വിരൽചൂണ്ടിയെന്നു നമുക്കു തിരുവെഴുത്തുകളെ ആസ്പദമാക്കി പറയാൻ കഴിയും. ഇതിന്റെ വീക്ഷണത്തിൽ, “ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ”ചെയ്യാൻ നാം പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. യഹോവയുടെ സാന്നിധ്യം മരുഭൂമിയിലെ തിരുനിവാസത്തെ ആവരണംചെയ്തതുപോലെ, തന്നെ ഭയപ്പെടുന്നവരോടുകൂടെ നിത്യമായി താൻ സാന്നിധ്യവാനായിരിക്കുമെന്ന് അവൻ വാഗ്ദാനംചെയ്യുന്നു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും. അവർ അവന്റെ ജനമായിരിക്കും. ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. . . . എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവുമാകുന്നു.” തീർച്ചയായും പുറപ്പാടു ബൈബിൾരേഖയുടെ അത്യന്താപേക്ഷിതവും പ്രയോജനകരവുമായ ഒരു ഭാഗമാകുന്നു.—പുറ. 19:16-19—എബ്രാ. 12:18-29; പുറ. 40:34—വെളി. 21:3, 5.
[അടിക്കുറിപ്പുകൾ]
a പുറപ്പാട് 3:14, NW അടിക്കുറിപ്പ്; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 12.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 532, 535; പുരാവസ്തുശാസ്ത്രവും ബൈബിൾ ചരിത്രവും (ഇംഗ്ലീഷ്), 1964, ജെ. പി. ഫ്രീ, പേജ് 98.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 540-1.
d പുറപ്പാട്, (ഇംഗ്ലീഷ്) 1874, എഫ്.സി. കുക്ക്, പേജ് 247.
[അധ്യയന ചോദ്യങ്ങൾ]